പാമ്പുകളെക്കുറിച്ചുള്ള ഐതിഹ്യങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് പുരാതന ഗ്രീസില്‍ നിലനിന്ന ഒരു ദിവ്യചികിത്സാ രീതിയാണ്. അക്കാലത്ത് ഗ്രീസില്‍ അമ്പലങ്ങളായിരുന്നു ആശുപത്രികള്‍. ഇത്തരം നൂറുകണക്കിന് ദേവാലയങ്ങള്‍ പുരാതന ഗ്രീസില്‍ ഉണ്ടായിരുന്നു. മനോഹരങ്ങളായ പര്‍വതങ്ങളുടെ താഴ്വരപ്രദേശത്ത്,നിറയെ പൂന്തോട്ടങ്ങളുള്ള, ശാന്തിയും നിശ്ശബ്ദതയും വഴിഞ്ഞൊഴുകുന്ന ,അസ്‌ക്ളീപിയോണുകള്‍ എന്നറിയപ്പെടുന്ന ദേവാലയാശുപത്രികള്‍.

ശാന്തശീലരായ നായ്ക്കളും പൂവന്‍കോഴികളും വിഷമില്ലാത്ത പാമ്പുകളും ഇഷ്ടംപോലെയുണ്ടാവും അത്തരം ഓരോ ആശുപത്രികളിലും. നല്ല പോഷകഗുണമുള്ള ഭക്ഷണം, ആവശ്യത്തിന് വ്യായാമം ചെയ്യാനുള്ള സംവിധാനങ്ങള്‍, ഔഷധജലത്തിലുള്ള കുളി അങ്ങനെ പല നല്ല സംവിധാനങ്ങളുമുണ്ടായിരുന്നു അസ്‌ക്ളീപിയോണുകളില്‍. നല്ല ആഹാരം കഴിച്ച്, നല്ല പോലെ വ്യായാമം ചെയ്ത്, നല്ല പാട്ടും കഥയുമൊക്കെ കേട്ട്, നല്ല കാഴ്ചകള്‍ കണ്ട്, നല്ലവണ്ണം പ്രാര്‍ത്ഥിച്ച് ഉറങ്ങാന് കിടക്കുന്ന രോഗിക്ക് കറുപ്പ് ( opium) പോലുള്ള ഇത്തിരി മയക്കുമരുന്ന് നല്കും. അതിന്റെ ലഹരിയില്‍ ഉറങ്ങിപ്പോകുന്ന രോഗി, ആ ഉറക്കത്തില്‍ സ്വപ്നം കാണും. അങ്ങനെ കണ്ട സ്വപ്നങ്ങളെക്കുറിച്ച് പിറ്റേന്ന് രാവിലെ ദേവാലയത്തിലെ പ്രധാന പൂജാരിയോട് പറയണം.ആ സ്വപ്നം വ്യാഖ്യാനിച്ചാണ് രോഗിയുടെ ചികിത്സ തീരുമാനിക്കപ്പെടുക !

ഇത്തരം അസ്‌ക്ളീപിയോണ്‍ ദേവാലയങ്ങളിലെ പ്രധാന പൂജാരി- കം - ഡോക്ടര്‍ ആയിരുന്നു അസ്‌ക്ളീപിയസ് എന്ന ആരോഗ്യദേവന്‍. ഈ അസ്‌ക്ളീപിയസിന്റെ അഞ്ച് പെണ്‍മക്കളില്‍ രണ്ടു പേരായിരുന്നു ഹൈജിയയും പനേഷ്യയും. അവരായിരുന്നു അമ്പലം-കം-ആശുപത്രിയിലെ നേഴ്സുമാര്‍. 

Hermes Ingenui
By Marie-Lan Nguyen (2009), Public Domain,
https://commons.wikimedia.org/w/index.php?curid=487496

ഈ ദേവാലയങ്ങളിലെത്തുന്ന എല്ലാ രോഗികള്‍ക്കും ഏകദേശം ഒരേതരം ചികിത്സയായിരുന്നു കൊടുത്തിരുന്നത്. അവരുടെ വസ്ത്രങ്ങള്‍ അഴിച്ചു വെച്ച്, ദേവാലയത്തില്‍ നിന്ന് കൊടുക്കുന്ന ലളിതവസ്ത്രങ്ങള്‍ ധരിക്കണം. എന്നിട്ട് ഐസൊലേഷന്‍ മുറിക്കുള്ളില്‍  മൂന്നുദിവസം ഉപവാസം എടുക്കണം. മൂന്നാംദിവസം രാത്രിയില്‍ അസ്‌കുലേപ്യന്‍ പാമ്പുകള്‍ എന്നറിയപ്പെടുന്ന ദിവ്യ നാഗങ്ങള്‍ ഇഴഞ്ഞെത്തി രോഗികളുടെ ശരീരത്തില്‍ നാവു നീട്ടി നക്കും. ഇതോടെ രോഗിയുടെ രോഗം പൂര്‍ണ്ണമായും മാറുകയും രോഗി സുഖപ്പെടുകയും ചെയ്യും. (കൂടുതല്‍ സങ്കീര്‍ണമായ ചികിത്സ വേണ്ടവര്‍ക്കായിരുന്നു സ്വപ്നവ്യാഖ്യാനവും അതിന്റെ അടിസ്ഥാനത്തില്‍ ഉള്ള ചികിത്സകളും )

