രടിലെ ഫ്‌ളാറ്റുകള്‍ നിലം പതിച്ചതുപോലെ, ഒന്നു കണ്ണുചിമ്മിത്തുറക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടാവും. അങ്ങനെയാണ് കരിമ്പൂച്ചകള്‍ എന്ന് നമ്മള്‍ വിളിക്കുന്ന നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ ഓപ്പറേഷന്‍. അതിവേഗം അപ്രതീക്ഷിതമായി ആക്രമിക്കുക. കഴിഞ്ഞാല്‍ ഉടന്‍ പിന്‍വാങ്ങുക എന്നതാണ് എന്‍.എസ്.ജി. ദൗത്യങ്ങളുടെ അടിസ്ഥാന തത്വം.

അതിപ്രാധാന്യമുള്ള ഭീകരവിരുദ്ധ ദൗത്യങ്ങള്‍ക്കുവേണ്ടി 1984ലാണ് നാഷണല്‍ സെക്യരിറ്റി ഗാര്‍ഡ് എന്ന പേരില്‍ സേനാവിഭാഗം രൂപവത്കരിച്ചത്. രണ്ട് ദശാബ്ദത്തോളമായി രാജ്യത്തെ പ്രധാനവ്യക്തികളുടെ സുരക്ഷയും 'കരിമ്പൂച്ച'കളുടെ കൈയില്‍ സുരക്ഷിതമായിരുന്നു. എന്നാല്‍ എന്‍.സി.ജിയുടെ സ്ഥാപിത ലക്ഷ്യത്തില്‍ 'വി.ഐ.പി. സുരക്ഷ' ഉണ്ടായിരുന്നില്ല.

ഇപ്പോള്‍ വി.ഐ.പി. സുരക്ഷാ ചുമതലകളില്‍ നിന്ന് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍.എസ്.ജി.) കമാന്‍ഡോകളെ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.

തീരുമാനം നടപ്പാകുന്നതോടെ കരിമ്പൂച്ചകള്‍ക്ക് അവരുടെ യഥാര്‍ഥ ചുമതലകളിലേക്ക് മടങ്ങാം. 'ഇസഡ് പ്ലസ്' കാറ്റഗറി സുരക്ഷയുള്ള 13 വി.ഐ.പി.കളുടെ സുരക്ഷ ഇതോടെ അര്‍ധസൈനിക വിഭാഗങ്ങളായ സി.ആര്‍.പി.എഫ്., സി.ഐ.എസ്.എഫ്. എന്നിവ ഉറപ്പുവരുത്തും.

നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്

അമൃത്‌സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ നിന്ന് ജര്‍ണൈല്‍ സിങ് ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തിലുള്ള ഖലിസ്ഥാന്‍ തീവ്രവാദികളെ പിടികൂടുന്നതിന് 1984-ല്‍  സൈന്യം നടത്തിയ ഇടപെടലാണ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ എന്ന കോഡില്‍ അറിയപ്പെടുന്നത്. രാജ്യം ഇന്നേവരെ സാക്ഷ്യം വഹിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ ആഭ്യന്തര സൈനികനീക്കമായിരുന്നു അത്. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന് ശേഷമാണ് രാജ്യത്തിന് കേന്ദ്രീകൃതവും സുസ്ഥിരവുമായ സുരക്ഷാസേന വേണമെന്ന ആശയം രൂപപ്പെട്ടത്. അതേ വര്‍ഷം തന്നെ ഡയറക്ടര്‍ ജനറലിന് കീഴില്‍ കോര്‍ ഗ്രൂപ്പുണ്ടാക്കി എന്‍.സി.ജിയുടെ രൂപീകരണത്തിന് വേണ്ട പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ആന്ധ്രാപ്രദേശ് കേഡറിലെ ആര്‍.ടി. നഗ്രാണി എന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനായിരുന്നു ആദ്യ ഡയറക്ടര്‍ ജനറല്‍.

1986 ഓഗസ്റ്റില്‍ പുതിയൊരു സൈനികവിഭാഗം രൂപികരിക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്റില്‍ എത്തി. അതേവര്‍ഷം സെപ്റ്റംബര്‍ 22ന് രാഷ്ട്രപതിയുടെ അംഗീകരത്തോടെ THE NATIONAL SECURITY GUARD ACT വിജ്ഞാപനം ചെയ്തു. അങ്ങനെ ദേശീയ സുരക്ഷാ സേന ഔദ്യോഗികമായി നിലവില്‍ വരികയും ചെയ്തു. 'സര്‍വത്ര സര്‍വോത്തം സുരക്ഷ' എന്നാണ് എന്‍.എസ്.ജിയുടെ ആപ്തവാക്യം.

ബ്രിട്ടന്റെ സ്‌പെഷ്യല്‍ എയര്‍ സര്‍വീസ് (എസ്.എ.എസ്.), ജര്‍മനിയുടെ ജി.എസ്.ജി -9 എന്നീ പ്രത്യേക സേനകളുടെ മാതൃകയിലാണ് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഏജന്‍സി അഥവാ എന്‍.എസ്.ജി. പ്രവര്‍ത്തിക്കുന്നത്.

പ്രത്യേക ദൗത്യ സേന എന്ന നിലയ്ക്കാണ് എന്‍.എസ്.ജി. രൂപവത്കരിച്ചിട്ടുള്ളത്.

