ഫ്‌ളിപ്കാര്‍ട്ടിലെയും ആമസോണിലെയും ഡിസ്‌കൗണ്ട് മേളകള്‍ക്കായി കണ്ണുംനട്ട് കാത്തിരിക്കുന്നവര്‍ക്ക് ഇനി നിരാശയുടെ നാളുകള്‍. ഇ-കൊമേഴ്സ് കമ്പനികള്‍ക്കായി വിദേശനിക്ഷേപനിയമത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ഫെബ്രുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നതോടെ വെട്ടിലായത് ഫ്‌ളിപ്കാര്‍ട്ടും ആമസോണുമാണ്. വിദേശനിക്ഷേപ (എ.ഉ.ക.) ചട്ടങ്ങളിലെ പഴുതുകള്‍ അടയ്ക്കാന്‍ ഓണ്‍ലൈന്‍ വെബ്സൈറ്റുകള്‍ വഴിയുള്ള വില്‍പനയ്ക്ക് കൃത്യമായ നിയന്ത്രണങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുകയാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ (ഡി.ഐ.പി.പി.).

നിയന്ത്രണങ്ങള്‍ കടുകട്ടി

പുതിയ നിയമമനുസരിച്ച് കമ്പനികള്‍ക്ക് ഇനി അവരുടെ ലേബലുകള്‍ സ്വന്തം പ്ലാറ്റ്ഫോമിലൂടെ വില്‍ക്കാന്‍ കഴിയില്ല. ഇ-കൊമേഴ്സ് വിപണനരംഗത്തുള്ള സ്ഥാപനങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഓഹരിപങ്കാളിത്തമുള്ള കമ്പനികളുടെ വസ്തുക്കള്‍ ബന്ധപ്പെട്ട ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലൂടെ വില്‍പ്പന നടത്തരുതെന്നതാണ് പരിഷ്‌കരിച്ച നിയമത്തിലെ പ്രധാന വ്യവസ്ഥ. ക്ലൗഡ്ടെയില്‍, അപ്പാരിയോ എന്നീ പേരുകളിലുള്ള സംയുക്ത സംരംഭങ്ങളുടെ ഉടമകളായ ആമസോണിനും ഡബ്ല്യു.എസ്. റീട്ടെയ്ല്‍ എന്ന പേരില്‍ സംയുക്തസംരംഭം നടത്തുന്ന ഫ്‌ളിപ്കാര്‍ട്ടിനും കനത്ത തിരിച്ചടിയാണ് ഈ വ്യവസ്ഥ. ഇത്തരത്തില്‍ ഓഹരിപങ്കാളിത്തമുള്ള കമ്പനികളുടെ ഉത്പന്നങ്ങള്‍ ഇനിമുതല്‍ ആമസോണിലൂടെ വില്പന നടത്താനാകില്ല. 

ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് ഓഹരിപങ്കാളിത്തമുള്ള കമ്പനികളുടെയോ അനുബന്ധ സ്ഥാപനങ്ങളുടെയോ ഉത്പന്നങ്ങളും ഇനി സ്വന്തം പ്ലാറ്റ്ഫോമിലൂടെ വില്പന നടത്താന്‍ പാടില്ല. ചുരുക്കത്തില്‍ ഇ-കൊമേഴ്സ് കമ്പനികളുടെ സ്വകാര്യ ലേബലുകള്‍ ഇനി അവര്‍ക്കുതന്നെ വില്‍ക്കാന്‍ കഴിയില്ലെന്നര്‍ഥം. ആമസോണിന്റെ ആമസോണ്‍ ബേസിക്സ്, ഫ്‌ളിപ്കാര്‍ട്ടിന്റെ പെര്‍ഫെക്ട് ഹോംസ്, മാര്‍ക്യൂ തുടങ്ങിയവ പ്രൈവറ്റ് ലേബലുകളാണ്. വിലയിലും ഉത്പന്നങ്ങളുടെ ലഭ്യതയിലുമുള്ള വിടവ് നികത്താനും മറ്റ് കമ്പനികളേക്കാളും ഉയര്‍ന്ന മാര്‍ജിന്‍ നേടാനും ഇ-കൊമേഴ്സ് കമ്പനികളെ പ്രൈവറ്റ് ലേബലുകള്‍ സഹായിച്ചിരുന്നു. 

