കാലാവസ്ഥാവ്യതിയാനത്തെയും മരുഭൂമിവത്കരണത്തെയും നേരിടാന്‍ ഹരിതമതില്‍ (Great Green Wall of India) നിര്‍മിക്കാന്‍ കേന്ദ്രം പദ്ധതിയിടുന്നു എന്ന വാര്‍ത്ത പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. 1,400 കിലോമീറ്റര്‍ നീളവും അഞ്ച് കിലോമീറ്റര്‍ വീതിയുമുള്ള 'ഹരിത മതില്‍' ഗുജറാത്തിലെ പോര്‍ബന്ദറില്‍ തുടങ്ങി രാജസ്ഥാനിലൂടെ ഹരിയാണയിലെ പാനിപ്പത്തുവരെ നീളും. ആഫ്രിക്കയില്‍ നടപ്പിലാക്കിയ 'ഗ്രേറ്റ് ഗ്രീന്‍ വാള്‍ ഓഫ് ആഫ്രിക്ക' പദ്ധതിയുടെ മാതൃകയില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഹരിതമതിലിന്റെ ലക്ഷ്യം വര്‍ധിച്ചുവരുന്ന കാലാവസ്ഥാദുരന്തങ്ങളും വനനശീകരണവും താര്‍ മരുഭൂമിയുടെ കിഴക്കോട്ടുള്ള വികാസവും തടയുക എന്നതാണ്. 

രാജസ്ഥാനില്‍നിന്ന് വീശിയെത്തുന്ന പൊടിക്കാറ്റിനെ നേരിടാനും അന്തരീക്ഷമലിനീകരണം കുറയ്ക്കാനും ഇത് സഹായകമാകും. ശ്വാസകോശത്തെ ബാധിക്കുന്ന പാര്‍ട്ടിക്കുലേറ്റ് മാറ്ററിന്റെ അളവ് കുറയ്ക്കാന്‍ വൃക്ഷങ്ങള്‍ നടുന്നതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. 

great green wall of Indiaആരവല്ലി മലനിരകളിലെ വനവത്കരണത്തിലൂടെ ലക്ഷ്യമിടുന്ന ഈ ഗ്രീന്‍ ബെല്‍റ്റ്, നശിച്ച വനഭൂമി പുനഃസ്ഥാപിക്കാന്‍ സഹായിക്കുന്നതോടൊപ്പം പശ്ചിമ ഇന്ത്യയിലെയും പാകിസ്താനിലെയും മരുഭൂമിയില്‍ നിന്നുയരുന്ന പൊടിക്കാറ്റിന് ഒരു തടസ്സമായി പ്രവര്‍ത്തിക്കും.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്റോ) 2016-ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഡല്‍ഹി, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ ഇടങ്ങളിലെ 50 ശതമാനം വനഭൂമിയും നശിച്ചതായി കണ്ടെത്തിയിരുന്നു. 26 ദശലക്ഷം ഹെക്ടര്‍ ഭൂമി പുനഃസ്ഥാപിക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയുമെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്.

കളവുപറയാത്ത കണക്കുകള്‍

ഇന്ന് ഡല്‍ഹി നേരിടുന്ന വായുമലിനീകരണത്തിനും പൊടിക്കാറ്റിനുമൊക്കെ പരിഹാരമേകാന്‍ ഒരു പരിധിവരെ ഗ്രേറ്റ് ഗ്രീന്‍ വാള്‍ ഓഫ് ഇന്ത്യയ്ക്ക് കഴിയും. വനനശീകരണവും മരൂഭൂമിവത്കരണവും അമിത ഭൂഗര്‍ഭജലചൂഷണവുമാണ് ഇത്തരം പൊടിക്കാറ്റുകള്‍ക്ക് കാരണം. 2003-2017 കാലയളവില്‍ 22 പൊടിക്കാറ്റുകള്‍ മാത്രം നേരിട്ട സ്ഥാനത്ത് 2018-ല്‍ 16 സംസ്ഥാനങ്ങളിലായി മാത്രം അന്‍പതോളം തവണയാണ് പൊടിക്കാറ്റ് വീശിയത്. 500 മരണവും റിപ്പോര്‍ട്ട് ചെയ്തു. 

