ഭൂമിയില്‍ ജീവജാലങ്ങളുടെ നിലനില്‍പ് തന്നെ അപകടത്തിലാക്കും വിധം വിനാശകരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഒന്നാണ് ആണവമാലിന്യം. ആണവനിലയ ദുരന്തങ്ങളുടെയും ആണവായുധ പരീക്ഷണങ്ങളുടെയും ആണവ യുദ്ധങ്ങളുടെയും ഫലമായുണ്ടാകുന്ന റേഡിയോ വികിരണശേഷിയുള്ള അവശിഷ്ടങ്ങള്‍ പ്രകൃതിയില്‍ സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ അതിഭീകരവും തലമുറകളോളം പ്രതികൂലമായി ബാധിക്കുന്നവയുമാണ്. അതുകൊണ്ടുതന്നെ, ലോകത്ത് ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് നിരവധി അന്താരാഷ്ട്ര ഉടമ്പടികള്‍ നിലവിലുണ്ട്. എന്നാല്‍ അത്തരം ഉടമ്പടികളിലെ വ്യവസ്ഥകള്‍ അവഗണിച്ചുകൊണ്ട് ആണവശക്തികള്‍ നടത്തുന്ന പരീക്ഷണങ്ങളുടെ ദുരന്തഫലം ലോകത്തിലെ പല രാജ്യങ്ങളും അവിടത്തെ ജനങ്ങളും ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നു.

ആണവ പരീക്ഷണങ്ങളുടെ ഇര എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭൂപ്രദേശമാണ് മാര്‍ഷല്‍ ദ്വീപുകള്‍. പസിഫിക് മഹാസമുദ്രത്തിന്റെ വടക്കുഭാഗത്താണ് 'റിപ്പബ്ലിക് ഓഫ് മാര്‍ഷല്‍ ഐലന്റ്സ്' എന്ന ഈ ദ്വീപസമൂഹം സ്ഥിതിചെയ്യുന്നത്. 1956-ല്‍ അമേരിക്കയുടെ ആണവോര്‍ജ കമ്മിഷന്റെ റിപ്പോര്‍ട്ട് പ്രകാരം, ലോകത്ത് ഏറ്റവും കൂടുതല്‍ ആണവ മലിനീകരണമുള്ള പ്രദേശമാണിത്. മാര്‍ഷല്‍ ദ്വീപില്‍, ആണവമാലിന്യങ്ങള്‍ സൂക്ഷിച്ച കേന്ദ്രത്തില്‍നിന്ന് പസിഫിക് സമുദ്രത്തിലേക്ക് ഇത് ചോരാനുള്ള സാധ്യത വര്‍ധിച്ചതിനെക്കുറിച്ച് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് നല്‍കിയ മുന്നറിയിപ്പ് ലോകത്തെ ഇപ്പോള്‍ ഭീതിയിലാഴ്ത്തിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം പ്രധാന ചര്‍ച്ചാവിഷയമാക്കി പസിഫിക് രാഷ്ട്രങ്ങളില്‍ നടത്തുന്ന പര്യടനത്തിനിടയില്‍ ഇക്കഴിഞ്ഞ മേയ് 15-നാണ് യു.എന്‍. മേധാവി ഇക്കാര്യം വെളിപ്പെടുത്തിയത്.

Antonio Guterres
അന്റോണിയോ ഗുട്ടെറസ് 

''ആണവ ശവമഞ്ചം എന്ന് വിശേഷിപ്പിക്കാവുന്ന, മാര്‍ഷല്‍ ദ്വീപിലെ ആണവ മാലിന്യശേഖരണ കേന്ദ്രം ചോരാനുള്ള സാധ്യത വര്‍ധിച്ചിരിക്കുന്നു. അങ്ങനെ സംഭവിച്ചാലുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളും മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കുമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും അതിഭീകരമായിരിക്കും. മാര്‍ഷല്‍ ദ്വീപ് മേഖലകളെ മാത്രമല്ല, മറ്റു പ്രദേശങ്ങളെയും അത് പ്രതികൂലമായി ബാധിക്കും. പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ട്'' ഗുട്ടെറസ് വ്യക്തമാക്കി.

ആണവ ശവപ്പെട്ടി

മാര്‍ഷല്‍ ദ്വീപസമൂഹത്തില്‍പ്പെട്ട റൂണിറ്റ് ദ്വീപില്‍ കമിഴ്ത്തിയ സോസറിന്റെ രൂപത്തില്‍, ആണവമാലിന്യം നിക്ഷേപിച്ച കുഴിക്ക് മുകളില്‍ പണിത കൂടാരമാണ് 'ആണവ ശവപ്പെട്ടി' (Nuclear coffin) എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. 1946 മുതല്‍ 1958 വരെയുള്ള കാലയളവില്‍ അമേരിക്ക മാര്‍ഷല്‍ ദ്വീപുകളില്‍ നടത്തിയ ആണവായുധ പരീക്ഷണങ്ങളുടെ അവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്നതിനുവേണ്ടിയാണ് ഈ 'ശവപ്പെട്ടി' നിര്‍മിച്ചത്. 67 ആണവ പരീക്ഷണങ്ങളാണ് ഈ കാലയളവില്‍ അമേരിക്ക മാര്‍ഷല്‍ ദ്വീപ് മേഖലയില്‍ നടത്തിയത്. അമേരിക്ക നടത്തിയ എക്കാലത്തെയും വലിയ ആണവ പരീക്ഷണമായ 'കാസില്‍ ബ്രാവോ' ഹൈഡ്രജന്‍ ബോംബ് പരീക്ഷണവും ഇതില്‍ ഉള്‍പ്പെടും. പരീക്ഷണ ബോംബ് സ്‌ഫോടനങ്ങള്‍ നടന്ന സ്ഥലത്തെ മണ്ണും ചാരവും മറ്റ് അവശിഷ്ടങ്ങളും അടങ്ങിയ മാലിന്യങ്ങള്‍ അമേരിക്കയുടെ ഡിഫന്‍സ് ന്യൂക്ലിയര്‍ ഏജന്‍സിയുടെ നേതൃത്വത്തില്‍ ശേഖരിക്കാന്‍ തുടങ്ങിയത് 1977-ലാണ്.

