ഴിഞ്ഞ ഏപ്രിലില്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഭൂമിയെ കാത്തിരിക്കുന്ന വലിയൊരു വിപത്തിനെക്കുറിച്ച് സൂചനകള്‍ പ്രത്യക്ഷപ്പെട്ടു. 2027-ല്‍ ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ച് വലിയ അപകടമുണ്ടാകാന്‍ പോകുന്നു. ഒരു മഹാനഗരത്തെ മുഴുവനില്ലാതാക്കാന്‍ പോന്ന ആഘാതമാണ് കൂട്ടിയിടിയില്‍ ഉണ്ടാകാന്‍ പോകുന്നത്. എപ്പോഴെന്നോ, എവിടെയെന്നോ കൃത്യമായി പ്രവചിക്കാനാവില്ല. ചോദ്യം 'ഇനി എന്ത്?'

പേടിക്കേണ്ട, ഈ ട്വീറ്റുകള്‍ വെറും ഭാവനയായിരുന്നു. ഭൂമിയുടെ സമീപത്തെ പ്രപഞ്ച വസ്തുക്കളെ നിരീക്ഷിക്കുന്നതിനും പഠിക്കുന്നതിനും നാസയുടെ കീഴില്‍ Center for Earth Object Studies എന്നൊരു സ്ഥാപനമുണ്ട്. ഇതുമായി സഹകരിക്കുന്ന ലോകത്തെ വിവിധ ബഹിരാകാശ ഗവേഷക സ്ഥാപനങ്ങളില്‍ ഒന്നാണ് യൂറോപ്യന്‍ സ്പേസ് ഏജന്‍സി. ഇ.എസ്.എയുടെ ഭീഷണി ട്വീറ്റുകള്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് ഒബ്ജക്ട്സ് സ്റ്റഡീസ് നടത്തിയ Cosmic Threats to Earth കോണ്‍ഫറന്‍സിന്റെ മുന്നോടിയായിരുന്നു. 

അവര്‍ക്കറിയേണ്ടത് ഏതെങ്കിലും പ്രപഞ്ച വസ്തു ഭൂമിയെ തകര്‍ക്കാന്‍ പോകുന്നുവെന്നറിഞ്ഞാല്‍ ലോകം അതിനോട് എങ്ങനെ പ്രതികരിക്കുമെന്നായിരുന്നു. ചുരുക്കത്തില്‍ വെറുമൊരു ടെസ്റ്റ് ഡോസായിരുന്നു ആ ട്വീറ്റുകള്‍. മാത്രമല്ല, ഭൂമിക്ക് സമീപത്തുള്ള 20,000 ആസ്ട്രോയിഡുകളെ നിരീക്ഷിച്ചതില്‍ അടുത്ത നൂറ്റാണ്ടിലെങ്കിലും ഏതെങ്കിലും ഒന്ന് ഭൂമിയെ സ്പര്‍ശിക്കാനുള്ള സാധ്യത പതിനായിരത്തില്‍ ഒന്നുമാത്രമാണെന്ന് ശാസ്ത്രജ്ഞര്‍ തന്നെ വ്യക്തമാക്കുന്നു. 

meteorite impacts on earthഭൂമിയുടെ ചരിത്രത്തില്‍ കൂട്ടിയിടികള്‍ നിരവധിയുണ്ടായിട്ടുണ്ട്. ഛിന്നഗ്രഹങ്ങള്‍, ഉല്‍ക്കകള്‍ തുടങ്ങി ബഹിരാകാശത്തില്‍ അലഞ്ഞുതിരിയുന്ന വസ്തുക്കള്‍ ഭൂമിയില്‍ ആഞ്ഞുപതിച്ചിട്ടുണ്ട്. ചിലത് ചെറുതോ വലുതോ ആയ ഗര്‍ത്തങ്ങള്‍ തീര്‍ത്തു. മറ്റു ചിലത് ഭൂമിയിലെ ആവാസ വ്യവസ്ഥയെ തന്നെ തകിടം മറിച്ചുകൊണ്ട് ജീവരാശിയെ തുടച്ചുനീക്കാന്‍തക്ക ശക്തിയേറിയവയായിരുന്നു. അത്തരത്തില്‍ ഒരു കൂട്ടിയിടിയുടെ പരിണിതഫലമായുണ്ടായ മഹാവംശനാശത്തിലാണ് ദിനോസറുകള്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷരായത്. നശീകരണം മാത്രമല്ല, ബഹിരാകാശ വസ്തുക്കള്‍ ഭൂമിയിലേല്‍പ്പിച്ച ആഘാതങ്ങള്‍ക്ക് മറുവശവുമുണ്ട്. പ്രപഞ്ചത്തിലെ എണ്ണിത്തീരാത്ത സങ്കേതങ്ങളില്‍ ഭൂമിയില്‍ മാത്രം ജീവന് നിലമൊരുക്കിയത് ഇത്തരം കൂട്ടിയിടികളാണെന്നാണ് ശാസ്ത്രകാരന്മാര്‍ കരുതുന്നത്. 

