രുപത്തൊന്നാം നൂറ്റാണ്ടില്‍ ലോകം നേരിടുന്ന വലിയ വിപത്തുകളില്‍ ഒന്നായി മാറുകയാണ് ആഗോളതാപന(Global Warming)വും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും. കരയും കടലും ഉള്‍പ്പെടുന്ന ഭൂമിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുംവിധമുള്ള മാറ്റങ്ങളാണ് ആഗോളതാപനം നമ്മുടെ കാലാവസ്ഥയിലും ഭൂപ്രകൃതിയിലും ഉണ്ടാക്കുന്നത്. പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന പാരിസ്ഥിതിക മേഖലകളാണ് കരയും കടലും. ഭൗമോപരിതലത്തിന്റെ 70 ശതമാനത്തോളം കടല്‍ജലമാണ് എന്നതിനാല്‍തന്നെ സമുദ്ര ആവാസവ്യവസ്ഥയ്ക്കുണ്ടാകുന്ന ഏതുതരം ഭീഷണിയും മനുഷ്യനുള്‍പ്പെടെയുള്ള കരജീവികളുടെ നിലനില്‍പ്പും അപകടത്തിലാക്കും. ഈ രണ്ട് ആവാസവ്യവസ്ഥയിലും ദൂരവ്യാപകമായ വ്യതിയാനങ്ങളുണ്ടാക്കാന്‍ ആഗോളതാപനമെന്ന പ്രതിഭാസം കാരണമാകും. 

നേച്വര്‍ മാഗസിനില്‍ ഒരു സംഘം ഗവേഷകര്‍ ചേര്‍ന്ന് പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് സമുദ്രജീവികള്‍ക്കാണ് കാലാവസ്ഥാവ്യതിയാനം മൂലമുണ്ടായ താപവര്‍ധനവിന്റെ പരിണതഫലങ്ങള്‍ ഏറ്റവുമധികം അനുഭവിക്കേണ്ടിവരുന്നത്. കാരണം, താപനില കൂടുന്തോറും ജലത്തില്‍ ഓക്‌സിജന്റെ അളവ് കുറയുകയും ജീവികളുടെ ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകുകയും ചെയ്യുന്നു. കൂടാതെ, കടല്‍ജീവികളുടെ ഭൂമിശാസ്ത്രപരമായ ആവാസപരിധി, പോഷകസ്രോതസ്സ്, പ്രത്യുത്പാദനം എന്നിവയെല്ലാം താപവ്യതിയാനങ്ങളുമായി ബന്ധപ്പെട്ടതാണ്. 

1500 ഗവേഷണപ്രബന്ധങ്ങളിലെ കണ്ടെത്തലുകള്‍ കൂട്ടിച്ചേര്‍ത്ത് തയ്യാറാക്കിയ ഐക്യരാഷ്ട്രസഭയുടെ 'ഗ്ലോബല്‍ അസെസ്മെന്റ് റിപ്പോര്‍ട്ട്' പ്രകാരം 10 ലക്ഷം ജീവിവര്‍ഗങ്ങള്‍ മനുഷ്യന്റെ ഇടപെടലുകള്‍കൊണ്ട് മാത്രം വംശനാശഭീഷണി നേരിടുന്നുണ്ട്. വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷിയും അനിയന്ത്രിതമായ മത്സ്യബന്ധനവുമാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. 33 ശതമാനം കടല്‍സസ്തനികളും 40 ശതമാനം ഉഭയജീവികളും 33 ശതമാനം പവിഴപ്പുറ്റുകളും ഇത്തരത്തില്‍ നിലനില്‍പ്പ് ഭീഷണി നേരിടുന്നുണ്ട്. അടുത്ത ഏതാനും ദശകങ്ങള്‍ക്കപ്പുറം ഈ ജീവികളില്‍ പലതിനും വംശനാശം സംഭവിക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

എന്താണ് ആഗോളതാപനം?

