2019 ഡിസംബര്‍ 10: ചൈനയിലെ വുഹാനില്‍ ഹ്വാനന്‍ സമുദ്രോത്പന്ന മാര്‍ക്കറ്റിലെ വ്യാപാരിയായ വേയ് ഗുക്‌സ്യന്‍ രോഗബാധിതനാകുന്നു. അദ്ദേഹം അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. അടുത്ത മൂന്നാഴ്ചകൊണ്ട് ഹ്വാനനിലെ കച്ചവടക്കാരില്‍ പലര്‍ക്കും അസുഖം വന്നു. ഡിസംബര്‍ അവസാനത്തോടെ രോഗം ബാധിച്ചവര്‍ക്കെല്ലാം സമ്പര്‍ക്കവിലക്ക് ഏര്‍പ്പെടുത്തേണ്ടിവന്നു. 

ഡിസംബര്‍ 29: വുഹാന്‍ സിറ്റിയില്‍ ആളുകള്‍ക്ക് ന്യുമോണിയയ്ക്ക് സമാനമായ രോഗം പിടിപെടുന്നത് ചൈനീസ് അധികൃതരുടെ ശ്രദ്ധയില്‍. ഇക്കാര്യം അവര്‍ ലോകാരോഗ്യ സംഘടനയെ അറിയിച്ചു. 

2020 ജനുവരി 1: ഹ്വാനന്‍ സമുദ്രോത്പന്ന മാര്‍ക്കറ്റ് പൂര്‍ണമായും അടച്ചു. 

ജനുവരി 7: കൊറോണ കുടുംബത്തില്‍പ്പെട്ട പുതിയ വൈറസിനെ കണ്ടെത്തിയതായി ചൈനയുടെ പ്രഖ്യാപനം. ശ്വാസതടസവും പനിയും രോഗലക്ഷണങ്ങള്‍. വൈറസിന് 2019 നോവല്‍ കൊറോണ എന്ന് പേരുനല്‍കി. 

ജനുവരി 9: 44 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, കൊറോണവൈറസ് വ്യാപനം പൊട്ടിപ്പുറപ്പെട്ടതായി ചൈനയുടെ പ്രഖ്യാപനം. 

ജനുവരി 11: ചൈനയില്‍ ആദ്യമരണം. ഹ്വാനന്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനം വാങ്ങിയ 61-കാരനാണ് മരിച്ചത്. 

ജനുവരി 13: തായ്‌ലന്‍ഡില്‍ കൊറോണ സ്ഥിരീകരിച്ചു. ചൈനയ്ക്ക് പുറത്ത് ആദ്യം. 

ജനുവരി 16: ജപ്പാനിലും കോവിഡ് -19 പോസിറ്റിവ് 

ജനുവരി 20: പട്ടികയിലേക്ക് സൗത്ത് കൊറിയ

ജനുവരി 21: യു.എസില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതായി യു.എസ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ പ്രഖ്യാപനം. 

ജനുവരി 23: വുഹാന്‍ സിറ്റിയിലെ 11 ദശലക്ഷത്തോളം ആളുകള്‍ക്ക് ചൈന യൈത്രാവിലക്ക് ഏര്‍പ്പെടുത്തി. റെയില്‍,വ്യോമ ഗതാഗതം നിര്‍ത്തി. രണ്ടുദിവസത്തിനുള്ളില്‍ അതിര്‍ത്തി പ്രദേശങ്ങളും അടച്ചു. പുറംലോകവുമായി ബന്ധമില്ലാതായവരുടെ എണ്ണം 36 ദശലക്ഷം. 