ഛിന്നഗ്രഹങ്ങള്‍, ഉല്‍ക്കകള്‍, വാല്‍നക്ഷത്രങ്ങള്‍, കൂട്ടിയിടികളിലുണ്ടായ ചീളുകളും അവശിഷ്ടങ്ങളുമെല്ലാം നിറഞ്ഞതാണ് പ്രപഞ്ചം. ഇതില്‍ ചിലതിന് ഭൂമിയോട് ചേര്‍ന്നായിരിക്കും സഞ്ചാര പഥം. ഛിന്നഗ്രഹങ്ങള്‍ ഒന്നുകില്‍ പാറകളോ അല്ലെങ്കില്‍ ഇരുമ്പ്, നിക്കല്‍ തുടങ്ങിയ ലോഹ കട്ടകളോ ആയിരിക്കും. ചില ആസ്ട്രോയിഡുകള്‍ പ്ലാറ്റിനം പോലുള്ള ലോഹങ്ങളാല്‍ സമ്പന്നമാണ്. സൗരയൂഥത്തില്‍ ആസ്ട്രോയിഡുകള്‍ ഏറ്റവും കൂടുതലുള്ളത് ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലാണ്. ഈ ആസ്ട്രോയിഡ് ബെല്‍റ്റിലെ ഏറ്റവും വലിയ വസ്തുവിന് 530 കിലോമീറ്ററാണ് വ്യാസം; പേര് വെസ്റ്റ. 

ആസ്ട്രോയിഡുകളില്‍ ചിലത് വലിയ ഗ്രഹങ്ങളുടെ ഭ്രമണപഥത്തില്‍ ചുറ്റിക്കറങ്ങുന്നവയാകും. അത്തരത്തിലുള്ളതിനെ ട്രോജന്‍ ആസ്ട്രോയിഡുകള്‍ എന്നു വിളിക്കുന്നു. സൗരയൂഥത്തിന് പുറത്ത് കയ്പ്പര്‍ ബെല്‍റ്റ് (Kuiper Belt) എന്നൊന്നുണ്ട്; ഗ്രഹങ്ങളല്ലാത്ത, പ്രപഞ്ചത്തിലെ ഭൗതിക ശരീരങ്ങളുടെ സാന്ദ്രത കൂടിയ വളരെ വലിയ വലയമാണിത്. 

ഓരോ വര്‍ഷവും ആയിരക്കണക്കിന് പ്രപഞ്ച വസ്തുക്കളാണ് ഭൂമിയില്‍ വന്നു പതിക്കുന്നത്; അല്ലെങ്കില്‍ നീല ഗ്രഹത്തിന്റെ അന്തരീക്ഷത്തെ തൊട്ടുരുമ്മി പോകുന്നത്. ഇതില്‍ കരയില്‍ വന്നു പതിക്കുന്നവയുടെ എണ്ണം വളരെ കുറവാണെന്നുമാത്രം. ബാസ്‌കറ്റ് ബോളിന്റെ വലിപ്പമുള്ള ഉല്‍ക്കകള്‍ മാസത്തില്‍ ഒരിക്കലെങ്കിലും ഭുമിയിലെത്തുന്നുണ്ട്. ഇതില്‍ 75 ശതമാനവും കടലിലാണ് വീഴുന്നത്. ഭൂമിയുടെ പാരിസ്ഥിതിക ഘടനയ്ക്ക് ആഘാതം ഏല്‍പ്പിക്കാന്‍ കഴിവുള്ള പ്രപഞ്ചവസ്തുക്കള്‍ 100000 വര്‍ഷങ്ങളില്‍ ഒരിക്കല്‍ മാത്രമേ ഇവിടെ വന്നു പതിക്കാറുള്ളൂ. 

ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകണമെങ്കില്‍ ആസ്ട്രോയിഡിന് കുറഞ്ഞത് 25 മീറ്റര്‍ വലിപ്പമെങ്കിലും വേണം. സൗരയൂഥത്തില്‍നിന്ന് ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്ന പ്രപഞ്ച വസ്തുക്കളില്‍ ഏറെയും പതനത്തിന്റെ വഴിയില്‍ ഉരുകിത്തീരുകയാണ് പതിവ്. അങ്ങനെ കത്തിത്തീരുന്നവയാണ് കൊള്ളിയാനുകളെപ്പോലെ നമുക്ക് വല്ലപ്പോഴും ദൃശ്യമാകുന്നത്. അന്തരീക്ഷത്തിന്റെ ഘര്‍ഷണത്തെ അതിജീവിക്കാന്‍ കെല്‍പ്പുള്ളവയാണ് വസ്തുക്കളെങ്കില്‍ അവ ഉല്‍ക്കകളായി ഭൂമിയില്‍ പതിക്കുന്നു. വന്നുവീഴുന്ന വസ്തുവിന്റെ വലുപ്പം അതിന്റെ വേഗത എന്നിവയെ ആശ്രിയിച്ചാണ് ഭൂമിയിലുണ്ടാകുന്ന ആഘാതത്തിന്റെ തോത്. 

meteorite impacts on earth
ബിഹാറിലെ മഹാദേവ ഗ്രാമത്തില്‍ കഴിഞ്ഞ വര്‍ഷം 10 കിലോഗ്രാം ഭാരമുള്ള ഉല്‍ക്ക പതിച്ചപ്പോള്‍. ചിത്രം: Getty Images

പ്രപഞ്ച വസ്തുക്കളുടെ പതനം ഭൂമിയിലുണ്ടാക്കുന്ന ആഘാതം അളക്കുന്നതിന് ഉപയോഗിക്കുന്ന മാപിനി ടൊറിനോ സ്‌കെയില്‍ എന്ന് അറിയപ്പെടുന്നു. 0 മുതല്‍ 10 വരെയാണ് ടൊറിനോ സ്‌കെയിലിന്റെ റേഞ്ച. താഴ്ന്ന അളവുകള്‍ ഭൂമിയെ ബാധിക്കാതെ കടന്നുപോകുന്ന ആസ്ട്രോയിഡുകളെ സൂചിപ്പിക്കുന്നു. മധ്യ അളവുകള്‍ ഭൂമിയെ സ്പര്‍ശിക്കാന്‍ സാധ്യതയുള്ളവയെയും ഉയര്‍ന്ന അളവുകള്‍ നിശ്ചയമായും ഭൂമിയില്‍ ഇടിച്ചിറങ്ങാന്‍ പോകുന്നവയെയും സൂചിപ്പിക്കുന്നു. ടൊറിനോ സ്‌കെയിലിന്റെ റീഡിങ്ങിലൂടെയാണ് ശാസ്ത്രജ്ഞര്‍ സാധാരണക്കാരിലേക്ക് കോസ്മിക് ഇംപാക്ടിനെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ കൈമാറുന്നത്. 