ഭൗമോപരിതലത്തിലെ ശരാശരി താപനില ഉയരുന്നതിനെയാണ് ആഗോളതാപനം എന്ന് പറയുന്നത്. പ്രകൃത്യാലുള്ള മാറ്റങ്ങള്‍ കൊണ്ടും മനുഷ്യപ്രവര്‍ത്തനങ്ങള്‍ കൊണ്ടും അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ (Greenhouse Gases) അളവ് കൂടുന്നതാണ് ആഗോളതാപനത്തിന് കാരണമാകുന്നത്. കാര്‍ബണ്‍ ഡയോക്സൈഡ്, മീതേന്‍, നൈട്രസ് ഓക്സൈഡ് എന്നിവയാണ് പ്രധാനപ്പെട്ട ഹരിതഗൃഹവാതകങ്ങള്‍. സൂര്യനില്‍ നിന്നെത്തുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൗമോപരിതലത്തില്‍ പതിച്ചതിനു ശേഷമുള്ള പ്രതിഫലനം ഈ വാതകങ്ങള്‍ തടയുന്നു. ഇവ പ്രകാശരശ്മികളെ തടഞ്ഞുനിര്‍ത്തി ഭൂമിക്ക് ഊഷ്മളമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിന് ഈ 'ചൂടുപകരല്‍' ആവശ്യമാണ്. ഇതിനെയാണ് ഗ്രീന്‍ ഹൗസ് ഇഫക്ട് അഥവാ ഹരിതഗേഹപ്രഭാവം എന്നുപറയുന്നത്. എന്നാല്‍ അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവ് കൂടുന്തോറും ഗ്രീന്‍ ഹൗസ് ഇഫക്ടിന്റെ നിരക്ക് കൂടുകയും ഭൗമാന്തരീക്ഷത്തിന്റെ താപനില ക്രമാതീതമായി വര്‍ധിക്കുകയും ചെയ്യുന്നു. ഇതാണ് ആഗോളതാപനമായി മാറുന്നത്. 

'ആഗോളതാപനം' എന്ന പദം പ്രചുരപ്രചാരം നേടിയത്, അടുത്തിടെ അന്തരിച്ച അമേരിക്കന്‍ ജിയോഫിസിസിസ്റ്റും കൊളംബിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായിരുന്ന വാലസ് സ്മിത്ത് ബ്രോക്കര്‍ (Wallace Smith Broecker) 1975ല്‍ അദ്ദേഹത്തിന്റെ ഒരു ശാസ്ത്രലേഖനത്തില്‍ ആ പദം ഉപയോഗിച്ചതോടെയാണ്. അതിന് മുന്‍പുതന്നെ ഈ പദം ഉപയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലും വാലസ് ബ്രോക്കറെയാണ് ആഗോളതാപനം എന്ന പദത്തിന്റെ പ്രയോക്താവായി കരുതുന്നത്.

കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ ആഗോളതാപനത്തിന് വലിയ അളവില്‍ കാരണമാകുന്ന കാര്‍ബണിന്റെ അളവ് 30 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 2019-ല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കഴിഞ്ഞ ആറ് ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന അളവില്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വ്യവസായങ്ങളുടെ വളര്‍ച്ചയും ഫോസില്‍ ഇന്ധനങ്ങളുടെ അനിയന്ത്രിതമായ ഉപയോഗവും വനനശീകരണവുമെല്ലാം കാര്‍ബണിന്റെ അളവില്‍ വലിയ വര്‍ധനയാണ് ഉണ്ടാക്കുന്നത്. അന്തരീക്ഷത്തിലെ കാര്‍ബണിനെ വലിച്ചെടുത്ത് ഇതിന്റെ അളവ് കുറയ്ക്കുന്ന സ്വാഭാവിക പ്രതിഭാസമാണ് കാര്‍ബണ്‍ സിങ്കിങ് (Carbon Sinking).

 

സമുദ്രതാപനിലയും ജലജീവികളുടെ നിലനില്‍പ്പും

Ocean Warming

ചുറ്റുപാടുകളിലെ താപനില ഒരു പരിധിക്കപ്പുറം വ്യതിചലിച്ചാല്‍ കടല്‍ജീവികള്‍ക്ക് അതിനെ അതിജീവിക്കാന്‍ സാധ്യമല്ല. അതിനാല്‍ തങ്ങളുടെ ആവാസവ്യവസ്ഥയ്ക്കുള്ളില്‍ ചൂട് കൂടുമ്പോള്‍ അവയുടെ ശാരീരികമായ പ്രക്രിയകള്‍ താറുമാറാകുന്നു. താരതമ്യേന ചൂട് കുറഞ്ഞ കടലിന്റെ അടിത്തട്ടിലേക്ക് പിന്‍വലിയാന്‍ ജീവികളെ പ്രേരിപ്പിക്കുന്നതും ഈ സാഹചര്യമാണ്. താപനില ഉയരുന്നതോടെ മത്സ്യങ്ങള്‍ക്കും മറ്റ് സമുദ്രജീവികള്‍ക്കും പ്രത്യുത്പാദനമേഖലകള്‍ (Breeding Grounds) നഷ്ടപ്പെടും. ഇത് ഇത്തരം ജീവികളെ വംശനാശത്തിലേക്ക് നയിക്കും. 

