ഗലീലിയോ ഗലീലി, ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍, സ്റ്റീഫന്‍ ഹോക്കിങ് - ശാസ്ത്രലോകത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ ഈ മൂന്ന് പ്രതിഭകളെ ഓര്‍ക്കാന്‍ മാര്‍ച്ച് 14 പോലെ പറ്റിയ മറ്റൊരു ദിവസമില്ല. ഐന്‍സ്‌റ്റൈന്റെ ജന്മദിനവും ഗലീലിയോ, ഹോക്കിങ് എന്നിവരുടെ ചരമദിനവുമാണ് മാര്‍ച്ച് 14. ശാസ്ത്ര ലോകത്തിന് ഇവര്‍ നല്‍കിയ സംഭാവനകള്‍ മറ്റെന്തെങ്കിലുമായി താരതമ്യം ചെയ്യാവുന്നതിനും മുകളിലാണ്.
ഗലിലിയോ ഗലീലി
നാല് നൂറ്റാണ്ടുകള്‍ക്കുമുമ്പ്, മനുഷ്യമനസ്സിലെ പ്രപഞ്ച സങ്കല്‍പ്പങ്ങളെ തകര്‍ത്ത് ആധുനിക ശാസ്ത്രത്തിന് അടിത്തറപാകിയ മഹാപ്രതിഭയാണ് ഗലിലിയോ ഗലീലി. അതുവരെയുണ്ടായിരുന്ന, ഭൂമി പ്രപഞ്ച കേന്ദ്രമാണെന്ന വാദം ഗലീലിയോ അപ്പാടെ മാറ്റിമറിച്ചു. ഉറക്കമില്ലാത്ത രാത്രികളില്‍ ദൂരദര്‍ശിനിയിലൂടെ പ്രപഞ്ചത്തിന്റെ കാണാക്കാഴ്ചകളിലേക്ക് കടന്നുചെന്ന ഗലീലിയോ ജ്യോതിശാസ്ത്രത്തില്‍ മനുഷ്യന്‍ കടന്നുചെല്ലേണ്ട അനന്ത വിഹായസ്സിലേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു.
കാത്തോലിക്ക സഭയുടെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ ഒതുങ്ങിനിന്നിരുന്ന ശാസ്ത്രത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്നതായിരുന്നു ഗലീലിയോയുടെ കണ്ടെത്തലുകള്‍. സഭയ്‌ക്കെതിരെ പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച് ബലിയാടാവേണ്ടിവന്ന കോപ്പര്‍ നിക്കസിന്റെ സിദ്ധാന്തത്തിന് സാധുത നല്‍കാനും ഗലീലിയോയ്ക്കായി. 1642ല്‍ ഗലീലിയോ വിടവാങ്ങിയ അതേവര്‍ഷം ഐസക് ന്യൂട്ടണ്‍ ജനിച്ചതും പിന്നീട് ശാസ്ത്രലോകത്തെ മുന്നോട്ടുനയിച്ചതും ശ്രദ്ധേയമായി.
ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍
1879 മാര്‍ച്ച് 14ന് ജര്‍മനിയിലെ ഉം പട്ടണത്തില്‍ ജനിച്ച ഐന്‍സ്റ്റൈന്‍, സൂറിച്ചില്‍ സ്വിസ് ഫെഡറല്‍ പോളിടെക്നിക്കല്‍ സ്‌കൂളിലെ പഠനം മികവോടെ പൂര്‍ത്തിയാക്കാത്തതിനാല്‍ അധ്യാപകനാവുകയെന്ന മോഹം ഉപേക്ഷിക്കേണ്ടിവന്ന വ്യക്തിയാണ്. വയലിന്‍ കമ്പക്കാരനായിരുന്നു ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍. ക്വാണ്ടം തിയറിയുടെ പിതാവായ മാക്സ് പ്ലാങ്ക് പിയാനോ വായിച്ച വേദികളില്‍ ഐന്‍സ്‌റ്റൈന്‍ വയലിന്‍ അവതരിപ്പിച്ചു.