walmart

ഇ-കൊമേഴ്സ് കമ്പനിയെന്നാല്‍ ബിസിനസ് ടു ബിസിനസ് വ്യാപാരമായിരിക്കണമെന്നും ബിസിനസ് ടു കണ്‍സ്യൂമര്‍ അല്ലെന്നും ഡി.ഐ.പി.പി. വ്യക്തമാക്കി.
രാജ്യത്ത് നിലവിലുള്ള മാര്‍ക്കറ്റ്പ്ലെയ്സ് മോഡലില്‍ 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ബിസിനസ് ടു കണ്‍സ്യൂമര്‍ വ്യാപാരം നടത്തിയാല്‍ ഇത് ഇന്‍വെന്ററി മോഡലായി മാറും. ഇതില്‍ മേല്‍പ്പറഞ്ഞ 100 ശതമാനം വിദേശനിക്ഷേപം അനുവദനീയമല്ല. 

ഉത്പാദകരുമായി നേരിട്ടെത്തുന്ന ധാരണയുടെ അടിസ്ഥാനത്തില്‍ ഇ-കൊമേഴ്സ് സൈറ്റുകളിലൂടെ നടക്കുന്ന എക്സ്‌ക്ലൂസീവ് ഇടപാടുകളും പുതിയ നിയമം വിലക്കുന്നു. ഷവോമി, ഓപ്പോ തുടങ്ങിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളുമായി സഹകരിച്ച് ഉപയോക്താക്കള്‍ക്കായി വിവിധ തരത്തിലുള്ള എക്സ്‌ക്ലൂസീവ് ഇടപാടുകള്‍ ഫ്‌ളിപ്കാര്‍ട്ട് മുന്നോട്ടുവയ്ക്കാറുണ്ട്. ഇത്തരം പ്രത്യേക ഇളവുകള്‍ ഇനിമുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാകില്ല. രാജ്യത്ത് ഇ-കൊമേഴ്സ് സൈറ്റുകളിലൂടെ നടക്കുന്ന ആകെ വില്പനയുടെ 50 ശതമാനവും സ്മാര്‍ട്ട്ഫോണുകളാണെന്ന വസ്തുത പരിശോധിച്ചാല്‍ പുതിയ ചട്ടം മേഖലയ്ക്ക് സമ്മാനിക്കുന്ന ആഘാതം വിലയിരുത്താനാകും. പുതിയ ഫോണുകള്‍ ഉള്‍പ്പെടെ പ്രത്യേക വിലക്കുറവോടുകൂടി അവതരിപ്പിച്ചാണ് ഉപഭോക്താക്കളെ ഇ-കൊമേഴ്സ് സൈറ്റുകള്‍ ആകര്‍ഷിച്ചിരുന്നത്.

സമ്മര്‍ദം ചില്ലറ വ്യാപാരികളില്‍നിന്ന് 

വന്‍കിട ഇ-കൊമേഴ്സ് വില്പനക്കാര്‍ നല്‍കുന്ന വിലക്കിഴിവുകള്‍ക്കെതിരേ പരമ്പരാഗത ചില്ലറവ്യാപാര മേഖലയിലുള്ളവര്‍ ശക്തമായി രംഗത്തെത്തിയിരുന്നു. ആലിബാബ, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ പുലര്‍ത്തുന്ന അനാരോഗ്യകരമായ വില്പനതന്ത്രം ചില്ലറവില്പന മേഖലയുടെ അടിത്തറ ഇളക്കുന്നതാണെന്നതായിരുന്നു ഇവരുടെ പരാതി. ഇത് കണക്കിലെടുത്താണ് ഇ-കൊമേഴ്സ് നിയമങ്ങളില്‍ സമഗ്രമായ മാറ്റത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുത്തത്. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബി.ജെ.പി.യുടെ വോട്ട്ബാങ്കായി പരിഗണിക്കപ്പെടുന്ന ചില്ലറവ്യാപാരികളെ പിണക്കിയാലുണ്ടാകുന്ന ഭവിഷ്യത്തുകളും ഇത്തരമൊരു തീരുമാനത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കാം. ജി.എസ്.ടി.യുടെ പേരില്‍ പിണങ്ങിനില്‍ക്കുന്ന ചില്ലറവ്യാപാരികളെ കൂടുതല്‍ വ്രണപ്പെടുത്തുന്നത് തുടര്‍ഭരണമെന്ന ബി.ജെ.പി. സ്വപ്‌നത്തിന് കടുത്ത ആഘാതം സൃഷ്ടിക്കും. 

