സ്വത്തവകാശം മൗലികാവകാശത്തിന്റെ ഭാഗമല്ലെങ്കിലും മനുഷ്യാവകാശത്തിന്റെ ഭാഗമാണെന്ന സുപ്രീം കോടതി വിധി, കുടിയിറക്കപ്പെട്ടവര്‍ക്ക് പുത്തന്‍ പ്രതീക്ഷയാണ് നല്‍കുന്നത്. ഇന്ത്യന്‍ പൗരന് ലഭിക്കേണ്ട മൗലികാവകാശങ്ങളില്‍പ്പെട്ടിരുന്ന സ്വത്തവകാശം (അനുഛേദം 31), 1978-ലെ 44-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് നിയമാവകാശമായി മാറിയത്. ഭൂപരിഷ്‌കരണ നയങ്ങളുടെ ഭാഗമായാണ് ഇങ്ങനെയൊരു മാറ്റം മൊറാര്‍ജി ദേശായിയുടെ ജനതാ സര്‍ക്കാര്‍ കൊണ്ടുവന്നത്. എങ്കിലും സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ മാന്യമായ നഷ്ടപരിഹാരം നല്‍കണമെന്ന് ഭരണഘടനയുടെ അനുഛേദം 300-എ പ്രകാരം വ്യവസ്ഥ ചെയ്തിരുന്നു. 

എന്താണ് പുതിയ വിധി?

ഹിമാചല്‍ പ്രദേശിലെ 80 വയസ്സായ  വിദ്യാ ദേവിയെന്ന വിധവയുടെ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് പുതിയ വിധി വന്നിരിക്കുന്നത്. 1967-68 കാലഘട്ടത്തില്‍ ജില്ല റോഡ് നിര്‍മാണത്തിനായി നടപടിക്രമങ്ങള്‍ പാലിക്കാതെയും മതിയായ നഷ്ടപരിഹാരം നല്‍കാതെയും സംസ്ഥാന സര്‍ക്കാര്‍ ഇവരുടെ 3.34 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തത്. 1975ല്‍ റോഡ് പണി തീര്‍ന്നു.

2004-ല്‍ ഇതേ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഭൂമി നല്‍കിയ ചിലര്‍ കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയതു. പക്ഷേ ഇപ്പോഴത്തെ പരാതിക്കാരി ആ കേസിന്റെ ഭാഗമല്ലായിരുന്നതിനാല്‍് അവര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ല. 2010-ല്‍ ഈ കേസുമായി അവര്‍ ഹൈക്കോടതിയില്‍ എത്തി. 

gk & current affairs
മാതൃഭൂമി ജി.കെ. & കറന്റ്
അഫയേഴ്‌സ് മാസിക വാങ്ങാം

ഭൂമിയുടെ മുന്‍ ഉടമസ്ഥനില്‍ നിന്ന് വാക്കാലുള്ള സമ്മതം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുത്തതെന്ന് കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചു. ഭൂമി ഏറ്റെടുത്തതിന് നഷ്ടപരിഹാരം നല്‍കണമെന്ന പരാതിക്കാരിയുടെ വാദം ഹൈക്കോടതി അംഗീകരിക്കാത്ത ഹൈക്കോടത് കീഴികോടതിയില്‍ സിവില്‍ കേസ് നല്‍കാന്‍ നിര്‍ദേശിച്ചു. ഇതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലാണ് വിധി വന്നിരിക്കുന്നത്. 

1978-ല്‍ സ്വത്തവകാശത്തെ മൗലികാവകാശമല്ലാതാക്കിയെങ്കിലും ഇപ്പോഴും അതൊരു മനുഷ്യാവകാശ പ്രശ്‌നമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യക്തമായ നിയമ സംവിധാനങ്ങളിലൂടെയല്ലാതെ സംസ്ഥാനങ്ങള്‍ക്ക് ഒരുവ്യക്തിയുടെ ഭൂമി സ്വന്തമാക്കാന്‍ സാധിക്കില്ലെന്നാണ് സുപ്രീകോടതി പ്രസ്താവിച്ചത്. ഒരു ക്ഷേമ രാഷ്ട്രമായ ഇന്ത്യയില്‍ നിയമപരമായല്ലാതെ ഭൂമി ഏറ്റെടുക്കാനാവില്ലെന്നും കോടതി വിധിയില്‍ പറയുന്നു. 

ഒരു കേസില്‍ സമ്പൂര്‍ണ നീതി ഉറപ്പുവരുത്താന്‍ സുപ്രീം കോടതിക്ക് പ്രത്യേകാധികാരം നല്‍കുന്ന അനുഛേദം 142, നീതി നിഷേധത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാവുന്ന അനുഛേദം 136 എന്നീ വകുപ്പുകള്‍ പ്രകാരം ഏറ്റെടുത്ത ഭൂമിക്ക് തുല്യമായി ഹര്‍ജിക്കാരിക്ക് ഒരു കോടിരൂപ പണമായി നല്‍കാനും വിധിച്ചു. 42 വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, അജയ് രസ്‌തോഗി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് വിധി പറഞ്ഞത്.  

മൗലികാവകാശം

ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പുവരുത്തുന്ന അടിസ്ഥാനാവകാശങ്ങളാണ് മൗലികാവകാശങ്ങള്‍. ഈ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണെങ്കില്‍ പൗരന് നേരിട്ട് ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കാം. ഭരണഘടനയുടെ പാര്‍ട്ട് മൂന്നില്‍ അനുഛേദം 12-35 വരെയാണ് മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന ആറ് മൗലികാവകാശങ്ങളാണ് സമത്വത്തിനുള്ള അവകാശം, സ്വാതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണത്തിനെതിരെയുള്ള അവകാശം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം, സാംസ്‌കാരിക- വിദ്യാഭ്യാസ അവകാശങ്ങള്‍, ഭരണഘടനാ പരിഹാരങ്ങള്‍ക്കായുള്ള അവകാശം എന്നിവ. 

നിയമപരമായ അവകാശം (ലീഗല്‍ റെറ്റ്)

ഒരു നിയമനിര്‍മാണത്തിന്റെ പിന്‍ബലത്തിലുള്ള അവകാശങ്ങളാണ് ലീഗല്‍ റെറ്റ്. ഈ നിയമത്തെ വേണമെങ്കില്‍ മറ്റൊരു നിയമ നിര്‍മാണം കൊണ്ട് മറികടക്കാം. ഒരു പൗരന്റെ ലീഗല്‍ റെറ്റ് ലംഘിക്കപ്പെടുകയാണെങ്കില്‍ കീഴ്‌കോടതികളില്‍ മാത്രമേ അത് ചോദ്യം ചെയ്യാന്‍  സാധിക്കൂ. 

മനുഷ്യാവകാശം 

വര്‍ഗം, ലിംഗം, ദേശം, ഭാഷ, മതം, തുടങ്ങി ഒരു വിവേചനവുമില്ലാതെ എല്ലാ മനുഷ്യര്‍ക്കും ലഭ്യമാകുന്ന അവകാശമാണ് മനുഷ്യാവകാശം. ജീവനും പൗരസ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങളെല്ലാം തന്നെ മനുഷ്യാവകാശത്തിന്റെ പരിധിയില്‍ വരുന്നവയാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുവരുത്തുന്ന മൗലികാവകാശങ്ങള്‍ അടിസ്ഥാനപരമായി മനുഷ്യാവകാശത്തിന്റെ ഭാഗമാണ്. 

Content Highlights: Right to property is a Human Right says supreme Court of India