പി.എസ്.സി, എസ്.എസ്.സി ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ മത്സര പരീക്ഷകള്‍ക്കായി ചോദിക്കുന്ന പ്രധാന മേഖലയാണ് ആധുനിക ഇന്ത്യാ ചരിത്രം. ഇതില്‍ ബ്രീട്ടീഷ് ഭരണകാലത്ത് നിലവിലുണ്ടായിരുന്ന ഗവര്‍ണര്‍ ജനറല്‍മാര്‍, വൈസ്രോയിമാര്‍, അവര്‍ നടപ്പാക്കിയ ഭരണ-നികുതി- സാമൂഹിക പരിഷ്‌കരണങ്ങള്‍ എന്നിവയെല്ലാം ചോദ്യങ്ങളായി വരാറുണ്ട്. ബ്രിട്ടീഷ് ഇന്ത്യയിലെ ഗവര്‍ണര്‍ ജനറല്‍മാര്‍ കൊണ്ടുവന്ന മാറ്റങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ ഓര്‍ത്തിരിക്കേണ്ട വസ്തുതകളാണ് ഇവിടെ പറയുന്നത്.
1773-ല്‍ ബ്രീട്ടീഷ് പാര്‍ലമെന്റ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനായി പാസാക്കിയ റെഗുലേറ്റിങ് ആക്ട് പ്രകാരമാണ് ഇന്ത്യയില്‍ ഗവര്‍ണര്‍ ജനറല്‍ ഭരണം ഏര്‍പ്പെടുത്തിയത്. ഇതേവര്‍ഷം ഒക്ടോബര്‍ 20ന് വാറന്‍ ഹേസ്റ്റിങ്‌സ് ആദ്യത്തെ ഗവര്‍ണര്‍ ജനറലായി ചുമതലയേറ്റു.
കല്‍ക്കട്ടയിലെ ഗവര്‍ണര്‍ ജനറല്‍മാര്‍
വാറന്‍ ഹേസ്റ്റിങ്‌സ് (1773-1785)
- 1773-ലെ റെഗുലേറ്റിങ് ആക്ട് പ്രകാരം നിയമിതനായി.
- ഭരണകാര്യങ്ങളുടെ ചുമതല നിര്‍വഹിക്കാനായി (റെഗുലേറ്റിങ് ആക്ട് പ്രകാരം) അഞ്ചംഗ സുപ്രീം കൗണ്‍സില്‍ രൂപവത്കരിച്ചു.
- 1774-ല്‍ കല്‍ക്കട്ടയിലെ വില്യം ഫോര്‍ട്ടില്‍ സുപ്രീംകോടതി സ്ഥാപിച്ചു.
- 1784-ല്‍ വില്യം ജോണ്‍സിന്റെ നേതൃത്വത്തില്‍ ബംഗാളില്‍ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചു.
- കമ്പനിയുടെ ഭരണം ബ്രീട്ടീഷ് ഗവണ്‍മെന്റിനുകീഴില്‍ കൊണ്ടുവരാനുള്ള പിറ്റ്‌സ് ഇന്ത്യാ ആക്ട് (1784) നടപ്പാക്കി.
- മുഗള്‍ രാജാവ് ഷാ ആലം II-ന് നല്‍കിക്കൊണ്ടിരുന്ന പെന്‍ഷന്‍ നിര്‍ത്തലാക്കി.
- റോബര്‍ട്ട് കൈവ് നടപ്പാക്കിയ ബംഗാളിലെ ദ്വിഭരണം അവസാനിപ്പിച്ചു.
- ട്രഷറി മുര്‍ഷിദാബാദില്‍നിന്നും കല്‍ക്കട്ടയിലേക്ക് മാറ്റി.
- ഇന്ത്യയിലെ ആദ്യ പത്രമായ ജെയിംസ് അഗസ്റ്റസ് ഹിക്കിയുടെ ബെംഗാള്‍ ഗസറ്റ് 1780ല്‍ പ്രസിദ്ധീകരണമാരംഭിച്ചു.
