മൊത്തം ജനസംഖ്യ 1987 ജൂലായ്‌ 11-ന് 500 കോടി തികഞ്ഞതിന്റെ ഓർമയ്ക്കാണ്  ജനസംഖ്യാ ദിനം പ്രഖ്യാപിക്കപ്പെട്ടത്. ഐക്യരാഷ്ട്രസംഘടനയുടെ  കീഴിലുള്ള  യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിലാണ് ഈ ദിവസം ജനസംഖ്യാദിനമായി ആചരിക്കുന്നത്‌. ജനസംഖ്യാ വർധന സൃഷ്ടിക്കുന്ന പ്രശ്നങ്ങളെകുറിച്ച് ജനങ്ങളെ ബോധവത്‌കരിക്കുകയാണ് ദിനാഘോഷത്തിന്റെ ലക്ഷ്യം. 

കോടിക്കുഞ്ഞുങ്ങൾ

1987 ജൂലായ്‌ 11-ന് ക്രൊയേഷ്യയുടെ തലസ്ഥാനമായ സാഗ്രിബിൽ പിറന്ന മതേജ് ഗാസ്പർ (Matej Gasper) 500 കോടി തികച്ച കുഞ്ഞായി കണക്കാക്കപ്പെടുന്നു. ബോസ്‌നിയയുടെ തലസ്ഥാനമായ സരാജാവോയിൽ പിറന്ന കുട്ടിയാണ്  അറുനൂറുകോടി തികച്ച കുട്ടിയായി കണക്കാക്കപ്പെടുന്നത്. ആ കുട്ടിക്ക്‌ ഇട്ട പേരും സിക്സ് ബില്യൺത് ബേബി എന്നാണ്. ലോകജനസംഖ്യ 700 കോടിയിലെത്തിച്ച കുഞ്ഞ് ലഖ്‌നൗവിൽ പിറന്ന നർഗീസാണ്. എന്നാൽ, ഫിലിപ്പീൻസിൽ പിറന്ന സാനിയയും അവകാശവാദവുമായുണ്ട്.
 
ജനസംഖ്യാ വിസ്ഫോടനം
 • 1830 - 100 കോടി
 • 1930 - 200 കോടി
 • 1960 - 300 കോടി
 • 1975 - 400 കോടി
 • 1987 - 500 കോടി
 • 1999 - 600 കോടി
 • 2011 - 700 കോടി
 • 2050 - (പ്രതീക്ഷിക്കുന്നത്) 980 കോടി.
100 കോടി ജനസംഖ്യയിലെത്തിയ ആദ്യ ഭൂഖണ്ഡം - ഏഷ്യ;  രാജ്യം - ചൈന (1980)
 
പെരുകുന്ന മനുഷ്യൻ; കുറയുന്ന ഭക്ഷണം
 
Sudan_Poverty_Kevin Carter
 
തെക്കൻ സുഡാനിൽനിന്ന് പ്രശസ്ത ചിത്രകാരൻ കെവിൻ കാർട്ടൻ പകർത്തിയ ഈ ദൃശ്യം ശ്രദ്ധിച്ചിട്ടുണ്ടോ? പട്ടിണികിടന്ന് മരിക്കാറായ കുഞ്ഞിനെ കഴുകൻ റാഞ്ചാൻ നിൽക്കുന്ന ചിത്രം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. വികസ്വരരാജ്യങ്ങളിലെ സ്ത്രീകളും കുട്ടികളുമാണ് പോഷകക്കുറവിന്റെയും പട്ടിണിയുടെയും ഭീകരത ഏറ്റവുംകൂടുതൽ അനുഭവിക്കുന്നത്. 
 
ലോകജനസംഖ്യയുടെ ഏഴിലൊന്നുപേർ പട്ടിണിയുടെ നിഴലിലാണെന്ന്‌ ഐക്യരാഷ്ട്രസഭ പറയുന്നു. ജനപ്പെരുപ്പത്തിന്റെ ഫലമായി ലോകത്ത് ഓരോ വർഷവും പുതുതായി എട്ടുകോടി ജനങ്ങൾക്കാണ് ഭക്ഷണം നൽകേണ്ടിവരുന്നത്. ഇന്ത്യൻ ജനതയുടെ 35 ശതമാനത്തോളം ആളുകൾ ഭക്ഷണംകിട്ടാതെ കഴിയുന്നു. ലോകത്തിൽ ഭാരക്കുറവ് അനുഭവപ്പെടുന്ന അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിൽ മൂന്നിലൊന്ന് ഇന്ത്യയിലാണെന്നാണ് കണക്കുകൾ പറയുന്നത്. 
 