റേഡിയോ വികിരണശേഷിയുള്ള 2,577,970 ക്യൂബിക് ഫീറ്റ് ആണവ അവശിഷ്ടങ്ങള്‍ ദ്വീപില്‍നിന്ന് ശേഖരിച്ചു (ആണവശവപ്പെട്ടിയെപ്പറ്റി യു.എസ്. എനര്‍ജി ഡിപ്പാര്‍ട്ട്മെന്റ് 2013-ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഇത് ആകെ മാലിന്യത്തിന്റെ 0.8% മാത്രമാണ്). ഈ പദാര്‍ഥങ്ങള്‍ പിന്നീട് റൂണിറ്റ് ദ്വീപിലേക്ക് മാറ്റുകയും അവിടെ 1958-ല്‍ നടത്തിയ ഒരു പരീക്ഷണസ്‌ഫോടനത്തിന്റെ ഫലമായി രൂപപ്പെട്ട 328 അടി ആഴമുള്ള കുഴിയില്‍ നിക്ഷേപിക്കുകയും ചെയ്തു. 4000 സൈനികര്‍ മൂന്ന് വര്‍ഷമെടുത്ത് നടത്തിയ ശ്രമകരമായ ഈ ജോലിക്കിടയില്‍ നിരവധി സൈനികര്‍ മരിച്ചു. റൂണിക് ദ്വീപില്‍ ആണവമാലിന്യങ്ങള്‍ നിക്ഷേപിച്ച കുഴി മൂടുന്നതിനാണ് 1980-ല്‍ കുഴിക്ക് മുകളില്‍ 45 സെന്റിമീര്‍ കനത്തില്‍ 'ആണവ ശവപ്പെട്ടി' എന്ന് വിശേഷിപ്പിക്കുന്ന കോണ്‍ക്രീറ്റ് കൂടാരം പണിതത്. 218 മില്യണ്‍ ഡോളറാണ് 'ശവപ്പെട്ടി' നിര്‍മാണത്തിന് അന്ന് ചെലവായത്. റേഡിയേഷന്‍ വികിരണശേഷിയുള്ള അവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഈ 'ശവമഞ്ച'ത്തില്‍ ഇപ്പോള്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.

ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ 2017-ലെ റിപ്പോര്‍ട്ട് പ്രകാരം, കൊടുങ്കാറ്റില്‍ സമുദ്രജലം അറയ്ക്കുള്ളിലേക്ക് ഇരച്ച് കയറിയിട്ടുണ്ട്. ആണവ മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയമായ സ്ഥിരം സംവിധാനം ഉണ്ടാകുന്നതുവരെ താത്കാലികാവശ്യത്തിന് മാത്രമായി നിര്‍മിച്ച കേന്ദ്രമായിരുന്നു അത്. എന്നാല്‍ തുടര്‍പദ്ധതികള്‍ ഉണ്ടായില്ല. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ പണിത കേന്ദ്രത്തില്‍നിന്ന് ആണവ വികിരണ ചോര്‍ച്ചയുണ്ടാകുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കോണ്‍ക്രീറ്റ് കൂടാരത്തിന് വിള്ളല്‍ ഉള്ളതായി മാര്‍ഷല്‍ ദ്വീപ് സര്‍ക്കാര്‍ 2010-ല്‍ ലോകത്തെ അറിയിച്ചു. എന്നാല്‍ ഈ മുന്നറിയിപ്പുകള്‍ അവഗണിക്കപ്പെട്ടു. ഡോമിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയാണ് ഇപ്പോള്‍ യു.എന്‍. സെക്രട്ടറി ജനറല്‍ ശരിവെച്ചിരിക്കുന്നത്.

ബുദ്ധന്‍ ചിരിച്ചപ്പോള്‍

സ്വന്തമായി ആണവായുധങ്ങള്‍ കൈവശമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടിയ രാജ്യമാണ് ഇന്ന് ഇന്ത്യ. രാജ്യം ആദ്യമായി ആണവപരീക്ഷണം നടത്തിയത് 1974 മേയ് 18-ന് രാവിലെ 08.05 മണിക്കാണ്. രാജസ്ഥാനിലെ ജയ്സാല്‍മിര്‍ ജില്ലയില്‍ പൊഖ്റാനിലായിരുന്നു ഈ പരീക്ഷണം. 'ബുദ്ധന്‍ ചിരിക്കുന്നു'(Operation Smiling Budha) എന്നാണ് പരീക്ഷണത്തിന് നല്‍കിയ രഹസ്യനാമം. 'ഓപ്പറേഷന്‍ ഹാപ്പി കൃഷ്ണ'എന്നും 'പൊഖ്റാന്‍- I' എന്നും ഈ പദ്ധതിക്ക് പേരുണ്ട്. ഇന്ദിരാഗാന്ധി ആയിരുന്നു അന്നത്തെ പ്രധാനമന്ത്രി.

1998 മേയ് 11-ന് 'ഓപ്പറേഷന്‍ ശക്തി' എന്ന പേരില്‍ ഇന്ത്യന്‍ സൈന്യം രണ്ടാമത്തെ ആണവപരീക്ഷണം നടത്തി. 3 അണുബോംബുകള്‍ വിജയകരമായി പരീക്ഷിച്ച ഈ പദ്ധതി, 'ബുദ്ധന്‍ വീണ്ടും ചിരിക്കുന്നു'എന്നും അറിയപ്പെടുന്നു. രാജസ്ഥാനിലെ പൊഖ്റാനില്‍ തന്നെയാണ് ഈ പരീക്ഷണവും നടന്നത്. അടല്‍ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് നടന്ന രണ്ടാം ആണവപരീക്ഷണത്തോടെ ഇന്ത്യ ഇടം നേടിയത്, അന്ന് ആണവായുധങ്ങള്‍ കൈവശമുള്ള 6 ലോകരാജ്യങ്ങളുടെ പട്ടികയിലാണ്. ഇതോടെ ആണവപരീക്ഷണം നടത്തിയ ആദ്യ മൂന്നാംലോകരാജ്യമായും ഇന്ത്യ മാറി. രണ്ടാം ആണവപരീക്ഷണം നടന്ന 1998 മേയ് 11 'ദേശീയ സാങ്കേതിക വിദ്യാദിന'മായി രാജ്യം ആചരിക്കുന്നു.