ചരിത്രാതീതകാലം മുതല്‍ ബാഹ്യശക്തികള്‍ ഭൂമിയിലേല്‍പ്പിച്ച പ്രധാനപ്പെട്ട ആഘാതങ്ങളുടെ അവശേഷിക്കുന്ന തെളിവുകള്‍ നിരവധി ഇതിനോടകം മനുഷ്യര്‍ കണ്ടെത്തിയിട്ടുണ്ട്. കടലിലോ ഭൂമിയുടെ അടിയിലോ ചിലപ്പോള്‍ ഉപരിതലത്തിലോ കാണുന്ന വിള്ളലുകളും ഗര്‍ത്തങ്ങളുമാണ് തെളിവുകള്‍ എന്നുപറയുന്നത്. ഇത്തരത്തില്‍ സമീപകാലത്ത് കണ്ടെത്തിയ പ്രധാനപ്പെട്ട തെളിവുകളിലൊന്ന് ഗ്രീന്‍ലാന്‍ഡിലാണ് ഉള്ളത്. ഹയാവതാ (Hiawatha) ഐസുപാളികള്‍ക്കടിയിലെ ഗര്‍ത്തം കണ്ടെത്തിയത് 2018 നവംബറിലാണ്.ഏതാണ്ട് 31 കിലോമീറ്റര്‍ വ്യാസമുണ്ടതിന്. ഐസ് പാളികള്‍ക്കടിയില്‍ കണ്ടെത്തുന്ന ആദ്യത്തെ ഗര്‍ത്തമെന്ന സവിശേഷത ഹയാവതായ്ക്കുണ്ട്. ഡെന്‍മാര്‍ക്കിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ പ്രൊഫസറായ കുര്‍ട്ട് കെയറും സംഘവുമാണ് ഇത് കണ്ടെത്തിയത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഐസുരുകുന്നത് പഠിക്കുന്നതിനിടയില്‍ അവിചാരിതമായാണ് ഗര്‍ത്തം ഇവരുടെ ശ്രദ്ധയില്‍ വന്നത്. 12000 മുതല്‍ മൂന്ന് ദശലക്ഷം വര്‍ഷങ്ങള്‍ക്കുള്ളിയാരിക്കണം ഈ ഗര്‍ത്തം രൂപപ്പെട്ടതെന്ന് കരുതുന്നു. അങ്ങനെയെങ്കില്‍ ഏറ്റവും അടുത്ത കാലത്ത് നടന്ന വലിയ ആഘാതമായിരിക്കും ഇത്. മുമ്പ് ഇത്രയും പോന്ന ആഘാതം ഉണ്ടായത് 40 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് അപ്പുറമാണ്. 

യങ്ങര്‍ ഡ്രയസ് (Younger Dryas) എന്നറിയപ്പെടുന്ന, 12900 വര്‍ഷം പഴക്കമുള്ള വംശനാശ കാലത്തെക്കുറിച്ച് ചില സൂചനകള്‍ നല്‍കുന്നതാണ് ഹയാവതാ ഗര്‍ത്തത്തിന്റെ കണ്ടെത്തല്‍. വലുപ്പമേറിയ മെഗാഫൗണ (Megafauna) വിഭാഗത്തില്‍പ്പെടുന്ന ജീവജാലങ്ങളും ക്ലോവിസ് എന്നറിയപ്പെടുന്ന ആദിമ മനുഷ്യരും ഭൂമിയില്‍ ഇല്ലതായാത് ഇക്കാലത്താണ്. ഭൂമി പെട്ടെന്ന് തണുത്തുറഞ്ഞ പ്രതിഭാസമാണ് യങ്ങര്‍ ഡ്രയസിന് കാരണമായതെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. ഇതിനെ ഹയാവതാ ഗര്‍ത്തത്തിന് കാരണമായ ആഘാതം സ്വാധീനിച്ചിട്ടുണ്ടാകുമെന്നാണ് പുതിയ നിഗമനം. 

മനുഷ്യചരിത്രത്തിനും മുമ്പ് ഭൂമിയുടെ ആദ്യ കാലങ്ങളില്‍, ഏതാണ്ട് 4.54 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രപഞ്ച വസ്തുക്കളുമായുള്ള കൂട്ടിയിടികളുടെ എണ്ണം വളരെ കൂടുതലായിരുന്നുവെന്നാണ് അനുമാനം. ഛിന്നഗ്രഹങ്ങളിലും ഉല്‍ക്കകളിലും വെള്ളത്തിന്റെ അംശം കൂടുതലായിരുന്നുവെന്നും അവയാണ് ഭൂമിയിലേക്ക് വെള്ളമെത്തിച്ചതെന്നും ശാസ്ത്രജ്ഞര്‍ക്കിടയില്‍ നിഗമനങ്ങളുണ്ട്. ചില ബഹിരാകാശ ശിലകളില്‍ ജീവന്‍ നിലനിര്‍ത്തുന്നതിന് അത്യാവശ്യമായ ജൈവ സംയുക്തങ്ങള്‍ അടങ്ങിയിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ശക്തമായൊരു കൂട്ടിയിടിയില്‍ നിന്നാണ് ഭൂമിയില്‍ ജീവന്‍ തുടിച്ച് തുടങ്ങിയതെന്ന വാദത്തിന് ശക്തിപകരുന്നതാണ് ഈ തെളിവുകള്‍. 

