ന്ത്യയും നേപ്പാളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശമാണ് കാലാപാനി. ഇന്ത്യ, നോപ്പാള്‍, ടിബറ്റ് അതിര്‍ത്തികളുടെ സംഗമപ്രദേശമാണിത്. കൈലാസ്-മാനസരോവര്‍ പാതയില്‍ സമുദ്രനിരപ്പില്‍നിന്ന് 3600 മീറ്റര്‍ മുകളിലായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഉത്തരാഖണ്ഡിലെ ഭോതിയ ഗോത്രവിഭാഗക്കാര്‍ക്ക് ടിബറ്റിലേക്കുള്ള വ്യാപാരമാര്‍ഗം കൂടിയാണ്. ഉത്തരാഖണ്ഡിലെ പിതോര്‍ഗഢ് ജില്ലയുടെ ഭാഗമായ കാലാപാനിയ്ക്കുമേല്‍ നേപ്പാള്‍ അവകാശവാദമുന്നയിക്കുന്നുണ്ട്. 35 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഈ പ്രദേശം തങ്ങളുടെ ദര്‍ച്ചുല ജില്ലയുടെ ഭാഗമാണ് എന്നാണ് നേപ്പാള്‍ അവകാശപ്പെടുന്നത്. എന്നാല്‍ 1962ലെ ചൈന യുദ്ധത്തിനുശേഷം ഇന്തോ ടിബറ്റര്‍ അതിര്‍ത്തിപ്പോലീസാണ് കാലാപാനിയെ നിയന്ത്രിക്കുന്നത്. 

എന്താണ് ഇപ്പോഴത്തെ പ്രശ്‌നത്തിനുള്ള കാരണം?

കശ്മീരിനെ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കിയ ശേഷം, നവംബര്‍ 2-ന് ഇന്ത്യ പുറത്തിറക്കിയ ഭൂപടത്തില്‍ കാലാപാനിയെ ഇന്ത്യയുടെ പ്രദേശമായി ഉള്‍പ്പെടുത്തിയതാണ് നേപ്പാളിനെ ചൊടിപ്പിച്ചത്. ഇതേതുടര്‍ന്ന്, നേപ്പാള്‍ തങ്ങളുടേതാണെന്നും ഇന്ത്യ അവിടെ നിന്ന് പുറത്തുപോകണമെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ക്കു പരമാധികാരമുള്ള പ്രദേശമാണ് കാലാപാനിയെന്നും അതുകൊണ്ടാണ് ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇന്ത്യ അതിര്‍ത്തി മാറ്റി വരച്ചിട്ടില്ലെന്നും ഇന്ത്യയും വ്യക്തമാക്കി. 

ചരിത്രം

തര്‍ക്കത്തിന്റെ മൂലകാരണമായി കണക്കാക്കുന്നത് പ്രദേശത്തുകൂടി ഒഴുകുന്ന മഹാകാളി നദിയാണ്. കാളിനദിയുടെ കിഴക്കന്‍ തീരത്താണ് കാലാപാനി സ്ഥിതി ചെയ്യുന്നത്. ഈ നദിയുടെ എണ്ണമറ്റ കൈവഴികള്‍ ഒന്നിക്കുന്നത് കാലാപാനിയിലാണ്. ഈ കൈവഴികളില്‍ മിക്കതിന്റെയും ഉറവിടം നേപ്പാളിലെ ലിപു ലേഖ് ചുരമാണെന്നും അതുകൊണ്ട് പ്രദേശവും നദിയും തങ്ങളുടേതാണെന്നുമാണ് നേപ്പാളിന്റെ വാദം. 

1870-കളിലെ ബ്രിട്ടീഷ് സര്‍വേ രേഖകളിലും 1979-ലെ ഭൂപടത്തിലും കിഴക്കന്‍ തീരത്തെയും കാലാപാനിയെയും ഇന്ത്യയുടെ ഭാഗമായാണ് രേഖപ്പെടുത്തിയിട്ടുളളത്.  

സിഗൗലി ഉടമ്പടി

1814-16-ലെ ഗൂര്‍ഖായുദ്ധം അവസാനിപ്പിച്ചശേഷം 1816-ല്‍ നേപ്പാളും ബ്രിട്ടീഷ് ഇന്ത്യയും ഒപ്പിട്ട ഉടമ്പടിയാണിത്. ഇതില്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയായി മഹാകാളിനദിയെ അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കൈവഴികളെക്കുറിച്ചോ നദിയുടെ ഉറവിടത്തെക്കുറിച്ചോ സന്ധിയില്‍ പരാമര്‍ശമില്ല. 