2014 മുതല്‍ 2016 വരെയുള്ള കാലഘട്ടങ്ങളില്‍ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ മുന്‍ വര്‍ഷങ്ങളെക്കാള്‍ കൂടുതലായിരുന്നു. അതിനാല്‍ ഇപ്പോഴത്തെ രീതിയില്‍ ആഗോളതാപനം മുന്നോട്ടുപോയാല്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മൂന്ന് ഡിഗ്രി സെല്‍ഷ്യസെങ്കിലും താപനില ഉയരാനാണ് സാധ്യത. സമുദ്രതാപനില ഒരു ഡിഗ്രി ഉയര്‍ന്നാല്‍പോലും കടല്‍ജീവികളുടെ ആയുസ്സിനെയും ഭൂമിശാസ്ത്രപരമായ വിതരണത്തെയും അത് ദോഷകരമായി ബാധിക്കും. 

ആഗോളതാപനത്തിന്റെ ഫലമായി വര്‍ധിക്കുന്ന താപനിലയുടെ 80 ശതമാനവും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്. തന്മൂലം സമുദ്രജലം 3000 മീറ്റര്‍വരെ ആഴത്തില്‍ ചൂട് പിടിക്കുന്നു. ഇത്തരത്തില്‍ കടല്‍ജലത്തിന്റെ താപനില കൂടുന്നതിനെയാണ് സമുദ്രതാപനം (Ocean Warming)എന്ന് പറയുന്നത്. താപനില ക്രമാതീതമായി ഉയരുന്നത് ജലജീവികളെയും സമുദ്രത്തിലെ ആവാസവ്യവസ്ഥയെയും ദോഷകരമായി ബാധിക്കുന്നു. കാലാവസ്ഥാവ്യതിയാനം സമുദ്രവാതകങ്ങളുടെയും സമുദ്രജലപ്രവാഹങ്ങളുടെയും ക്രമം തെറ്റിക്കുകയും ഇത് ജലജീവികളുടെ നിലനില്‍പിനാവശ്യമായ ഓക്‌സിജനും പോഷകങ്ങളും കുറയാനും സമുദ്രജലത്തിന്റെ രാസാവസ്ഥയില്‍ ദൂരവ്യാപകമായ വ്യതിയാനങ്ങളുണ്ടാകാനും കാരണമാകുന്നു.

കടല്‍ജീവികള്‍ കരയിലെ ജീവജാലങ്ങളെക്കാള്‍ വേഗത്തില്‍ താപവ്യതിയാനങ്ങള്‍ക്ക് വിധേയരാകുന്നതായി ഗവേഷണഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ശരീരോഷ്മാവ് ക്രമീകരിക്കാന്‍ ചുറ്റുപാടുകളിലെ താപനിലയെ ആശ്രയിക്കുന്ന 387 ഇനം ജീവികളിലാണ് പഠനം നടത്തിയത്. ജീവികള്‍ക്ക് താപസ്രോതസ്സുകളില്‍നിന്ന് നേരിട്ട് ചൂട് അനുഭവപ്പെടുക, താപരക്ഷാ ഉപാധികളുടെ (Thermal Refuge)സാന്നിധ്യത്തില്‍ ചൂട് ഏല്‍ക്കുക എന്നിങ്ങനെ രണ്ട് വ്യത്യസ്ത താപസുരക്ഷാ പരിധികളില്‍ (Thermal Safety Margin) കരയിലെയും കടലിലെയും ജീവികള്‍ എപ്രകാരം പ്രതികരിക്കുന്നു എന്നായിരുന്നു പഠനം.