 

ഓപ്പറേഷന്‍ ഐവി

മാര്‍ഷല്‍ ദ്വീപുകളില്‍ അപകടകരമായ അളവില്‍ ആണവ മാലിന്യങ്ങള്‍ അടിഞ്ഞുകൂടാന്‍ കാരണമായത്, 1946 മുതല്‍ അമേരിക്ക നടത്തിയ ആണവ പരീക്ഷണ പരമ്പരകളാണ്. ബിക്കിനി അറ്റോളില്‍ മാത്രം നടന്ന 23 പരീക്ഷണങ്ങള്‍ ഉള്‍പ്പെടെ 67 ആണവ പരീക്ഷണങ്ങള്‍ക്കാണ് ഈ ദ്വീപസമൂഹം ഇരയായത്. മാര്‍ഷല്‍ ദ്വീപുകളില്‍ അമേരിക്ക വിജയിപ്പിച്ച ആണവ പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് ഓപ്പറേഷന്‍ ഐവി (Operation Ivy).

ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയന്റെ ആണവായുധ പദ്ധതികളോട് മത്സരിക്കാന്‍ ശേഷിയുള്ള കൂടുതല്‍ ശക്തമായ ആണവായുധങ്ങള്‍ അമേരിക്ക പരീക്ഷിക്കുന്നത് 'ഓപ്പറേഷന്‍ ഐവി'യിലൂടെയാണ്. പദ്ധതിയുടെ ഭാഗമായി ലിക്വിഡ് ഡ്യൂട്ടീരിയം ഫ്യൂഷന്‍ ഇന്ധനമായി ഉപയോഗിച്ച ക്രയോജനിക് ബേംബ്- 'ഐവി മൈക്ക്'-1952 നവംബര്‍ 1ന് എല്യുഗലാബ് ദ്വീപില്‍ പരീക്ഷിച്ചു. തെര്‍മോ ന്യൂക്ലിയര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ന്യൂക്ലിയര്‍ ഫ്യൂഷനിലൂടെ വന്‍ സ്‌ഫോടനം നടത്താമെന്ന് തെളിയിച്ച അമേരിക്കയുടെ ആദ്യ ഹൈഡ്രജന്‍ ബോംബ് പരീക്ഷണമായിരുന്നു അത്. പരീക്ഷണ സ്‌ഫോടനത്തിന്റെ ഫലമായി രൂപപ്പെട്ട കൂണ്‍മേഘം (Mushroom Clouds) ദിവസങ്ങളോളം അന്തരീക്ഷത്തില്‍ തങ്ങിനിന്നു. ഈ പരീക്ഷണത്തോടെ, എല്യൂഗലാബ് ദ്വീപ് തന്നെ അപ്രത്യക്ഷമായി.

'ഐവി മൈക്ക്'പരീക്ഷണം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷം, അമേരിക്ക 'ഐവി കിങ്' പരീക്ഷിച്ചു. യുദ്ധവിമാനങ്ങളില്‍നിന്ന് വര്‍ഷിക്കാന്‍ കഴിയുന്ന മാരകപ്രഹരശേഷിയുള്ള ബോംബാണ് 'ഐവി കിങ്.'
1952 നവംബര്‍ 16ന് പകല്‍ 11.30ന്, 2000 അടി ഉയരത്തില്‍ പറന്ന ബി-36 എച്ച്. ബോംബര്‍ വിമാനത്തില്‍നിന്ന് 'ഐവി കിങ്' ബോംബുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഭൂമിയില്‍ പതിച്ചു. റൂണിറ്റ് ദ്വീപില്‍ 500 കിലോടണ്‍ സംഹാരശേഷിയുള്ള സ്‌ഫോടനമുണ്ടായി. സ്‌ഫോടനത്തിന്റെ ഫലമായുണ്ടായ വിഷധൂളികള്‍ 74000 അടി ഉയരത്തിലും 40,000 അടി ചുറ്റളവിലും വ്യാപിച്ചു.

കാസില്‍ ബ്രാവോ (Castle Bravo)

1954 മാര്‍ച്ച് 1ന് കാലത്ത് 6.45ന് മധ്യ പസഫിക് സമുദ്രത്തിന് മുകളിലെ നീലാകാശത്ത്, ഭീമാകാരമായ ചുവന്ന അഗ്‌നിജ്വാല ദൃശ്യമായി. മാര്‍ഷല്‍ ദ്വീപിലെ ബിക്കിനി അറ്റോളിന് നാലരമൈല്‍ ചുറ്റളവിലുള്ള പ്രദേശം വന്‍ സ്‌ഫോടന ശബ്ദത്തില്‍ വിറങ്ങലിച്ചു. മാര്‍ഷല്‍ ദ്വീപില്‍ അമേരിക്ക നടത്തിയ എക്കാലത്തെയും വലിയ ആണവായുധ പരീക്ഷണമായിരുന്നു അത്. ഹിരോഷിമയില്‍ അമേരിക്ക വര്‍ഷിച്ച 'ലിറ്റില്‍ ബോയ്' എന്ന ആറ്റംബോംബിനെക്കാള്‍ 1000 മടങ്ങ് ശേഷിയുള്ള ഹൈഡ്രജന്‍ ബോംബാണ് അന്ന് അമേരിക്ക ബിക്കിനി അറ്റോളില്‍ പരീക്ഷിച്ചത്. സത്യത്തില്‍ ശാസ്ത്രജ്ഞര്‍ക്ക് കണക്ക് പിഴച്ച്, പ്രതീക്ഷിച്ചതിലും രണ്ടര മടങ്ങ് വര്‍ധിച്ച സ്‌ഫോടനമാണ് ഉണ്ടായത്. 

