ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന് ശേഷം ലോകം ഏറ്റവുമധികം വാഴ്ത്തിയ ശാസ്ത്രപ്രതിഭ സ്റ്റീഫന്‍ ഹോക്കിങ്ങ് വിടപറഞ്ഞിട്ട് ഇന്നേക്ക് രണ്ടുവര്‍ഷം

ലച്ചോറിനെ അനുസരിക്കാന്‍ അദ്ദേഹത്തിന്റെ ശരീരത്തിന് കഴിഞ്ഞില്ല. പക്ഷേ സ്റ്റീഫന്‍ ഹോക്കിങ്ങിന് ലോകം മുഴുവന്‍ ചെവികൊടുത്തു. മോട്ടോര്‍ ന്യൂറോണ്‍ രോഗം ശരീരമാകെ തളര്‍ത്തി ഹോക്കിങ്ങിനെ യന്ത്രക്കസേരയിലിരുത്തി. സീറ്റ് ബെല്‍റ്റില്‍ നിന്ന് പിടിവിട്ട മനസ്സ് പക്ഷേ, താരാപഥങ്ങളില്‍ വ്യാപരിച്ചുകൊണ്ടിരുന്നു. ചലനം അവശേഷിച്ച ഹോക്കിങ്ങിന്റെ കവിള്‍ത്തടത്തില്‍ നിന്ന് യന്ത്രങ്ങള്‍ പ്രപഞ്ച രഹസ്യങ്ങള്‍ വായിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ ചിന്തകള്‍ വിശ്വവിജ്ഞാനീയത്തിലേക്കുള്ള ചൂണ്ടക്കൊളുത്തുകളായി. 

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന് ശേഷം അദ്ദേഹത്തോടൊപ്പം തന്നെ ആദരിക്കപ്പെട്ട ശാസ്ത്രകാരനാണ് സ്റ്റീഫന്‍ ഹോക്കിങ്. സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിന് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കി. തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ പ്രപഞ്ചോത്പത്തിയെക്കുറിച്ചുണ്ടായിരുന്ന ധാരണകളെ അപ്പാടെ കുലുക്കി. ഭൂഗുരുത്വം, പ്രപഞ്ച ഘടന, ക്വാണ്ടം തിയറി, തെര്‍മോഡൈനാമിക്‌സ് തുടങ്ങി വ്യത്യസ്ത ധ്രുവങ്ങളില്‍ നിലനിന്നിരുന്ന ശാസ്ത്രശാഖകളെ ബന്ധിപ്പിച്ചുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ പഠനങ്ങള്‍.

ശാസ്ത്രപാണ്ഡിത്യത്തിന്റെ കനമില്ലാതെ സാധാരണക്കാര്‍ക്ക് വേണ്ടി ഹോക്കിങ് പ്രപഞ്ചത്തെ വിശദീകരിച്ചു. സ്ഥൂല പ്രപഞ്ചവുമായി ബന്ധപ്പെട്ട അപേക്ഷികതാ സിദ്ധാന്തവും അതിസൂക്ഷ്മമായ കണങ്ങളെ സംബന്ധിക്കുന്ന ക്വാണ്ടം സിദ്ധാന്തവും ഒരേ തട്ടില്‍ നിരത്തിക്കൊണ്ട് എല്ലാ പ്രതിഭാസങ്ങള്‍ക്കുമായി ഏക സിദ്ധാന്തം (Theory of everything) എന്ന ആശയത്തിന്റെ വക്താവായി. 