വായുമലിനീകരണം മൂലം 2017-ല്‍ 12.4 ലക്ഷം മരണങ്ങള്‍ രാജ്യത്ത് സംഭവിച്ചു എന്നാണ് ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച സര്‍വേ കണക്കുകള്‍ വ്യക്തമാക്കുന്നത്. കൂടാതെ മാലിന്യകണികകള്‍ അന്തരീക്ഷത്തില്‍ ഏറ്റവുമധികം തങ്ങിനില്‍ക്കുന്നത് ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഡല്‍ഹി, പഞ്ചാബ്, ഹരിയാണ എന്നീ സംസ്ഥാനങ്ങളിലാണെന്നും സര്‍വേ സൂചിപ്പിക്കുന്നു. ഇത് കൂടാതെ ഗര്‍ഭച്ഛിദ്രം വ്യാപകമാകുന്നതിന് വായുമലിനീകരണം കാരണമാവുന്നതായി ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

വനാവരണം 

ആരവല്ലി മലനിരകളുടെ ജൈവസമ്പത്ത് വര്‍ധിക്കുന്നതിനും ഹരിതമതില്‍ കാരണമാകും. ലോകത്ത് വനവിസ്തൃതിയില്‍ പത്താംസ്ഥാനത്താണ് ഇന്ത്യ. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, പശ്ചിമഘട്ട മലനിരകള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നീ പ്രദേശങ്ങളില്‍ കാണപ്പെടുന്ന നിത്യഹരിതവനങ്ങള്‍ മുതല്‍ ഹിമാലയന്‍ പര്‍വതനിരകളില്‍ കാണപ്പെടുന്ന കുറ്റിച്ചെടികള്‍വരെയുള്ള വിവിധ വനമേഖലകളാണ് രാജ്യത്തുള്ളത്. ഇവയ്ക്കിടയില്‍ ഉഷ്ണമേഖല നിത്യഹരിത വനങ്ങള്‍, ആര്‍ദ്രനിത്യഹരിത വനങ്ങള്‍, മുള്‍പ്പടര്‍പ്പുകള്‍, ഉപഉഷ്ണമേഖല പ്രദേശങ്ങളിലുള്ള പൈന്‍ വനങ്ങള്‍ എന്നിവയും  രാജ്യത്തുണ്ട്. 2017-ലെ ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം 802,088 ച.കി.മീ. ആണ് രാജ്യത്തെ വനപ്രദേശം. അതായത് മൊത്തം ഭൂപ്രകൃതിയുടെ 24.30 ശതമാനം. ഇതില്‍ 93,815 ച.കി.മീ. വൃക്ഷാവരണവും (ട്രീ കവര്‍) 7,08,273 ച.കി.മീ. വനാവരണവുമാണ് (ഫോറസ്റ്റ് കവര്‍). 98,158 ച.കി.മീ. നിബിഡവനവും, 3,08,318 ചി.കി.മീ. താരതമ്യേന നിബിഡവനവും 3,01,797 ച.കി.മീ. തുറന്ന വനപ്രദേശവും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ ആകെ വനാവരണം.

വനപരിപാലനത്തില്‍ 'ഫോറസ്റ്റ് ഹെല്‍ത്ത്' അഥവാ വനാരോഗ്യം എന്ന സങ്കല്‍പ്പം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ലഭ്യമായ വനമേഖലയുടെയും വനമേഖലയ്ക്ക് പുറത്തുള്ള വൃക്ഷങ്ങളുടെയും വനപ്രദേശങ്ങളുടെയും ശാസ്ത്രീയമായ അവലോകനം കാലാനുസൃതമായി നടപ്പിലാക്കുന്നത് ഇന്ത്യ ഉള്‍പ്പെടെ വളരെ കുറച്ച് രാജ്യങ്ങള്‍ മാത്രമാണ്. 

ഒരു ഹെക്ടറില്‍ കുറയാതെ വിസ്തൃതിയുള്ളതും പത്തുശതമാനമോ അതിലധികമോ വൃക്ഷങ്ങളോടുകൂടിയതുമായ പ്രദേശങ്ങളെയാണ് വനങ്ങളായി കണക്കാക്കുന്നത്. വനസാന്ദ്രതയ്ക്കനുസരിച്ച് വനങ്ങളെ തരംതിരിക്കാറുണ്ട്.