ഇന്ത്യ മുമ്പിലേക്ക് 

ലോകജനസംഖ്യ 2050 ആകുമ്പോഴേക്കും 760 കോടിയിൽനിന്ന് 980 കോടിയിലേക്ക് കുതിച്ചുയരുമെന്ന് യു.എൻ. റിപ്പോർട്ടുണ്ട്. ഏഴുവർഷത്തിനുള്ളിൽ ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യ ചൈനയെ മറികടക്കും. 2050-ൽ അമേരിക്കയെ പിന്തള്ളി നൈജീരിയ ജനസംഖ്യയിൽ മൂന്നാംസ്ഥാനത്തെത്തും. 
 
ആഗോള ജനസംഖ്യാവളർച്ചയുടെ പകുതി ഇന്ത്യയടക്കം ഒമ്പതുരാഷ്ട്രങ്ങളിൽനിന്നാകും. പാകിസ്താൻ, അമേരിക്ക, കോംഗോ, ഈജിപ്ത്‌, എത്യോപ്യ, നൈജീരിയ, ഇൻഡൊനീഷ്യ, ടാൻസാനിയ എന്നിവയാണ് മറ്റുരാജ്യങ്ങൾ. ഇന്ത്യയിൽ വൻതോതിൽ ജനപ്പെരുപ്പം ഉണ്ടാകുമ്പോൾ ചൈനയടക്കം 35 രാജ്യങ്ങളിൽ ജനസംഖ്യ കുറയും. 
 
നിലവിലെ ജനസംഖ്യ

ചൈന -  142 കോടി
ഇന്ത്യ - 136 കോടി
അമേരിക്ക - 33 കോടി

കാരണങ്ങൾ

കൃഷിയുടെ പ്രചാരം, കുത്തിവെപ്പുകളുടെ കണ്ടുപിടിത്തം, കാർഷിക-വ്യാവസായിക  വിപ്ലവങ്ങൾ എന്നിവയെല്ലാം ജനസംഖ്യ ത്വരപ്പെടുത്തിയ ഘടകങ്ങളാണ്. പാശ്ചാത്യരാജ്യങ്ങളിൽ നിർബന്ധിതമാക്കപ്പെട്ട പ്രതിരോധകുത്തിവെപ്പുകളും ശുചിത്വ പ്രചാരണപരിപാടികളുമെല്ലാം കുട്ടികളുടെയും പ്രായമായവരുടെയും മരണനിരക്ക് കുറച്ചത് ജനസംഖ്യാപ്പെരുപ്പത്തിന് കാരണമായി. 19-ാം നൂറ്റാണ്ടിൽ ഓരോ അരനൂറ്റാണ്ടിലും ജനസംഖ്യ ഇരട്ടിയായത് ഇതിെന്റയെല്ലാം ഫലമാണ്. 
 
കണക്കെടുപ്പ് ലോകചരിത്രത്തിൽ

ക്രിസ്തുവിന്റെ ജനനത്തിന് 4000 വർഷങ്ങൾക്കുമുമ്പ് ജനങ്ങളുടെ കണക്കെടുപ്പ് നടത്തുന്ന രീതി ആരംഭിച്ചിരുന്നു. ബാബിലോണിയയിൽ ജനങ്ങളുടെ വരുമാനം കണക്കാക്കിയതാണ്  ആദ്യത്തെ കണക്കെടുപ്പായി കരുതപ്പെടുന്നത്. പുരാതന ഈജിപ്തിലും പേർഷ്യൻ സാമ്രാജ്യത്തിലും നികുതിയൊടുക്കലിനും  സൈനികസേവനത്തിനും വേണ്ടി ജനങ്ങളുടെ കണക്കെടുത്തിരുന്നു. സമൂഹത്തിന്റെ ക്ഷേമം, ജനസംഖ്യ എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചൈനീസ്‌ തത്ത്വചിന്തകനായ കൺഫ്യൂഷ്യസ് (BC 551-479) തന്റെ കൃതികളിൽ പരാമർശിച്ചിട്ടുണ്ട്. 
 
രാജ്യവ്യാപകമായി വിപുലമായ  ജനസംഖ്യാകണക്കെടുപ്പ് ആദ്യമായി നടന്നത് ചൈനയിലാണ്. കൃത്യമായ ഇടവേളയിൽ ജനസംഖ്യാകണക്കെടുപ്പ് നടത്താൻ തുടങ്ങിയത് റോമാക്കാരാണ്. എ.ഡി.രണ്ടിൽ. ആധുനികരീതിയിൽ നടത്തിയ സെൻസസിൽ ഏറ്റവുംപഴക്കമുള്ളത് 1703-ൽ ഐസ്‌ലൻഡിൽ നടത്തിയ കണക്കെടുപ്പാണ്. എന്നാൽ, ഈ കണക്കെടുപ്പിന്റെ ഫലങ്ങൾ ഏറെക്കാലം പുറത്തുവന്നില്ല. 1750-ൽ നടന്ന സ്വീഡിഷ് കണക്കെടുപ്പാണ് കണക്കുകൾ ക്യത്യമായി പ്രസിദ്ധീകരിച്ച ആദ്യ സെൻസസ്. 
 