ശാസ്ത്രത്തെ മുന്നോട്ട് നടത്തി

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ മരിക്കുമ്പോള്‍ സ്റ്റീഫന്‍ വില്യം ഹോക്കിങ്ങിന് പ്രായം പതിമൂന്ന്. 1942 ജനുവരി എട്ടിന് ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫെഡിലായിരുന്നു ഹോക്കിങ്ങിന്റെ ജനനം. പിതാവിന്റെ ഇഷ്ടം മകനെ ഡോക്ടറാക്കണമെന്നായിരുന്നു. പക്ഷേ ഹോക്കിങ് ഓക്‌സഫെഡിലെ യൂണിവേഴ്‌സിറ്റി കോളേജില്‍ ഫിസിക്‌സ് തിരഞ്ഞെടുത്തു. അവിടെനിന്ന് കോസ്‌മോളജിയില്‍ ഗവേഷണത്തിനായി കേംബ്രിജിലേക്ക്. പ്രപഞ്ചത്തെ മൊത്തമായി മനസിലാക്കുക എന്ന ലക്ഷ്യമായിരുന്നു ഹോക്കിങ്ങിന്. 

അവിചാരിതമായാണ് രോഗം ബാധിച്ചത്. ശരീരത്തിന്റെ ബലം നഷ്ടപ്പെട്ടുതുടങ്ങി. 21-ാം ജന്മദിനാഘോഷങ്ങള്‍ തീരുന്നതിന് മുമ്പേ ഡോക്ടര്‍മാര്‍ വിധിയെഴുതി, ഏറിയാല്‍ രണ്ട് പിറന്നാളുകള്‍ കൂടി ആഘോഷിക്കാമെന്ന്. അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് (Amytorophic Lateral Sclerosis) എന്ന വിഭാഗത്തില്‍പ്പെട്ട മോട്ടോര്‍ ന്യൂറോണ്‍ രോഗമാണ് ഹോക്കിങ്ങിനെ ബാധിച്ചത്. ഇപ്പോഴും വൈദ്യശാസ്ത്ര അറിവുകള്‍ വച്ച് ഭേദപ്പെടുത്താന്‍ കഴിയാത്ത അസുഖം. പക്ഷേ പ്രപഞ്ചത്തെ അറിയാനുള്ള ഹോക്കിങ്ങിന്റെ വ്യഗ്രതയ്ക്കുമുന്നില്‍ രോഗം തോറ്റു. മരിക്കുമെന്ന് വിധിയെഴുതിയ വൈദ്യശാസ്ത്രം പിന്നെയും പതിറ്റാണ്ടുകള്‍ അദ്ഭുതത്തോടെ ഹോക്കിങ്ങിനെ നോക്കിനിന്നു. ഇക്കാലംകൊണ്ട് ശാസ്ത്ര നേതൃനിരയില്‍ ഐന്‍സ്റ്റീന്‍ ഒഴിച്ചിട്ട സ്ഥാനത്തേക്ക് ഹോക്കിങ് എത്തി. എ.എല്‍.എസ്. ബാധിച്ചവരില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്നതും ഹോക്കിങ്ങാണ്. 

രോഗം തന്റെ മനസിനെ ഗ്രഹിക്കരുതെന്ന് ഹോക്കിങ്ങിന് നിര്‍ബന്ധമുണ്ടായിരുന്നു. മറ്റുള്ളവരുടെ സഹതാപം സ്ഫുരിക്കുന്ന നോട്ടത്തില്‍ നിന്നും സ്വയം വിഷാദത്തിന് അടിമപ്പെടുന്നതില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാനായി പഠനം തുടരാന്‍ തീരുമാനിച്ചു. ഡെനിസ് ഷിയാമ എന്ന കോസ്‌മോളജിസ്റ്റിന് കീഴിലായിരുന്നു ഗവേഷണം. 1965ല്‍ ഡോക്ടറേറ്റ് നേടി. വികസിക്കുന്ന പ്രപഞ്ചത്തിന്റെ പ്രത്യേകതകളെക്കുറിച്ചായിരുന്നു (Properties of Expanding Universes) അദ്ദേഹത്തിന്റെ പ്രബന്ധം. 2017 ഒക്ടോബറില്‍ ഈ പ്രബന്ധം പൊതുജനത്തിനായി കേംബ്രിജ് യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സര്‍വകലാശാലാ അധികൃതരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു ഇതിന് ലഭിച്ച പ്രതികരണം. ദിവസങ്ങള്‍ക്കുള്ളില്‍ 20 ലക്ഷത്തിലധികം ആളുകളാണ് പ്രബന്ധം തിരഞ്ഞെത്തിയത്. കേംബ്രിജിന്റെ ചരിത്രത്തിലെ റെക്കോര്‍ഡായിരുന്നു ഇത്. ഒരു ഘട്ടത്തില്‍ തിരക്കുമൂലം വെബ്‌സൈറ്റ് തകരാറിലാവുകപോലുമുണ്ടായി. 