ഒരു ജീവിക്ക് അതിജീവിക്കാന്‍ സാധിക്കുന്ന കൂടിയ താപനിലയും സ്വാഭാവിക സാഹചര്യങ്ങളില്‍ അനുഭവപ്പെടുന്ന ശരീരതാപനിലയും തമ്മിലുള്ള വ്യത്യാസമാണ് താപസുരക്ഷാ പരിധി. വൃക്ഷത്തണല്‍, നേരിട്ട് ചൂടേല്‍ക്കാത്ത ഇടങ്ങളും സംവിധാനങ്ങളും ഉള്‍പ്പെടെയുള്ള താപസുരക്ഷാ ഉപാധികളുടെ സാന്നിധ്യത്തില്‍ കരയിലെ ജീവികള്‍ക്ക് ചൂടിനെ അതിജീവിക്കാനുള്ള ശേഷി കൂടുതലായിരിക്കും. എന്നാല്‍ കടലില്‍ ഇത്തരം താപസുരക്ഷാ സംവിധാനങ്ങള്‍ താരതമ്യേന കുറവായതിനാല്‍ ജലജീവികള്‍ക്ക് സമുദ്രോഷ്മാവ് കൂടുന്തോറും അതിജീവനസാധ്യത കുറയുന്നു. 

കരയിലെ ഊഷ്മാവ് വര്‍ധിക്കുമ്പോള്‍ മിതോഷ്ണമേഖലയിലെ ജീവികള്‍ക്കാണ് കൂടുതല്‍ അപകടമെന്ന് ഈ ഗവേഷണം പറയുന്നു. എന്നാല്‍ കടലിന്റെ കാര്യമെടുത്താല്‍ ഉഷ്ണമേഖലാജീവികളെയാണ് താപവര്‍ധന ഏറ്റവും പ്രതികൂലമായി ബാധിക്കുക. കാരണം അവയുടെ താപസുരക്ഷാപരിധി മറ്റിടങ്ങളിലെ ജീവികളെക്കാള്‍ കുറവാണ്. അതിനാല്‍ ഉഷ്ണമേഖലാ സമുദ്രജീവികള്‍ ചൂട് കൂടുന്തോറും ആഴംകൂടിയ കടല്‍മേഖലകളിലേക്കോ ധ്രുവങ്ങളിലേക്കോ അവയുടെ വാസസ്ഥാനം മാറ്റുന്നു.

ജീവികളിലെ താപനിയന്ത്രണ സംവിധാനങ്ങള്‍

അന്തരീക്ഷത്തിലെ താപവ്യതിയാനത്തിനനുസരിച്ച് ശരീരോഷ്മാവ് ക്രമീകരിക്കുവാനുള്ള കഴിവ് മനുഷ്യനും മറ്റ് ചില ജീവികള്‍ക്കുമുണ്ട്, ഇതിനെ 'തെര്‍മോറെഗുലേഷന്‍' (Thermoregulation)എന്ന് പറയുന്നു. ശരീരത്തിന് സാധാരണ താപനില നിലനിര്‍ത്താന്‍ കഴിയാതെ വരുകയും ചൂട് കൂടുകയും ചെയ്യുന്ന അവസ്ഥ ഹൈപ്പര്‍തെര്‍മിയ (Hyperthermia) എന്നും ശരീര താപനില സാധാരണയേക്കാള്‍ താഴുന്നത് ഹൈപ്പോതെര്‍മിയ (Hypothermia) എന്നും അറിയപ്പെടുന്നു. 

മനുഷ്യന്‍, ധ്രുവക്കരടി, പെന്‍ഗ്വിന്‍ തുടങ്ങി പല സസ്തനികളും പക്ഷികളും ശരീരത്തിനുള്ളില്‍തന്നെ താപനിയന്ത്രണ സംവിധാനങ്ങള്‍ ഉള്ളവയാണ്. ഇത്തരം ജീവികളെ എന്‍ഡോതെംസ് (Endotherms) എന്ന് വിളിക്കുന്നു. ശരീരത്തിന്റെ ഉപാപചയപ്രവര്‍ത്തനങ്ങളിലൂടെ (Metabolism) ഇവയുടെ ശരീരോഷ്മാവ് ക്രമീകരിക്കപ്പെടുന്നു. 

