ന്റര്‍നെറ്റിലൂടെയുള്ള അഭിപ്രായസ്വാതന്ത്ര്യം, ജോലി, വ്യാപാരം എന്നിവ മൗലികാവകാശമാണെന്ന് ജനുവരി 10ന് സുപ്രീംകോടതി വിധിച്ചു. അനുരാധ ഭാസിന്‍ Vs. യൂണിയന്‍ ഓഫ് ഇന്ത്യ കേസിലാണ് സുപ്രധാന വിധി.

ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെത്തുടര്‍ന്ന് അവിടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചോദ്യംചെയ്ത് കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധാ ഭാസിന്‍, കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളില്‍ ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് സുപ്രധാന വിധി പ്രഖ്യാപിച്ചത്. ജസ്റ്റിസുമാരായ ആര്‍. സുഭാഷ് റെഡ്ഡി, വി.ആര്‍.ഗവായ് എന്നിവരാണ് മറ്റ് രണ്ട് ജഡ്ജിമാര്‍.

ജമ്മുകശ്മീരില്‍ അഞ്ച് മാസമായി തുടരുന്ന നിയന്ത്രണങ്ങള്‍ ഭരണ ഘടന ഉറപ്പ് നല്‍കുന്ന സഞ്ചാര സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, വ്യാപാര, തൊഴില്‍ സ്വാതന്ത്ര്യം എന്നിവയെ ഹനിക്കുന്നുവെന്നായിരുന്നു പരാതി.

കോടതിയുടെ നിരീക്ഷണങ്ങള്‍

 • ഭരണഘടനുടെ മൂന്നാം ഭാഗത്തില്‍ മൗലികാവകാശങ്ങളെ 'Negative List' ആയാണ് വിവരിച്ചിട്ടുള്ളത്. അതായത് ഭരണഘടനതന്നെ നിര്‍ദേശിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് വിധേയമായ മൗലികാവകാശങ്ങള്‍. എന്നാല്‍ ആര്‍ട്ടിക്കിള്‍ 21A  'Positive Right' ആണ്. ആറുമുതല്‍ 14 വയസുവരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായി വിദ്യാഭ്യാസം നല്‍കണമെന്നാണ് ആര്‍ട്ടിക്കിള്‍ 21A വ്യവസ്ഥ ചെയ്യുന്നത്.

മൗലികാവകാശങ്ങള്‍

 • ഭരണഘടനയുടെ മൂന്നാം ഭാഗത്തിലാണ് മൗലികാവകാശങ്ങളെക്കുറിച്ച് പറയുന്നത്.
 • ഭരണഘടന നിലവില്‍വന്ന സമയത്ത് ഏഴ് മൗലികാവകാശങ്ങളാണ് ഉണ്ടായിരുന്നത്:
 1. തുല്യതയ്ക്കുള്ള അവകാശം ( ആര്‍ട്ടിക്കിള്‍ 14-18)
 2. സ്വാതന്ത്ര്യത്തിനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 19-22)
 3. ചൂഷണത്തിനെതിരായ അവകാശം (ആര്‍ട്ടിക്കിള്‍ 23-24)
 4. മതസ്വാതന്ത്ര്യം (ആര്‍ട്ടിക്കിള്‍ 25-28)
 5. സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍ (ആര്‍ട്ടിക്കിള്‍ 29-30)
 6. സ്വത്തവകാശം (ആര്‍ട്ടിക്കിള്‍ 31)
 7. ഭരണഘടനാധിഷ്ഠിതമായ പരിഹാരമാര്‍ഗങ്ങള്‍ക്കുള്ള അവകാശം (ആര്‍ട്ടിക്കിള്‍ (32)
 • 1978-ലെ 44-ാം ഭരണഘടനാ ഭേദഗതിയിലൂടെ സ്വത്തവകാശം മൗലികാവകാശമല്ലാതാക്കി. നിലവിലിത് ആര്‍ട്ടിക്കിള്‍ 300-Aയ്ക്ക് കീഴില്‍ വരുന്ന നിയമപരമായ അവകാശമാണ്. അതുകൊണ്ട് നിലവില്‍ ആറ് മൗലികാവകാശങ്ങളാണ് ഭരണഘടന ഉറപ്പ് നല്‍കുന്നത്.

 

 • ഇന്റര്‍നെറ്റ് ഇന്ന് വിവരവിനിമയത്തിനുള്ള ഏറ്റവും ശക്തമായ മാധ്യമമാണ്. അതുകൊണ്ടുതന്നെ ഇന്റര്‍നെറ്റിലൂടെ അഭിപ്രായപ്രകടനത്തിനും ആവിഷ്‌കാരത്തിനുമുള്ള സ്വാതന്ത്ര്യം ആര്‍ട്ടിക്കിള്‍ 19 (1) (A) യുടെ അവിഭാജ്യ ഘടകമാകുന്നു. ഇതിന് എന്തെങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ആര്‍ട്ടിക്കിള്‍ 19 (2)ന് വിധേയമായിട്ടാകണം.
 • ആര്‍ട്ടിക്കിള്‍ 19 (1) (A): അഭിപ്രായപ്രകടനത്തിനും ആശയാവിഷ്‌കാരത്തിനുമുള്ള സ്വാതന്ത്ര്യം
 • ആര്‍ട്ടിക്കിള്‍ 19 (2): അഭിപ്രായപ്രകടനത്തിനും ആശയാവിഷ്‌കാരത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താവുന്ന സാഹചര്യങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുന്നു.