ഗവേഷണ കാലത്താണ് ലണ്ടനിലെ ബിര്‍ക്ക്‌ബെക്ക് കോളേജില്‍ ഗണിതശാസ്ത്രജ്ഞനായിരുന്ന റോജര്‍ പെന്റോസുമായി ഹോക്കിങ് സൗഹൃദത്തിലാവുന്നത്. പെന്റോസിന്റെ നിഗമനങ്ങള്‍ കൂടി ഉള്‍ച്ചേര്‍ത്ത് ഹോക്കിങ് രചിച്ച Singularities and the Geometry of Space Time എന്ന പ്രബന്ധത്തിന് 66-ല്‍ വിഖ്യാതമായ ആദംസ് പുരസ്‌കാരം ലഭിക്കുകയുണ്ടായി. 

നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ ഹോക്കിങ് വ്യാപൃതനായിരുന്നു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആപേക്ഷികതാ സിദ്ധാന്തത്തിലൂടെ അവതരിപ്പിച്ച സ്‌പേസ് ടൈം സിംഗുലാരിറ്റി'യില്‍ അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു. പതിവുവഴിയില്‍ നിന്ന് മാറിനടന്ന ഹോക്കിങ് മഹാവിസ്‌ഫോടന സിദ്ധാന്തവുമായി തമോഗര്‍ത്തങ്ങളെ ചേര്‍ത്തുവായിക്കാന്‍ തുടങ്ങി. സൂര്യനെക്കാള്‍ 15 മടങ്ങോ അതില്‍ കൂടുതലോ ദ്രവ്യമാനമുള്ള നക്ഷത്രങ്ങള്‍ അവയിലെ ഇന്ധനം തീരുമ്പോള്‍ തമോഗര്‍ത്തങ്ങളായി മാറും. അതിശക്തമായ ഗുരുത്വബലത്താല്‍, ചുറ്റുമുള്ള സ്‌പേസിനെ വക്രീകരിച്ച് വലിച്ചടുപ്പിച്ച് അനന്തമായി ചുരുങ്ങുന്ന തമോഗര്‍ത്തങ്ങളാണ് സിംഗുലാരിറ്റി. ഈ പ്രക്രിയ തിരിച്ച് സംഭവിക്കുന്നതിനേക്കുറിച്ചാണ് ഹോക്കിങ് ആലോചിച്ചത്. പ്രപഞ്ചത്തിന്റെ ജനനത്തിന് കാരണമായ മഹാവിസ്‌ഫോടനം ഒരര്‍ഥത്തില്‍ സിംഗുലാരിറ്റിയില്‍ നിന്ന് സ്ഥലകാലങ്ങളുണ്ടായി വികാസം പ്രാപിച്ചതാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഈ ആശയം വികസിപ്പിക്കുന്നതിന് ഹോക്കിങ്ങിനെ സഹായിച്ചത് പെന്റോസാണ്. 

