1799 മേയ് നാലിനാണ് നാലാം ആംഗ്ലോെമെസൂര്‍ യുദ്ധത്തില്‍ ശ്രീരംഗപട്ടണത്തുവെച്ച് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ സൈന്യം മൈസൂര്‍ സൈന്യത്തെ തോല്‍പ്പിക്കുന്നതും ടിപ്പു സുല്‍ത്താന്‍ കൊല്ലപ്പെടുന്നതും. അതിനിടയ്ക്ക് കൊള്ളമുതല്‍ വിതരണംചെയ്യാന്‍ നിയുക്തമായ ഈസ്റ്റിന്ത്യാ കമ്പനിയുടെ പ്രൈസ് കമ്മിറ്റി ടിപ്പുവിന്റെ കൊട്ടാരത്തില്‍ കയറി. കൊട്ടാരത്തിലെ കണ്ണഞ്ചിക്കുന്ന സമ്പദ്ബാഹുല്യംകണ്ട് അവര്‍ അദ്ഭുതപരവശരായി. രത്‌നങ്ങള്‍, സ്വര്‍ണക്കട്ടികള്‍, തങ്കത്തളികകള്‍, വിലയേറിയ പലതരം ആഭരണങ്ങള്‍, പല്ലക്കുകള്‍, ആയുധങ്ങള്‍, പടച്ചട്ടകള്‍, പട്ടും ഷാളുകളും എന്നിവയുടെ കൂമ്പാരമാണ് അവിടെയുണ്ടായിരുന്നത്.

അക്കൂട്ടത്തില്‍ ഏറ്റവും പ്രൗഢഗംഭീരമായ വസ്തു ടിപ്പുവിന്റെ കനകസിംഹാസനമായിരുന്നു. അമൂല്യമായ രത്‌നക്കല്ലുകള്‍ പതിച്ച് ഉത്കൃഷ്ടമായി അലങ്കരിച്ചതും ആഭരണങ്ങളണിയിച്ച് കടുവത്തലയുള്ളതുമായ സിംഹാസനത്തിന് അമ്പാരിയുടെ ആകൃതിയായിരുന്നു. കരിവീട്ടികൊണ്ട് നിര്‍മിച്ചവയായിരുന്നു അതിന്റെ ദൃഢഭാഗങ്ങള്‍. അവയെ ആവരണംചെയ്ത് കട്ടിയില്‍ അതിശുദ്ധമായ സ്വര്‍ണപ്പാളി. കുടവച്ചിഹ്നങ്ങളാല്‍ രൂപകല്പനചെയ്യപ്പെട്ടത്. ഈ പാളി ഉറപ്പിച്ചത് വെള്ളിയാണികള്‍കൊണ്ട്.
ഈ സിംഹാസനം ആര്‍ക്ക് പാരിതോഷികമായി നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാതിരുന്ന പ്രൈസ് ഏജന്റുമാര്‍ അതിനെ വെട്ടിനുറുക്കി ചെറിയ കഷ്ണങ്ങളാക്കി. അങ്ങനെ 18ാം നൂറ്റാണ്ടിലെ ഇന്ത്യയിലെ മഹാവിസ്മയങ്ങളിലൊന്നായ അത് തകര്‍ത്തു.

ടിപ്പുവിനെതിരേ യുദ്ധം പ്രഖ്യാപിച്ച ആര്‍തര്‍ വെല്ലസ്ലിയായിരുന്നു സിംഹാസനസംഹാരത്തില്‍ ഏറെ ഖേദിച്ചത്. അദ്ദേഹം ഈസ്റ്റിന്ത്യാ കമ്പനിയുടെ ഡയറക്ടര്‍മാര്‍ക്ക് എഴുതി: 'സിംഹാസനത്തെ സമ്പൂര്‍ണരൂപത്തില്‍ ഇംഗ്ലണ്ടിലേക്ക് അയക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എനിക്ക് അതിയായ സന്തോഷമുണ്ടാകുമായിരുന്നു. പക്ഷേ, പ്രൈസ് ഏജന്റുമാരുടെ വിവേകശൂന്യമായ അത്യാസക്തി ആ വിശിഷ്ടവും ഗര്‍വിഷ്ഠവുമായ സ്മാരകത്തെ നശിപ്പിച്ച് തുണ്ടുകളാക്കി.' രണ്ടേകാല്‍ നൂറ്റാണ്ടുമുമ്പ് തുണ്ടംതുണ്ടമാക്കി ബ്രിട്ടീഷുകാര്‍ കൊണ്ടുപോയ ആ 'സിംഹാസന'ത്തിലാണ് 'അസൂയാവഹമായ ചരിത്രബോധ'മുള്ള കേരളത്തിലെ ചില പ്രമുഖ വ്യക്തികള്‍ രാജഭാവത്തോടെ ഇരുന്ന് പടമെടുത്തത്!

Content Highlights: where is Tipu sulthan's Golden Throne now