വനസാന്ദ്രത 70 ശതമാനമോ അതിലധികമോ ആയാല്‍ നിബിഡവനമെന്നും (Dense Forest), 40 ശതമാനത്തിനും 70 ശതമാനത്തിനും ഇടയിലുള്ളവയെ ഇടത്തരം നിബിഡവനം (Moderately Dense Forest) എന്നും 10 ശതമാനത്തിനും 40 ശതമാനത്തിനും ഇടയിലാണ് വനസാന്ദ്രതയെങ്കില്‍ അവ തുറസ്സായ വനമെന്നുമാണ് (Open Forest) അറിയപ്പെടുക. 10 ശതമാനത്തില്‍ താഴെ മാത്രം വനസാന്ദ്രതയുള്ളവയെ കുറ്റിക്കാടുകളായി (Scrub) കണക്കാക്കും. 

ഒരു ഹെക്ടറില്‍ താഴെ വിസ്തൃതിയുള്ള വൃക്ഷങ്ങളുടെ കൂട്ടത്തെയാണ് ട്രീ കവര്‍ എന്ന് വിളിക്കുന്നത്. വനേതര മരങ്ങളായ ഇവയെ വനത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്താറില്ല. 2013-ലെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 3,146 ചതുരശ്ര കിലോമീറ്റര്‍ ട്രീ കവറുണ്ടായിരുന്നെങ്കില്‍ 2015-ല്‍ ഇത് 2,951 ചതുരശ്ര കി.മീറ്ററായി ചുരുങ്ങി.

ആരവല്ലി മലനിരകള്‍

ഇന്ത്യയുടെ പശ്ചിമഭാഗത്തായി 800 കിലോമീറ്ററോളം നീളത്തില്‍ സ്ഥിതിചെയ്യുന്ന മലനിരകളാണ് ആരവല്ലി. 'കൊടുമുടികളുടെ വരി' എന്നര്‍ഥംവരുന്ന ആരവല്ലി രാജസ്ഥാന്‍, ഹരിയാണ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ വടക്കുകിഴക്കുമുതല്‍ തെക്കുപടിഞ്ഞാറ് ഭാഗംവരെ നീളുന്നു.

ആരവല്ലിയുടെ വടക്കന്‍ ഭാഗം ഹരിയാണ സംസ്ഥാനത്തിലൂടെ ഡല്‍ഹിയിലും ദക്ഷിണഭാഗം ഗുജറാത്തിലെ അഹമ്മദാബാദിനടുത്തുള്ള പലന്‍പുരിലും അവസാനിക്കുന്നു. ആരവല്ലിയിലെ ഏറ്റവും വലിയ കൊടുമുടി മൗണ്ട് ആബുവില്‍ 5653 അടി (1723 മീറ്റര്‍) ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഗുരു ശിഖര്‍ ആണ്.

യു.എന്‍.സമ്മേളനം

ജനസംഖ്യാ വര്‍ധന മൂലമുണ്ടായ മണ്ണിന്റെയും ശുദ്ധജലത്തിന്റെയും അമിതോപയോഗം ഭൂമിയുടെ നശീകരണത്തിന് വഴിവെച്ചു. മണ്ണിന്റെ ഗുണക്ഷയം, മരുവത്കരണം എന്നിവയാണ് ലോകരാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടവ. ജൈവസമ്പുഷ്ടമായ ഭൂമിക്ക് ഗുണക്ഷയം സംഭവിക്കുന്നതിലൂടെ മരുവത്കരണം ഉണ്ടാകുന്നു. മരുവത്കരണം ചെറുക്കുന്നതിനായുള്ള ഐക്യരാഷ്ട്രസഭയുടെ പതിനാലാമത് സമ്മേളനത്തിന് ആതിഥ്യം വഹിച്ചത് ഇന്ത്യയായിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ തരണം ചെയ്യുന്നതിനായി 197 രാജ്യങ്ങളില്‍നിന്നായി 9,000 പ്രതിനിധികള്‍ സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തു. ഭൂമിയെ നാശത്തില്‍നിന്ന് രക്ഷിക്കുന്നതിനായുള്ള ന്യൂഡല്‍ഹി പ്രഖ്യാപനത്തിനും സമ്മേളനം രൂപം നല്‍കി. 2015 ഡിസംബറിലെ പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനായി കാലാവസ്ഥ, ജൈവവൈവിധ്യം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണമെന്നാണ് പ്രഖ്യാപനത്തില്‍ ആവശ്യപ്പെടുന്നത്. 