എഴുപതുകള്‍ ഹോക്കിങ് എന്ന ശാസ്ത്രകാരന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമായി. 1973-ലാണ് ആദ്യ അക്കാദമിക് ബുക്ക് The Large Scale Structure of Space അദ്ദേഹം പുറത്തിറക്കിയത്. 74-ല്‍ തമോഗര്‍ത്തങ്ങള്‍ ശൂന്യമല്ലെന്ന നിഗമനത്തിലൂടെ ശാസ്ത്രലോകത്തെ അദ്ദേഹം ഞെട്ടിച്ചു. തമോഗര്‍ത്തങ്ങള്‍ക്ക് ചുരുങ്ങുവാനാകില്ല, വികസിക്കുവാന്‍ മാത്രമേ കഴിയൂവെന്ന് സമര്‍ഥിക്കാന്‍ അദ്ദേഹത്തിനായി. ക്വാണ്ടം തിയറിയുടെയും ആപേക്ഷികതാ സിദ്ധാന്തത്തിന്റെയും വെളിച്ചത്തില്‍ തമോഗര്‍ത്തങ്ങളില്‍ നിന്ന് ചൂട് പ്രസരിക്കുന്നുണ്ടെന്ന് ഹോക്കിങ് പ്രവചിച്ചു. ഇത് പിന്നീട് ഹോക്കിങ് റേഡിയേഷന്‍ എന്നറിയപ്പെടാന്‍ തുടങ്ങി. ആപേക്ഷികതാ സിദ്ധാന്തത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ തമോഗര്‍ത്തങ്ങളില്‍ ക്വാണ്ടം മെക്കാനിക്‌സ് പ്രയോഗിക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് അതുവരെ ആരും ചിന്തിച്ചിരുന്നില്ല. റേഡിയേഷന്‍ തുടര്‍ച്ചയായി പുറത്തുവരുക വഴി തമോഗര്‍ത്തം സാവധാനം ബാഷ്പീകരിക്കപ്പെട്ട് കോടാനുകോടി വര്‍ഷംകൊണ്ട് ഇല്ലാതാകുമെന്നും ഹോക്കിങ് പറഞ്ഞു. 1978ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍  പുരസ്‌കാരത്തിന് അര്‍ഹനായി. ഐസക് ന്യൂട്ടണെപോലെ പ്രതിഭകള്‍ മാത്രം അലങ്കരിച്ചിരുന്ന കേംബ്രിജിലെ പ്രശസ്തമായ ലൂക്കാസിയന്‍ പ്രൊഫസര്‍ ഓഫ് മാത്തമാറ്റിക്‌സ് പദവി 1979ല്‍ അദ്ദേഹത്തെ തേടിയെത്തി. 

1985ല്‍ ന്യുമോണിയ ബാധിച്ച ഹോക്കിങ്ങിന് ജീവന്‍ നിലനിര്‍ത്താന്‍ നിര്‍ണായകമായൊരു ശസ്ത്രക്രിയ വേണ്ടിവന്നു. തൊണ്ടകീറിയുള്ള ട്രക്കിയോടമി ചെയ്തതിലൂടെ അദ്ദേഹത്തിന് ശബ്ദം നഷ്ടമായി. അതോടെ ആശയവിനിമയത്തിന് പൂര്‍ണ്ണമായും യന്ത്രസഹായം വേണ്ടിവന്നു. കേംബ്രിജിലെ ശാസ്ത്രജ്ഞര്‍ ആധുനിക സാങ്കേതിക വിദ്യകളോടെ നിര്‍മ്മിച്ച യന്ത്രക്കസേരയും സാങ്കേതിക സംവിധാനങ്ങളും ഹോക്കിങ്ങിന്റെ പിന്നീടുള്ള ജീവിതത്തിലത്രയും സന്തതസഹചാരിയായി. കണ്ണടയില്‍ ഘടിപ്പിച്ചിരുന്ന സെന്‍സറാണ് ലോകത്തോട് സംവദിക്കാന്‍ ഹോക്കിങ്ങിനെ സഹായിച്ചത്. സെന്‍സറുപയോഗിച്ച് കവിളിലെ പേശികളുടെ ചലങ്ങള്‍ മനസിലാക്കി അത് അക്ഷരങ്ങളാക്കിമാറ്റുന്ന സംവിധാനം പ്രെഡിക്ടീവ് ടെക്‌സ്റ്റ് സാങ്കേതികവിദ്യയെ ആധാരമാക്കിയുള്ളതായിരുന്നു. എഴുത്തിനെ പിന്നീട് ശബ്ദമാക്കിമാറ്റുന്നതിനുള്ള സംവിധാനവും ഉണ്ടായിരുന്നു. ശരീരത്തിന്റെ മുഴുഭാഗവും ചലനരഹിതമായിട്ടും തന്റെ മേഖലയില്‍ കര്‍മ്മനിരതനായ ഹോക്കിങ് സമകാലിക ശാസ്ത്രകാരന്മാര്‍ക്ക് വഴികാട്ടിയാവുക മാത്രമല്ല, ലോകത്തിന്റെ പലഭാഗങ്ങളില്‍ ശാരീരിക വിഷമതകള്‍ അനുഭവിക്കുന്ന ആയിരങ്ങള്‍ക്ക് പ്രചോദനമാവുകയും ചെയ്തു. 