അറ്റോമിക് ഹെറിറ്റേജ് റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു:
''1.2 മൈല്‍ വ്യാസത്തിലാണ് സ്‌ഫോടനത്തിന്റെ കുഴി രൂപപ്പെട്ടത്. സ്‌ഫോടനകേന്ദ്രത്തില്‍നിന്ന് 7000 സ്‌ക്വയര്‍ മൈല്‍സ് ചുറ്റളവില്‍ റേഡിയോ ആക്ടീവ് ചാരം പെയ്തിറങ്ങി. ദ്വീപുനിവാസികളെ ഭയപ്പെടുത്തിക്കൊണ്ട്, മണിക്കൂറുകള്‍ക്കകം അന്തരീക്ഷം വെളുത്ത പൊടിപോലുള്ള പദാര്‍ഥത്താല്‍ മൂടപ്പെട്ടു. ഈ വെളുത്ത ചാരം മാരകശേഷിയുള്ള റേഡിയോ ആക്ടീവ് അവശിഷ്ടങ്ങളാണെന്ന് ആര്‍ക്കും മനസ്സിലായില്ല. കുട്ടികള്‍ മഞ്ഞാണെന്ന് തെറ്റിദ്ധരിച്ച് അതില്‍ കളിച്ചു. ചില കുട്ടികള്‍ അതെടുത്ത് ഭക്ഷിച്ചു.''

കാസില്‍ ബ്രാവോ പരീക്ഷണത്തിലൂടെ പുറത്തുവരാന്‍പോകുന്നത് അത്യന്തം അപകടകാരികളായ റേഡിയോ ആക്ടീവ് വിഷധൂളികളാണെന്നത് അമേരിക്കന്‍ സര്‍ക്കാറിന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് സ്വന്തം രാജ്യത്തിലെ ജനതയെ സുരക്ഷിതരാക്കി, പരീക്ഷണത്തിനായി അമേരിക്ക മാര്‍ഷല്‍ദ്വീപ് തിരഞ്ഞെടുത്തത്. പ്രദേശവാസികളെ നിര്‍ബന്ധിച്ച് നാടുകടത്തിയശേഷമായിരുന്നു പരീക്ഷണം. ലിഥിയം ഡ്യൂട്ടിറൈഡും ദ്രവഡ്യൂട്ടീറൈഡും സെക്കന്‍ഡറിയായി ഉപയോഗിച്ച് നിര്‍മിച്ച ബോംബില്‍ കൂടുതല്‍ സംഹാരശക്തിക്കുവേണ്ടി മറ്റ് പല ഐസോടോപ്പുകളും ചേര്‍ത്തിരുന്നു. പരീക്ഷണസ്‌ഫോടനത്തില്‍ ഇവ ഫിഷനിലൂടെ പിളര്‍ന്നപ്പോള്‍ അന്തരീക്ഷത്തിലും ജലത്തിലുമെത്തിയത് മാരകവിഷമുള്ള റേഡിയോ ആക്ടീവ് അവശിഷ്ടങ്ങളായിരുന്നു. 30 വര്‍ഷം അര്‍ധായുസ്സുള്ള 'സ്ട്രോണ്‍ഷ്യം-90' എന്ന റേഡിയോ ആക്ടീവ് ഐസോടോപ്പായിരുന്നു ഏറ്റവും വിനാശകരമായ വിഷം. വായുവിലും ശാന്തസമുദ്രത്തിലും കലര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഈ വിഷം തീരപ്രദേശങ്ങളിലെ ജനവാസമേഖലകളിലെത്തി. പസിഫിക് സമുദ്രമേഖലയിലെ മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചു. ദ്വീപുനിവാസികളില്‍ പലരും വര്‍ഷങ്ങള്‍ക്കുള്ളില്‍ മരണമടഞ്ഞു. പലരും കാന്‍സറിനും മറ്റ് പല അപൂര്‍വരോഗങ്ങള്‍ക്കും അടിമകളായി. കാസില്‍ ബ്രാവോ പരീക്ഷണത്തിന്റെ വിഷധൂളികള്‍ കാറ്റിലൂടെ ഇന്ത്യയുള്‍പ്പെടെയുള്ള ലോകത്തിലെ മിക്ക രാജ്യങ്ങളിലുമെത്തി. കാസില്‍ ബ്രാവോ ഹൈഡ്രജന്‍ ബോംബ് പുറന്തള്ളിയ റേഡിയോ ആക്ടീവ് വിഷം ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണ്ണിലും വായുവിലും ജലത്തിലുമായി നിലനില്‍ക്കുന്നു.

ഓപ്പറേഷന്‍ റെഡ് വിങ്

കാസില്‍ ബ്രാവോ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം വിതച്ച കൊടിയ ദുരന്തങ്ങളെത്തുടര്‍ന്ന്, പസിഫിക് തീരമേഖലയില്‍ ആണവപരീക്ഷണങ്ങള്‍ നിര്‍ത്തിവെക്കാന്‍ അന്താരാഷ്ട്ര സമ്മര്‍ദമുണ്ടായെങ്കിലും അമേരിക്ക വഴങ്ങിയില്ല. രണ്ടാംതലമുറ തെര്‍മോ ന്യൂക്ലിയര്‍ ആയുധങ്ങളുടെ സംഹാരശേഷി അളക്കാനുള്ള പരീക്ഷണങ്ങള്‍ അമേരിക്ക ആരംഭിച്ചു. ഇതിനായി, 1956 മേയ് മുതല്‍ ജൂലായ്വരെ ബിക്കിനി ദ്വീപില്‍ നടത്തിയ ആണവപരീക്ഷണപരമ്പരയാണ് 'ഓപ്പറേഷന്‍ റെഡ്വിങ്' (Operation Redwing). ബോംബര്‍വിമാനങ്ങളില്‍നിന്ന് വര്‍ഷിച്ച്, ജനവാസമേഖലകളില്‍ ഉഗ്രശേഷിയോടെ പൊട്ടിത്തെറിക്കുന്ന ബോംബുകള്‍ ഈ പരീക്ഷണപരമ്പരയിലൂടെ അമേരിക്ക വികസിപ്പിച്ചെടുത്തു. ലാക്രോസ്, ചെറോക്കീ, സുനി, യുമ, എറി, സെമിനോള്‍ തുടങ്ങിയ രഹസ്യനാമങ്ങള്‍ നല്‍കിയ 17 തരം ബോംബുകളാണ് ഈ പദ്ധതിയില്‍ അമേരിക്ക പരീക്ഷിച്ചത്.

