ഭ്യന്തരവും രാജ്യാന്തരവുമായ നിരവധി സുരക്ഷാ വെല്ലുവിളികള്‍ നേരിടേണ്ടിവന്നിട്ടുള്ള രാജ്യമാണ് ഇന്ത്യ. ബാഹ്യ ആക്രമണങ്ങളെ ചെറുക്കാന്‍ സജ്ജമാക്കിയിട്ടുള്ള സൈന്യത്തെ നിയന്ത്രിക്കുന്നത് കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ്. കരസേന, നാവികസേന, വ്യോമസേന, തീരസംരക്ഷണ സേന എന്നിവയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ നാല് ഘടകങ്ങള്‍. രാഷ്ട്രപതിയാണ് സര്‍വസൈന്യാധിപന്‍. 

കേന്ദ്ര പോലീസ് സേനാ വിഭാഗങ്ങള്‍ (സി.എ.പി.എഫ്)

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ വരുന്ന ഏഴ് സുരക്ഷാ സേനാവിഭാഗങ്ങളാണ് സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സസ് (സി.എ.പി.എഫ്). അസം റൈഫിള്‍സ് (എ.ആര്‍), ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബി.എസ്.എഫ്), സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (സി.ആര്‍.പി.എഫ്), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്), നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍.എസ്.ജി), ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി), സശസ്ത്ര സീമാബല്‍ (എസ്.എസ്.ബി) എന്നിവയാണ് കേന്ദ്ര പോലീസ് സേനാ വിഭാഗങ്ങള്‍.

CRPFകേന്ദ്ര റിസര്‍വ് പോലീസ് (സി.ആര്‍.പി.എഫ്)

 • ഇന്ത്യയിലെ ഏറ്റവും വലിയ അര്‍ധ സൈനിക വിഭാഗം. 
 • 1949ലെ കേന്ദ്ര റിസര്‍വ് പോലീസ് ആക്ട് പ്രകാരം രൂപവത്കരിച്ചു.
 • 239 ബറ്റാലിയനുകള്‍ (313,678 ആണ് നിലവില്‍ അംഗസംഖ്യ). 
 • ക്രമസമാധാന പാലനത്തിനായി തിരഞ്ഞെടുപ്പു വേളകളിലുള്‍പ്പെടെ സി.ആര്‍.പി.എഫിന്റെ സേവനം നിര്‍ണായകമാണ്. 
 • കലാപങ്ങളും ലഹളകളുമുള്‍പ്പെടെയുള്ളവ നിയന്ത്രണ വിധേയമാക്കി ആഭ്യന്തര സുരക്ഷ ഉറപ്പാക്കുകയെന്നതാണ് പ്രധാന ചുമതല.
 • ഇപ്പോഴത്തെ ഡയറക്ടര്‍ ജനറല്‍ - രാജീവ് റായ് ഭട്ട്നഗര്‍.

 

BSFഅതിര്‍ത്തിരക്ഷാസേന (ബി.എസ്.എഫ്)

 • 1965-ല്‍ രൂപവത്കരിച്ചു.
 • 186 ബറ്റാലിയനുകള്‍, വനിതകള്‍ ഉള്‍പ്പെടെ 240,000ത്തിലേറെ അംഗങ്ങള്‍.
 • ഇന്ത്യയുടെ അതിര്‍ത്തികള്‍ ശത്രുക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കുക, അതിര്‍ത്തി വഴിയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുക, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറുന്നത് തടയുക തുടങ്ങിയ ഉത്തരവാദിത്തങ്ങളാണ് അതിര്‍ത്തി രക്ഷാ സേനക്കുള്ളത്.
 • രജിനി കാന്ത് മിശ്രയാണ് നിലവില്‍ ബി.എസ്.എഫ് ഡയറക്ടര്‍ ജനറല്‍.

 

CISFസെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്)

 • പ്രധാനപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും, വ്യവസായ സ്ഥാപനങ്ങളുടെയും സുരക്ഷക്കായി 1969ല്‍ രൂപവത്കരിച്ചു.
 • നിലവിലെ അംഗസംഖ്യ - ഒന്നര ലക്ഷത്തോളം.
 • ആറ്റോമിക് പവര്‍ പ്ലാന്റുകള്‍, സ്പേസ് സ്റ്റേഷനുകള്‍, ഖനികള്‍, എണ്ണപ്പാടങ്ങള്‍, റിഫൈനറികള്‍, പ്രധാന തുറമുഖങ്ങള്‍, ബാരേജുകള്‍, ഫെര്‍ട്ടിലിസര്‍ യൂണിറ്റുകള്‍, വിമാനത്താവളങ്ങള്‍, വൈദ്യുതി നിലയങ്ങള്‍, കറന്‍സി പ്രസ്സുകള്‍ എന്നിവയുള്‍പ്പെടെ സി.ഐ.എസ്.എഫിന്റെ സംരക്ഷണത്തിലാണ്.
 • മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ രാജേഷ് രഞ്ജനാണ് നിലവില്‍ സി.ഐ.എസ്.എഫ് മേധാവി.