സ്വിറ്റ്സ്വര്‍ലന്‍ഡില്‍ ബേണിലെ പേറ്റന്റ് ഓഫീസില്‍ ഗുമസ്തനായിച്ചേര്‍ന്ന ഐന്‍സ്‌റ്റൈന്‍, പേറ്റന്റ് അപേക്ഷകള്‍ പരിശോധിക്കുന്ന ജോലിക്കിടെ ഭൗതികശാസ്ത്രത്തിലെ നാഴികക്കല്ലുകളായിമാറിയ ഏതാനും പ്രബന്ധങ്ങള്‍ 1905ല്‍ പ്രസിദ്ധീകരിച്ചു. അതില്‍ ഏറ്റവും പ്രധാനം വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തമായിരുന്നു.
പ്രകാശത്തെ കണങ്ങളായി പരിഗണിച്ചുകൊണ്ട് ഫോട്ടോഇലക്ട്രിക് പ്രഭാവത്തിന് നല്‍കിയ വിശദീകരമായിരുന്നു അതില്‍ മറ്റൊരു പ്രബന്ധത്തിന്റെ ഉള്ളടക്കം. അതിന് 1921ല്‍ ഐന്‍സ്‌റ്റൈന് നൊബേല്‍ പുരസ്‌കാരം ലഭിച്ചു. ആപേക്ഷികതാ സിദ്ധാന്തം പക്ഷേ, അത്തരമൊരു പുരസ്‌ക്കാരത്തിന് അര്‍ഹമാണെന്ന് നൊബേല്‍ കമ്മറ്റിക്ക് തോന്നിയില്ല!
സ്റ്റീഫന്‍ ഹോക്കിങ്
1942 ജനുവരി എട്ടിന് യു.കെ.യിലെ ഓക്‌സ്‌ഫോഡില്‍ ജനിച്ച സ്റ്റീഫന്‍ ഹോക്കിങ് പ്രപഞ്ചോല്‍പ്പത്തിയേക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ക്ക് പുതിയ സിദ്ധാന്തങ്ങള്‍ രൂപവത്കരിച്ച ശാസ്ത്രകാരനാണ്. ബിഗ് ബാങ് തിയറി പ്രകാരം മഹാവിസ്‌ഫോടനത്തിലൂടെ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതിനേക്കുറിച്ച്് ശാസ്ത്ര ലോകം ഇരുപതാം നൂറ്റാണ്ടില്‍ മനസിലാക്കിയിരുന്നു. തന്റെ അവസാനകാലത്ത് നമ്മുടെ നോട്ടമെത്തുന്നതിനപ്പുറം വേറെയും പ്രപഞ്ചങ്ങളുണ്ടാകാമെന്ന സിദ്ധാന്തത്തിന് ഹോക്കിങ് രൂപം നല്‍കി.
ശാസ്ത്രത്തിനെതിരാണ് മള്‍ട്ടിവേഴ്സ് സിദ്ധാന്തം എന്ന് ഹോക്കിങ് തന്നെ പറയുന്നുമുണ്ട്. നമ്മളുള്‍പ്പെട്ട 'ലോക്കല്‍ പ്രപഞ്ച'മല്ലാതെ ഇതര പ്രപഞ്ചങ്ങളെ നിരീക്ഷിക്കാന്‍ നമുക്കാവില്ല എന്നുവെച്ചാല്‍, നമുക്ക് ഒരിക്കലും നേരിട്ട് കാണാനോ നിരീക്ഷിക്കാനോ സാധിക്കാത്ത സംഗതികളാണ് മള്‍ട്ടിവേഴ്സ് തിയറി പ്രവചിക്കുന്നത്.
ചെറുപ്രായത്തില്‍ത്തന്നെ മോട്ടോര്‍ ന്യൂറോണ്‍ രോഗബാധിതനായ ഹോക്കിങ് വില്‍ച്ചെയറിലാണ് തന്റെ ആയുസ്സിന്റെ വലിയൊരുപങ്ക് ചെലവഴിച്ചത്. ശാസ്ത്ര ലോകത്തെ വിസ്മയിപ്പിക്കുന്ന കണ്ടെത്തലുകള്‍ നടത്തിയതും ഇതേ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളപ്പോള്‍ത്തന്നെയായിരുന്നു. പ്രപഞ്ചത്തിലെ വിസ്മയകരമായ കാര്യങ്ങള്‍ ഇനിയുമേറെ മനുഷ്യര്‍ക്ക് കണ്ടെത്താനുണ്ടെന്ന ഓര്‍മപ്പെടുത്തലോടെയാണ് 2018 മാര്‍ച്ച് 14ന് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്.
Content Highlights: Remembering Galileo Galilei, Albert Einstein and Stephen Hawking