ഉത്പാദകര്‍ക്കും വില്പനക്കാര്‍ക്കും തുല്യപരിഗണന നല്‍കണമെന്ന അടിസ്ഥാനതത്ത്വംതന്നെ ലംഘിക്കപ്പെടുന്ന തരത്തിലാണ് വന്‍കിട ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. വിപണിയുടെ താളംതെറ്റിക്കുന്ന അശാസ്ത്രീയവും അന്യായവുമായ ഇളവുകളുടെ പെരുമഴക്കാലത്തിന് തടയിടുകയാണ് നിയമഭേദഗതിയിലൂടെ ലക്ഷ്യംവയ്ക്കുന്നത്. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ സൈറ്റുകളിലെ വില്പനയുടെ 25 ശതമാനം മാത്രമേ വന്‍കിട വില്പനക്കാരുടെ സംഭാവനയായി വരാന്‍ പാടുള്ളൂവെന്ന നിയമമുണ്ടെങ്കിലും വന്‍കിടക്കാരില്‍നിന്ന് ഉത്പന്നങ്ങള്‍ വാങ്ങാന്‍ ചെറുകിടവ്യാപാരികളെ നിര്‍ബന്ധിച്ച് അവരുടെ പേരില്‍ ഉത്പന്നങ്ങള്‍ അണിനിരത്തിയാണ് ഇ-കൊമേഴ്സ് ഭീമന്‍മാര്‍ ഈ നിയമവ്യവസ്ഥയെ മറികടന്നുവരുന്നത്. ഇതിനും തടയിടുന്നതാണ് പുതിയ നിയമവ്യവസ്ഥ.

കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് എതിരെ ഇ-കൊമേഴ്സ് കമ്പനികളില്‍ അമര്‍ഷം പുകയുകയാണ്. തങ്ങളുമായി ആലോചന നടത്താതെ എടുത്ത തീരുമാനം പുനപ്പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് അവരുടെ അഭിപ്രായം. പുതിയ വിദേശനിക്ഷേപനയങ്ങള്‍ നടപ്പില്‍വരുമ്പോള്‍ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വ്യാപാരികള്‍ക്ക് 35,000-40,000 കോടി രൂപ നഷ്ടം വരുമെന്ന് റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ പറയുന്നു. ഈ രംഗത്തെ മൊത്തം വില്പനയുടെ 35-40 ശതമാനം വരുമിത്. അതേസമയം, സ്റ്റോറുകള്‍ നടത്തുന്ന റീട്ടെയ്ല്‍ വ്യാപാരികള്‍ക്ക് വില്പന കൂടുകയും 12,000 കോടി രൂപ അധികവരുമാനം ലഭിക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. 

2014-നും 2018-നും ഇടയില്‍ രാജ്യത്തെ ഇ-കൊമേഴ്സ് രംഗം 40 ശതമാനം വാര്‍ഷികവളര്‍ച്ചയാണ് കൈവരിച്ചത്. അതേസമയം റീട്ടെയ്ല്‍ സ്റ്റോറുകളുടെ വളര്‍ച്ച 13 ശതമാനം മാത്രമായിരുന്നു. 2019-2020 സാമ്പത്തികവര്‍ഷത്തില്‍ ചെറുകിട റീട്ടെയ്ല്‍ വ്യാപാരികള്‍ 19 ശതമാനം വരുമാന വളര്‍ച്ച നേടുമെന്ന് ക്രിസില്‍ കണക്കാക്കുന്നു. മുന്‍പ് ഇത് 17 ശതമാനം എന്നായിരുന്നു കണക്കാക്കിയിരുന്നത്. 
ഓണ്‍ലൈന്‍ റീട്ടെയ്ല്‍ മേഖലയുടെ മൊത്തം വരുമാനത്തിന്റെ 70 ശതമാനവും ഇപ്പോള്‍ ആമസോണും ഫ്‌ളിപ്കാര്‍ട്ടും കൈയടിക്കിയിരിക്കുകയാണ്. വിദേശനിക്ഷേപനയങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ഓണ്‍ലൈന്‍ വ്യാപാരികള്‍ക്ക് ഏറ്റവുമധികം നഷ്ടം സംഭവിക്കുക ഫാഷന്‍, ഇലക്ട്രോണിക് വിഭാഗത്തിലായിരിക്കുമെന്ന് ക്രിസില്‍ വിലയിരുത്തുന്നു. സപ്ലൈ ചെയിന്‍, ബിസിനസ് മോഡല്‍ തുടങ്ങിയവയില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയാലേ ഓണ്‍ലൈന്‍ റീട്ടെയ്ലുകാര്‍ക്ക് ഇനി രക്ഷയുള്ളൂവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