 

NSGദേശീയ സുരക്ഷാസേന (എന്‍.എസ്.ജി)

 • തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനായി 1985ല്‍ പ്രവര്‍ത്തനം ആരംഭിച്ചു.
 • നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് ആക്ട് പ്രകാരമാണ് ദേശീയ സുരക്ഷാ സേന രൂപവത്കരിച്ചത്. 
 • തീവ്രവാദത്തെ ചെറുക്കുക, രാജ്യത്തെ വി.വി.ഐ.പികളുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ പ്രത്യേക ആവശ്യങ്ങള്‍ക്കുമാത്രമായാണ് ഇപ്പോള്‍ പ്രധാനമായും ഈ സേനയെ ഉപയോഗിച്ചുവരുന്നത്. 
 • ഗൂഢാലോചനയും അട്ടിമറിയും തകര്‍ക്കുക, ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കുക തുടങ്ങിയ ജോലികളും എന്‍.എസ്.ജി കമാന്‍ഡോകള്‍ ചെയ്യുന്നു. 
 • ഇന്ത്യന്‍ സൈന്യം, അതിര്‍ത്തി രക്ഷാസേന, സെന്‍ട്രല്‍ റിസര്‍വ് പോലീസ്, സംസ്ഥാന പോലീസ് എന്നിവിടങ്ങളിലെ മികച്ച ഓഫീസര്‍മാരെയാണ് കമാന്‍ഡോകളായി നിയമിക്കുന്നത്. 
 • ഇന്ത്യന്‍ സൈന്യത്തില്‍ നിന്നുള്ളവര്‍ സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് എന്നും മറ്റുള്ളവര്‍ സ്പെഷ്യല്‍ റെയ്ഞ്ചര്‍ ഗ്രൂപ്പ് എന്നും അറിയപ്പെടുന്നു. 
 • സുധീപ് ലാഖ്താകിയ ആണ് എന്‍.എസ്.ജി ഡയറക്ടര്‍ ജനറല്‍.

 

ITBPഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി)

 • ചൈനയുമായുള്ള അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന ഇന്ത്യയുടെ അര്‍ധസൈനിക വിഭാഗം. 
 • 1962ല്‍ രൂപവത്കരിച്ചു.
 • ഹിമാലയ പര്‍വതനിരകളില്‍ 3488 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വിന്യസിക്കപ്പെട്ടിരിക്കുന്നു.  
 • പര്‍വതാരോഹണത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച ഓഫീസര്‍മാരും ജവാന്മാരും ഐ.ടി.ബി.പിയുടെ ഭാഗമാണ്. 
 • എസ്.എസ്. ദേശ്വാളാണ് നിലവില്‍ ഐ.ടി.ബി.പി മേധാവി.

 

SSBസശസ്ത്ര സീമാബല്‍ (എസ്.എസ്.ബി)

 • ഇന്ത്യയുടെ നേപ്പാള്‍, ഭൂട്ടാന്‍ അതിര്‍ത്തികളില്‍ വിന്യസിച്ചിരിക്കുന്ന സേന.
 • ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതോടൊപ്പം അതിര്‍ത്തി പ്രദേശങ്ങളില്‍ ദേശീയത വളര്‍ത്തുന്നതിനായും പ്രവര്‍ത്തിക്കുന്നു.
 • ഇന്ത്യാ-ചൈന യുദ്ധത്തിന് ശേഷം 1963ലാണ് സേന രൂപവത്കരിച്ചത്. 
 • കുമാര്‍ രാജേഷ് ചന്ദ്രയാണ് നിലവില്‍ എസ്.എസ്.ബി ഡയറക്ടര്‍ ജനറല്‍.

