സ്‌ട്രേലിയയിലെ കാട്ടുതീ സംഹാര താണ്ഡവമാടിയപ്പോള്‍ വെന്തുവെണ്ണീറായത് മനുഷ്യനും ജീവജാലങ്ങളും അടങ്ങുന്ന പ്രകൃതിയാണ്. നിയന്ത്രിക്കാനാകാത്ത പ്രകൃതി ദുരന്തങ്ങള്‍ പലതും നടമാടുമ്പോള്‍ അവയില്‍ ഏറ്റവും വിനാശകാരിയാകുകയാണ് കാട്ടുതീ. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കെടുത്തു നോക്കിയാല്‍ അറിയാം ഓസ്‌ട്രേലിയ, ആമസോണ്‍, കാലിഫോര്‍ണിയ, ഇന്തൊനേഷ്യ, റഷ്യ, ലെബനന്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാട്ടുതീ എത്രത്തോളം നാശം വിതച്ചിട്ടുണ്ടെന്ന്. 

കാലിഫോര്‍ണിയയെത്തേടി വര്‍ഷാവര്‍ഷം എത്തുന്ന കാട്ടുതീ 2019-ല്‍ ഭൂമിയുടെ ശ്വാസകോശമായ ആമസോണ് കാടുകളേയും വിഴുങ്ങി. എന്നാല്‍ അതിനെക്കാളെല്ലാം ഭീകരമാണ് ഈക്കഴിഞ്ഞ ദിവസങ്ങളില്‍ ആസ്‌ട്രേലിയയെ അഗ്നിക്കിരയാക്കിയ തീനാളങ്ങള്‍. ഓസ്‌ട്രേലിയയില്‍ കാട്ടുതീ സര്‍വസാധാരണമാണെങ്കിലും 1974-ന് ശേഷം ഇത്ര വിനാശകരമാകുന്നത് ഇതാദ്യമായാണ്. 

2019 സെപ്റ്റംബര്‍ മാസമാരംഭിച്ച കാട്ടുതീയാണ് 2020 ജനുവരിയിലും ഓസ്‌ട്രേലിയന്‍ വന്‍കരയെ ചാരമാക്കിയത്. ഈ കാലഘട്ടത്തില്‍ ഏകദേശം 1.35 കോടി ഏക്കര്‍ പ്രദേശവും 1,500 ലധികം വീടുകളും കത്തി നശിച്ചു. ആമസോണില്‍ 80,000 ഏക്കറും കാലിഫോര്‍ണിയയില്‍ 2,50,000 ഏക്കറുമായിരുന്നു നാശം എന്നു പറയുമ്പോള്‍ത്തന്നെ ഓസ്‌ട്രേലിയയിലെ ഭീകരാവസ്ഥ നമുക്ക് മനസ്സിലാക്കാം. ഇപ്പോള്‍ ഓസ്‌ട്രേലിയയിലെ ശരാശരി താപനില 42 ഡിഗ്രി സെല്‍ഷ്യസാണ്. 

ന്യൂ സൗത്ത് വെയില്‍സ് സ്റ്റേറ്റില്‍ മാത്രം 24 പേര്‍ക്ക് കാട്ടുതീയില്‍ ജീവന്‍ നഷ്ടമായി. ഓസ്‌ട്രേലിയയുടെ നട്ടെല്ലായ മെല്‍ബണും സിഡ്‌നിയുമടക്കമുള്ള വമ്പന്‍ നഗരങ്ങളും അഗ്നിബാധക്കിരയായിട്ടുണ്ട്. വനഭൂമിയില്‍ നിന്ന് നഗരങ്ങളിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും തീ പടരുന്നത് തടയാന്‍ 3,000-ത്തിലധികം രക്ഷാപ്രവര്‍ത്തകരെ വിന്യസിച്ചിരിക്കുകയാണ്. 

കാരണങ്ങള്‍

കാലാവസ്ഥാ വ്യതിയാനമാണ് കാട്ടുതീയ്ക്കുള്ള പ്രധാന കാരണമായി എടുത്തു കാട്ടുന്നത്്. ഹരിതഗൃഹ വാതകങ്ങളുടെ അനിയന്ത്രിതമായ പുറന്തള്ളല്‍ അന്തരീക്ഷത്തിലെ ചൂട് ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമാകുന്നു.

