സ്ഥാനക്കയറ്റത്തിന് സംവരണം ആവശ്യപ്പെടാനാകില്ലെന്നും സംവരണം നല്‍കണോ വേണ്ടയോ എന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചിരിക്കുകയാണ് സുപ്രിം കോടതി. പതിവുപോലെ വിവാദങ്ങളും ആശങ്കകളും പലകോണുകളില്‍ നിന്ന് ഉയരുകയും ചെയ്യുന്നു. കാരണം സംവരണവുമായി ബന്ധപ്പെട്ട് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിച്ചേക്കാവുന്ന ഒരു വിധിയാണ് ഇപ്പോള്‍ സുപ്രിം കോടതി പ്രസ്ഥാവിച്ചിട്ടുള്ളത്. സാമൂഹികമായും രാഷ്ട്രീയമായും അതിന് മാനങ്ങളുണ്ട്. 

സംവരണം സംസ്ഥാനത്തിന്റെ ബാധ്യതയല്ലെന്ന നിരീക്ഷണം ഭരണഘടനാ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കുമ്പോള്‍ സാധുവാകുന്നു. എന്നാല്‍ ധാര്‍മികമായ മറ്റൊരു ചോദ്യത്തിന് ഇവിടെ ഉത്തരം ലഭിക്കുന്നില്ലെന്നതാണ് പ്രശ്‌നം. ജാതിജഡിലമായ ഒരു സമൂഹത്തില്‍ ഒരു വിഭാഗം ജനങ്ങള്‍ പിന്നാക്കാവസ്ഥയിലാണെന്നതും വിവേചനം നേരിടുന്നുവെന്നതും നിഷേധിക്കാനാവാത്ത വസ്തുതയാണെന്നിരിക്കെ, അവരെ മുന്‍നിരയിലേക്ക് കൊണ്ടുവരാനുള്ള ഉത്തരവാദിത്തം ഭരണകൂടങ്ങള്‍ക്കില്ലേ? കേവലം സാങ്കേതികത യുക്തികൊണ്ട് അടിവരയിടേണ്ട വിഷയമാണോ സംവരണം? 

മുകേഷ് കുമാര്‍ Vs. സ്‌റ്റേറ്റ് ഓഫ് ഉത്തരാഖണ്ഡ് 

പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാതെ സര്‍ക്കാര്‍ സര്‍വീസിലെ ഒഴിവുകള്‍ നികത്താനുള്ള ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ 2012ലെ തീരുമാനമാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം. സര്‍ക്കാര്‍ തീരുമാനത്തിനെതിരേ നികുതിവകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന ഗ്യാന്‍ ചന്ദ് ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച കോടതി സംവരണം നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കരുതെന്ന് കഴിഞ്ഞ ഏപ്രിലില്‍ ഉത്തരവിട്ടു. 

കോടതി ഇങ്ങനെ നിരീക്ഷിച്ചു: 'ഒരു വ്യക്തി എസ്.സി.,എസ്.ടി. വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്നതുതന്നെ ആ വ്യക്തി പിന്നാക്കാവസ്ഥയിലാണെന്നതിന് തെളിവാണ്. കാരണം പിന്നാക്കാവസ്ഥയിലുള്ള ജനവിഭാഗങ്ങളെ പാര്‍ലമെന്റിന്റെ അംഗീകാരത്തോടെ പട്ടികതിരിച്ചിട്ടുള്ളതാകുന്നു. അതുകൊണ്ട് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് സര്‍ക്കാര്‍ വീണ്ടും കണക്കുകള്‍ ശേഖരിക്കേണ്ടതില്ല.' സംവരണം തുടരണമെന്നും കോടതി നിര്‍ദേശിച്ചു. 

പുനപരിശോധനാ ഹര്‍ജിയില്‍ പക്ഷേ ഹൈക്കോടതി സ്വന്തം വിധി തിരുത്തി. ഇത്തവണ കോടതി പറഞ്ഞത് ഏതെങ്കിലും വിഭാഗത്തിന് സംവംരണം നല്‍കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയല്ലെന്നാണ്.

അനുച്ഛേദം 16(4) ലെ വ്യവസ്ഥകള്‍ സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍പ്പെടുന്നതാണ്. കോടതിക്ക് സംവരണം നല്‍കണമെന്ന് സര്‍ക്കാരിനെ നിര്‍ബന്ധിക്കാനാകില്ല. 

വിഷയം അങ്ങനെ സുപ്രിം കോടതിക്ക് മുമ്പിലെത്തി. ചോദ്യം ഇതായിരുന്നു, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള സംവരണം നിര്‍ത്തലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടോ? 

മുകേഷ് കുമാര്‍ Vs. സ്‌റ്റേറ്റ് ഓഫ് ഉത്തരാഖണ്ഡ് കേസില്‍ ഫെബ്രുവരി 7ന് ജസ്റ്റിസുമാരായ എല്‍.നാഗേശ്വര റാവു, ഹേമന്ത് ഗുപ്ത എന്നിവര്‍ വിധിയെഴുതി. 