ഇങ്ങനെ ശരീരത്തിനും മനസ്സിനും ഒരേപോലെ ചികിത്സ നല്കിയ അസ്‌ക്ളീപിയോണ്‍ ദേവാലയങ്ങളില്‍ എത്തിപ്പെട്ട രോഗികളില്‍ ഭൂരിഭാഗവും അസുഖം സുഖപ്പെട്ട് വീട്ടിലേക്ക് മടങ്ങി. അഥവാ ആരെങ്കിലും മരിച്ചാല്‍ പോലും അസ്‌ക്ളീപിയസ് അസ്‌കുലേപ്യന്‍ പാമ്പില്‍ നിന്ന് കിട്ടിയ ഒരു മാന്ത്രിക ഇല കൊണ്ട് മരിച്ചവരുടെ ജീവന്‍ പോലും തിരിച്ചുപിടിച്ചു തുടങ്ങി.

അതോടെ നരകത്തിന്റെ ദേവതയായ ഹെയ്ഡീസിന് ( പ്ളൂട്ടോ ) ഇരിക്കപ്പൊറുതിയില്ലാതായി. അദ്ദേഹം ഒളിമ്പസ് പര്‍വതത്തിന് മുകളിലെത്തി  ദേവരാജാവായ സിയൂസിനോട് പരാതി പറഞ്ഞു. സിയൂസ് ദേവന്‍ തന്റെ ആയുധമായ ഇടിമിന്നല്‍ അയച്ച് അസ്‌ക്ളീപിയസ് എന്ന ദേവവൈദ്യനെ വധിക്കുകയും ചെയ്തു. എങ്കിലും, ഇത്ര കഴിവുള്ള ഒരു ഡോക്ടര്‍ ആയിരുന്നതുകൊണ്ട് സിയൂസ് അദ്ദേഹത്തെ മരണാനന്തരം ആകാശത്തിലെ ഒരു നക്ഷത്രസമൂഹമാക്കി എന്നാണ് ഐതിഹ്യം. വൃശ്ചികരാശിക്കു സമീപം ഇന്നും നമുക്ക് അങ്ങനെ ആകാശത്തില്‍ അസ്‌ക്ളീപിയസ് എന്ന ആദിമദിവ്യവൈദ്യനെ കാണാം!

doctor signഅസ്‌ക്ളീപിയസ് എന്ന ഗ്രീക്ക് ദേവന്റെ പേരില്‍ നിന്നാണ് നമ്മുടെ 'ആശുപത്രി' എന്ന വാക്ക് ഉണ്ടായത്.

 

ആശുപത്രി , നഴ്സ് , ഒറ്റമൂലി എന്നീ വാക്കുകളുടെ പിറവി

നമ്മള്‍ പറഞ്ഞ അസ്‌ക്ളീപിയസ് എന്ന ഗ്രീക്ക് ദേവന്റെ പേരില്‍ നിന്നാണ് നമ്മുടെ 'ആശുപത്രി' എന്ന വാക്ക് ഉണ്ടായത്. ഇംഗ്ലീഷില്‍ hospital എന്ന വാക്കും ഹിന്ദിയില്‍ ആസ്പത്രിക്ക് പറയുന്ന ആസ്പതാല്‍ എന്ന വാക്കുമൊക്കെ ഉണ്ടായിട്ടുള്ളതും അസ്‌ക്ളീപിയസ് എന്ന ഇതേ വാക്കില്‍ നിന്ന് തന്നെയാണ്. നമ്മള്‍ പറഞ്ഞ അസ്‌ക്ളീപിയസിന്റെ രണ്ട് പെണ്‍മക്കള്‍, അതായത് രോഗികളെ ശുശ്രൂഷിച്ചിരുന്ന നേഴ്സുമാര്‍ - ഹൈജിയയും പനേഷ്യയും - അവരുടെ പേരില്‍ നിന്നുമുണ്ടായി ആരോഗ്യരംഗത്തെ രണ്ട് പ്രധാനപ്പെട്ട വാക്കുകള്‍. ഹൈജിയയുടെ പേരില്‍ നിന്ന് ഹൈജീന്‍ അഥവാ ശുചിത്വം എന്ന വാക്കും, പനേഷ്യയുടെ പേരില്‍ നിന്ന് പനേഷ്യ അഥവാ ഒറ്റമൂലി എന്ന വാക്കും !

doctor signഅസ്‌ക്ളീപിയസിന്റെ രണ്ട് പെണ്‍മക്കളായ ഹൈജിയയുടെ പേരില്‍ നിന്ന് ഹൈജീന്‍ അഥവാ ശുചിത്വം എന്ന വാക്കും പനേഷ്യയുടെ പേരില്‍ നിന്ന് പനേഷ്യ അഥവാ ഒറ്റമൂലി എന്ന വാക്കും ഉണ്ടായി.

