രാജ്യങ്ങള്‍ പുറത്തിറക്കുന്ന നാണയങ്ങളെല്ലാം ഒരു സ്ഥിര ആസ്തിയെ, മിക്കവാറും സ്വര്‍ണം പോലുള്ളവ, അടിസ്ഥാനപ്പെടുത്തിയായിരിക്കും വിപണിയില്‍ ലഭ്യമാക്കുന്നത്. ഇവയ്‌ക്കെല്ലാം സാമൂഹിക-സാമ്പത്തിക നിലകളനുസരിച്ച് മൂല്യവ്യതിയാനം വരുന്നതും കരിഞ്ചന്ത ഉണ്ടാവുന്നതുമൊക്കെ നമ്മള്‍ അനുഭവിച്ചറിയുന്ന യാഥാര്‍ഥ്യങ്ങളാണ്. ഒപ്പംതന്നെ രാജ്യങ്ങള്‍ തമ്മില്‍ വിനിമയം നടത്തുമ്പോഴും വ്യക്തികള്‍ തമ്മില്‍ നാണയമാറ്റം നടത്തുമ്പോഴുമൊക്കെ പ്രശ്‌നങ്ങളുണ്ടാവാറുണ്ട്.

ഇരുപത്തൊന്നാം നൂറ്റാണ്ട് ഡിജിറ്റല്‍ യുഗമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. അപ്പോള്‍ നിലവിലുള്ള നാണയവ്യവസ്ഥകള്‍ ഡിജിറ്റല്‍ ലോകത്തിനുവേണ്ടി രൂപകല്പന ചെയ്തതാണോ എന്ന ചോദ്യം ഉയരുക സ്വാഭാവികം. നിലവിലുള്ള നാണയവ്യവസ്ഥകള്‍ സൃഷ്ടിക്കുന്ന തലവേദനകള്‍ക്കൊരു പരിഹാരമായാണ് ഒരു കൂട്ടം കംപ്യൂട്ടര്‍ വിദഗ്ധര്‍ ക്രിപ്‌റ്റോകറന്‍സി വിഭാവനംചെയ്യുന്നത്. 

ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ

ഏതൊരു നാണയവ്യവസ്ഥയിലും വിനിമയത്തിനുള്ള നാണയത്തെക്കാള്‍ പ്രധാനമാണ് അത് ക്രയവിക്രയം നടത്താനുള്ള ശേഷിയും അതിന്റെ മതിപ്പും. കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുന്നതിന്റെ നാള്‍വഴി (ലെഡ്ജര്‍) ആണ് നാണയവ്യവസ്ഥകളുടെ ആണിക്കല്ല്. ക്രയവിക്രയങ്ങളുടെ ചരിത്രം, തിരുത്താനാവാത്ത രീതിയില്‍ രേഖപ്പെടുത്തി ഇടപാടുകാര്‍ക്കെല്ലാം ഒരേ സമയം പങ്കുവെക്കുന്ന ഒരു ഡിജിറ്റല്‍ ലെഡ്ജറാണ് ബ്ലോക്ക്ചെയിന്‍. പൂര്‍ണമായും ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വേര്‍ അധിഷ്ഠിതമായ ബ്ലോക്ക്ചെയിന്‍, ലിനക്സ് ഫൗണ്ടേഷന്റെ ഹൈപ്പര്‍ലെഡ്ജര്‍ പോലെയുള്ള ഡിജിറ്റല്‍ ലെഡ്ജറുകളില്‍ അധിഷ്ഠിതമാണ്. ബ്ലോക്ക്ചെയിന്‍ എന്നത് ഡിജിറ്റല്‍ കറന്‍സി മാത്രമല്ല, പകരം എല്ലാ ഡിജിറ്റല്‍ സാങ്കേതികവിദ്യകളെയും ഉള്‍പ്പെടുത്താവുന്ന ഒരു ആവിഷ്‌കാരമാണെന്നാണ്. ഒരു ചുടുകട്ട മറ്റൊന്നിന്റെ മുകളില്‍ അടുക്കി വലിയൊരു തൂണു സൃഷ്ടിക്കുന്നെന്ന് കരുതുക. ഒരിക്കല്‍ നിര്‍മിച്ചുകഴിഞ്ഞാല്‍ ആര്‍ക്കും ഇതിലൊരു കട്ടയും എടുത്തുമാറ്റാനോ മാറ്റംവരുത്താനോ കഴിയാത്ത ഒരു സൃഷ്ടിയാണ് ബ്ലോക്ക് ചെയിനിനുള്ളത്. 

