പാരീസ് എന്ന മഹാനഗരത്തെക്കുറിച്ച് ഓർക്കുമ്പോൾത്തന്നെ മനസ്സിൽ നിറയുന്ന രൂപമാണ് ഈഫൽ ടവറിന്റേത്. ലോകത്തിൽ ഏറ്റവുമധികം വിനോദസഞ്ചാരികൾ സന്ദർശിച്ചിട്ടുള്ള ഒരിടമായി പാരീസ് മാറിയത് പിന്നിൽ ഈഫലിന്റെ പ്രശസ്തി വഹിച്ച പങ്ക് ചെറുതല്ല. ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികത്തിൽ അതിന്റെ സ്മരണയ്‍ക്കായി പണികഴിപ്പിച്ചതാണ് ഈ ടവർ. ഗുസ്റ്റാവേ ഈഫൽ എന്ന ഡിസൈനറും അദ്ദേഹത്തിന്റെ 200-ഓളം വരുന്ന ജോലിക്കാരുടേയും അധ്വാനമാണ് ഈ കമാനത്തിന്റെ ചാരുതയ്‍ക്ക് പിന്നിൽ. അദ്ദേഹത്തോടുള്ള ആദരവിന്റെ ഭാഗമായി ഈ സ്മാരകത്തിനും ഈഫൽ എന്ന തന്നെ പേരും നൽകി.

സെൻട്രൽ പാരീസിലെ ചാംപ് ഡി മാർസിൽ ഒരു സ്മാരകം പണിയുന്നതിനായി 100 ലേറെ ഡിസൈനുകളാണ് ഭരണകൂടത്തിന് മുന്നിലെത്തിയത്. എന്നാൽ 1000 അടിയോളം ഉയരമുള്ള, ത്രികോണ രൂപത്തിലുള്ള ഈഫൽ ടവറിനാണ് പാരീസിന്റെ മുഖമാകാൻ നറുക്ക് വീണത്. എന്നാൽ ടവറിന്റെ നിർമാണം ഏറെ വിമർശനങ്ങൾക്കും വഴിവെച്ചു. ഘടനാപരമായി ഒട്ടും ഭംഗിയുള്ളതല്ല ഈ സ്മാരകമെന്നും പാരീസിന്റെ ദൃശ്യ ഭംഗിയെ മലിനമാക്കുന്ന ഒന്നാണിതെന്നും അഭിപ്രായങ്ങൾ ഉയർന്നു. ഈ വിമർശനങ്ങൾക്ക് നടുവിലും ഈഫലിന്റെ പണി തുടർന്നു. രണ്ടു വർഷത്തിനുള്ളിൽത്തന്നെ പണി പൂർത്തിയാകുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിർമിച്ച ഭാഗങ്ങൾ പാരിസിലെത്തിച്ചാണ് കൂട്ടിയോജിപ്പിച്ചത്.
കെട്ടിട നിർണമാണത്തിനിടെ അപകടമരണങ്ങൾ സംഭവിക്കുന്നത് പതിവായിരുന്നെങ്കിലും ഈഫലിന്റെ നിർമാണ കാലയളവിൽ ഒരു തൊഴിലാളിക്ക് മാത്രമാണ് ജീവൻ നഷ്ടമായത്.

1889 മാർച്ച് 31-നാണ് ഈഫൽ ടവർ ലോകത്തിന് മുന്നിൽ സമർപ്പിക്കപ്പെട്ടത്. ഗുസ്റ്റാവേയും ഫ്രഞ്ച് പ്രധാന മന്ത്രിയായ പിയറി ടിറാഡും ചേർന്നാണ് ടവർ ഉദ്ഘാടനം ചെയ്തത്. 1889 മാർച്ച് 31 ന് ഉദ്ഘാടനം നടന്നെങ്കിലും ഇത് ജനങ്ങൾക്കായത് തുറന്ന് കൊടുത്തത് മേയ് ആറിനാണ്. ഫ്രഞ്ച് വിപ്ലവത്തിന്റെ സ്മരണയ്‍ക്കായി നടത്തിയ എക്സ്പോ കഴിഞ്ഞാലുടൻ മാറ്റി സ്ഥാപിക്കണമെന്ന ലക്ഷ്യത്തിൽ നിർമിച്ച ഈ ടവർ വളരെപ്പെട്ടെന്നാണ് പാരീസിന്റെ മുഖമായി മാറിയത്. പ്രതിവർഷം 70 ലക്ഷത്തോളം സന്ദർശകരാണ് ഈഫൽ ടവർ സന്ദർശിക്കാനെത്തുന്നത്.

130 വർഷങ്ങൾക്ക് മുൻപ്, സാങ്കേതിക വിദ്യ ഇന്നത്തെയത്ര വളർച്ച പ്രാപിക്കാതിരുന്ന കാലഘട്ടത്തിൽ പോലും അതിമനോഹരമായ രീതിയിൽത്തന്നെ ഈഫൽ എന്ന വിസ്മയം ഉയർന്നുപൊങ്ങി. 1929-ൽ ന്യൂയോർക്ക് സിറ്റിയിൽ ക്രിസ്ലർ ബിൽഡിങ് ഉയർന്നു പൊങ്ങുന്നതിന് മുൻപ് വരെ 324 മീറ്ററോളം ഉയരമുള്ള ഈഫലായിരുന്നു ലോകത്തിലെ ഏറ്റവും ഉയരമുള്ള നിർമിതി. ഏകദേശം 1700-ഓളം പടവുകൾ ചവിട്ടിക്കയറി ഈഫലിന്റെ നെറുകയിലെത്താൻ ഇന്നും പലർക്കുമാവേശമാണ്. രാത്രിയുടെ യാമങ്ങളിൽ ദീപങ്ങളുടെ വർണപ്രഭയിൽ കുളിച്ച് നിൽക്കുന്ന ഈഫൽ വിളിച്ചോടുന്നത് ചരിത്രത്തെക്കുറിച്ചുള്ള വലിയ കഥകളാണ്.

ഫ്രഞ്ച് വിപ്ലവം

ഫ്രഞ്ച് ചക്രവർത്തിമാരുടെ ദുർഭരണത്തിനെതിരെ അവിടുത്തെ ജനത നടത്തിയ പ്രതിഷേധമാണ് ഫ്രഞ്ച് വിപ്ലവത്തിൽ കലാശിച്ചത്. 1789 ജൂലൈ 14-ന് ആയിരക്കണക്കിന് ആളുകൾ ചേർന്ന് ബാസ്റ്റിൽ കോട്ട തകർത്തതോടെയാണ് വിപ്ലവമാരംഭിച്ചത്. രാജാവിനെ ചോദ്യം ചെയ്‌യാൻ ദൈവത്തിന് മാത്രമാണ് അധികാരമെന്ന രാജാക്കന്മാരുടെ വാദത്തെയും തനിക്ക് ശേഷം പ്രളയമെന്ന് പ്രഖ്യാപിച്ച രാജാവിന്റെ ധാർഷ്ട്യത്തേയും ജനത പല്ലും നഖവുമുപയോഗിച്ച് എതിർത്തു. 1792 ഓഗസ്റ്റിൽ ലൂയി പതിനാറാമന്റെ രാജകൊട്ടാരം തകർത്ത് വിപ്ലവകാരികൾ അധികാരം പിടിച്ചെടുത്തു. സെപ്റ്റംബറിൽ പുതിയ ഭരണഘടന രൂപീകരിച്ച് റിപ്പബ്ലിക്കായി ഫ്രാൻസ് മാറി. അതോടെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുഴങ്ങി.

Content Highlights: French revolution and Eiffel tower