കോടതിയുടെ നിരീക്ഷണങ്ങള്‍ 

  • - പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയില്ല. സര്‍ക്കാര്‍ സര്‍വീസില്‍ അവരുടെ പ്രാതിനിധ്യക്കുറവ് പരിശോധിച്ചുവേണം സംവരണം നല്‍കാന്‍. സംവരണം നല്‍കുന്നില്ലെങ്കില്‍ കണക്ക് നോക്കേണ്ടതുമില്ല. 
  • - സ്ഥാനക്കയറ്റ സംവരണം മൗലികാവകാശമല്ല. 
  • - നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും പട്ടികവിഭാഗക്കാര്‍ക്ക് സംവരണം നല്‍കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഭരണഘടനയുടെ 16(4), 16(4 എ) അനുച്ഛേദങ്ങള്‍. സര്‍ക്കാര്‍ സര്‍വീസുകളില്‍ അവര്‍ക്ക് പ്രാതിനിധ്യം കുറവാണെന്ന് ബോധ്യപ്പെട്ടാല്‍മാത്രമേ അത് നല്‍കേണ്ടതുള്ളൂ

മുന്‍ വിധികള്‍
 
കഴിഞ്ഞ രണ്ട് ദശാബ്ദത്തില്‍ പല തവണ സംവരണ വിഷയം സുപ്രിം കോടതിക്ക് മുമ്പില്‍ എത്തിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ചില കേസുകളില്‍ സുപ്രിംകോടതി നടത്തിയ നിരീക്ഷണങ്ങള്‍ നോക്കാം 

എം.നാഗരാജ് Vs. യൂണിയന്‍ ഓഫ് ഇന്ത്യ (2006): പിന്നാക്കാവസ്ഥ, പ്രാതിനിധ്യം എന്നിവ സംബന്ധിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ വേണം സംവരണ ക്വാട്ട നിര്‍ണയിക്കാന്‍. ഭരണനിര്‍വഹണത്തിന്റെ കാര്യക്ഷമതയും സംവരണം നല്‍കുമ്പോള്‍ പരിഗണിക്കണം. ഒപ്പം എല്ലാ സംവരണത്തിനും ക്രീമിലെയര്‍ സംവിധാനം നടപ്പാക്കാനും കോടതി നിര്‍ദേശിച്ചു. സംവരണത്തിന് 50 ശതമാനം പരിധി നിര്‍ദേശിച്ചതും ഈ വിധിയിലാണ്. 

നാഗരാജ് കേസിനുമുമ്പുവരെ എസ്.സി.,എസ്.ടി. വിഭാഗത്തില്‍പ്പെടുക എന്നതുതന്നെ ഒരു വ്യക്തിയുടെ പിന്നാക്കാസ്ഥയ്ക്ക് മതിയായ തെളിവായിരുന്നു. എന്നാല്‍ നാഗരാജ് വിധിയോടെ ആ കാഴ്ചപ്പാടിന് കോട്ടം സംഭവിച്ചു. 

ജര്‍ണയില്‍ സിങ് Vs. ലച്ച്മി നരെയ്ന്‍ ഗുപ്ത (2018): നാഗരാജ് കേസ് പുനപരിശോധിക്കാന്‍ കോടതി തയാറായില്ലെങ്കിലും എസ്.സി.,എസ്.ടി. വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ മറ്റൊരു രീതിയില്‍ തെളിയിക്കേണ്ടതില്ലെന്ന വാദം കോടതി അംഗീകരിച്ചു. 

ആശങ്കകള്‍ 

ഇപ്പോഴത്തെ കോടതിവിധി സംവരണവും അവസരസമത്വവും തമ്മിലുള്ള ബന്ധത്തെ തെറ്റായി വ്യാഖ്യാനിക്കാന്‍ ഇടവരുത്തുമോ എന്നതാണ് പ്രധാന ആശങ്ക. സംവരണം ഒരിക്കലും തുല്യതയെ അട്ടിമറിക്കുന്നതല്ല, ഉറപ്പിക്കുന്നതാണെന്ന തരത്തില്‍ സുപ്രിംകോടതിയുടെ ഭാഗത്തുനിന്ന് തന്നെ മുമ്പ് അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്.  1975ല്‍ സ്റ്റേറ്റ് ഓഫ് കേരള Vs. എന്‍.വി. തോമസ് കേസില്‍ കോടതി ഇങ്ങനെ നിരീക്ഷിക്കുന്നു: ആര്‍ട്ടിക്കിള്‍ 16 (4) അനുസരിച്ച് ക്വാട്ട നിര്‍ണയിക്കുന്നത് അവസരസമത്വത്തെ ഹനിക്കലല്ല. സമൂഹത്തില്‍ താഴേക്കിടയിലുള്ളവരെ കൈപിടിച്ചുയര്‍ത്താനുള്ള ഏതൊരു ശ്രമത്തെയും സമത്വസങ്കല്പത്തിലേക്കുള്ള ചുവടുവയ്പ്പായെ കാണാനാകൂ. 

സംവരണത്തിന്റെ ഉദ്ദേശ്യംതന്നെ സാമൂഹികസമത്വമാണ്. സാമ്പത്തിക സമത്വമല്ല. അങ്ങനെയുള്ളപ്പോള്‍ പിന്നാക്കാവസ്ഥ എങ്ങനെയാണ് പുതിയ വിധിയുടെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കപ്പെടാന്‍ പോകുന്നതെന്നതും സംശയമുയര്‍ത്തുന്നു. ആനുപാതിക സമത്വമെന്ന ആശയത്തിനും പുതിയ വിധിയുടെ അടിസ്ഥാനത്തില്‍ എന്തുസംഭവിക്കുമെന്ന് കാത്തിരുന്ന് കാണണം.

Content Highlights: Supreme Court Verdict on Reservation to SC/ST