ചരിത്രം 

2008-ല്‍ സതോഷി നകോമോട്ടോ എന്ന സാങ്കല്പിക നാമത്തിലറിയപ്പെടുന്ന ഒരു പ്രോഗ്രാമറോ അല്ലെങ്കില്‍ ഒരു പറ്റം ആളുകളോ ആണ് ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ ആവിഷ്‌കരിച്ചത്. ആരും പകര്‍പ്പെടുക്കാതെ, വികേന്ദ്രീകൃതമായി വിതരണം ചെയ്യുന്ന ഡിജിറ്റല്‍ വിവരങ്ങളാണ് ഇതില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇത് സൃഷ്ടിച്ചതാവട്ടെ ബിറ്റ്കോയിന്‍ എന്ന ഡിജിറ്റല്‍ നാണയവ്യവസ്ഥയുടെ ക്രയവിക്രയങ്ങള്‍ രേഖപ്പെടുത്താനും. ഡിജിറ്റല്‍ സ്വര്‍ണമെന്നാണ് ബിറ്റ്കോയിനെ ആളുകള്‍ വിളിച്ചത്. 

Gk & Current Affairs
ഏറെ പുതുമകളോടെ പുതിയ ലക്കം

ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ പിന്നീട് മൂല്യം കണക്കാക്കാന്‍ കഴിയുന്ന ഏത് ഉത്പന്നത്തിനും ഉപയോഗിക്കാമെന്ന് ലോകം മനസ്സിലാക്കി. ഇന്റര്‍നെറ്റോ മോട്ടോര്‍സൈക്കിളോ ഒക്കെ ഉപയോഗിക്കാന്‍ നമുക്ക് അതിന്റെ സാങ്കേതികവിദ്യ മുഴുവനായി അറിയണമെന്നില്ല എന്നതുപോലെ ബ്ലോക്ക്ചെയിന്‍ അധിഷ്ഠിതമായ ക്രയവിക്രയങ്ങള്‍ ആര്‍ക്കും നടത്താം. ഉദാഹരണത്തിന്, ബിറ്റ്കോയിന്‍ വാങ്ങാനും വില്‍ക്കാനും, അവ ഉപയോഗിച്ച് സാധനങ്ങളും സേവനങ്ങളും വാങ്ങാനും സഹായിക്കുന്ന സേവനദാതാക്കള്‍ ഇന്ത്യയിലും നിരവധിയുണ്ട്. ബിറ്റ്കോയിന്‍ ഒരു ഡിജിറ്റല്‍ കറന്‍സിയായതിനാല്‍ ഒരു ഡിജിറ്റല്‍ വാലറ്റിലായിരിക്കും ഇതുണ്ടാവുക. അതായത്, ഒരു വിദേശ കറന്‍സി ഉപയോഗിച്ച് ക്രയവിക്രയം ഇന്ത്യയില്‍ നടത്തുന്നതുപോലെ, ഓണ്‍ലൈന്‍ അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് വഴി ഇടപാട് നടത്താനാവും.

ക്രയവിക്രയം

ബ്ലോക്ക്ചെയിന്‍ ഇടപാടുകള്‍ എങ്ങനെയാണ് നടത്തുക എന്ന് പരിശോധിക്കാം. ആദ്യം ഒരാള്‍ ഒരിടപാട് നടത്താനുള്ള നിര്‍ദേശം നല്‍കുന്നു. ഈ ആവശ്യം നോഡുകള്‍ എന്നറിയപ്പെടുന്ന നിരവധി കംപ്യൂട്ടറുകളുടെ ഒരു പീയര്‍-ടു-പീയര്‍ നെറ്റ്വര്‍ക്കിലേക്ക് ബ്രോഡ്കാസ്റ്റ് ചെയ്യപ്പെടുന്നു. ഈ നെറ്റ്വര്‍ക്കിലുള്ള അല്‍ഗോരിതങ്ങള്‍ ഇടപാടിന്റെയും, അതാവശ്യപ്പെടുന്ന ഉപയോക്താവിന്റെയും സാധുത ഉറപ്പുവരുത്തുന്നു. സാധുവായ ഒരു ഇടപാടില്‍ ഒരു ബിറ്റ്കോയിന്‍ പോലുള്ള ക്രിപ്ടോകറന്‍സി, ഇടപാടിന്റെ കോണ്‍ട്രാക്ട്, മറ്റു രേഖകള്‍, അനുബന്ധവിവരങ്ങള്‍ ഒക്കെ ഉള്‍പ്പെടുന്നു.