- ചാള്‍സ് വില്‍ക്കിന്‍സ് ഭഗവത് ഗീതയുടെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കി.
- 1772-ലെ പഞ്ചവത്സര ഭൂനികുതിപദ്ധതി 1776-ല്‍ വാര്‍ഷിക പദ്ധതിയാക്കി മാറ്റി.
- ഒന്നാം ആംഗ്ലോ-മറാത്താ യുദ്ധം (1775-82), രണ്ടാം ആംഗ്ലോ-മൈസൂര്‍ യുദ്ധം (1780-84), ഒന്നാം റോഹില്ല യുദ്ധം (1773-74) എന്നിവയെല്ലാം നടന്നത് വാറന്‍ ഹേസ്റ്റിങ്‌സിന്റെ ഭരണകാലത്താണ്.
ജോണ്‍ മക്‌ഫേഴ്‌സണ്‍ (1785-1786)
- വാറന്‍ ഹേസ്റ്റിങ്‌സ് മാറിയ ഒഴിവിലേക്ക് താത്കാലികമായി 1786 സെപ്റ്റംബര്‍വരെ ഗവര്‍ണര്‍ ജനറല്‍ പദവിയില്‍ തുടര്‍ന്നു.
ചാള്‍സ് കോണ്‍വാലിസ് (1786-1793)
- കീഴ്‌ക്കോടതികളും മേല്‍ക്കോടതികളും സ്ഥാപിച്ചു.
- സിവില്‍ സവീസ് സംവിധാനം ഇന്ത്യയില്‍ അവതരിപ്പിച്ചു.
- ദീര്‍ഘകാലത്തേക്കുള്ള നികുതിയടക്കാനുള്ള സമ്പ്രദായമായ 'പെര്‍മനെന്റ് സെറ്റില്‍മെന്റ്' (1793) ബെഗാളിലും ബിഹാറിലും നടപ്പാക്കി.
- ഭരണപരിഷ്‌കാരത്തിനായുള്ള കോണ്‍വാലിസ് കോഡ് നടപ്പാക്കി.
- ബനാറസില്‍ ജോനാതന്‍ ഡങ്കന്‍ സംസ്‌കൃത വിദ്യാലയം സ്ഥാപിച്ചത് ഇക്കാലത്താണ്.
- മൂന്നാം ആംഗ്ലോ-മൈസൂര്‍ യുദ്ധം (1790-92) നടക്കുമ്പോള്‍ കോണ്‍വാലിസായിരുന്നു ഗവര്‍ണര്‍ ജനറല്‍.
ജോണ്‍ ഷോര്‍ (1793-1798)
- നാട്ടുരാജ്യങ്ങളുടെ ആഭ്യാന്തര, നയപര കാര്യങ്ങളില്‍ ഇടപെടാതിരിക്കല്‍നയം (policy of non-intervention) സ്വീകരിച്ചു.
- കമ്പനിയെ നിയന്ത്രിക്കാനുള്ള 1793-ലെ ചാര്‍ട്ടര്‍ ആക്ട് നിലവില്‍വന്നത് ഇക്കാലത്താണ്.
- രണ്ടാം റോഹില്ല യുദ്ധം (1794), ഖര്‍ദ യുദ്ധം (1795) എന്നിവ നടന്നത് ജോണ്‍ ഷോറിന്റെ ഭരണ കാലത്താണ്.
റിച്ചാര്‍ഡ് വെല്ലസ്ലി (1798-1805)
- സൈനികസഹായ വ്യവസ്ഥ (Subsidiary Alliance) നടപ്പാക്കി.
- 1800-ല്‍ കല്‍ക്കട്ടയില്‍ ഫോര്‍ട്ട് വില്യം കോളേജ് സ്ഥാപിച്ചു.
- 1803-ല്‍ കല്‍ക്കട്ടയില്‍ രാജ്ഭവന്‍ സ്ഥാപിച്ചു.