19-ാം നൂറ്റാണ്ട് ആയപ്പോഴേക്കും മിക്ക രാജ്യങ്ങളും ജനസംഖ്യാകണക്കെടുപ്പും ജനന-മരണരജിസ്‌ട്രേഷനും ആരംഭിച്ചു. ജനസംഖ്യാ ശാസ്ത്രം (ഡെമോഗ്രഫി) ഒരു ശാസ്ത്രശാഖയായി വളർന്നു. 1927-ൽ ആദ്യ ലോകജനസംഖ്യാ സമ്മേളനം നടന്നു.
 
സെൻസസ് ഇന്ത്യയിൽ

ബി.സി. 350-നുശേഷം ഇന്ത്യയിൽ മൗര്യസാമ്രാജ്യത്തിൽ ജനസംഖ്യാകണക്കെടുപ്പ് നടത്തി. നികുതിപിരിക്കുന്നതിനുള്ള സൗകര്യത്തിനും ഓരോ പ്രവിശ്യയിലും ജീവിക്കുന്നവരുടെ വിവരങ്ങൾ ഭരണാധികാരികൾക്കു സൂക്ഷിക്കുന്നതിനും വേണ്ടിയായിരുന്നു ഈ കണക്കെടുപ്പ്. കൗടില്യന്റെ അർഥശാസ്ത്രത്തിൽ ജനസംഖ്യാകണക്കെടുപ്പിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. മുഗൾ ചക്രവർത്തി അക്ബറിന്റെ ഭരണകാലത്ത് അയ്ൻ-ഇ-അക്ബാരി എന്ന ഭരണവിവരണത്തിൽ ജനസംഖ്യ, വ്യവസായം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
 
ശാസ്ത്രീയവും ആധുനികരീതിയിലുള്ളതുമായ കണക്കെടുപ്പ് ഇന്ത്യയിൽ നടന്നത് 1881-ൽ  റിപ്പൺ പ്രഭു വൈസ്രോയി ആയിരുന്ന കാലത്താണ്. അന്നുമുതൽ 10 വർഷത്തെ ഇടവേളയിൽ ഇന്ത്യയിൽ ജനസംഖ്യാകണക്കെടുപ്പ് നടത്തിവരുന്നു. 15-ാമത്തെ  കണക്കെടുപ്പാണ് 2011 മാർച്ചിൽ പൂർത്തിയായത്. 2019ലെ ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ 1000 പുരുഷന്മാര്‍ക്ക് 930 സ്ത്രീകളാണുള്ളത്. 
 
 • മൊത്തം ജനസംഖ്യ -  1,368,737,513
 • കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം - ഉത്തർപ്രദേശ്
 • ജനപ്പെരുപ്പം കൂടുതലുള്ള സംസ്ഥാനം - ബിഹാർ 

 

കാനേഷുമാരി

‘കാനേഷുമാരി’ എന്നപദം കേട്ടിട്ടുണ്ടോ? സെൻസസ് എന്ന ഇംഗ്ലീഷ് പദത്തിന്റെ മലയാളം വാക്കാണിത്. ജനസംഖ്യാകണക്കെടുപ്പിനുമുന്നോടിയായി വീടുകൾക്ക് നമ്പറിടുന്ന പതിവിൽനിന്നാകാം ഈ വാക്കുണ്ടായത്. പേർഷ്യൻ ഭാഷയിൽ ‘ഖാനെ’(khaneh) എന്നാൽ ‘വീട്’ എന്നർഥം.  ‘ഷൊമാരെ’ (shomareh) എന്നാൽ ‘എണ്ണം’ എന്നും. ഈ രണ്ടുപദങ്ങളും ചേർന്ന് ‘കാനേഷുമാരി’ (ജനസംഖ്യാകണക്കെടുപ്പ്) ഉണ്ടായത്. 
 
ഒരു രാജ്യത്തെയോ പ്രദേശത്തെയോ എല്ലാവരിൽനിന്നും അവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഒരേസമയം എടുക്കുക എന്നതാണ് സെൻസസിന്റെ പ്രത്യേകത. 
 
‘തിട്ടപ്പെടുത്തുക’ എന്നർഥംവരുന്ന ‘സെൻസറെ’ എന്ന ലാറ്റിൻ വാക്കിൽനിന്നാണ് ‘സെൻസസ്’ എന്ന വാക്കിന്റെ പിറവി. സെൻസസിലൂടെ ലഭിക്കുന്ന വിവരങ്ങൾക്കനുസൃതമായി ജനങ്ങളുടെ ജീവിതനിലവാരം, തൊഴിൽ, കാർഷിക-വ്യാവസായിക മേഖലകളിൽ വികസനം, പദ്ധതികളുടെ ആസൂത്രണം എന്നിവയിലൂടെ ഭരണാധികാരികൾക്ക് രാജ്യപുരോഗതി സാധ്യമാക്കാൻ സഹായിക്കുന്നു.
 
Content Highlights: World Population Day, World Population Crosses 760 Crores, India Population, Census of India