സാധുത വിലയിരുത്തിക്കഴിഞ്ഞാല്‍ ഈ വിവരങ്ങളെല്ലാം മുന്‍പേ ലഭ്യമായ വിവരങ്ങള്‍കൂടി ചേര്‍ത്ത് ഒരു പുതിയ ബ്ലോക്ക് സൃഷ്ടിച്ച് ഒരു ഓപ്പണ്‍ ലെഡ്ജറില്‍ രേഖപ്പെടുത്തുന്നു. ഈ ബ്ലോക്ക് നിലവിലുള്ള ബ്ലോക്കുകളുടെ അവസാനം ചേര്‍ക്കുന്നതോടെ ഒരു ക്രയവിക്രയം പൂര്‍ത്തിയാകുന്നു. ബ്ലോക്ക് ചങ്ങലയില്‍ ചേരുന്നതോടെ നെറ്റ് വര്‍ക്കിന്റെ പൊതുസ്വത്തായി മാറുകയും ആര്‍ക്കും തിരുത്താനാവാത്ത രേഖയാകുകയും ചെയ്യുന്നു. 

ക്രിപ്ടോകറന്‍സി

ബിറ്റ്കോയിന്‍പോലുള്ള നാണയങ്ങള്‍ അതീവ സുരക്ഷിതമായ അല്‍ഗോരിതങ്ങള്‍ വഴി സുരക്ഷ ഉറപ്പുവരുത്തിയിരിക്കുന്നതിനാല്‍ അവയെ ക്രിപ്ടോകറന്‍സി എന്ന് വിളിക്കുന്നു. കറന്‍സി എന്നതിനേക്കാള്‍ കൈമാറാവുന്ന എന്‍ക്രിപ്ട് ചെയ്ത ടോക്കണുകള്‍ (Tokens) എന്നും ഇവയെ വിളിക്കാവുന്നതാണ്.

ഇവയ്ക്ക് നിലവിലുള്ള കറന്‍സികളില്‍നിന്ന് പല വ്യത്യസ്തതകളുമുണ്ട്. ഒന്നാമതായി അവയ്ക്ക് ആന്തരികമൂല്യമൊന്നുമില്ല എന്നതാണ്. അതായത്, ഇവയുടെ മൂല്യത്തിന് തുല്യമായ സ്വര്‍ണമോ മറ്റ് വസ്തുക്കളോ ഒന്നും ആരും ഉറപ്പ് നല്‍കുന്നില്ല. പകരം വിനിമയമൂല്യം ഉണ്ടാവും. രണ്ടാമത്, ഇവയ്ക്ക് നാണയത്തിന്റെയോ കറന്‍സിയുടെയോ ഭൗതിക രൂപമില്ല എന്നതാണ്. ക്രിപ്ടോകറന്‍സികള്‍ കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കില്‍ മാത്രം സ്ഥിതിചെയ്യുന്നു. മൂന്നാമതായി, ഇവയുടെ ലഭ്യത ഒരു കേന്ദ്രബാങ്കല്ല പകരം വികേന്ദ്രീകൃതമായ ഒരു ശൃംഖലയാണ് ഉറപ്പുവരുത്തുന്നത്. അതായത്, ചുരുങ്ങിയ ലഭ്യത മാത്രമുള്ള ക്രിപ്ടോകറന്‍സി ആര് വില്‍ക്കുന്നു, ആര് വാങ്ങുന്നു എന്ന് രേഖപ്പെടുത്തിയ ഒരു ലെഡ്ജര്‍ എല്ലാ നോഡുകള്‍ക്കും ലഭ്യമാകുന്നു, അവരെല്ലാം ഇത് രേഖപ്പെടുത്തുന്നു. ഈ പ്രക്രിയ അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. 

ബിറ്റ്കോയിന്‍ പോലെ എഴുന്നൂറോളം ഡിജിറ്റല്‍ നാണയങ്ങള്‍ നിലവിലുണ്ട്. നാണയങ്ങള്‍ എന്നതിനേക്കാല്‍ അവയെ 'കൈമാറാന്‍ കഴിയുന്ന ടോക്കണുകള്‍' എന്ന് വിളിക്കുന്നതാവാം കൂടുതല്‍ ശരി. രഹസ്യമായി അച്ചടിക്കുന്ന കറന്‍സികളില്‍നിന്ന് വ്യത്യസ്തമായി ആര്‍ക്കും പങ്കെടുക്കാവുന്ന, ഗണിത നിയമങ്ങളിലധിഷ്ഠിതമായ പ്രക്രിയ വഴിയാണിവ സൃഷ്ടിക്കപ്പെടുന്നത്. 