എന്നാല്‍ എല്ലാ ജീവികളുടെയും കാര്യം അങ്ങനെയല്ല. മിക്ക ഇഴജന്തുക്കളും ഉഭയജീവികളും മീനുകളും മറ്റു ജലജീവികളും ശരീരോഷ്മാവ് സ്വയം നിയന്ത്രിക്കാന്‍ സാധിക്കാത്തവയാണ്. ഇവയെ എക്ടോതേംസ്(Ectotherms)എന്ന് വിളിക്കുന്നു. ചൂട് നിയന്ത്രിക്കുന്നതിനായി ഇത്തരം ജീവികള്‍ക്ക് പൂര്‍ണമായും പ്രകൃതിയെ ആശ്രയിക്കേണ്ടിവരുന്നു. അതിനാല്‍ ഇത്തരം ജീവികളുടെ ആവാസവ്യവസ്ഥയില്‍ സംഭവിക്കുന്ന ഏതുതരം താപവ്യതിയാനങ്ങളും ഇവയുടെ നിലനില്‍പ്പ് ഭീഷണിയിലാക്കും.

 

അപകടകരമായി ഉയരുന്ന ജലനിരപ്പ്

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ക്ലൈമറ്റ് ചെയ്ഞ്ച് ഇനിഷിയേറ്റീവിന്റെ (ESA's Climate Change Initiative) ഭാഗമായി നടത്തിയ പഠനത്തില്‍, ആഗോളതാപനംമൂലം കഴിഞ്ഞ അന്‍പത് വര്‍ഷത്തിനിടെ ലോകത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ള 900 കോടി ടണ്ണിലധികം മഞ്ഞുപാളികളാണ് ഉരുകിത്തീര്‍ന്നത്. ഇത് സമുദ്രജലനിരപ്പ് ഉയരാന്‍ കാരണമായിട്ടുണ്ട്. കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ 27 മില്ലീമീറ്ററിന്റെ വര്‍ധനവാണ് ആഗോളസമുദ്രനിരപ്പില്‍ ഉണ്ടായതെന്ന് പഠനം പറയുന്നു. കടലിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ ഇത് മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. 

അടിക്കടിയുണ്ടാകുന്ന മഴ ഗ്രീന്‍ലന്‍ഡിലെ മഞ്ഞുപാളികളെ വലിയതോതില്‍ ഉരുക്കിക്കളയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. 'ദി ക്രൈയോസ്ഫിയര്‍' എന്ന ഗവേഷണ മാഗസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, പഠനകാലയളവിന്റെ ആദ്യഘട്ടത്തില്‍ എല്ലാവര്‍ഷവും രണ്ടുതവണമാത്രം പെയ്തിരുന്ന മഴ, 2012 എത്തിയപ്പോള്‍ 12 തവണയോളമായി ഉയര്‍ന്നു. ഇത്തരത്തില്‍ തുടര്‍ന്നാല്‍ സമുദ്രജലനിരപ്പ് ഏഴ് മീറ്ററെങ്കിലും ഉയരുകയും, അത് ലോകത്താകമാനമുള്ള സമുദ്രജീവികള്‍ക്ക് ഭീഷണിയാവുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. 

കടലിലെ ഊര്‍ജോത്പാദകര്‍

സസ്യങ്ങള്‍ കരയില്‍ പ്രകാശസംശ്ലേഷണത്തിലൂടെ ഊര്‍ജം ഉത്പാദിപ്പിക്കുന്നതുപോലെ കടലിലെ ഊര്‍ജോത്പാദകരാണ് ഫൈറ്റോപ്ലാങ്ടണുകള്‍. ക്ലോറോഫില്‍ എന്ന ഹരിതകം അടങ്ങിയിരിക്കുന്ന ഇവ കടല്‍ജൈവശൃംഖലയിലെ അടിസ്ഥാനകണ്ണിയാണ്. കാര്‍ബണ്‍ ഡയോക്‌സൈഡും സൂര്യപ്രകാശവും ഉപയോഗിച്ച് ഇവ ഉണ്ടാക്കുന്ന ഊര്‍ജത്തെ ആശ്രയിക്കുന്ന ധാരാളം ചെറുമത്സ്യങ്ങളും ജീവിവര്‍ഗങ്ങളുമുണ്ട്. ഇത്തരം ചെറുജീവികളെ ആഹാരമാക്കുന്ന മറ്റ് മത്സ്യങ്ങളും തിമിംഗിലമുള്‍പ്പെടെയുള്ള വലിയ ജലജീവികളും സമുദ്രസമ്പത്തിന്റെ ഭാഗമാണ്.