നിരന്തരമായ ചിന്തകളിലൂടെയും ഗവേഷണങ്ങളിലൂടെയും ലഭിക്കുന്ന പുതിയ അറിവിന്റെ വെളിച്ചത്തില്‍ തന്റെ തന്നെ സിദ്ധാന്തങ്ങളെ തിരുത്തുന്നതിനും ശാസ്ത്രകാരന്‍ എന്ന നിലയില്‍ ഹോക്കിങ് മടി കാണിച്ചിട്ടില്ല. ഹോക്കിങ്ങിന്റെ പല വാദങ്ങളും വലിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിതെളിയിച്ചിട്ടുണ്ട്. അങ്ങനെയൊന്നായിരുന്നു തമോഗര്‍ത്തങ്ങളില്‍ അകപ്പെടുന്ന വിവരങ്ങള്‍ (Information) എന്നെന്നേക്കുമായി നശിച്ചുപോകും എന്ന പ്രവചനം. പ്രപഞ്ചത്തില്‍ നിന്ന് വിവരങ്ങള്‍ ഏതെങ്കിലും തരത്തില്‍ നഷ്ടമാകുമെന്ന് വിശ്വസിക്കാന്‍ പല ഗവേഷകരും തയാറായില്ല. ക്വാണ്ടം തിയറിയുടെ അടിസ്ഥാനത്തെത്തന്നെ ഹോക്കിങ്ങിന്റെ വാദം വെല്ലുവിളിക്കുന്നുവെന്ന് പലരും വാദിച്ചു. 1997-ല്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ജോണ്‍ പ്രസ്‌കിലുമായി ഹോക്കിങ് ഈ വിഷയത്തില്‍ പന്തയത്തിലേര്‍പ്പെടുക പോലുമുണ്ടായി. പക്ഷേ 2004-ല്‍ ഹോക്കിങ്ങിന് തോല്‍വി സമ്മതിക്കേണ്ടി വന്നു. ഹോക്കിങ് റേഡിയേഷനൊപ്പം സബ് അറ്റോമിക് പാര്‍ട്ടിക്കിള്‍സിന്റെ വിവരങ്ങള്‍ എന്‍കോഡ് ചെയ്യപ്പെട്ട് തമോഗര്‍ത്തങ്ങളില്‍ നിന്ന് പുറത്തുവരുമെന്ന സാധ്യത അദ്ദേഹം അംഗീകരിച്ചു.