ഓപ്പറേഷന്‍ ഹാര്‍ഡ് ടാക്ക്

1957 ഡിസംബര്‍ 6 മുതല്‍ 1958 മാര്‍ച്ച് 14 വരെ 'പ്രോജക്ട് 58/58അ’ ആണവപദ്ധതിയുടെ ഭാഗമായി അമേരിക്ക വീണ്ടും ആണവപരീക്ഷണപരമ്പരകള്‍ നടത്തി. 1958 ഏപ്രില്‍ 28 മുതല്‍ ഓഗസ്റ്റ് 28 വരെ അമേരിക്ക ഈ മേഖലയില്‍ നടത്തിയ പരീക്ഷണങ്ങള്‍ ഓപ്പറേഷന്‍ ഹാര്‍ഡ് ടാക്ക് (Hard tack) എന്നറിയപ്പെടുന്നു. ശത്രുരാജ്യങ്ങളുടെ നാവികസേനയുടെ കപ്പലുകളും മുങ്ങിക്കപ്പലുകളും തകര്‍ക്കാനുള്ള ആണവായുധങ്ങളുടെ ശേഷി മനസ്സിലാക്കുന്നതിന്, ശാന്തസമുദ്രത്തില്‍ വെള്ളത്തിന് മുകളിലും അടിയിലും വെച്ച് നടന്ന പരീക്ഷണങ്ങളായിരുന്നു പ്രധാനമായും ഈ ഓപ്പറേഷന്‍. 'വാഹൂ, 'അംബ്രല്ല' തുടങ്ങിയ രഹസ്യനാമങ്ങളാണ് 'ഓപ്പറേഷന്‍ ഹാര്‍ഡ് ടാക്കിലെ ആയുധങ്ങള്‍ക്ക് നല്‍കിയത്. തുടര്‍ന്ന് 1958 ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 6 വരെ, 'ഓപ്പറേഷന്‍ ആര്‍ഗസ്' എന്ന പേരില്‍ അമേരിക്ക മാര്‍ഷല്‍ ദ്വീപില്‍ പരീക്ഷണ സ്‌ഫോടനപരമ്പരകള്‍ നടത്തി.

ഹിരോഷിമയിലെ കറുത്തമഴ

Hiroshima

യുദ്ധത്തില്‍ ആദ്യമായി ആണവായുദ്ധങ്ങള്‍ ഉപയോഗിക്കുന്നതും അതിന്റെ കെടുതികള്‍ ലോകം കണ്ടതും ഹിരോഷിമയിലാണ്. എനോളഗെ ബി.29 എന്ന അമേരിക്കന്‍ ബോംബര്‍ വിമാനം 1945 ഓഗസ്റ്റ് 6-ന് ജപ്പാനിലെ ഹിരോഷിമ നഗരത്തില്‍ 'ലിറ്റില്‍ ബോയ്' എന്ന് പേരുള്ള അണുബോംബ് വര്‍ഷിച്ചു. 'യുറേനിയം 235' ഇന്ധനമായി ഉപയോഗിച്ച 15 കിലോ ടണ്‍ ടി.എന്‍.ടി സംഹാരശക്തിയും നാല് ടണ്‍ ഭാരവുമുള്ള ബോംബ്, ഹിരോഷിമയില്‍ 13 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടന്ന ജനവാസമേഖലയിലെ മനുഷ്യരെ അക്ഷരാര്‍ഥത്തില്‍ കത്തിച്ചുകളഞ്ഞു. 

70,000 പേര്‍ തത്ക്ഷണം മരിച്ചു. ഒന്നരലക്ഷത്തോളം പേര്‍ റേഡിയേഷന്‍ വികിരണമേറ്റ് മരണപ്പെട്ടു. രണ്ട് ലക്ഷത്തോളം പേര്‍ ജനിതക വൈകല്യങ്ങളുമായി ജനിച്ചു. ഹിരോഷിമയില്‍ കറുത്ത മഴ പെയ്തു.
1945 ഓഗസ്റ്റ് 9-ന് ജപ്പാനിലെ നാഗസാക്കിയില്‍ അമേരിക്കന്‍ സൈന്യം 'ഫാറ്റ്മാന്‍' എന്ന അണുബോംബ് വര്‍ഷിച്ചു. തത്ക്ഷണം മരിച്ചത് 40,000 പേരാണ്. ഹിരോഷിമയില്‍ മരണപ്പെട്ട അത്രതന്നെ ആളുകള്‍ പിന്നീട് നാഗസാക്കിയിലും മരിച്ചു. 'പ്‌ളൂട്ടോണിയം 239' ഇന്ധനമായി ഉപയോഗിച്ച ബോംബിന് 4630 കിലോ ഭാരവും 21 കിലോടണ്‍ ടി.എന്‍.ടി. പ്രഹരശേഷിയുമുണ്ടായിരുന്നു.

 

ഐ ക്യാന്‍

ആണവായുധ നിര്‍വ്യാപനത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ അന്താരാഷ്ട്ര കൂട്ടായ്മയാണ് 'ഐക്യാന്‍'(ICAN - International Campaign to Abolish Nuclear Weapons) 'ആണവവിമുക്ത ലോകം'എന്ന ലക്ഷ്യത്തിനായി, 2007-ല്‍ വിയന്നയില്‍ ഔദ്യോഗികമായി ആരംഭിച്ച് ഇപ്പോള്‍ ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മയ്ക്ക്, 101 രാജ്യങ്ങളിലെ 468 എന്‍.ജി.ഒ. കളുടെ പിന്തുണയുണ്ട്.

