1978; മാര്‍ച്ചിന്റെ ആദ്യ പുലരി. ഹിമവര്‍ഷത്തില്‍ വിറച്ചുകൊണ്ട് സ്വിറ്റ്‌സര്‍ലന്‍ഡ് ഉറക്കമുണരാന്‍ ശ്രമിക്കുകയായിരുന്നു. മരവിച്ചുകിടന്ന ജനീവാതാടാകത്തിന്റെ കരയില്‍ കോര്‍ഷ്യര്‍ സര്‍ വെവെയ് മലമുകളിലെ ശവക്കുഴി തുറന്നുകിടന്നു. മാസങ്ങള്‍ മുമ്പുമാത്രം അടക്കം ചെയ്യപ്പെട്ട ഇതിഹാസത്തിന് പൂക്കള്‍ അര്‍പ്പിക്കാനെത്തിയവര്‍ ഞെട്ടി. ചാര്‍ളി ചാപ്ലിന്റെ മൃതദേഹം മോഷണം പോയിരിക്കുന്നു. മഞ്ഞുവീഴ്ചയിലും വാര്‍ത്തയ്ക്ക് ചൂടുപിടിച്ചു. 

പോലീസ് പ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. പക്ഷേ തുമ്പൊന്നും കിട്ടിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് ചാപ്ലിന്റെ വിധവ ഊനയെ തേടി ഒരു ഫോണ്‍ കോള്‍ എത്തിയത്. ചാപ്ലിന്റെ മൃതദേഹം എവിടെയാണെന്ന് അറിയാമെന്നും തിരിച്ചുകിട്ടണമെങ്കില്‍ വന്‍തുക വേണമെന്നും വിളിച്ചയാള്‍ ആവശ്യപ്പെട്ടു. 

ചാര്‍ളി ചാപ്ലിന്റെ നാലാം വിവാഹമായിരുന്നു ഊനയുമായി. 54-ാം വയസില്‍ ചാപ്ലിന്‍ അങ്ങനെയൊരു തീരുമാനം എടുക്കുമ്പോള്‍ ഊനയ്ക്ക് പ്രായം 18 മാത്രം. 1977-ലെ ക്രിസ്മസ് ദിനത്തില്‍ 88-ാം വയസില്‍ ഊനയെ വിധവയാക്കി ചാപ്ലിന്‍ ലോകത്തോട് വിടപറഞ്ഞു.

ചേതനയറ്റിട്ടും ആ മനുഷ്യന്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. ചാപ്ലിന്റെ മൃതദേഹം മോഷണം പോയത് ഭരണകൂടത്തിനും പോലീസിനും വലിയ തലവേദനയായി.

മോചനദ്രവ്യം നല്‍കി മൃതദേഹം വീണ്ടെടുക്കുന്നതിനോട് ഊനയ്ക്ക് യോജിക്കാനായില്ല. ഭര്‍ത്താവിന്റെ ആത്മാവിനുപോലും അത് ഇഷ്ടപ്പെടുകയില്ലെന്നായിരുന്നു അവരുടെ അഭിപ്രായം. അങ്ങനെ അന്വേഷണം തുടര്‍ന്നു. 

ആഴ്ചകള്‍ കടന്നുപോയി. ഒടുവില്‍ ഓട്ടോ മെക്കാനിക്കുമാരായ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. പോളണ്ടില്‍ നിന്നുള്ള റോമന്‍ വാര്‍ഡാസ്, ബള്‍ഗേറിയയില്‍ നിന്നുള്ള ഗാന്‍ഷോ ഗാനേവ്. ഇരുവരും സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കുടിയേറിയവരായിരുന്നു. ജോലി നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിനില്‍ക്കുമ്പോഴാണ് മൃതദേഹം മോഷ്ടിക്കാനുള്ള ആശയം ഇവരുടെ തലയിലുദിച്ചത്. ഇറ്റലിയില്‍ സമാനമായൊരു സംഭവം നടന്നതിന്റെ വാര്‍ത്ത പ്രേരണയാവുകയും ചെയ്തു. 

ചാപ്ലിന്റെ മൃതദേഹം അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഏതാണ്ട് ഒരു മൈല്‍ അകലെ കുഴിച്ചിട്ടിരിക്കുന്നത്, പോലീസ് കണ്ടെത്തി. വാണ്ടുമൊരു റിസ്‌ക് എടുക്കാന്‍ അദ്ദേഹത്തിന്റെ കുടുംബം തയാറായിരുന്നില്ല. അതുകൊണ്ട് കോണ്‍ക്രീറ്റ് കല്ലറയിലാണ് ചാപ്ലിന്റെ മൃതദേഹം രണ്ടാമത് മറവുചെയ്തത്. 