ഭൂമിയെക്കുറിച്ചുള്ള വ്യത്യസ്തമായ തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവച്ചും ഹോക്കിങ് മറ്റ് ശാസ്ത്രജ്ഞരുടെ ഉറക്കം കെടുത്തി. അടുത്ത 600 വര്‍ഷങ്ങള്‍ക്കുള്ളിലെങ്കിലും ഭൂമിയില്‍ മനുഷ്യവാസം അസാധ്യമാകുമെന്ന് അദ്ദേഹം പ്രവചിച്ചു. ഇവിടെ അതിജീവിക്കുകയെന്നത് അസാധ്യമാണെന്നും ബഹിരാകാശത്ത് പുതിയ താവളങ്ങള്‍ മനുഷ്യന്‍ കണ്ടെത്തണമെന്നും ആഹ്വാനം ചെയ്തുകൊണ്ട് ഹോക്കിങ് ലോകത്തോട് വിടപറഞ്ഞത്.

കാലത്തിന്റെ സംക്ഷിപ്തം

'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' 1988-ല്‍ സ്റ്റീഫന്‍ ഹോക്കിങ് എഴുതിയ ഈ പുസ്തകം എക്കാലത്തെയും ബെസ്റ്റ് സെല്ലറുകളില്‍ ഒന്നാണ്. ഈ പുസ്തകത്തിലൂടെ സ്റ്റീഫന്‍ ഹോക്കിങ് ലോകമെമ്പാടും ആരാധകരുള്ള സെലിബ്രിറ്റിയായി മാറി. ഒരു കോടിയിലധികം കോപ്പികള്‍, നാല്‍പ്പതോളം ഭാഷകളിലേക്ക് തര്‍ജമ. സണ്‍ഡേ ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ 237 ആഴ്ച തുടര്‍ന്ന പുസ്തകം ഗിന്നസ് ബുക്കിലും പേര് ചേര്‍ത്തു. ചക്രക്കസേരയിലിരുന്നുകൊണ്ട് ഒരാള്‍ പ്രപഞ്ചരഹസ്യങ്ങളെ വിശദീകരിക്കുന്നതിന്റെ കൗതുകം മാത്രമല്ല ബ്രീഫ് ഹിസ്റ്ററിയെ രാജ്യാന്തര പ്രശസ്തിയിലേക്ക് എത്തിച്ചത്. കടിച്ചാല്‍ പൊട്ടാത്ത ശാസ്ത്ര സമസ്യകളെ ഇത്രയേറെ ലളിതമായി അവതരിപ്പിച്ച മറ്റൊരു പുസ്തകം ഇല്ലെന്നുതന്നെ പറയാം. ബ്രീഫ് ഹിസ്റ്ററിയുടെ വിജയം ശാസ്ത്രവായനയിലേക്ക് ഒരുപാട് പേരെ ആകര്‍ഷിക്കുകയും ചെയ്തു. 

യൂണിവേഴ്‌സ് ഇന്‍ എ നട്‌ഷെല്‍, ബ്ലാക്ക് ഹോള്‍സ് ആന്‍ഡ് ബേബി യൂണിവേഴ്‌സസ്, ഗോഡ് ക്രിയേറ്റഡ് ദ ഇന്‍ഡിജേഴ്‌സ്, ദ ഗ്രാന്‍ഡ് ഡിസൈന്‍ എന്നിവയാണ് ഹോക്കിങ്ങിന്റെ മറ്റ് ജനപ്രിയ പുസ്തകങ്ങള്‍. കുട്ടികള്‍ക്ക് വേണ്ടിയും അദ്ദേഹം എഴുതിയിട്ടുണ്ട്. മകള്‍ ലൂസി ഹോക്കിങ്ങുമായി ചേര്‍ന്നെഴുതിയ ജോര്‍ജ് ആന്‍ഡ് ദ അണ്‍ബ്രേക്കബിള്‍ കോഡ്, ജോര്‍ജ് ആന്‍ഡ് ദ ബിഗ് ബാങ്, ജോര്‍ജ് ആന്‍ഡ് ദ ബ്ലൂമൂണ്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍. മൈ ബ്രീഫ് ഹിസ്റ്ററിയാണ് ഹോക്കിങ്ങിന്റെ ആത്മകഥ. 