സഖ്യമുപേക്ഷിക്കാന്‍ വാള്‍മാര്‍ട്ട് 

walmartരാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടിലെ നിക്ഷേപം പിന്‍വലിച്ച് ആഗോള കുത്തക കമ്പനിയായ വാള്‍മാര്‍ട്ട് ഇന്ത്യ വിട്ടേക്കുമെന്ന് സൂചനയുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയങ്ങള്‍ നടപ്പിലായതോടെ ഇന്ത്യന്‍ ഇ-കൊമേഴ്സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടില്‍നിന്ന് വാള്‍മാര്‍ട്ട് ഓഹരികള്‍ പിന്‍വലിച്ചേക്കുമെന്നാണ് ധനകാര്യ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പുതിയ ഇ-കൊമേഴ്സ് നയം നടപ്പില്‍വന്നതോടെ ഇന്ത്യയില്‍നിന്ന് ലാഭമുണ്ടാക്കുക അത്ര എളുപ്പമായിരിക്കില്ല. അതോടെ, ഫ്‌ളിപ്കാര്‍ട്ടിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാകും. 25 ശതമാനം ഉത്പന്നങ്ങളും പിന്‍വലിക്കേണ്ടിവരും. 

ഫ്‌ളിപ്കാര്‍ട്ട് വഴി ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്ന സ്മാര്‍ട്ട്ഫോണ്‍, ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ക്കെല്ലാം വന്‍തിരിച്ചടി നേരിടും. ഇങ്ങനെ വന്നാല്‍ ഫ്ളിപ്കാര്‍ട്ടിന്റെ വരുമാനത്തില്‍ 50 ശതമാനം ഇടിവുനേരിടും. നഷ്ടത്തോടെ മുന്നോട്ടുപോകാന്‍ വാള്‍മാര്‍ട്ട് തയ്യാറാകില്ലെന്നാണ് വിപണിവിദഗ്ധര്‍ പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണ്‍ ചൈനയില്‍നിന്ന് പിന്‍വാങ്ങിയത് അവിടത്തെ പുതിയ നയങ്ങള്‍ കാരണമായിരുന്നു. ഫ്‌ളിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികളും വാള്‍മാര്‍ട്ട് വാങ്ങിയിരുന്നു. ഇതിനായി 16,00 കോടി ഡോളറാണ് (1.05 ലക്ഷം കോടി രൂപ) മുതല്‍മുടക്കിയത്. ഇ-കൊമേഴ്സ് രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കല്‍ കൂടിയായി ഇത്. ഇടപാടുകള്‍ പൂര്‍ത്തിയായതോടെ 2080 കോടി ഡോളര്‍ മൂല്യമുള്ള കമ്പനിയായി ഫ്‌ളിപ്കാര്‍ട്ട് മാറി.
ഉടന്‍ വരും ജിയോ ഇ-കൊമേഴ്സ്

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓണ്‍ലൈന്‍ വ്യാപാരരംഗത്തേക്ക് ചുവടുവയ്ക്കുന്നുണ്ട്. ഗുജറാത്തിലായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ആദ്യം അവതരിപ്പിക്കുക. ഗുജറാത്തിലെ 12 ലക്ഷത്തോളം വരുന്ന ചെറുകിട വ്യാപാരികളെ ചേര്‍ത്തുകൊണ്ടായിരിക്കും റിലയന്‍സിന്റെ ഇ-കൊമേഴ്സ് ചുവടുവെപ്പ്. ടെലികോം സംരംഭമായ ജിയോ, റീട്ടെയില്‍ സംരംഭമായ റിലയന്‍സ് റീട്ടെയില്‍ എന്നിവയുടെ പിന്തുണയോടെയാവുമിത്. ജിയോയ്ക്ക് രാജ്യത്തൊട്ടാകെ 28 കോടി വരിക്കാരുണ്ട്. റിലയന്‍സ് റീട്ടെയിലിനാകട്ടെ, 6,500 പട്ടണങ്ങളിലായി ഏതാണ്ട് 10,000 സ്റ്റോറുകളുണ്ട്. ജിയോയുടെ ആപ്പിലൂടെയും ഡിവൈസിലൂടെയും ചെറുകിട വ്യാപാരികളെ ബന്ധിപ്പിച്ച് അവര്‍ക്ക് കൂടുതല്‍ വരുമാന സാധ്യത ഒരുക്കിയാവും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം അവതരിപ്പിക്കുകയെന്ന് മുകേഷ് അംബാനി പറയുന്നു. ഓണ്‍ലൈന്‍ വ്യാപാരരംഗത്തേക്ക് റിലയന്‍സ് പ്രവേശിക്കുന്നതോടെ നിലവിലെ വമ്പന്‍മാരായ ആമസോണിനും വാള്‍മാര്‍ട്ടിന്റെ കീഴിലുള്ള ഫ്‌ളിപ്കാര്‍ട്ടിനും വലിയ വെല്ലുവിളിയാവുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യന്‍ സ്ഥാപനമെന്ന നിലയ്ക്ക് വിദേശ കമ്പനികള്‍ക്കുള്ള എഫ്.ഡി.ഐ. നിയന്ത്രണങ്ങളൊന്നും റിലയന്‍സിനെ ബാധിക്കുകയുമില്ല.

