ഓസോണ്‍ പാളിയെ തുളയ്ക്കുന്ന വാതകപ്രവാഹം റാന്‍ ഓഫ് കച്ചില്‍ കണ്ടെത്തിയെന്ന വാര്‍ത്തയോടെയാണ് ഇത്തവണത്തെ ഓസോണ്‍ ദിനം നമ്മെ വരവേറ്റത്. ഭൗമ പ്രതിഭാസമായിരിക്കാം ഇതിനുപിന്നിലെന്ന് കരുതുന്നുവെങ്കിലും മനുഷ്യന്റെ അശാസ്ത്രീയമായ വികസനത്തിന്റെ ഫലമായി വന്‍തോതില്‍ ഓസോണ്‍ ശോഷണം സംഭവിക്കുന്നതായി കഴിഞ്ഞ നൂറ്റാണ്ടില്‍ത്തന്നെ കണ്ടെത്തിയിട്ടുണ്ട്. ഓസോണ്‍ സംരക്ഷണത്തിനായി അന്താരാഷ്ട്രതലത്തില്‍ നിരവധി ഉടമ്പടികളുണ്ടെങ്കിലും പൂര്‍ണമായി നടപ്പാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

ഭൂമിക്കു ചുറ്റുമുള്ള വാതകാവരണമാണ് ഓസോണ്‍പാളി, ഓസോണ്‍കുട എന്നീ പേരുകളില്‍ അറിയപ്പെടുന്നത്. അന്തരീക്ഷത്തില്‍ സ്ട്രാറ്റോസ്ഫിയറിലാണ് ഓസോണിന്റെ സ്ഥാനം. സ്ട്രാറ്റോസ്ഫിയര്‍ ഭൗമാന്തരീക്ഷത്തിലെ രണ്ടാമത്തെ പാളിയാണ്. ട്രോപോസ്ഫിയറിനും മീസോസ്ഫിയറിനും ഇടയിലാണിത്. സൂര്യപ്രകാശം നമുക്ക് ഉപകാരമുള്ളതെങ്കിലും അതിലുള്ള ചില വികിരണങ്ങള്‍ നമുക്കും മറ്റു ജന്തുക്കള്‍ക്കും സസ്യങ്ങള്‍ക്കും അപകടം വരുത്തുന്നു. അള്‍ട്രാവയലറ്റ് വികിരണങ്ങളാണ് ഇക്കൂട്ടത്തില്‍ പ്രധാനികള്‍. അതിനെ തടഞ്ഞുനിര്‍ത്തുകയാണ് ഓസോണിന്റെ ധര്‍മം.

നിരന്തരം ശിഥിലീകരിക്കപ്പെടുകയും പുനരുത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നതാണ് സ്ട്രാറ്റോസ്ഫിയറിലെ ഓസോണ്‍ തന്മാത്രകള്‍. പ്രകൃതിദത്തമായ പലകാരണങ്ങളാണ് ഇതിനുള്ളത്. അതിനാല്‍ ഒരു പ്രത്യേക സ്ഥാനത്ത് അതിന്റെ അളവ് സ്ഥിരമായിരിക്കും. എന്നാല്‍ ചില മനുഷ്യനിര്‍മിത തന്‍മാത്രകള്‍ അവിടെ എത്തിയതോടെ ശിഥിലീകരണം പതിന്‍മടങ്ങ് വര്‍ധിച്ചു. അതിനനുസരിച്ച് പുനരുത്പാദനം നടന്നതുമില്ല. ഇതാണ് ഓസോണ്‍ശോഷണംകൊണ്ട് ഉദ്ദേശിക്കുന്നത്.

വിള്ളലെന്നാല്‍...

വിള്ളലെന്നാല്‍ തീരേ ഓസോണ്‍ ഇല്ലാത്തതാണെന്ന് ധരിക്കരുത്. മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് അളവില്‍ കുറവുവരുന്നതാണ് വിള്ളല്‍ അഥവാ ഓസോണ്‍ദ്വാരം (Ozone hole). 1985 മേയ് മാസത്തില്‍ ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേ സംഘമാണ് ആദ്യമായി ഇത്തരമൊരു വിള്ളല്‍ വെളിപ്പെടുത്തിയത്. സെപ്റ്റംബറിനും നവംബറിനുമിടയില്‍ അന്റാര്‍ട്ടിക്കയിലെ ഹാലി ബേക്കു മുകളില്‍ ഓസോണ്‍സാന്ദ്രത 40 ശതമാനമായി കുറഞ്ഞു എന്നതായിരുന്നു അത്. 1960-കളിലാണ് ഇതിന് തുടക്കമായത്. 