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ സമുദ്രജലത്തിലെ ഫൈറ്റോപ്ലാങ്ടണുകളുടെ അളവില്‍ കാര്യമായ മാറ്റമുണ്ടാകുകയും അത് കടല്‍വെള്ളത്തിന്റെ നിറംമാറ്റത്തിന് കാരണമാകുകയും ചെയ്യുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. താപനില കുറഞ്ഞ സമുദ്രപ്രദേശങ്ങളില്‍ ഫൈറ്റോപ്ലാങ്ടണുകളുടെ അളവ് കൂടുതലായിരിക്കുന്നതിനാല്‍ ഇവിടത്തെ ജലത്തിന് കടുംപച്ച നിറമായിരിക്കും. എന്നാല്‍ താപനില ഉയരുന്തോറും ഫൈറ്റോപ്ലാങ്ടണുകളുടെ സാന്നിധ്യം കുറയുന്നതോടെ സമുദ്രജലം നീലനിറത്തിലാവുകയും ചെയ്യുന്നു. 

കടലിലെ മറ്റ് ജീവിവര്‍ഗങ്ങളുടെ നിലനില്പിനെ സ്വാധീനിക്കാന്‍ ഫൈറ്റോപ്ലാങ്ടണിന്റെ അളവിലുള്ള വ്യതിചലനങ്ങള്‍ കാരണമാകും. അതിനാല്‍ ഫൈറ്റോപ്ലാങ്ടണുകളുടെ കുറവ് കടല്‍ ആവാസവ്യവസ്ഥയെ ഏറെ പ്രതികൂലമായി ബാധിക്കും. കൂടാതെ, കാര്‍ബണ്‍ഡയോക്‌സൈഡിനെ വലിച്ചെടുത്ത് ഊര്‍ജോത്പാദനം നടത്തുന്ന ഫൈറ്റോപ്ലാങ്ടണുകള്‍ കുറയുന്നത് അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവ് ക്രമാതീതമായി ഉയരാനും കാരണമായേക്കും. 

കടല്‍ ജീവികളുടെ കൂട്ടപ്പാച്ചില്‍

കടലില്‍ ചൂട് വര്‍ധിക്കുന്നത് അപൂര്‍വ പ്രതിഭാസങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ആയിരക്കണക്കിന് കടല്‍ജീവികള്‍ കൂട്ടത്തോടെ മറ്റ് മേഖലകളിലേക്ക് പലായനം ചെയ്യുന്നതിന്റെ വാര്‍ത്തകള്‍ ഈയടുത്ത നാളിലും പുറത്തുവരുകയുണ്ടായി. ഭൂമധ്യരേഖാ പ്രദേശത്ത് കാണുന്ന കടല്‍ജീവികള്‍ താപനില ഉയരുന്നതോടെ ധ്രുവപ്രദേശങ്ങളിലേക്ക് പലായനം ചെയ്യാനും സാധ്യതയുണ്ടെന്നത് നമ്മുടെ മത്സ്യസമ്പത്തിനെയും അനുബന്ധ വ്യവസായങ്ങളെയും ബാധിക്കുമെന്ന് മാത്രമല്ല, മനുഷ്യനുള്‍പ്പെടെയുള്ള ജീവികളുടെ ഭക്ഷ്യശൃംഖലയിലും മാറ്റം വരുത്തും. 

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഒരുകൂട്ടം ഗവേഷകരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പസഫിക് സമുദ്രത്തിന്റെ ഒരു ഭാഗത്തുനിന്ന് മറ്റൊരു മേഖലയിലേക്ക് കൂട്ടത്തോടെ രക്ഷപ്പെടുന്ന കടല്‍ജീവികളെ കണ്ടെത്തി. ഞണ്ടുകള്‍, ഈലുകള്‍, വലിയ കൊഞ്ചുകള്‍, സീ ബട്ടര്‍ഫ്‌ളൈ, ഡോള്‍ഫിനുകള്‍, കടലാമകള്‍, കക്കകള്‍ എന്നിങ്ങനെ ചെറുതും വലുതുമായ കടല്‍ജീവികള്‍ ചൂട് ഭയന്ന് പലായനം ചെയ്തു. കാലിഫോര്‍ണിയ തീരത്തോടു ചേര്‍ന്ന് 'എല്‍ നിനോ', 'ബ്ലോബ്' (El Nino & the Blob) എന്നീ പ്രതിഭാസങ്ങള്‍ ഒരുമിച്ച് ഉണ്ടായതോടെയാണ് ഇത്തരം മാറ്റങ്ങള്‍ കാണപ്പെട്ടത്. 