ഇനി ചന്ദ്രന്റെ കാര്യമെടുക്കാം. 1960കളിലെയും 70കളിലെയും അപ്പോളോ മിഷനില്‍ കണ്ടെത്തിയ ചില തെളിവുകള്‍ ശാസ്ത്രലോകത്തിന് കൗതുകമായി. ഭൂമിയും അതിന്റെ ഏക ഉപഗ്രഹവും തമ്മില്‍ രാസ ഘടനയില്‍ ഒട്ടേറെ സമാനതകള്‍ ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടു. ഭൂമിയുടെതന്നെ അടര്‍ന്നുപോയ കഷണമാകണം ചന്ദ്രന്‍ എന്ന വാദങ്ങള്‍ ഇതോടെ ഉയര്‍ന്നുവന്നു. Giant Impact Hypothesis എന്നാണ് ഇത് അറിയപ്പെടുന്നത്. 

വാദം ഇങ്ങനെ: തെയ (Theia) എന്ന് ശാസത്രജ്ഞര്‍ പേരുനല്‍കിയിട്ടുള്ള പ്രപഞ്ച വസ്തു നാലര ബില്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഭൂമിയില്‍ ആഞ്ഞിടിച്ചിട്ടുണ്ടാകണം. ചൊവ്വാഗ്രഹത്തിന്റെ അത്രയും വലിപ്പമാണ് തെയയ്ക്ക് കല്‍പ്പിക്കുന്നത്. ആ വലിയ കൂട്ടിയിടിയില്‍ ഭൂമിയ്ക്ക് ചുറ്റുമുള്ള ഭ്രമണപഥം ചീളുകളും അവശിഷ്ടങ്ങളും കൊണ്ടുനിറഞ്ഞു. കാലക്രമേണ ഇവ ഘനീഭവിച്ച് ഉപഗ്രഹമായി മാറിയിട്ടുണ്ടാകണം. ചന്ദ്രന്റെ ജന്മത്തെക്കുറിച്ച് ഇന്നുള്ളതില്‍ ഏറ്റവും പ്രചാരമുള്ള സിദ്ധാന്തങ്ങളില്‍ ഒന്നാണ് Giant Impact Hypothesis. എന്നാല്‍ ഇതില്‍ പറയുന്നതുപോലെ അത്ര വലിയൊരു കൂട്ടിയിടിയെ ഭൂമി അതിജീവിച്ചതെങ്ങനെയെന്ന ചോദ്യത്തിന് ഇപ്പോഴും കൃത്യമായ ഉത്തരം നല്‍കാന്‍ പ്രചാരകര്‍ക്ക് ആയിട്ടില്ല. 

കൂട്ടിയിടികളുടെ ചരിത്രത്തില്‍ മറ്റൊരു പ്രധാന സംഭവമാണ് ചിക്സ്ലബ് (Chicxulub) ആഘാതം. ഏതാണ്ട് 66 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ സംഭവത്തിന്റെ തെളിവ് 1990കളില്‍ ഗള്‍ഫ് ഓഫ് മെക്സിക്കോയില്‍ കണ്ടെത്തിയ 180 കിലോമീറ്റര്‍ വിസ്താരമുള്ള പടുകൂറ്റന്‍ വിള്ളലാണ്. ഏതാണ്ട് 15 കിലോമീറ്റര്‍ വ്യാസമുള്ള ഛിന്നഗ്രഹത്തിന്റെ പതനമാണിതെന്നാണ് നിഗമനം. ഭൂവിജ്ഞാനീയത്തില്‍ Cretaceous Period എന്നു വിശേഷിപ്പിക്കുന്ന കാലഘട്ടത്തിന്റെ അന്ത്യം കുറിച്ചത് ഈ ആഘാതമാണെന്നാണ് കരുതുന്നത്. ഇതിനെ പിന്തുടര്‍ന്ന പാരിസ്ഥിതിക മാറ്റങ്ങള്‍ ദിനോസറുകള്‍ ഉള്‍പ്പെടെ അന്ന് ഭൂമിയിലുണ്ടായിരുന്ന 75 ശതമാനം ജീവജാലങ്ങളുടെ വംശനാശത്തിന് കാരണമായെന്നാണ് അനുമാനം. 