122 രാജ്യങ്ങളെ ആണവനിര്‍വ്യാപനക്കരാറില്‍ അംഗങ്ങളാക്കുന്നതില്‍ 'ഐക്യാന്‍' വലിയ പങ്കാണ് നിര്‍വഹിച്ചത്. ആണവനിര്‍വ്യാപനരംഗത്തെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി, 2017-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഈ സംഘടനയ്ക്ക് ലഭിച്ചു. ആണവപരീക്ഷണത്തിനായി ഉത്തര കൊറിയയും പ്രകോപന മുന്നറിയിപ്പുമായി അമേരിക്കയും ലോകസമാധാനത്തിന് ഭീഷണി സൃഷ്ടിച്ച പശ്ചാത്തലത്തില്‍ 'ഐക്യാന്‍' സമാധാന നൊബേല്‍ സമ്മാനം നേടിയത് ഏറെ ശ്രദ്ധ നേടുകയുണ്ടായി.

അല്‍പ്പം ചരിത്രം

മാര്‍ഷല്‍ ദ്വീപ് 1914 മുതല്‍ ജപ്പാന്റെ അധീനതയിലുണ്ടായിരുന്ന പ്രദേശമാണ്. രണ്ടാംലോകമഹായുദ്ധത്തില്‍ 1944-ല്‍ അമേരിക്ക ഈ ദ്വീപ് പിടിച്ചടക്കി. അതിന് ശേഷമാണ് ആണവപരീക്ഷണങ്ങളുടെ 'ശവപ്പറമ്പാ'ക്കി ഈ ദ്വീപിനെ അമേരിക്ക മാറ്റിയത്. പരീക്ഷണങ്ങള്‍ നടത്തുന്നതിനായി മാര്‍ഷല്‍ ദ്വീപില്‍നിന്ന് ദ്വീപ് നിവാസികളെ നിര്‍ബന്ധിച്ച് കുടിയൊഴിപ്പിച്ചു. പക്ഷേ, സമീപദ്വീപ് മേഖലകളില്‍ താമസിച്ചവര്‍ റേഡിയേഷന്‍ വികിരണമേറ്റ് മരിക്കുകയോ അര്‍ബുദവും മറ്റ് അപൂര്‍വരോഗങ്ങളും ബാധിച്ച് ജീവച്ഛവങ്ങളാവുകയോ ചെയ്തു. 

ന്യൂക്ലിയര്‍ ക്ലെയിം ട്രിബ്യൂണലിന്റെ റിപ്പോര്‍ട്ട് പ്രകാരം ന്യൂക്ലിയര്‍ ടെസ്റ്റുകളുടെ ദുരന്തഫലമായി മാര്‍ഷല്‍ ദ്വീപുകളില്‍ ഉണ്ടായത് 244 മില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങളാണ്.

1983-ല്‍ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ ഉടമ്പടി പ്രകാരം മാര്‍ഷല്‍ ദ്വീപിന് സ്വയംഭരണാവകാശം ലഭിച്ചു. എന്നാല്‍ ഈ സന്ധിയില്‍ ആണവപരീക്ഷണവുമായി ബന്ധപ്പെട്ട് അന്നുവരെയുള്ള എല്ലാ വിഷയങ്ങളും ഒത്തുതീര്‍ന്നതായി കൂട്ടിച്ചേര്‍ത്തിരുന്നു. അതുവഴി ആണവമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ദ്വീപ് ഭരണകൂടത്തിന്റെ തലയില്‍കെട്ടിവെച്ച് അമേരിക്ക വിദഗ്ധമായി തലയൂരി! 'ആണവ ശവപ്പെട്ടി' സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ദ്വീപ് സര്‍ക്കാരിന്റെ സ്വന്തം 'തലവേദന'യായി മാറി. ആണവമലിനീകരണത്തിന്റെ പേരില്‍, മാര്‍ഷല്‍ ദ്വീപില്‍നിന്നുള്ള കൊപ്രയുടെയും മത്സ്യത്തിന്റെയും ഇറക്കുമതി ഈയിടെ അമേരിക്കയില്‍ നിരോധിച്ചു എന്നതാണ് മറ്റൊരു വിരോധാഭാസം.

ചെര്‍ണോബില്‍

Chernobyl

ചരിത്രത്തിലെ ഏറ്റവും വലിയ ആണവോര്‍ജ ദുരന്തം നടന്നത് 1986 ഏപ്രില്‍ 26-ന് രാത്രി 1.23 മണിക്കാണ്. മുന്‍പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നതും ഇപ്പോള്‍ യുക്രൈനില്‍ സ്ഥിതി ചെയ്യുന്നതുമായ പ്രിപ്യാറ്റ് എന്ന സ്ഥലത്തുള്ള ചെര്‍ണോബില്‍ ആണവോര്‍ജ നിലയത്തിലെ നാലാം നമ്പര്‍ റിയാക്ടര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം. അമേരിക്ക ഹിരോഷിമയില്‍ വര്‍ഷിച്ച ആറ്റം ബോംബിനെക്കാള്‍ 400 ഇരട്ടിയിലധികം റേഡിയേഷനാണ് ഈ ദുരന്തം പുറത്തുവിട്ടത്.