 

Assam Riflesഅസം റൈഫിള്‍സ് (എ.ആര്‍)

 • ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശത്തിന്റെ ആഭ്യന്തര സംരക്ഷണത്തിനായി രൂപം നല്‍കിയിട്ടുള്ള സേനാവിഭാഗം. 
 • പ്രദേശത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാനുള്ള ഉത്തരവാദിത്തവും സേനയ്ക്കുണ്ട്. 
 • ലെഫ്റ്റനന്റ് ജനറല്‍ സുഖ്ദീപ് സാങ്വാന്‍ ആണ് നിലവില്‍ അസം റൈഫിള്‍സ് മേധാവി.

 

Indian Armyകരസേന (Indian Army)

 • ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കരസേന ഒന്നാം സ്ഥാനത്ത് ചൈനയാണ് (2018ലെ കണക്കുകള്‍ പ്രകാരം). 
 • പതിനൊന്നു ലക്ഷത്തിലേറെ സ്ഥിരം അംഗങ്ങളും പത്തു ലക്ഷത്തോളം റിസര്‍വ് അംഗങ്ങളും.
 • ജനറല്‍ ബിപിന്‍ റാവത്ത് ആണ് നിലവില്‍ കരസേനാ മേധാവി.
 • ആപ്തവാക്യം - സര്‍വീസ് ബിഫോര്‍ സെല്‍ഫ്.
 • 1748ല്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിലുള്ള സേനകളുടെ കമാണ്ടര്‍-ഇന്‍ - ചീഫ് ആയി ചുമതലയേറ്റ മേജര്‍ സ്ട്രിങ്ങര്‍ ലോറന്‍സ് ആണ് 'ഇന്ത്യന്‍ ആര്‍മിയുടെ പിതാവ് എന്നറിയപ്പെടുന്നത്. 
 • 1947-ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ കരസേനാ മേധാവി ജനറല്‍ സര്‍ റോബര്‍ട്ട് ലോക്ഹാര്‍ട്ട് ആയിരുന്നു.

 

Indian Navyനാവികസേന (Indian Navy)

 • വലിപ്പത്തില്‍ ലോകത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യന്‍ നാവിക സേന. 
 • 55,000 ഓളം അംഗബലമാണുള്ളത്. 
 • മൂന്ന് പ്രാദേശിക നിയന്ത്രണകേന്ദ്രങ്ങള്‍ (റീജ്യണൽ കമ്മാന്‍ഡുകള്‍). 
 • സ്വാതന്ത്ര്യത്തിനു മുമ്പ് ബോംബൈ മറൈന്‍, ഇന്ത്യന്‍ നേവി, ഇന്ത്യന്‍ മറൈന്‍ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്.
 • ആദ്യത്തെ കമാന്‍ഡര്‍ ഇന്‍ ചീഫ് അഡ്മിറല്‍ എഡ്വാര്‍ഡ് പെറി - ബ്രിട്ടീഷുകാരനായിരുന്നു. ഈ സ്ഥാനത്തേക്ക് ആദ്യത്തെ ഇന്ത്യക്കാരന്‍ നിയമിതനാകുന്നത് 1958ല്‍. (ആര്‍.ഡി. കതാരി- വൈസ് അഡ്മിറല്‍). 
 • ആപ്തവാക്യം - ഷംനോ വരുണ.
 • അഡ്മിറല്‍ സുനില്‍ ലാന്‍ബയാണ് നിലവില്‍ നാവികസേനാ മേധാവി.

 

Indian Air Forceവ്യോമസേന (Indian Airforce)

 • ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേന (അംഗബലം - ഏകദേശം 1,40,000). 
 • എയര്‍ ചീഫ് മാര്‍ഷല്‍ ബിരേന്ദര്‍ സിങ് ധനോവയാണ്‌ ഇപ്പോഴത്തെ മേധാവി.
 • ആപ്തവാക്യം - നാഭസ്പര്‍ശം ദീപ്തം.
 • സേനയ്ക്ക് ഇന്ത്യയിലാകെ 60 എയര്‍ബേസുകളുണ്ട് (ഏറ്റവും കൂടുതല്‍ വെസ്റ്റേണ്‍ എയര്‍ കമാന്റില്‍ - 16).
 • ഇന്ത്യന്‍ വ്യോമസേനയ്ക്ക് താജിക്കിസ്താനിലും എയര്‍ ബേസുണ്ട് - ഫര്‍ഖോര്‍.

 

തയ്യാറാക്കിയത്: ബിജീഷ്.സി.ബി

Content Highlights: From CRPF to AR, Defence forces of India, Indian Army, Indiam Navy, Indian Airforce