- നാലാം ആംഗ്ലോ-മൈസൂര്‍ യുദ്ധം (1799), രണ്ടാം ആംഗ്ലോ-മറാത്താ യുദ്ധം (1803-05) എന്നിവയുടെ ഫലമായി ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ അധികാര പരിധി കൂടുതല്‍ വിസ്തൃതമായി.
ജോര്‍ജ് ബാര്‍ലോ (1805-1807)
- താത്കാലിക ചുമതല
- ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ആരംഭംകുറിച്ച വെല്ലൂര്‍ ശിപായി ലഹള നടക്കുന്നത് 1806-ലാണ്.
- ബാങ്ക് ഓഫ് കല്‍ക്കട്ട സ്ഥാപിച്ചു (1806). ഇതാണ് പിന്നീട് ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി മാറിയത്.
മിന്റോ പ്രഭു (1805-1813)
- 1809-ല്‍ മഹാരാജാ രഞ്ജിത് സിംഗുമായി അമൃത്സര്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചു.
- ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വ്യാപാരകുത്തക അവസാനിപ്പിക്കുന്ന ചാര്‍ട്ടര്‍ ആക്ട് 1813-ല്‍ നിലവില്‍വന്നു.
മാര്‍ക്കസ് ഹേസ്റ്റിങ്‌സ് (1813-1823)
- നോണ്‍-ഇന്റര്‍വെന്‍ഷന്‍ പോളിസി റദ്ദാക്കി
- 1817- കല്‍ക്കട്ടയില്‍ ഹിന്ദു കോളേജ് സ്ഥാപിതമായി
- 1818-ബോംബെ പ്രസിഡന്‍സിയുടെ രൂപീകരണം
- പുതിയ ഭൂനികുതി പരിഷ്‌കാരങ്ങള്‍ - മദ്രാസില്‍ റയോത്ത്‌വാരി സമ്പ്രദായം, വടക്കേ ഇന്ത്യയില്‍ മഹല്‍വാരി
- പിണ്ഡാരികളെ അമര്‍ച്ച ചെയ്തു
- മൂന്നാം ആംഗ്ലോ-മറാത്താ യുദ്ധം (1816-18)
അംഹേസ്റ്റ് പ്രഭു (1823-1828)
- ഒന്നാം ആഗ്ലോ-ബര്‍മീസ് യുദ്ധം (1824-26) - അസം, മണിപ്പൂര്‍, അരക്കന്‍ തുടങ്ങിയ മേഖലകള്‍ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണര്‍ ജനറല്‍ ഓഫ് ഇന്ത്യ
1833-ലെ സെന്റ് ഹെലേന ആക്ട് അഥവാ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ട് 1833 പ്രകാരമാണ് ഗവര്‍ണര്‍ ജനറല്‍ ഓഫ് ഇന്ത്യ എന്ന സ്ഥാനം (ഓഫീസ്) നിലവില്‍വന്നത്. ക്രിസ്ത്യന്‍ മിഷനറികള്‍ക്ക് ബ്രിട്ടീഷ് ഇന്ത്യയില്‍ മതപ്രചാരണത്തിനുള്ള അവകാശം നല്‍കിയത് ഈ നിയമപ്രകാരമായിരുന്നു. വില്യം ബെന്റിക് ആണ് ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍ ഓഫ് ഇന്ത്യ.
വില്യം ബെന്റിക് (1828-1835)
- 1829-ല്‍ ബംഗാളിലെ സതി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി.
- സെന്‍ട്രല്‍ ഇന്ത്യയിലും പഞ്ചാബിലും പടിഞ്ഞാറന്‍ യു.പിയിലും മഹല്‍വാരി സമ്പ്രദായം നടപ്പാക്കി.
- 1835-ല്‍ ഇംഗ്ലീഷ് വിദ്യാഭ്യാസ നിയമം അവതരിപ്പിച്ചു.
- 1831-ല്‍ ഛോട്ടാ നാഗ്പൂരില്‍ കോള്‍ കലാപം.
