മ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കി 2019 ആഗസ്റ്റ് അഞ്ചിന് ഉത്തരവിറങ്ങിയതു മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയ നിയമമാണ് പൊതു സുരക്ഷാ നിയമ അഥവാ പബ്ലിക് സേഫ്റ്റി ആക്ട് (പി.എസ്.എ). വാറന്റോ കാരണമോ കാണിക്കാതെ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യാനും അനിശ്ചിത കാലത്തേക്ക് തടങ്കലില്‍ പാര്‍പ്പിക്കാനും അനുവാദം നല്‍കുന്ന നിയമാണിത്.

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയടക്കമുള്ള കാശ്മീരി നേതാക്കള്‍ വീട്ടിലും ജയിലിലുമായി തടങ്കലിലായി. ആറുമാസത്തെ കരുതല്‍ തടങ്കലിന് ശേഷം മോചിതരായ ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, രാഷ്ട്രീയ നേതാക്കളായ അലിമുഹമ്മദ് സര്‍ഗാര്‍, സര്‍ദാജ് മദനി എന്നിവര്‍ ഈ നിയമത്തിന്റെ പിന്‍ബലത്തില്‍ വീണ്ടും തടങ്കലിലായി.

പി.എസ്.എയും ചരിത്രവും

1978-ല്‍ ഫാറൂഖ് അബ്ദുള്ളയുടെ പിതാവായ ഷെയിഖ് അബ്ദുള്ള മുഖ്യമന്ത്രിയായിരുന്ന മന്ത്രിസഭയാണ് ഈ നിയമം പാസാക്കിയത്. തടി കള്ളക്കടത്ത് നടത്തുന്നവരെ തടയുകയും അവര്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു ഈ നിയമത്തിന്റെ ലക്ഷ്യം. 16 വയസ്സിന് മുകളിലുള്ള ഏതൊരാളെയും വിചാരണ നടത്താതെ രണ്ടു വര്‍ഷം വരെ തടങ്കലില്‍ വെക്കാന്‍ അനുവദിക്കുന്നതായിരുന്നു നിയമം.

80-90 കളില്‍ കശ്മീരില്‍ പട്ടാളത്തിന്റെ സാന്നിദ്ധ്യം വര്‍ധിച്ചതോടെ വിഘടനവാദികളേയും അക്രമികളേയും ഒതുക്കാന്‍ സര്‍ക്കാര്‍ നിരന്തരം ഈ നിയമം പ്രയോഗിച്ചു. 2012-ലെ ഭേദഗതി പ്രകാരം, 18 വയസ്സില്‍ താഴെയുള്ളവരെ തടങ്കലില്‍ വെക്കുന്നത് കര്‍ശനമായി വിലക്കി. ജമ്മുകാശ്മീരില്‍ മാത്രം ബാധകമായ പി.എസ്.എ ദേശീയ സുരക്ഷാ നിയമത്തിന് സമാനമാണെങ്കിലും ദേശീയ സുരക്ഷാ നിയമം നിലവില്‍ വരുന്നതിന് രണ്ട് വര്‍ഷം ഇത് നടപ്പാക്കിയത്. 

നിയമം നടപ്പാക്കലെങ്ങനെ? 

ഡിവിഷണല്‍ കമ്മീഷണര്‍/ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിനാണ് പി.എസ്.എ പുറപ്പെടുവിക്കാനുള്ള അധികാരം. തടങ്കലിലടയ്ക്കപ്പെട്ട വ്യക്തിയുമായി അഞ്ചു ദിവസകത്തിനുള്ളില്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് ആശയവിനിമയം നടത്തും. ഈ ഘട്ടത്തില്‍ എന്തിനാണ് തടങ്കലില്‍ വച്ചതെന്ന് ആ വ്യക്തിയോട് വ്യക്തമാക്കാം.

gk & current affairs
മാതൃഭൂമി ജി.കെ. ആന്‍ഡ്
കറന്റ് അഫേഴ്‌സ് മാസിക വാങ്ങാം

തടങ്കലില്‍ വച്ചതിന്റെ കാരണം പറയാതിരിക്കാനും ഡിസ്ട്രിക് മജിസ്രേറ്റിന് അധികാരമുണ്ട്. ആ വ്യക്തിയെ തടങ്കലില്‍ വെച്ചതിന്റെ കാരണം സംസ്ഥാനത്തിന്റെ പൊതു താല്‍പര്യത്തെ ഹനിക്കുന്നതാണെങ്കില്‍ അത് വ്യക്തമാക്കാണമെന്നില്ല. പി.എസ്.എ സെക്ഷന്‍ 13 (2)ലാണ് അതിനെക്കുറിച്ച് പ്രതിപാദിക്കുന്നത്. 