വടക്കന്‍ പസഫിക് മഹാസമുദ്രത്തില്‍ ഒരു വലിയ മേഖലയിലെ ജലം മുഴുവന്‍ ചൂടായഅവസ്ഥയാണ് ബ്ലോബ്. 2013-ലാണ് ആദ്യമായി ഈ പ്രതിഭാസം തിരിച്ചറിയുന്നത്. തുടര്‍ച്ചയായി ഒരു സമുദ്രമേഖലയില്‍ അഞ്ച് ദിവസത്തിലേറെ വര്‍ധിച്ച അളവിലുള്ള ചൂടുജലം നിലനില്‍ക്കുന്നതിനെ 'മറൈന്‍ ഹീറ്റ് വേവ്' (Marine Heat Waves) എന്ന് പറയുന്നു. ഇവ സമുദ്രത്തിലെ ആവാസവ്യവസ്ഥയെ വന്‍തോതില്‍ പ്രതികൂലമായി ബാധിക്കുന്നു. 

താപനില ഉയരുന്നത് ജീവിവര്‍ഗ്ഗങ്ങളുടെ മെറ്റബോളിസം, പ്രത്യുത്പാദനം, പരസ്പരാശ്രിതത്വം എന്നിവയില്‍ മാറ്റങ്ങളുണ്ടാക്കുന്നു. മറ്റ് മേഖലകളിലേക്ക് പലായനം ചെയ്യുന്ന സമുദ്രജീവികള്‍ അവയുടെ പുതിയ ആവാസവ്യവസ്ഥയോട് പൊരുത്തപ്പെടാനാകാതെ നാമാവശേഷമാകാനും ഇടയുണ്ട്. താപവ്യതിയാനം മൂലം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ആവാസമേഖലകള്‍ മാറ്റാന്‍ കഴിയാത്ത ജീവജാതികള്‍ ഭാവിയില്‍ നശിച്ചുപോകാനുള്ള സാധ്യതയുമുണ്ട്.

പവിഴപ്പുറ്റുകള്‍ക്കും ഭീഷണി

വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങള്‍ ഉള്‍പ്പെടുന്ന സവിശേഷമായ ഒരു ആവാസവ്യവസ്ഥയാണ് പവിഴപ്പുറ്റുകള്‍. മത്സ്യങ്ങളുടെയും മറ്റ് പല ജീവികളുടെയും പ്രജനനകേന്ദ്രങ്ങളായും പവിഴപ്പുറ്റുകള്‍ മാറാറുണ്ട്. സമുദ്ര താപനില ഗുരുതരമായ തോതില്‍ ഉയരുന്നത് കടല്‍ജലത്തിന്റെ അമ്ലസ്വഭാവം വര്‍ധിക്കാനും ലവണത്വം കുറയാനും ഇടയാക്കും. പവിഴപ്പുറ്റുകളുടെ നിലനില്‍പ്പും പ്രതിസന്ധിയിലാകും. ജലനിരപ്പുയര്‍ന്നതും സമുദ്രത്തിന്റെ ലവണത്വം ഗണ്യമായി കുറച്ചിട്ടുണ്ട്. സ്വാഭാവികമായി ഈ കുറവ് പവിഴപ്പുറ്റുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പുതിയ പവിഴപ്പുറ്റുകള്‍ രൂപപ്പെടുന്നതിനും തിരിച്ചടിയാണ്. 

(ജി.കെ. ആന്‍ഡ് കറന്റ് അഫേഴ്സ് മാസിക ജൂണ്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

GK & Current Affairs _ June 2019മാതൃഭൂമി ജി.കെ. & കറന്റ് അഫയേഴ്സ് മാസിക വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlights: Global Warming, Marine Life, Marine Heat Waves, Ocean Warming, Environmental Issues, Current Affairs