ഈ അസ്‌ക്ളീപിയസിന്റെ സ്ഥാനദണ്ഡിന്റെ മുകളില്‍ ചുറ്റിക്കയറിയ ഒരു അസ്‌കുലേപിയന്‍ പാമ്പായിരുന്നു ഏകദേശം രണ്ടാം ലോകമഹായുദ്ധം വരെ നമ്മുടെ ഡോക്ടര്‍മാരുടേയും ആശുപത്രികളുടേയുമൊക്കെ ചിഹ്നം.

പിന്നീട് അത് കഡ്യൂസിയസ് എന്നറിയപ്പെടുന്ന,ഹെര്‍മിസ് ദേവന്റെ സ്ഥാനദണ്ഡായി. അതിനുമുണ്ട് ഒരു കാരണം. അക്കാലത്ത് മെഡിക്കല്‍ പുസ്തകങ്ങളൊക്കെ അച്ചടിക്കുന്നവര്‍ പൊതുവായി ഉപയോഗിച്ചു കൊണ്ടിരുന്ന ഒരു അടയാളമായിരുന്നു കഡ്യൂസിയസ്. കഡ്യൂസിയസും ഒരു സ്ഥാനദണ്ഡ് ആണ്. ഇരുവശത്തു നിന്നും രണ്ടു പാമ്പുകള്‍ ചുറ്റിക്കയറിയ തരത്തിലുള്ള സ്ഥാനദണ്ഡ്.

doctor symbolകള്ളന്മാരുടേയും കച്ചവടക്കാരുടേയും ശവസംസ്‌കാരകര്‍മ്മികളുടേയുമൊക്കെ ദേവനായി ഗ്രീക്ക് പുരാണങ്ങളില്‍ വാഴ്ത്തപ്പെടുന്ന ഹെര്‍മിസ് ദേവന്റെ സ്ഥാനദണ്ഡ് ആണ് കഡ്യൂസിയസ്.
ഈ ദേവനെ ദേവന്മാരുടെ സന്ദേശവാഹകനായും വിശേഷിപ്പിക്കാറുണ്ട്. അച്ചടിക്കുന്ന ആള്‍ക്കാരും ഒരുതരത്തില്‍ സന്ദേശവാഹകര്‍ തന്നെയാണല്ലോ. ഒരു പ്രത്യേക ആശയത്തെയോ അറിവിനെയോ ഒക്കെ വായനക്കാരിലെത്തിക്കുന്ന സന്ദേശവാഹകര്‍. അതുകൊണ്ടാണ് അവര്‍ ഈ അടയാളം അച്ചടിയടയാളമായി അന്ന് ഉപയോഗിച്ച് തുടങ്ങിയത്.

1902ല്‍ അമേരിക്കന്‍ പട്ടാളക്കാരുടെ സര്‍ജന്‍ ജനറല്‍, അതുവരെ പട്ടാളഡോക്ടര്‍മാര്‍ അവരുടെ ഓവര്‍കോട്ടില്‍ ആലേഖനം ചെയ്തുകൊണ്ടിരുന്ന, അസ്‌ക്ളീപിയസിന്റെ സ്ഥാനദണ്ഡിന്റെ അടയാളം മാറ്റി ഹെര്‍മിസ് ദേവന്റെ കഡ്യൂസിയസ് ആക്കി. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ തന്നെ !മാത്രമല്ല, ആര്‍മി തലവനോട് കാരണം ചോദിക്കാന്‍ അന്ന് ആര്‍ക്കും ധൈര്യവുമുണ്ടായിരുന്നില്ല. പോരാത്തതിന് അന്നൊക്കെ ആര്‍മിയുടെ സമീപനം എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ മൂന്നുവഴികളുണ്ടെന്നായിരുന്നു. The right way, the wrong way and the army way അങ്ങനെയാണ് നമ്മുടെ ഡോക്ടര്‍മാരും ആശുപത്രികളുമൊക്കെ കള്ളന്മാരുടെയും കച്ചവടക്കാരുടേയും ശവസംസ്‌കാരകര്‍മ്മികളുടേയുമൊക്കെ ദേവന്റെ അധികാരചിഹ്നം സ്വന്തം ചിഹ്നമായി ഉപയോഗിച്ച് തുടങ്ങിയത് !

content highlights: Why snakes are present in Doctor's sign