സുസ്ത ഗ്രാമം

ഇന്ത്യയും നേപ്പാളുമായി തര്‍ക്കം നിലനില്‍ക്കുന്ന മറ്റൊരു പ്രദേശമാണിത്. ഗന്തക് നദിയുടെ(നേപ്പാളില്‍ നാരായണി എന്നറിയപ്പെടുന്ന) തീരതീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ബിഹാറിലെ പശ്ചിമ ചമ്പാരണ്‍ ജില്ലയുടെ ഭാഗമായാണ് ഇന്ത്യ കണക്കാക്കുന്നത്. എന്നാല്‍ നേപ്പാളിലെ പരാസി ജില്ലയുടെ ഭാഗമാണ് സുസ്ത എന്നാണ് നേപ്പാള്‍ അവകാശപ്പെടുന്നത്. 

ഇന്ത്യ-നേപ്പാള്‍ പ്രധാന ഉടമ്പടികള്‍, പദ്ധതികള്‍

നേപ്പാളിന്റെ ഏറ്റവും വലിയ വ്യവസായ പങ്കാളിയാണ് ഇന്ത്യ. പ്രെട്രോളിയം ഉല്‍പ്പന്നങ്ങള്‍, മോട്ടോര്‍ വാഹനങ്ങളും സ്‌പെയര്‍ പാര്‍ട്ട്‌സ്, മരുന്നുകള്‍, ഇലക്ട്രിക്ക് ഉപകരണങ്ങള്‍, സിമെന്റ്, ഏലക്ക എന്നിവയാണ് ഇന്ത്യയില്‍ നിന്നും നേപ്പാളിലേക്കുള്ള പ്രധാന കയറ്റുമതി ഉല്‍പ്പന്നങ്ങള്‍. 

ഇന്ത്യ-നേപ്പാള്‍ ഇന്ധനക്കുഴല്‍

മോത്തിഹരി-അമ്ലേകുഞ്ചി പൈപ്പ്‌ലൈന്‍ അഥവാ ഇന്ത്യ-നേപ്പാള്‍ ഇന്ധനക്കുഴല്‍ 2019 സെപ്തംബറിലാണ് ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും നേപ്പാള്‍ ഓയില്‍ കോര്‍പ്പറേഷനും സംയുക്തമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഈ പദ്ധതി ദക്ഷിണേന്ത്യയിലെ രാജ്യാതിര്‍ത്തി കടന്നുള്ള ആദ്യ ഇന്ദനവിതരണ പൈപ്‌ലൈനാണ്. പദ്ധതിയിലൂടെ വര്‍ഷം 20 ലക്ഷം മെട്രിക് ടണ്‍ പെട്രോളിയം ഉത്പന്നങ്ങള്‍ നേപ്പാളിലെത്തിക്കാനാകും. 1996-ല്‍ തുടക്കമിട്ട പൈപ്‌ലൈനിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2014-ലാണ് വേഗത്തിലാക്കുന്നത്. പദ്ധതിക്കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പു വയ്്ക്കുന്നത് 2015 ലാണ്. പദ്ധതി നിലവില്‍ വരുന്നതുവരെ ടാങ്കറുകളിലാണ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ നേപ്പാളിലേക്ക് കടത്തിയരുന്നത്. 

പ്രധാന ജനക്കരാറുകള്‍

  • കോശി കരാര്‍ (1954)
  • ഗന്തക് ഉടമ്പടി (1959)
  • മഹാകാളി കരാര്‍ (1996) 

നേപ്പാള്‍

ബിഹാര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍, സിക്കിം എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണേഷ്യന്‍ രാജ്യമാണ് നേപ്പാള്‍. സമുദ്രനിരപ്പില്‍ നിന്നും ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് കൊടുമുടിയടക്കം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളില്‍ എട്ടെണ്ണം നേപ്പാളിലാണ്. കാഠ്മണ്ഡുവാണ് നേപ്പാളിന്റെ തലസ്ഥാനം.

Content highlights: Kalapani, India Nepal Relations, Border issues