ജീവിതം, പ്രണയം...

ഒരിക്കലും സുഖം പ്രാപിക്കാന്‍ സാധ്യതയില്ലാത്ത തരത്തില്‍ ഒരു രോഗം തന്നെ ബാധിച്ചിരിക്കുന്നുവെന്ന് തിരിച്ചറിയുന്നതിനും ഏതാനും നാളുകള്‍ മുമ്പാണ് ഹോക്കിങ് ജെയ്ന്‍ വൈല്‍ഡിനെ കണ്ടുമുട്ടുന്നത്. 1963-ലെ ന്യൂ ഇയര്‍ പാര്‍ട്ടിക്കിടയില്‍ ഇരുവരും സൗഹൃദത്തിലായി. പിന്നീട് പ്രണയത്തിലും. മരണം കാത്തിരിക്കുന്നവനെന്ന് എല്ലാവരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴും ജെയ്ന്‍ ഹോക്കിങ്ങിനെ പിരിഞ്ഞില്ല. 1965-ല്‍ വിവാഹിതരായി. ഇരുവര്‍ക്കും മൂന്ന് മക്കള്‍ ജനിച്ചു. രോഗം തളര്‍ത്തിയ ഹോക്കിങ്ങിന്റെ പിടിവാശികളെപ്പോലും ലാളിക്കാന്‍ ജെയ്ന്‍ പരമാവധി ശ്രമിച്ചു. പക്ഷേ ഒരുഘട്ടത്തില്‍ വേര്‍പിരിയല്‍ അനിവാര്യമായി. 1991-ല്‍ വിവാഹബന്ധം തകര്‍ന്നു. തുണ ആവശ്യമായിരുന്ന ഹോക്കിങ് തന്റെ നഴ്‌സും സ്പീച്ച് തെറാപ്പിസ്റ്റുമായ എലേന്‍ മേസനെ വിവാഹം ചെയ്തു. ജെയിനും മറ്റൊരു വിവാഹത്തിന് തയാറായി. പതിനൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം ഹോക്കിങ്ങിന്റെ രണ്ടാം ദാമ്പത്യവും തകര്‍ന്നു. വീണ്ടും ഏകാന്തനായ ഹോക്കിങ്ങിന്റെ പരിചരണം ജെയ്‌നും ഭര്‍ത്താവ് ജൊനാഥനും ഏറ്റെടുത്തു. 

സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ശാസ്ത്രപാണ്ഡിത്യം പോലെതന്നെ പ്രശസ്തമായിരുന്നു ജെയ്ന്‍ - ഹോക്കിങ് പ്രണയവും. ഹോക്കിങ്ങുമൊത്തുള്ള ജീവിതത്തെക്കുറിച്ച് ജെയ്ന്‍ എഴുതിയ Travelling to Infinity: My Life with Stephen എന്ന പുസ്തകം 2014-ല്‍ തിയറി ഓഫ് എവരിതിങ്' എന്ന പേരില്‍ സിനിമയായി. ജെയിംസ് മാര്‍ഷ് സംവിധാനം ചെയ്ത സിനിമയില്‍ എഡ്ഡി റെഡ്‌മെയ്ന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിനെയും ഫെലിസിറ്റി ജോണ്‍സ് ജെയ്ന്‍ ഹോക്കിങ്ങിനെയും അവതരിപ്പിച്ചു. ചിത്രത്തിലെ അഭിനയത്തിന് എഡ്ഡി റെഡ്‌മെയ്‌ന് 2015ലെ ഓസ്‌കാര്‍ ലഭിച്ചു.

(മാതൃഭൂമി ജി.കെ & കറന്റ് അഫയേഴ്‌സ് മാസികയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: life of Stephen Hawking