ദുരന്തബാധിത പ്രദേശങ്ങളില്‍ അണുവികിരണം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍ പറയുന്നത്. ദുരന്തം നടന്ന മേഖലയ്ക്ക് സമീപപ്രദേശങ്ങളില്‍നിന്ന് ഈയിടെ ശേഖരിച്ച പശുവിന്‍ പാലില്‍ ആണവമാലിന്യവിഷം കണ്ടെത്തിയിട്ടുണ്ട്. റേഡിയേഷന്‍ വികിരണമേറ്റ് ഇലകള്‍ ചുവന്നുപോയ മരങ്ങളുള്ള ഈ മേഖല 'റെഡ് ഫോറസ്റ്റ്' എന്നാണ് അറിയപ്പെടുന്നത്. മണിക്കൂറില്‍ 1.2 മില്ലി സിവേര്‍ട്സ് (Sievert) വരെ റേഡിയേഷന്‍ ഇപ്പോഴും ഈ മേഖലയിലുണ്ടെന്ന് പഠനം പറയുന്നു. മനുഷ്യരില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന റേഡിയേഷന്‍ അളവാണിത്. മേഖലയില്‍ കാന്‍സര്‍ രോഗത്തിന് സാധ്യത 2400 ശതമാനമായി വര്‍ധിച്ചു. വികൃതമായ അവയവങ്ങളുള്ള കുഞ്ഞുങ്ങളും മൃഗങ്ങളും ജനിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ദുരന്തത്തില്‍ ചോര്‍ന്ന അണു ഇന്ധനം വീണ മണ്ണും മറ്റും സൂക്ഷിച്ചിരിക്കുന്ന ഗോഡൗണുകളില്‍നിന്നുള്ള അണുവികിരണം വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുമെന്നാണ് കണക്കാക്കുന്നത്. ചെര്‍ണോബില്‍ ആണവ ദുരന്തമേഖല അടുത്ത 20,000 വര്‍ഷത്തേക്ക് ജനവാസയോഗ്യമല്ലെന്ന് പഠനം പറയുന്നു.

സുനാമിയെത്തുടര്‍ന്ന് 2011 മാര്‍ച്ച് 11-ന് ജപ്പാനില്‍ ഫുക്കുഷിമ ആണവവൈദ്യുത നിലയത്തില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ആണവ വികിരണങ്ങള്‍ ഉയര്‍ന്ന തോതില്‍ അന്തരീക്ഷത്തിലെത്തി. 200 കിലോമീറ്റര്‍ അകലെയുള്ള ടോക്കിയോയില്‍ ജലത്തില്‍ കൂടിയ അളവില്‍ റേഡിയേഷന്‍ ശേഷിയുള്ള ആണവമാലിന്യം കണ്ടെത്തി.

 

ശവപ്പെട്ടി ചോരുമ്പോള്‍

Nuclear Dome

മാര്‍ഷല്‍ ദ്വീപ് ഉള്‍ക്കൊള്ളുന്ന എനെവിറ്റോക് അറ്റോളില്‍ സമുദ്രജലനിരപ്പ് ഉയര്‍ന്നതോടെയാണ് ആണവമാലിന്യ കേന്ദ്രത്തിന്റെ സുരക്ഷ വീണ്ടും ചര്‍ച്ചയായത്. സമുദ്രജലനിരപ്പിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഡോമിനകത്തേക്ക് വെള്ളം കയറിയാല്‍ പസിഫിക് സമുദ്രത്തിലേക്ക് ആണവമാലിന്യം കലരാനുള്ള സാധ്യത കൂടുതലാണ്. അതുവഴി ശാന്തസമുദ്രതീരം പങ്കിടുന്ന രാജ്യങ്ങളെയും പ്രശ്‌നം പ്രതികൂലമായി ബാധിക്കും.

കൊളംബിയ യൂണിവേഴ്സിറ്റി എര്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ മൈക്കിള്‍ ജെറാള്‍ഡ് പറയുന്നു:
''മാര്‍ഷല്‍ ദ്വീപില്‍ തുടര്‍ച്ചയായുണ്ടായ ആണവ പരീക്ഷണ സ്‌ഫോടനങ്ങളുടെയും കടല്‍ക്ഷോഭങ്ങളുടെയും ഫലമായി കുടീരത്തിന്റെ അടിഭാഗം മണ്ണൊലിച്ചുപോയി, ദുര്‍ബലമായിട്ടുണ്ട്. ഒരു കൊടുങ്കാറ്റടിച്ചാല്‍ തകരുന്ന ബലമേ ഇപ്പോള്‍ അതിനുള്ളൂ. ഡോമിന് പുറത്തേക്കുള്ള റേഡിയേഷന്‍ പോലെതന്നെ അപകടമാണ് ഡോമിനുള്ളില്‍ നടക്കുന്ന റേഡിയേഷനും. ഇത് തടയാനുള്ള നടപടികള്‍ അടിയന്തരമായി ഉണ്ടാവണം.''

കാലാവസ്ഥാ വ്യതിയാന പഠന വിദഗ്ധനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ആല്‍സണ്‍ കെലോണിന്റെ നിരീക്ഷണത്തില്‍ ഡോമിന് വിള്ളല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സമുദ്രജലനിരപ്പ് ഉയരുന്നതോടെ കെട്ടിടത്തിന് അപകടം സംഭവിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു. മാര്‍ഷല്‍ ദ്വീപ് ഊര്‍ജവകുപ്പിന്റെ 2013-ലെ റിപ്പോര്‍ട്ട് പ്രകാരം കൂടീരത്തില്‍നിന്ന് റേഡിയോ ആക്ടീവ് അവശിഷ്ടങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ടുണ്ട്.

ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ 2017-ലെ റിപ്പോര്‍ട്ട്പ്രകാരം ശേഖരണകേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ആണവമാലിന്യത്തില്‍ പ്ലൂട്ടോണിയം-239-ന്റെ സാന്നിധ്യമുണ്ട്. മാര്‍ഷല്‍ ദ്വീപ് സെനറ്റര്‍ ജാക്ക് ആഡിങ്ങും ഈ വസ്തുത ശരിവെച്ചിട്ടുണ്ട്. റേഡിയോ ആക്ടീവ് അര്‍ധായുസ്സ് 24,100 വര്‍ഷമുള്ള ലോകത്തിലെ ഏറ്റവും അപകടകാരിയായ ഐസോടോപ്പാണ് പ്ലൂട്ടോണിയം-239. ഈ വിഷപദാര്‍ഥം കടല്‍വെള്ളത്തിലൂടെ മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ജീവികളിലെത്തിയാലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ അതിഭീകരമായിരിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നു. റേഡിയേഷന്‍ വികിരണശേഷിയുള്ള ആണവമാലിന്യങ്ങള്‍ കലര്‍ന്ന് അന്തരീക്ഷവും കടല്‍ജലവും വിഷമയമാകുന്നത് മത്സ്യം ഉള്‍പ്പെടെയുള്ള കടല്‍ജീവികളെയും പ്രകൃതിയുടെ ജൈവവൈവിധ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. 