1970-കളുടെ അവസാനത്തില്‍ ഓസോണിന്റെ അളവില്‍ വലിയ കുറവുണ്ടായി. അന്റാര്‍ട്ടിക് മേഖലയിലെ അതിശൈത്യവും ധ്രുവീയ മേഘങ്ങളുടെ സാന്നിധ്യവുമാണ് അതിനു കാരണമായത്. 1990-കളുടെ തുടക്കത്തില്‍ 20 ദശലക്ഷം ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയില്‍ ഈ ഭൂപ്രദേശം ഓസോണ്‍ദ്വാരത്തിനു താഴെ നിലകൊണ്ടു. പിന്നീട് 1998-ല്‍ അതിനെക്കാള്‍ കൂടുതല്‍ വിസ്തൃതിയിലേക്ക് വ്യാപിക്കുകയും ജനവാസമേഖലകളെ ബാധിക്കുകയും ചെയ്തു. മാത്രമല്ല ഏതാണ്ട് എല്ലാ ഭൂഖണ്ഡങ്ങളെയും ബാധിച്ചുതുടങ്ങിയപ്പോഴാണ് ആഗോളപ്രതിസന്ധിയായി മാറിയത്.

വില്ലനായി മാറിയ സി.എഫ്.സി

അമ്പതുവര്‍ഷം മുന്‍പ് പ്രിയങ്കരമായ ഒരു മനുഷ്യനിര്‍മിത പദാര്‍ഥമായിരുന്നു ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകള്‍. നിലവിലുണ്ടായിരുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരമായി ഉപയോഗിക്കാന്‍ കഴിഞ്ഞ ഒരു അദ്ഭുതവസ്തു. സ്ഥിരതയുള്ളത്, തീപിടിക്കാത്തത്, വിഷമല്ലാത്തത് എന്ന സവിശേഷതകള്‍ക്കു പുറമേ ഉത്പാദനച്ചെലവ് നന്നേ കുറഞ്ഞതും ആണിവ. തണുപ്പിക്കുന്നതിനും ഒരു ലായകമായും നുരയുണ്ടാക്കാനും തുടങ്ങി നിരവധി ഉപയോഗങ്ങള്‍ ഇവയ്ക്കുണ്ട്.

1970-കളിലാണ്  വിവിധ രാസപദാര്‍ഥങ്ങളുടെ ഓസോണിലുള്ള പ്രവര്‍ത്തനത്തെക്കുറിച്ച് പഠനം തുടങ്ങിയത്. സി.എഫ്.സി.യായിരുന്നു അതില്‍ പ്രധാനം. സി.എഫ്.സി മറ്റു പലതിനെയും പോലെ മഴവെള്ളത്തില്‍ കലര്‍ന്ന് നശിക്കുന്നില്ല. വായുവില്‍ തങ്ങിനില്‍ക്കുന്ന ഇത് കാറ്റിലൂടെ സ്ട്രാറ്റോസ്ഫിയറിലെത്തി ഓസോണിന്റെ അന്തകനായി പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടെത്തി. 

അള്‍ട്രാവയലറ്റ് സി.എഫ്.സിയെ വിഘടിപ്പിച്ച് ക്ലോറിനെ വേര്‍തിരിക്കുന്നു. ഈ ക്ലോറിന്‍ ഒന്നിനു പിറകെ ഒന്നായി ഒരു ഉല്‍പ്രേരകം പോലെ ഓസോണ്‍ തന്‍മാത്രകളെ വിഘടിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഒരുലക്ഷം തന്‍മാത്രകളെവരെ ഒരു ക്ലോറിന് ഇങ്ങനെ ശിഥിലീകരിക്കാന്‍ കഴിയും. പ്രകൃതിദത്തമായ പുനര്‍നിര്‍മാണത്തിന്റെ എത്രയോ മടങ്ങാണ് ഈ നാശം. അതാണ് ഓസോണിന്റെ വലിയ നാശത്തിന് കളമൊരുക്കിയത്. 