ബഹിരാകാശത്തെ ഭൗതിക ശരീരങ്ങളുടെ ഇടിയേറ്റ് പരുവപ്പെട്ടത് ഭൂമി മാത്രമല്ല. ചന്ദ്രനിലും ചൊവ്വയിലുമെല്ലാം ഇത്തരം കൂട്ടിയിടികളുടെ അവശേഷിപ്പുകള്‍ ഗര്‍ത്തങ്ങളുടെയും വിള്ളലുകളുടെയും രൂപത്തില്‍ കാണാനാകും. Southpole -aitken Basin ചന്ദ്രനില്‍ കണ്ടെത്തിയിട്ടുള്ള 2500 കിലോമീറ്റര്‍ വ്യാസമുള്ള ഗര്‍ത്തമാണ്. ചൊവ്വാ ഗ്രഹത്തില്‍ ഉട്ടോപ്യ എന്ന് പേരുനല്‍കിയിട്ടുള്ള ഗര്‍ത്തത്തിന് വിസ്താരം 3300 കിലോമീറ്ററാണ്. 

ഭീമാകാരമായ ഒരു വസ്തുവന്ന് ഭൂമിയില്‍ പതിക്കുന്നത് ഭയാനകമായ ഭാവനതന്നെയാണ്. പ്രത്യേകിച്ച് സര്‍വനാശങ്ങളുടെ ചരിത്രം അത്തരം ആഘാതങ്ങള്‍ക്കുള്ളപ്പോള്‍. എന്നിരുന്നാലും ഇന്നുകാണുന്ന തരത്തില്‍ ജീവന് ഇടമൊരുക്കിതന്നതിന് പ്രപഞ്ചത്തിലെ ഭൗതികശരീരരങ്ങളോട് നാം കടപ്പെട്ടിരിക്കുന്നു. 

ആസ്‌ട്രോയിഡ് ദിനവും ഹെറയും 

1908 ജൂണ്‍ 30ന് റഷ്യയിലെ ടുങ്കുസ്‌ക (Tunguska) നദിക്ക് സമീപം ഉല്‍ക്ക പതിച്ച് വലിയ അഗ്നിബാധയുണ്ടായി. സമീപകാല ചരിത്രത്തില്‍ പ്രപഞ്ച വസ്തുമൂലം ഭൂമിയിലുണ്ടായ ഏറ്റവും വലിയ അപകടമാണത്. ഇതിന്റെ സ്മരണാര്‍ഥം ജൂണ്‍ 30 അന്താരാഷ്ട്ര ആസ്‌ട്രോയ്ഡ് ദിനമായി ആചരിക്കുന്നു. 
ആസ്‌ട്രോയിഡുകളെക്കുറിച്ച് പഠിക്കാനുള്ള യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ദൗത്യമാണ് ഹെറ. 

ആന്‍ ഹോജസ് 

ANN HODGESഉല്‍ക്കവീണ് പരിക്കുപറ്റുകയും അതിജീവിക്കുകയും ചെയ്ത ഒരാളെക്കുറിച്ചുമാത്രമേ ഇന്നത്തെ മനുഷ്യര്‍ക്ക് ഉറപ്പിച്ചുപറയാന്‍ കഴിയൂ. ആന്‍ ഹോജസ് എന്നാണ് അവരുടെ പേര്. 1954ല്‍ അലബാമയിലാണ് സംഭവം. കട്ടിലില്‍ പുതച്ചുറങ്ങുകയായിരുന്ന അന്നയുടെ ദേഹത്തേക്ക് വീടിന്റെ മേല്‍ക്കൂര പൊളിച്ച് ഫുട്‌ബോളിന്റെ വലുപ്പമുള്ള കറുത്ത വസ്തു പതിക്കുകയായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഉള്‍ക്കവീണ് ഒരാള്‍ക്ക് പരിക്കേറ്റത് രേഖപ്പെടുത്തിയത്. അതിനുശേഷവും ഇങ്ങനെയൊരു സംഭവം എവിടെയും സ്ഥിരീകരിച്ചിട്ടില്ല.

(തൊഴില്‍വാര്‍ത്ത ഹരിശ്രീയില്‍ പ്രസിദ്ധീകരിച്ചത്)

thozhil

Content Highlights: meteorite impacts on earth