ചാള്‍സ് മെറ്റ്കാഫെ (1835-1836)
- ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ വിമോചകന്‍ എന്നറിയപ്പെടുന്നു
- 1836-ല്‍ കല്‍ക്കട്ടയില്‍ പബ്ലിക് ലൈബ്രറി സ്ഥാപിച്ചു (നിലവില്‍ നാഷണല്‍ ലൈബ്രറി ഓഫ് ഇന്ത്യ).
ഓക്ക്‌ലന്‍ഡ് പ്രഭു (1836-1842)
- ബാങ്ക് ഓഫ് ബോംബെ സ്ഥാപിച്ചു (ഇത് പിന്നീട് ഇംപീരിയല്‍ ബാങ്കുമായി ലയിപ്പിച്ചു)
- 1839-ദേബേന്ദ്രനാഥ ടാഗോറിന്റെ നേതൃത്വത്തില്‍ തത്വബോധിനി സഭ രൂപവത്കരിച്ചു.
- ഒന്നാം ആംഗ്ലോ-അഫ്ഗാന്‍ യുദ്ധം (1840-1842)
എലന്‍ബോറോ (1842-1844)
ഹെന്റി ഹാഡിഞ്ജ് (1844-1848)
- 1847- റൂര്‍ക്കി എന്‍ജിനീയറിങ് കോളേജ് സ്ഥാപിച്ചു.
- ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം (1845-1846).
ഡല്‍ഹൗസി പ്രഭു (1848-1856)
- 1848-ല്‍ ദത്താവകാശ നിരോധനനിയമം നടപ്പാക്കി. ഇതോടെ വന്‍തോതില്‍ നാട്ടുരാജ്യങ്ങള്‍ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേര്‍ത്തു.
- 1851- ആദ്യ ടെലഗ്രാഫ് ലൈന്‍: ഡയമണ്ട് ഹാര്‍ബറില്‍നിന്ന് കല്‍ക്കട്ടയിലേക്ക്
- 1853- ബോംബെയില്‍നിന്ന് താനെയിലേക്ക് ഇന്ത്യയിലെ ആദ്യത്തെ പാസഞ്ചര്‍ ട്രെയിന്‍
- 1854- ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നാകാര്‍ട്ട എന്നറിയപ്പെടുന്ന വുഡ്‌സ് ഡെസ്പാച്ച് അവതരിപ്പിച്ചു
- 1854- പോസ്റ്റ് ഓഫീസ് ആക്ട്
- രണ്ടാം ആംഗ്ലോ-സിഖ് യുദ്ധം (1848-49), സന്താള്‍ കലാപം (1855) എന്നിവയും ഇക്കാലളവില്‍ നടന്നു.
കാനിങ് പ്രഭു (1856-1858)
- ഹിന്ദു വിധവാ പുനര്‍വിവാഹ നിയമം, 1856
- ഒന്നാം സ്വാതന്ത്ര്യ സമരം, 1857
- 1857-ല്‍ കല്‍ക്കട്ട, ബോംബെ, മദ്രാസ് സര്‍വകലാശാലകള്‍ സ്ഥാപിച്ചു.
1857-ലെ ഒന്നാം സ്വാതന്ത്യ സമരത്തെതുടര്‍ന്ന് ഇന്ത്യയില്‍ കമ്പനി ഭരണം പൂര്‍ണമായും അവസാനിപ്പിക്കുകയും പിന്നീട് ബ്രിട്ടീഷ് രാജ്ഞിയുടെ (പാര്‍ലമെന്റിന്റെ) നേരിട്ടുള്ള ഭരണത്തിനുകീഴിലേക്ക് ഇന്ത്യ മാറുകയും ചെയ്തു. ഗവര്‍ണര്‍ ജനറലിനു പകരം വൈസ്രോയി എന്ന പദവിയും വന്നു.
Also Read: ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയിമാര്‍
Content Highlights: Governor Generals of British India: Notes for Competitive Exams, Kerala PSCn Notes