2020-ലെ ആഗോള സന്തോഷ സൂചിക മാര്‍ച്ച് 20ന് പ്രസിദ്ധീകരിച്ചു. ഇന്ത്യ ഇക്കുറിയും സ്ഥാനം മെച്ചപ്പെടുത്താതെ പിന്നാക്കം പോയി. 144 ആണ് ഇന്ത്യയുടെ റാങ്ക്. കഴിഞ്ഞ വര്‍ഷം 140-ാം സ്ഥാനത്തായിരുന്നു. 156 രാജ്യങ്ങളുടെ പട്ടികയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഫിന്‍ലന്‍ഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. അഫ്ഗാനിസ്താനാണ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ളത്. 

ലോക ജനതയുടെ സന്തോഷത്തെക്കുറിച്ചുള്ള എട്ടാമത് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. ഐക്യരാഷ്ട്ര സഭയുടെ സസ്റ്റൈനബിള്‍ ഡവലപ്‌മെന്റ് സൊല്യൂഷന്‍സ് നെറ്റ്‌വര്‍ക്കാണ് വിവിധ ഏജന്‍സികളുടെ സഹായത്തോടെ ഹാപ്പിനസ് സര്‍വേ റിപ്പോര്‍ട്ട് തയാറാക്കുന്നത്. കേവലം വൈകാരിക പ്രകടനമെന്ന നിലയ്ക്കല്ല സന്തോഷത്തെ റിപ്പോര്‍ട്ടില്‍ വ്യാഖ്യാനിക്കുന്നത്. വ്യക്തിക്ക് ജീവിതസാഹചര്യത്തില്‍ മൊത്തത്തിലുള്ള സംതൃപ്തി, സ്വന്തം ചുറ്റുപാടില്‍ അതിജീവിക്കാനുള്ള ആത്മവിശ്വാസം, പരസ്പര സഹകരണം എന്നിവയാണ് സന്തോഷം എന്നതുകൊണ്ട് ഇവിടെ അര്‍ഥമാക്കുന്നതെന്ന് ഹാപ്പിനസ് റിപ്പോര്‍ട്ട് എഡിറ്റര്‍ ജോണ്‍ എച്ച്. ഹെല്ലിവെല്‍ പറയുന്നു. 

ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ തുടര്‍ച്ചയായി സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളില്‍ വരാറുള്ളത്. സംതൃപ്തിയുടെ ആറ് മേഖലകളില്‍ - വരുമാനം, ആരോഗ്യം, ആയുര്‍ദൈര്‍ഘ്യം, സാമൂഹിക പിന്തുണ, സ്വാതന്ത്ര്യം, വിശ്വാസം, ഉദാരത എന്നിവയില്‍ ഈ രാജ്യങ്ങള്‍ മികച്ച രീതിയില്‍ സ്‌കോര്‍ ചെയ്യുന്നു. 

ആദ്യസ്ഥാനങ്ങളിലുള്ള അഞ്ച് രാജ്യങ്ങള്‍: ഫിന്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഐസ്‌ലന്‍ഡ്, നോര്‍വേ. പട്ടികയില്‍ 18-ാം സ്ഥാനത്താണ് യു.എസ്. രാജ്യങ്ങള്‍ക്കൊപ്പം നഗരങ്ങളെയും ഇത്തവണ സന്തോഷജീവിതത്തിന്റെ അടിസ്ഥാനത്തില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഫിന്‍ലന്‍ഡിന്റെ തലസ്ഥാനമായ ഹെല്‍സിങ്കിയാണ് ഒന്നാം സ്ഥാനത്ത്.

Content Highlights: India's Rank in World Happiness Report 2020