 

 • ആശയവിനിമയത്തിനുള്ള മാധ്യമത്തിന്റെ സംരക്ഷണം ആര്‍ട്ടിക്കിള്‍ 19 (1) (A) യുടെ പരിധിയില്‍ വരുമെന്ന് സ്ഥാപിക്കുന്ന സുപ്രിം കോടതിയുടെ മുന്‍ വിധികളില്‍ സുപ്രധാനമാണ് ഇന്ത്യന്‍ എക്‌സ്പ്രസ് Vs. യൂണിയന്‍ ഓഫ് ഇന്ത്യ (1985) കേസ്. പത്രസ്വാതന്ത്ര്യം അഭിപ്രായപ്രകടനത്തിനും ആശയാവിഷ്‌കാരത്തിനുമുള്ള സ്വാതന്ത്ര്യത്തിന്റെതന്നെ പരിധിയില്‍ വരുമെന്ന് സുപ്രിം കോടതി വിധിച്ചത് ഈ കേസിലാണ്.
 • വ്യാപാരത്തിനും വാണിജ്യത്തിനും ഇന്റര്‍നെറ്റ് സേവനം ഇപ്പോള്‍ വളരെ പ്രധാനമാണ്. അതുകൊണ്ട് ഇന്റര്‍നെറ്റ് അധിഷ്ഠിതമായ ഉദ്യോഗവും വ്യാപാരവുമെല്ലാം ആര്‍ട്ടിക്കിള്‍ 19 (1)(g) യുടെ അടിസ്ഥാനത്തില്‍ സംരക്ഷിക്കപ്പെടേണ്ടതാണ്. ഇതിന്മേല്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ആര്‍ട്ടിക്കിള്‍ 19 (6)ന് വിധേയമായിരിക്കണം.
 • ആര്‍ട്ടിക്കിള്‍ 19 (1) (g): ഏത് പ്രൊഫഷനിലും ഉപജീവനമാര്‍ഗത്തിലും ബിസിനസിലും ഏര്‍പ്പെടുന്നതിനുള്ള അവകാശം.  
 • ആര്‍ട്ടിക്കിള്‍ 19 (6): തൊഴില്‍പരമായ അവകാശങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താവുന്ന സാഹചര്യങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുന്നു.

 

 • ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്ന നടപടികള്‍ ജുഡീഷ്യല്‍ റിവ്യൂവിന് വിധേയമാണ്.
 • കശ്മീരില്‍ ടെലികോം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെക്കുന്നതുള്‍പ്പെടെ 144ാം വകുപ്പ് പ്രകാരമിറക്കിയ എല്ലാ ഉത്തരവുകളും പരസ്യപ്പെടുത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നത്‌ കോടികളുടെ നഷ്ടമുണ്ടാക്കുന്നു

GK & CA
മാതൃഭൂമി ജി.കെ. & കറന്റ് അഫയേഴ്‌സ് മാസിക വാങ്ങാം

സോഫ്റ്റ്‌വേര്‍ ഫ്രീഡം ലോ സെന്ററിന്റെ കണക്കുകള്‍ അനുസരിച്ച് 2012ന് ശേഷം ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ 381 തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിട്ടുണ്ട്. ഇതില്‍ 2014ന് ശേഷം മാത്രം 357 തവണ. 2014ല്‍ ആറ് തവണയാണ് ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിയതെങ്കില്‍ 2019ല്‍ ഡിസംബര്‍ 15വരെയുള്ള കണക്ക് പ്രകാരം 93 തവണയാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. 2018ല്‍ ഇത് 134 തവണയായിരുന്നു. ഇന്ത്യയില്‍ ഏറ്റവും നീണ്ട ഇന്റര്‍നെറ്റ് തടസപ്പെടുത്തലാണ് ഇപ്പോള്‍ ജമ്മു കശ്മീരില്‍ ഉണ്ടായിട്ടുള്ളത്.

2019ല്‍ 4196 മണിക്കൂര്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടതിലൂടെ ഇന്ത്യയ്ക്ക് 1.3 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായതായി Top10VPN എന്ന അന്താരാഷ്ട്ര ഗവേഷണ സംഘത്തിന്റെ കണക്കില്‍ പറയുന്നു. ഇന്റര്‍നെറ്റ് തടസപ്പെടുത്തല്‍ മൂലം സാമ്പത്തിക നഷ്ടമുണ്ടായ രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഇറാഖും സുഡാനുമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

Content Highlights: internet shutdown in Jammu & Kashmir, Internet access is fundamental right, Supreme Court of India, Article 19