 

സി.എഫ്.സികള്‍ മാത്രമല്ല, നൈട്രിക് ഓക്സയ്ഡ്, നൈട്രസ് ഓക്സയ്ഡ്, ആറ്റമിക് ക്ലോറിന്‍ എന്നിവയും ഓസോണിനെ വന്‍തോതില്‍ നശിപ്പിക്കുന്ന രാസവസ്തുക്കളാണ്. മനുഷ്യന്‍ കൃത്രിമമായി നിര്‍മിക്കുന്ന രാസവസ്തുക്കളാണ് ഇവയെല്ലാം. ഇവ നിര്‍മിക്കുകയും ഉപയോഗിക്കുകയും വഴി, ഓസോണിനെ നശിപ്പിച്ച് ആള്‍ട്രാവയലറ്റിനെ സ്വീകരിക്കുന്ന വികസനമാണ് നാം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. 

ദ്വാരത്തിലൂടെ ഭൂമിയിലേക്ക്

ഓസോണ്‍ദ്വാരത്തിലൂടെ ഭൂമിയിലെത്തുന്ന അള്‍ട്രാവയലറ്റ് മൂലം ത്വക്ക് കാന്‍സര്‍, തിമിരം, പ്രതിരോധത്തകരാറുകള്‍, സൂര്യാഘാതം, ത്വക്കിന്റെ അകാല വാര്‍ധക്യം, അന്ധതയും മറ്റ് നേത്രരോഗങ്ങളും തുടങ്ങി പലവിധ രോഗങ്ങള്‍ മനുഷ്യര്‍ക്കുണ്ടാകുന്നു. പ്രയാസമുണ്ടാകുന്നു. കാര്‍ഷികവിളകളില്‍ മിക്കതിനും നാശം വരുന്നതിലൂടെ സാമ്പത്തികനഷ്ടം വന്‍തോതില്‍ ഉണ്ടാകും. സസ്യങ്ങളുടെ വളര്‍ച്ച, പ്രകാശസംശ്ലേഷണം, പൂവിടല്‍ എന്നിവയെ ദോഷകരമായി ബാധിക്കുന്നതാണ് അതിന് പ്രധാന കാരണം. നെല്ല്, ഗോതമ്പ്, ചോളം തുടങ്ങിയ മുഖ്യ വിളകള്‍ക്കാണ് അത് കൂടുതല്‍ പ്രശ്നമുണ്ടാക്കുന്നത്.

അദൃശ്യമായ അള്‍ട്രാവയലറ്റ്

വിവിധ തരംഗദൈര്‍ഘ്യത്തിലുള്ള വികിരണങ്ങളാണ് സൂര്യന്‍ പുറപ്പെടുവിക്കുന്നത്. ഇവയിലേറെയും ഇലക്ട്രോ മാഗ്നറ്റിക് സ്പെക്ട്രത്തില്‍ സ്ഥാനംപിടിച്ചവരാണ്. തരംഗദൈര്‍ഘ്യത്തിനനുസരിച്ചാണ് ഇവയെ തരംതിരിക്കുന്നത്. അതില്‍പ്പെടുന്ന ഒന്നാണ് അള്‍ട്രാവയലറ്റ്. തരംഗദൈര്‍ഘ്യം കുറയുന്നതനുസരിച്ച് തരംഗത്തിന്റെ ഊര്‍ജം വര്‍ധിക്കുന്നു. ഗാമാകിരണങ്ങള്‍, എക്‌സ്-റേ, അള്‍ട്രാവയലറ്റ്, ദൃശ്യപ്രകാശം, ഇന്‍ഫ്രാറെഡ്, മൈക്രോവേവ്, റേഡിയോവേവ് എന്നിങ്ങനെയാണ് തരംഗദൈര്‍ഘ്യം കൂടുന്നതനുസരിച്ചുള്ള ഇവയുടെ ക്രമം.