എന്നാല്‍ 'ആണവ ശവപ്പെട്ടി' സൃഷ്ടിക്കുന്ന മലിനീകരണ ഭീഷണി പരിഹരിക്കാന്‍ മാര്‍ഷല്‍ദ്വീപ് സര്‍ക്കാരിന്റെ കൈയില്‍ പണമില്ലെന്നതാണ് പ്രധാന പ്രശ്‌നം. 53000 ജനസംഖ്യയും 190 മില്യണ്‍ ഡോളര്‍മാത്രം ജി.ഡി.പി യുമുള്ള കൊച്ചു റിപ്പബ്ലിക്കാണ് മാര്‍ഷല്‍ ദ്വീപസമൂഹം.

''ആണവ മാലിന്യപ്രശ്‌നം ശാശ്വതമായി പരിഹരിക്കാനോ തിരമാലകളും കൊടുങ്കാറ്റും കെട്ടിടത്തിനുണ്ടാക്കുന്ന അപാകങ്ങള്‍ തീര്‍ക്കാനോ ഉള്ള പണവും പ്രാഗല്ഭ്യവും ഞങ്ങളുടെ സര്‍ക്കാരിനില്ല'' എന്നാണ് ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മാര്‍ഷല്‍ ദ്വീപ് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കിയത്.

''മാര്‍ഷല്‍ ദ്വീപ് പ്രസിഡന്റ് ഹില്‍ഡാ ഹെയ്നുമായി സംസാരിച്ചിരുന്നു. ആണവ ശവപ്പെട്ടിയില്‍ നിന്ന് ചോരാനിടയുള്ള ആണവമാലിന്യത്തെയോര്‍ത്ത് അവര്‍ ഏറെ ഭീതിയിലാണ്. ആണവ പരീക്ഷണത്തിന്റെ ഇരകളായ മാര്‍ഷല്‍ ദ്വീപ് ജനതയെ രക്ഷിക്കാന്‍ സര്‍ക്കാരിന് സഹായം ആവശ്യമുണ്ട്''- യു.എന്‍. സെക്രട്ടറി ജനറലിന്റെ പ്രസ്താവന ലോകം കേള്‍ക്കുമെന്ന് പ്രതീക്ഷിക്കാം.

വേണ്ട, ആണവയുദ്ധം

ലോകത്ത് ആണവായുധങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള ഉടമ്പടിയാണ് 'ആണവ നിര്‍വ്യാപന കരാര്‍' (NPT - Non-Proliferation of Nuclear weapons Treaty). 1970 മാര്‍ച്ച് 5-ന് ഈ ഉടമ്പടി നിലവില്‍ വന്നു. ആണവ നിരായുധീകരണം ഉറപ്പാക്കുക, ആണവായുധങ്ങളും അതിന്റെ സാങ്കേതികവിദ്യയും പ്രചരിപ്പിക്കുന്നത് തടയുക, ആണവോര്‍ജം സമാധാനപരമായ ആവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്നീ 3 പ്രധാന ലക്ഷ്യങ്ങളാണ് ഉടമ്പടിക്കുള്ളത്.

1967 ജനുവരി 1-ന് മുമ്പ് ഏതെങ്കിലും അണ്വായുധം നിര്‍മിച്ച് സ്‌ഫോടനം നടത്തുകയോ, വിതരണം ചെയ്യുകയോ ചെയ്ത രാജ്യങ്ങളെയാണ് ഈ കരാര്‍ പ്രകാരം ആണവശക്തിയായി കണക്കാക്കുന്നത്. ഈ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ അമേരിക്ക, റഷ്യ, ബ്രിട്ടണ്‍, ഫ്രാന്‍സ്, ചൈന എന്നീ അഞ്ച് രാജ്യങ്ങളാണ് ആണവശക്തികള്‍. ആണവായുധങ്ങള്‍ കൈവശമുള്ള 'മറ്റ് രാജ്യ'ങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനം. പാകിസ്താന്‍, ഉത്തര കൊറിയ എന്നീ രാജ്യങ്ങളും ഈ പട്ടികയിലുണ്ട്. ആണവായുധം സ്വായത്തമാക്കിയ രാഷ്ട്രങ്ങളുടെ പട്ടികയാണ് 'ന്യൂക്ലിയര്‍ ക്ലബ്ബ്'' (Nuclear club)

പ്രബലരായ ആണവശക്തികളും ഇന്ത്യയും ആണവ നിര്‍വ്യാപനക്കരാറില്‍ ഒപ്പ് വെച്ചിട്ടില്ല. 'ആണവായുധങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയില്ല, എന്നാല്‍ ആണവ സ്‌ഫോടന പരീക്ഷണങ്ങള്‍ നടത്തില്ല, ആണവോര്‍ജം സമാധാനപരമായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കും'എന്ന നിലപാടാണ്, യു.എന്‍. പൊതുസഭയില്‍ നടന്ന നിരായുധീകരണ ചര്‍ച്ചയില്‍ ഇന്ത്യ അറിയിച്ചത്.

സൈനികവും സൈനികേതരവുമായ എല്ലാവിധ ആണവായുധ പരീക്ഷണങ്ങളും നിരോധിക്കുന്ന ഉടമ്പടിയാണ് 'സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടി'(CTBT - Comprehensive Nuclear Test Ban Treaty) 1996 സെപ്റ്റംബര്‍ 10-ന് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി അംഗീകരിച്ച ഉടമ്പടിയില്‍, 2019- ഫെബ്രുവരി വരെ 168 രാജ്യങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ട്. ഈ ഉടമ്പടിയിലും ഇന്ത്യ ഒപ്പ് വെച്ചിട്ടില്ല.

 
 
ജി.കെ. ആന്‍ഡ് കറന്റ് അഫേഴ്സ് മാസിക ജൂലായ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്-

GK&CA Magazine _ Aug 2019മാതൃഭൂമി ജി.കെ. & കറന്റ് അഫയേഴ്സ് മാസിക വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Content Highlights: Nuclear coffin leaks; nuclear wastes to enter into pacific ocean