GK & CA
മാതൃഭൂമി ജി.കെ & കറന്റ് അഫയേഴ്‌സ് മാസിക വാങ്ങാം

രണ്ട് ഘടകങ്ങളാണ് എന്‍.എസ്.ജിക്ക് ഉള്ളത്:
1. സൈനികരുള്‍പ്പെടുന്ന സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ്.
2. കേന്ദ്ര സായുധ സേനകളിലെയും സംസ്ഥാന പോലീസ് സേനകളിലെയും അംഗങ്ങള്‍ ഉള്‍പ്പെടുന്ന സ്‌പെഷ്യല്‍ റേഞ്ചര്‍ ഗ്രൂപ്‌സ്.

അനുപ്കുമാര്‍ സിങ് ഐ.പി.എസ്. ആണ് നിലവില്‍ എന്‍.എസ്.ജിയുടെ ഡയറക്ടര്‍ ജനറല്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് എന്‍.എസ്.ജിയുടെ പ്രവര്‍ത്തനം.

കരുത്തുകാട്ടിയ ദൗത്യങ്ങള്‍

ഓപ്പറേഷന്‍ ബ്ലാക്ക് തണ്ടര്‍:  ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന് ശേഷം വീണ്ടും സുവര്‍ണ ക്ഷേത്രം ഖലിസ്താന്‍ വാദികള്‍ക്ക് താവളമായി. ഇതിനെതിരേ 1986 ഏപ്രില്‍ 30ന് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് നടത്തിയ നീക്കം ഒന്നാം ബ്ലാക്ക് തണ്ടര്‍ ഓപ്പറേഷന്‍ എന്ന് അറിയപ്പെടുന്നു. എന്നാല്‍ പൊതുവേ ഓപ്പറേഷന്‍ ബ്ലാക്ക് തണ്ടര്‍ എന്നറിയപ്പെടുന്നത് രണ്ടാം ബ്ലാക്ക് തണ്ടര്‍ ഓപ്പറേഷനാണ്. 1988 മേയിലായിരുന്നു ഇത്. രണ്ടാം ബ്ലാക്ക് തണ്ടര്‍ ഓപ്പറേഷന്റെ വിജയത്തിനും പഞ്ചാബിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനും ഏറെ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് അന്ന് പഞ്ചാബ് ഡി.ജി.പി. ആയിരുന്ന കെ.പി.എസ്. ഗില്‍.

ഓപ്പറേഷന്‍ അശ്വമേധ്: 1993 ഏപ്രില്‍ 24-25. ഡല്‍ഹിയില്‍ നിന്ന് പറന്നുപൊങ്ങിയ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം മുഹമ്മദ് യൂസഫ് ഷാ എന്ന ഭീകരന്‍ തന്റെ നിയന്ത്രണത്തിലാക്കി. റാഞ്ചിയ വിമാനം കാബൂളിലേക്ക് പറക്കണമെന്നായിരുന്നു അയാളുടെ നിര്‍ദേശം. എന്നാല്‍ പാകിസ്താന്‍ അവരുടെ വ്യോമപാതയിലുടെയുള്ള സഞ്ചാരം നിഷേധിച്ചു. തുടര്‍ന്ന് ഇന്ധനം നിറയ്ക്കുന്നതിനായി വിമാനം അമൃത്സറില്‍ ഇറക്കേണ്ടിവന്നു. അവിടെവച്ച് എന്‍.എസ്.ജി. ഓപ്പറേഷനിലൂടെ ഭീകരനെ വധിക്കുകയും 141 യാത്രക്കാരെയും പരിക്കുകളൊന്നും കൂടാതെ രക്ഷിക്കുകയും ചെയ്തു.

ഓപ്പറേഷന്‍ വജ്രശക്തി: 2002 സെപ്റ്റംബര്‍ 24. ഗുജറാത്തിലെ അക്ഷര്‍ദാം ക്ഷേത്രത്തില്‍ സായുധരായ രണ്ട് പേര്‍ ആക്രമണം നടത്തി. 30 പേര്‍ കൊല്ലപ്പെടുകയും 80ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭീകരരെ വധിക്കാന്‍ എന്‍.എസ്.ജി. നടത്തിയ നീക്കമാണ് ഓപ്പറേഷന്‍ വജ്രശക്തി എന്നറിയപ്പെടുന്നത്.

ഓപ്പറേഷന്‍ ബ്ലാക്ക് ടൊര്‍ണാഡോ: 2008 നവംബര്‍ 26-ലെ മുംബൈ ഭീകരാക്രമണത്തില്‍ ദേശീയ സുരക്ഷാ സേന നടത്തിയ ഇടപെടലാണ് ഓപ്പറേഷന്‍ ബ്ലാക്ക് ടൊര്‍ണാഡോ. തുടര്‍ച്ചായി 60 മണിക്കൂറോളമാണ് ആക്രമികള്‍ രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയത്. ഓപ്പറേഷന്‍ ബ്ലാക്ക് ടൊര്‍ണാഡോയ്ക്കിടയില്‍ മലയാളിയായ സൈനികന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനും ജീവന്‍ നഷ്ടമായി.

1998-99 വര്‍ഷങ്ങളില്‍ ജമ്മു & കശ്മീരിലുണ്ടായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും എന്‍.എസ്.ജി. നിര്‍ണായക ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.

Content Highlights: National Security Guard, Black Cat Commandos, All you need to know NSG, Operation Black Thunder, Mumbai Terror Attack