ക്രിപ്ടോകറന്‍സി ഇടപാടുകള്‍

വിപണിയില്‍നിന്ന് വാങ്ങുന്നത് കൂടാതെ ആവശ്യത്തിന് കംപ്യൂട്ടിങ് ശക്തി കൈവശമുള്ളവര്‍ക്ക് സ്വന്തമായി കറന്‍സി നിര്‍മിക്കാം എന്നത് ഇതിന്റെ മാത്രം പ്രത്യേകതയാണ്. മൈനിങ് എന്നറിയപ്പെടുന്ന ഈ പ്രക്രിയ അത്ര എളുപ്പമല്ല എന്നുമാത്രം. നിലവില്‍, പല രാജ്യങ്ങളും ബിറ്റ്കോയിന്‍ പോലെയുള്ള കറന്‍സികളുടെ വിനിമയം നിയമവിധേയമാക്കാത്തതുകൊണ്ട് നേരിട്ട് ഇവ വാങ്ങുകയും വില്‍ക്കുകയും അത്ര എളുപ്പമല്ല. എന്നാല്‍, ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും ഇതിനായി ഡിജിറ്റല്‍ വാലറ്റ് ആപ്പുകള്‍ ലഭ്യമാണ്.

ക്രിപ്ടോകറന്‍സികള്‍ ഹാക്കര്‍മാരും മറ്റും മോചനദ്രവ്യ(ransom)മായി ആവശ്യപ്പെടുന്നത് അടുത്തിടെ കണ്ടുവരുന്നു. എളുപ്പത്തിലും, വളരെ രഹസ്യമായും ഇടപാട് നടത്താം എന്നതാണിതിനു കാരണം. എന്നാല്‍, ബിറ്റ്കോയിനും മറ്റും ഏതെങ്കിലും കറന്‍സിയായി മാറ്റാന്‍ ഇവര്‍ ശ്രമിച്ചാല്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാമെന്നതിനാല്‍, ഇവര്‍ സാധാരണ ചെയ്യുന്നത് ഏതെങ്കിലും ഇടപാടുകാര്‍ക്ക് കമ്മിഷന്‍ നല്‍കി പ്രലോഭിപ്പിച്ച് പണം പിന്‍വലിക്കുകയെന്നതാണ്. അതിനാല്‍ ബിറ്റ്കോയിനുമാത്രമായി എന്തെങ്കിലും രഹസ്യാത്മകത ഇക്കാര്യത്തിലുണ്ടെന്ന് കരുതേണ്ടതില്ല.

പരിമിതികള്‍

ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിലും ബിറ്റ്കോയിന്‍ ഒരു ലീഗല്‍ ടെന്‍ഡര്‍ അല്ല എന്നത് ക്രിപ്ടോകറന്‍സികള്‍ക്ക് വലിയ പരിമിതിയാണ്. അതിനാല്‍തന്നെ ഇവയുടെ മോഷണവും മറ്റും തടയാനുള്ള ഉപാധികള്‍ മിക്കവാറും രാജ്യങ്ങളുടെ നിയമവ്യവസ്ഥകള്‍ക്ക് അന്യമാണ്. ഉപയോക്താവിന്റെ ഭാഗത്തുണ്ടാവുന്ന പിഴവുകള്‍, ഉദാഹരണത്തിന് കംപ്യൂട്ടര്‍ വൈറസ് ആക്രമണം വരുത്തിവെക്കുന്ന പണനഷ്ടം തിരിച്ചു പിടിക്കാന്‍ വഴികളൊന്നുംതന്നെ ഉണ്ടാവില്ല. പല ബാങ്കുകളും ക്രിപ്ടോകറന്‍സി ഇടപാടുകള്‍ ഒഴിവാക്കാന്‍ സാധ്യതയുണ്ട്. ക്രിപ്ടോകറന്‍സി ഇടപാടുകാരെ പല രാജ്യങ്ങളും നിരീക്ഷിക്കുന്നില്ലെങ്കിലും മൈനര്‍മാരെയും വിനിമയം നടത്തുന്നവരെയും പല ഏജന്‍സികളും നിരീക്ഷിക്കാറുണ്ട്. ക്രിപ്ടോകറന്‍സി നിക്ഷേപങ്ങളില്‍നിന്നുള്ള വരുമാനം ചൂതാട്ടത്തിന്റെ വിഭാഗത്തില്‍ പലരും പെടുത്തുന്നത് ഇതിന്റെ നിയമവശങ്ങളില്‍ നൂലാമാലകള്‍ സൃഷ്ടിക്കുന്നു. 

(മാതൃഭൂമി ജി.കെ & കറന്റ് അഫയേഴ്‌സ് മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍. കാസര്‍കോട് ഗവ. കോളേജിലെ ഫിസിക്‌സ് അധ്യാപകനാണ് ലേഖകന്‍)

Content Highlights: Cryptocurrency, Bitcoin, Blockchain, GK&Current Affairs