മികച്ച ഇന്റര്‍നെറ്റ് സേവനങ്ങളുമായി ജിയോ രാജ്യത്തെ ഞെട്ടിച്ച പോലെ മുകേഷ് അംബാനിയുടെ പുതിയ ഓണ്‍ലൈന്‍ വ്യാപാരസംരംഭവും വലിയ സംഭവമായി മാറുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരരംഗം. 30 കോടിയിലേറെ വരുന്ന ജിയോ ഉപഭോക്താക്കള്‍ കൈയിലുള്ളപ്പോള്‍ ഇ-കൊമേഴ്സ് സംരംഭത്തിന്റെ പരസ്യം റിലയന്‍സിന് ഒരു വെല്ലുവിളിയാവില്ല. ഉല്‍പ്പന്നങ്ങളുടെ വിതരണം, സപ്ലൈ ചെയിന്‍, ചില്ലറ ഔട്ട്ലെറ്റുകള്‍ എന്നിവ കണ്ടെത്താനും റിലയന്‍സിന് പ്രയാസമുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍.

എഫ്.ഡി.ഐ: പ്രധാന നിര്‍ദേശങ്ങള്‍

E-commerce

  •  ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ ഉത്പന്നം വില്‍ക്കുന്നവര്‍ക്ക് സ്റ്റോക്കിന്റെ 25 ശതമാനത്തില്‍ കൂടുതല്‍ ഏതെങ്കിലും പ്ലാറ്റ്ഫോം വഴി വില്‍ക്കാനാവില്ല.
  •  ഓണ്‍ലൈന്‍ കമ്പനികളുടെയോ അവരുടെ ഉപസ്ഥാപനങ്ങളുടെയോ നിയന്ത്രണത്തിലുള്ള മൊത്തവ്യാപാരക്കമ്പനികളില്‍നിന്നാകരുത് 25 ശതമാനത്തിലേറെ ഉത്പന്നങ്ങള്‍.
  •  ഏതെങ്കിലും കമ്പനിയുടെ ഉത്പന്നം വില്‍ക്കുന്നതിനായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ എക്സ്‌ക്ലൂസീവ് കരാറുകളിലേര്‍പ്പെടരുത്. മറ്റ് വ്യാപാര പ്ലാറ്റ്ഫോമുകളിലും ഉത്പന്നം ലഭ്യമാക്കണം.
  •  ഓണ്‍ലൈന്‍ കമ്പനിക്കോ, ഗ്രൂപ്പ് കമ്പനികള്‍ക്കോ ഓഹരിപങ്കാളിത്തമുള്ള കമ്പനികള്‍ക്ക് ആ പ്ലാറ്റ്ഫോം വഴി ഉത്പന്നം വില്‍ക്കാനാവില്ല.
  •  ഏതെങ്കിലും പ്രത്യേക ആനുകൂല്യങ്ങളോ ചരക്കുനീക്കം, പരസ്യം, വിപണനം, പണമിടപാട്, വായ്പ തുടുങ്ങിയ സൗകര്യങ്ങളോ ഒരു പ്രത്യേക വില്പനക്കാര്‍ക്ക് മാത്രമായി നില്‍ക്കുന്നതിനും നിയന്ത്രണമുണ്ട്.

(മാര്‍ച്ച് ലക്കം ജി.കെ. & കറന്റ് അഫയേഴ്‌സ് മാസികയില്‍ പ്രസിദ്ധീകരിച്ചത്)

മാതൃഭൂമി ജി.കെ. & കറന്റ് അഫയേഴ്‌സ് മാസിക വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

GK & Current Affairs Magazine

Content Highlights: GK & Current Affairs, FDI Policy Change: E-commerce companies under crisis, Amazone, Flipcart, Walmart