ദൃശ്യപ്രകാശത്തിലെ ഏറ്റവും തരംഗദൈര്‍ഘ്യം കുറഞ്ഞ വയലറ്റിനോട് അടുത്തുനില്‍ക്കുന്നതിനാലാണ് അള്‍ട്രാവയലറ്റിന് ആ പേര് വന്നത്. വയലറ്റിനെ നമുക്ക് കാണാമെങ്കിലും അള്‍ട്രാവയലറ്റ് അദൃശ്യമാണ്. തരംഗദൈര്‍ഘ്യം 320-400 നാനോമീറ്റര്‍ ഉള്ള യു.വി.-എ, 280-320 ഉള്ള യു.വി.-ബി, 200-280 ഉള്ള യു.വി.-സി എന്നിങ്ങനെ ഇത് മൂന്നുതരത്തിലാണ്. ഇതില്‍ ബിയും സിയുമാണ് ഏറ്റവും അപകടകരം. ഒരു മില്ലിമീറ്ററിന്റെ ലക്ഷത്തില്‍ ഒരംശമാണ് നാനോമീറ്റര്‍.

മോണ്‍ട്രിയല്‍ ഉടമ്പടി

മോണ്‍ട്രിയല്‍ ഉടമ്പടിക്ക് 32 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഓസോണിനെ നശിപ്പിക്കുന്ന പദാര്‍ഥങ്ങളെ ഇല്ലായ്മ ചെയ്യുന്നതിലൂടെ ഓസോണിനെ സംരക്ഷിക്കാനുള്ളതായിരുന്നു മോണ്‍ട്രിയല്‍ എന്ന അന്താരാഷ്ട്ര ഉടമ്പടി. 1987 സെപ്റ്റംബര്‍ 16-നാണ് അതില്‍ ഒപ്പുവെച്ചത്. 1989 ജനുവരി 1 മുതലാണ് പ്രാബല്യത്തില്‍ വന്നത്. 197 അംഗങ്ങള്‍ ഒപ്പുവെച്ചപ്പോള്‍ ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തില്‍ എല്ലാവരും അംഗീകരിക്കുന്ന ആദ്യത്തെ ഉടമ്പടിയായി. 

ഉടമ്പടിയില്‍ ഒപ്പിട്ടവര്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അന്റാര്‍ട്ടിക്കിലെ ഓസോണ്‍ ദ്വാരം 2046-ന്റെയും 2057-ന്റെയും ഇടയില്‍ പൂര്‍ണമായും അടയും എന്നാണ് കണക്കാക്കുന്നത്. ഈ നൂറ്റാണ്ടിന്റെ രണ്ടാംപകുതിയോടെ 1980-നു മുന്‍പുള്ള അവസ്ഥയിലേക്ക് ഓസോണ്‍പാളി തിരിച്ചെത്തുമെന്നും പ്രയോക്താക്കള്‍ വിശ്വസിക്കുന്നു. മോണ്‍ട്രിയല്‍ ഉടമ്പടി വന്നില്ലായിരുന്നെങ്കില്‍ ദ്വാരത്തിന്റെ വലുപ്പം 2050 ആവുമ്പോഴേക്ക് പത്തുമടങ്ങ് വര്‍ധിക്കുമായിരുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

 

അന്താരാഷ്ട്രതലത്തില്‍ പരിസ്ഥിതി സംരക്ഷണവും ആഗോളതാപനവും രാഷ്ട്രീയ വിഷയങ്ങളായി മാറുമ്പോള്‍ അത് ബാധിക്കുന്നത് ഭൂമിയിലെ മുഴുവന്‍ ജീവജാലങ്ങളുടെയും നിലനില്‍പ്പിനെയാണ്. മോണ്‍ട്രിയല്‍ ഉടമ്പടിക്ക് ശേഷം നിരവധി ആഗോള ഉച്ചകോടികളും സമ്മേളനങ്ങളും നടന്നെങ്കിലും അന്താരാഷ്ട്ര തലത്തില്‍ പൂര്‍ണമായ തോതില്‍ നടപ്പാക്കാന്‍ ലോകരാജ്യങ്ങള്‍ ഇനിയും തയ്യാറായിട്ടില്ല. ആമസോണ്‍ കാടുകള്‍ കത്തുന്നതും വന്‍നദികള്‍ വറ്റിവരളുന്നതും മനുഷ്യന്റെ പ്രവൃത്തികളുടെ അനന്തരഫലമായാണെന്ന യാഥാര്‍ഥ്യം അംഗീകരിച്ച് സ്വീകാര്യമായ പരിസ്ഥിതിനയം നടപ്പാക്കാന്‍ ഇനിയും വൈകിക്കൂടാ.

Content Highlights: Ozone Day Reminds the Holes in Ozone Layer