ഭൂനശീകരണം, മരുഭൂമിവത്കരണം, വരള്‍ച്ച എന്നിവ തടയുന്നതിനായി 35 തീരുമാനങ്ങള്‍ പ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നു. ഇവ പാലിക്കാന്‍ 197 രാജ്യങ്ങള്‍ക്കും നിയമപരമായ ഉത്തരവാദിത്വമുണ്ട്.

സുസ്ഥിര വികസനം സാധ്യമാക്കാനായി 2030-ഓടെ ലാന്‍ഡ് ഡീഗ്രഡേഷന്‍ ന്യൂട്രാലിറ്റി കൈവരിക്കാന്‍ ലോകരാജ്യങ്ങള്‍ സമ്മേളനത്തില്‍ സംയുക്തമായി തീരുമാനമെടുത്തു. ഭൂവിഭവങ്ങളുടെ അളവും ഗുണനിലവാരവും സുസ്ഥിരമായി നിലനിര്‍ത്തുകയോ വര്‍ധിപ്പിക്കുകയോ ചെയ്യുക എന്നതാണ് ലാന്‍ഡ് ഡീഗ്രഡേഷന്‍ ന്യൂട്രാലിറ്റിയിലൂടെ ലക്ഷ്യമിടുന്നത്. 

ലോകവ്യാപകമായി, പ്രത്യേകിച്ചും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരും ഗ്രാമീണകര്‍ഷകരുമായ 3.2 ബില്യണ്‍ ജനങ്ങളെ ഭൂമിനശീകരണം സാരമായി ബാധിച്ചിട്ടുണ്ട്. സംയോജിത ഭൂവിനിയോഗം തദ്ദേശഭരണകൂടങ്ങള്‍ നടപ്പില്‍വരുത്തണമെന്ന അഭിപ്രായം സമ്മേളനം മുന്നോട്ടുവയ്ക്കുന്നു. 

ജൈവവൈവിധ്യവും ആവാസവ്യവസ്ഥയും സംരക്ഷിക്കാന്‍ ഭൂമിയുടെ അമിത ഉപയോഗവും  മണ്ണെടുക്കല്‍ പ്രക്രിയയും കുറയ്ക്കണമെന്നും ഇതില്‍ നിര്‍ദേശിക്കുന്നു. 

2030 ഓടെ 50 ലക്ഷം ഹെക്ടര്‍ വനഭൂമി പുനഃസ്ഥാപിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് ഇതുവരെ നശിപ്പിക്കപ്പെട്ട വനഭൂമിയുടെ ഏകദേശം അഞ്ചുശതമാനം മാത്രമേ ഇത് വരൂ. 960 ലക്ഷം ഹെക്ടര്‍ ഭൂമിയാണ് രാജ്യത്ത് ആകെ നശിച്ചിട്ടുള്ളത്.

GK & CA
ജി.കെ. & കറന്റ് അഫയേഴ്‌സ് മാസിക വാങ്ങാം

ഭൂമിയുടെ ഉപഭോഗം കൂടുന്നതനുസരിച്ച് ജൈവഘടകങ്ങള്‍ക്ക് കുറവുവരുന്നുണ്ട്. ഇതിന്റെ ബാക്കിപത്രമാണ് മരുവത്കരണം. ഗ്ലോബല്‍ ഫൂട്പ്രിന്റ് നെറ്റ്വര്‍ക്കിന്റെ നിരീക്ഷണപ്രകാരം ഇന്നത്തെ ഉപയോഗരീതി അനുസരിച്ച് മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇപ്പോഴുള്ള ഭൂമിക്കൊപ്പം ഒരു ഭൂമിയുടെ പകുതികൂടി ആവശ്യമുണ്ട്. അതായത് ഒന്നര ഭൂമി. 2030 ആകുമ്പോള്‍ രണ്ട് ഭൂമി വേണ്ടിവരും. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോള്‍ അത് മൂന്ന് ഭൂമിയായി മാറും. ഇതൊരു ശരാശരി കണക്ക് മാത്രമാണ്.

(മാതൃഭൂമി ജി.കെ. & കറന്റ് അഫയേഴ്‌സ് മാസികയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: The great green wall of India, The great green wall of  South Africa, Aravalli Mountains, Tree cover