ശ്മശാനത്തിലെ മോഷ്ടാക്കള്‍ 

Body Snatching അഥവാ മൃതദേഹ മോഷണ കഥകളിലെ വ്യത്യസ്തമായൊരു അധ്യായം മാത്രമാണ് ചാപ്ലിന്റേത്. കല്ലറ പൊളിക്കുന്ന കള്ളന്മാര്‍ 18, 19 നൂറ്റാണ്ടുകളില്‍ ബ്രിട്ടനിലും യു.എസിലും വിലസിയിരുന്നു. മെഡിക്കല്‍ കോളേജുകളായിരുന്നു അവരുടെ വിപണി. ശരീരം കീറിമുറിച്ച് അവയവ പഠനം നടത്തുന്നതിന് കോളേജുകളില്‍ മൃതദേഹങ്ങള്‍ ആവശ്യമായിരുന്നു. ഡിമാന്‍ഡ് വളരെ കൂടുകയും സപ്ലൈ വല്ലാതെ കുറയുകയും ചെയ്തതോടെ ബോഡി സ്‌നാച്ചേഴ്‌സിന് കൂടുതല്‍ സാധ്യതകള്‍ തുറന്നുകിട്ടി. അക്കാലത്ത് മെഡിക്കല്‍ കോളേജുകളും മൃതദേഹ മോഷണത്തെ പ്രേരിപ്പിക്കുന്നുവെന്ന പേരില്‍ വ്യാപകമായി വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. ശവപ്പറമ്പുകളില്‍ നിന്ന് മൃതദേഹങ്ങള്‍ മോഷ്ടിക്കുന്നവരെ resurrectionist എന്നാണ് ഇംഗ്ലീഷില്‍ പറയുന്നത്. 

മൃതദേഹം കളവുപോകുന്നത് വലിയൊരു സാമൂഹിക പ്രശ്‌നമാവുകയും പലയിടങ്ങളിലും ക്രമസമാധാനം താറുമാറാകുകയും ചെയ്തതോടെ 1832ല്‍ ബ്രിട്ടനില്‍ അനാട്ടമി ആക്ട് നിലവില്‍ വന്നു. അനുവാദമില്ലാതെ മൃതദേഹങ്ങള്‍ ലാബുകളില്‍ കീറിമുറിക്കുന്നത് നിയമവിരുദ്ധമായിരുന്നെങ്കിലും ശവക്കുഴിയില്‍ നിന്ന് മൃതദേഹം പുറത്തെടുക്കുന്നത് തടയാന്‍ പ്രത്യേകിച്ച് നിയമങ്ങള്‍ ഒന്നും അതുവരെ ഉണ്ടായിരുന്നില്ല. നിയമം നിലവില്‍ വന്ന് പതിറ്റാണ്ടുകള്‍ പിന്നെയും കല്ലറപോലും സുരക്ഷിതമല്ലാത്ത ഇടമായി തുടര്‍ന്നു. 1978 മാര്‍ച്ച് 1ന് ചാപ്ലിന്റെ മൃതദേഹം നഷ്ടപ്പെട്ടത് ശ്മശാന മോഷണങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട സംഭവമാണ്.

ചാര്‍ലി ചാപ്ലിന്‍
- 1889 ഏപ്രില്‍ 16ന് ലണ്ടനില്‍ ജനനം
- 1914ല്‍ പുറത്തിറങ്ങിയ Make a living ആണ് ആദ്യ ചിത്രം. 
- നിശബ്ദ ചലച്ചിത്രങ്ങളുടെ കാലത്ത് ലോകമെങ്ങും തരങ്കമായ ചാര്‍ളി ചാപ്ലിന്‍ കഥാപാത്രമാണ് 'The Little Tramp'. 
- ദ ഗോള്‍ഡ് റഷ്, ദ ഗ്രേറ്റ് ഡിറ്റാക്ടര്‍, സിറ്റി ലൈറ്റ്‌സ്, മോഡേണ്‍ ടൈംസ്, ദ കിഡ് തുടങ്ങി നിരവധി സിനിമകള്‍ ചാപ്ലിന്റേതായുണ്ട്. 
- 1977 ഡിസംബര്‍ 25ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ അന്തരിച്ചു.

 

Content Highlights: grave robbers steal charlie chaplin's body