ചൂടേറിയ കാലാവസ്ഥയില്‍ ചെടികള്‍ കരിഞ്ഞുണങ്ങുന്നു. മിന്നലിലൂടെയുണ്ടാകുന്ന ചെറിയ തീപ്പൊരി പോലും കരിഞ്ഞുണങ്ങിയ ഈ ചെടികളിലേക്കെത്തും. ചൂടുകാറ്റ് കൂടി ആഞ്ഞ് വീശുമ്പോള്‍ തീ പടരുന്നത് വളരെ വേഗത്തിലാകും. 

ഇതുകൂടാതെ ചിലയിടങ്ങളില്‍ അഗ്നിപര്‍വത സ്‌ഫോടനങ്ങളും തീപിടുത്തത്തിന് കാരണമാകാറുണ്ട്. ഇതെല്ലാം പ്രകൃതിദത്തമായ കാട്ടുതീയുടെ കാരണങ്ങളാണ്. എന്നാല്‍ മനുഷ്യന്റെ അശ്രദ്ധയും ചിലപ്പോള്‍ ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണമാകാറുണ്ട്. 

ഇന്ത്യയുടെ സ്ഥിതിയും വ്യത്യസ്തമല്ല

ഇന്ത്യന്‍ വനം, പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ട ഫോറസ്റ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ 21.4% വന മേഖലയും തീപിടുത്തത്തിന് സാധ്യതയുള്ളതാണ്. വടക്കുകിഴക്കന്‍, മധ്യ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ്് ഏറ്റവുമധികം കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം 2018 നവംബറിനും 2019 ജൂണിനുമിടയില്‍ 29,547 കാട്ടുതീ ജാഗ്രതാ നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. 

ആമസോണ്‍ കാടുകള്‍
ഓസ്‌ട്രേലിയ കത്തിത്തുടങ്ങും മുന്‍പ് കാട്ടുതീ കാര്‍ന്നെടുത്തത് ഭൂമിയുടെ ശ്വാസകോശമായ ആമസോണിനെയാണ്. 2019 ജനുവരിയില്‍ തീ വിഴുങ്ങിയ ആമസോണ്‍ മഴക്കാടുകള്‍ തണുക്കാന്‍ ഒക്ടോബര്‍ വരെ സമയമെടുത്തു.

ആഗോള താപനത്തെ ചെറുക്കുന്ന ഏറ്റവും വലിയ കാര്‍ബണ്‍ ശേഖരം, ലക്ഷക്കണക്കിന് സസ്യ, ജീവജാലങ്ങള്‍, ലോകത്തിലെ 20 ശതമാനം ഓക്‌സിജന്റെ ഏക സ്രോതസ് ഇങ്ങനെ പല പ്രത്യേകതകളാണ് ആമസോണ്‍ മഴക്കാടുകള്‍ക്കുള്ളത്. തെക്കേ അമേരിക്കയിലെ ഒമ്പത് രാജ്യങ്ങളിലായി അഞ്ച് മില്യണ്‍ ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ആമസോണ്‍ കാടുകളുടെ 60 ശതമാനവും സ്ഥിതി ചെയ്യുന്നത് ബ്രസീലിലാണ്. 

വ്യാവസായികാവശ്യങ്ങള്‍ക്കും കൃഷിക്കും വികസനത്തിനുമെല്ലാമായി ഏക്കറുകണക്കിന് വനപ്രദേശം ബ്രസീലില്ഡ വെട്ടിത്തളിച്ചപ്പോള്‍ പ്രകൃതി കാട്ടുതീയുടെ രൂപത്തിലെത്തി. കാടുകത്തുമ്പോഴും ബ്രസീലാദ്യമെന്ന (Brazil first) മുദ്രാവാക്യവുമായി മുന്നോട്ട് പോയ പ്രസിഡന്റ് ജയ്ര്‍ ബൊള്‍സൊനാരോ  ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ ഏറ്റുവാങ്ങി.

2019 ആഗസ്റ്റില്‍ ഫ്രാന്‍സില്‍ വെച്ച് നടന്ന 45-ാമത്  ജി-7 ഉച്ചകോടിയില്‍ ലോകനേതാക്കളുടെ വിമര്‍ശനത്തെത്തുടര്‍ന്ന് 44,000 പട്ടാളക്കാരെ വിന്യസിച്ച് ആമസോണിലെ തീ കെടുത്താനാരംഭിച്ചു. തീ നിയന്ത്രണവിധേയമായപ്പോഴേക്കും 80,000 ഏക്കര്‍ വനഭൂമിയാണ് ആമസോണിന് നഷ്ടമായത്.

Content Highlights: Reasons for Australia's Forest fire