ഈ നിയമത്തിന്റെ 14-ാം സെക്ഷന്റെ നിര്‍ദേശാനുസരണം രൂപീകരിച്ച അഡൈ്വസറി ബോര്‍ഡാണ് തടങ്കലില്‍ വെക്കുന്നതിന് ആവശ്യമായ കാരണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നത്. ഒരു വ്യക്തിക്ക് മേല്‍ നിയമം നടപ്പാക്കി നാല് ആഴ്ചകള്‍ക്കകം അത് അഡൈ്വസറി ബോര്‍ഡിന് വിടണമെന്നാണ് ചട്ടം. തടങ്കലില്‍ വെക്കാനുള്ള കാരണങ്ങള്‍ പരിശോധിച്ച് എട്ട് ആഴ്ചയ്ക്കകം ബോര്‍ഡ് ശുപാര്‍ശകള്‍ നല്‍കും. വ്യക്തിയുടെ തടങ്കല്‍ തുടരാമെന്നാണ് ശുപാര്‍ശയെങ്കില്‍ സര്‍ക്കാരിന് അയാളെ രണ്ടു വര്‍ഷം വരെ തടങ്കലില്‍ പാര്‍പ്പിക്കാം. 

ഇന്ത്യന്‍ ഭരണഘടനയും പി.എസ്.എയും

അറസ്റ്റ് ചെയ്ത് ഏതൊരാളെയും ആ അറസ്റ്റിനുള്ള കാരണങ്ങള്‍ കഴിയുന്നത്ര വേഗം അറിയിക്കാതെ തടങ്കലില്‍ സൂക്ഷിക്കുകയോ അയാള്‍ക്കിഷ്ടമുള്ള ഒരു അഭിഭാഷകനുമായി ആലോചിക്കുവാനും അദ്ദേഹം മുഖേന പ്രതിവാദിക്കാനും ഉള്ള അവകാശം നിഷേധിക്കുവാനോ പാടുള്ളതല്ലെന്ന് ഭരണഘടനയുടെ അനുഛേദം 22 എയില്‍ പറയുന്നുണ്ട്. 

കൂടാതെ അറസ്റ്റ് ചെയ്യുകയും തടങ്കലില്‍ സൂക്ഷിക്കുകയും  ചെയ്തിട്ടുള്ള ഏതൊരാളെയും, ഏറ്റവും അടുത്തുള്ള മജിസ്‌ട്രേറ്റിന്റെ മുന്നില്‍ 24 മണിക്കൂറിനകം ഹാജരാക്കുകയും മജിസ്‌ട്രേറ്റിന്റെ അനുവാദമോ അധികാരമോ കൂടാതെ മേല്‍പ്പറഞ്ഞ കാലാവധിക്ക് ശേഷം തടങ്കലില്‍ സൂക്ഷിക്കുവാന്‍ പാടില്ലാത്തതോ ആകുന്നുവെന്ന് അനുഛേദം 22 ബിയില്‍ വ്യക്തമാക്കുന്നുണ്ട്. 

എങ്കിലും നിവാരണ തടങ്കലിന് വ്യവസ്ഥ ചെയ്യുന്ന ഏതെങ്കിലും നിയമപ്രകാരം അറസ്റ്റ് ചെയ്യുകയോ തടങ്കലില്‍ വെക്കുകയോ ചെയ്തിട്ടുള്ള ഏതെങ്കിലും ആള്‍ക്ക് ഇതൊന്നും ബാധകമാവില്ലെന്നാണ് ഭരണഘടനയുടെ അനുഛേദം  22 (3) ബിയില്‍ പ്രതിപാദിച്ചിരിക്കുന്നത്.  

പൊതു സുരക്ഷാ നിയമത്തിന്റെ സെക്ഷന്‍ 14-ല്‍ പരാമര്‍ശിച്ചിരിക്കുന്നതിന് സമാനമാണ് ഭരണഘടനയുടെ  അനുഛേദം 22 (4) എ. അതുപ്രകാരം, ഹൈക്കോടതി ജഡ്ജിയോ, അതേ യോഗ്യതയുള്ള വ്യക്തികളോ അടങ്ങുന്ന ഉപദേശക ബോര്‍ഡ് ഒരു വ്യക്തിയെ തടങ്കലില്‍ വെക്കാന്‍ മതിയായ കാരണങ്ങളുണ്ടോ എന്ന് അന്വേഷിച്ച്് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കാരണങ്ങളില്ലാത്തപക്ഷം തടവ് മൂന്നുമാസത്തില്‍ കൂടുതലാകാന്‍ പാടില്ല. 

കൂടാതെ ആ വ്യക്തിയെ നിവാരണ തടങ്കലിന് വിധേയമാക്കുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും അതിനെതിരെ നിവേദനം സമര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്നും അനുഛേദം 22 (5)-ല്‍ വ്യക്തമാക്കുന്നുണ്ട്. പക്ഷേ വിചാരണയ്ക്കുള്ള കാരണം പൊതു താല്‍പ്പര്യത്തിനെതിരാണെങ്കില്‍ അത് വെളിപ്പെടുത്താതിരിക്കാനുള്ള വകുപ്പും ഭരണഘടനയുടെ അനുഛേദം 22 (6)-ലുണ്ട്. 

Content Highlights: Public Saftey Act And Kashmir, What is PSA