ജനുവരി 25: മരണസംഖ്യ 1000 കടന്നു

ജനുവരി 30: വൈറസ് ബാധിതരുടെ എണ്ണം 8234-ല്‍ നില്‍ക്കെ ലോകാരോഗ്യ സംഘടന കോവിഡ് 19 വ്യാപനത്തെ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. 
ഇതേദിവസമാണ് ഇന്ത്യയില്‍ ആദ്യത്തെ കോവിഡ് -19 കേസ് റിപ്പോര്‍ട്ട് ചെയ്തത്. വുഹാനില്‍ നിന്ന് കേരളത്തിലെത്തിയ വിദ്യാര്‍ഥിക്കായിരുന്നു വൈറസ് ബാധിച്ചത്. 

ജനുവരി 31: റഷ്യ, സ്‌പെയിന്‍, സ്വീഡന്‍, യു.കെ. എന്നീ രാജ്യങ്ങളില്‍ രോഗം. 

ഫെബ്രുവരി 1: രോഗബാധിതരുടെ എണ്ണം 10000 കടന്നു. ചൈനയില്‍ മരിച്ചവരുടെ എണ്ണം 259. ഓസ്‌ട്രേലിയ, കാനഡ, ജര്‍മനി, ജപ്പാന്‍, സിങ്കപ്പുര്‍, യു.എ.ഇ., വിയറ്റനാം എന്നിവിടങ്ങളില്‍ പുതിയ കേസുകള്‍. 

ഫെബ്രുവരി 2-3: വുഹാനില്‍ നിന്ന് കേരളത്തിലെത്തിയ രണ്ടുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 

ഫെബ്രുവരി 5: കോവിഡിന് കൃത്യമായ ചികിത്സയില്ലെന്ന് ലോകാരോഗ്യ സംഘടന. ജപ്പാനിലെ യോകോഹാമയില്‍ 138 ഇന്ത്യക്കാരുള്‍പ്പെടെ 3711 പേരുള്ള ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് ഷിപ്പ് തടഞ്ഞു. കപ്പലിലുണ്ടായിരുന്നവരില്‍ 16 ഇന്ത്യക്കാരുള്‍പ്പെടെ 175 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എന്നിട്ടും ആളുകളെ കപ്പലില്‍ തന്നെ പാര്‍പ്പിച്ചു. 

ഫെബ്രുവരി 7: വൈറസ് വ്യാപനത്തെക്കുറിച്ച് ലോകത്തെ അറിയിക്കാന്‍ ശ്രമിക്കുകയും അതിന്റെ പേരില്‍ ചൈനീസ് ഭരണകൂടത്തിന്‍െ ഭീഷണി നേരിടേണ്ടിയും വന്ന ഡോക്ടര്‍ ലീ വെന്‍ലിയാങ് കോവിഡ് 19 മൂലം മരിച്ചു. 

ഫെബ്രുവരി 14: ഈജിപ്ത് കോവിഡ് സ്ഥിരീകരിത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി. യൂറോപ്പില്‍ ആദ്യമായി ഫ്രാന്‍സ്. 

ഫെബ്രുവരി 15: ഇന്ത്യയില്‍ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് ഐ.സി.എം.ആര്‍. 

ഫെബ്രുവരി 19: ഇറാനില്‍ രണ്ട് മരണം. 

ഫെബ്രുവരി 21: ഇറ്റലിയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 23-ലെ വെനിസ് കാര്‍ണിവല്‍ വേണ്ടെന്നുവച്ചു. 

ഫെബ്രുവരി 24:കുവൈത്ത്, ബഹ്‌റൈന്‍, ഇറാഖ്, അഫ്ഗാനിസ്താന്‍, ഒമാന്‍ എന്നിവിടങ്ങില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തു. 

ഫെബ്രുവരി 27: എസ്റ്റോണിയ, ഡെന്‍മാര്‍ക്ക്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളും പട്ടികയില്‍. 

മാര്‍ച്ച് 2: ഇന്ത്യയില്‍ രണ്ട് കേസുകള്‍ കൂടി. ഇറ്റലിയില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ ആള്‍ക്കും ദുബായിയില്‍ നിന്ന് ഹൈദരാബാദില്‍ എത്തിയ ആള്‍ക്കും. 

മാര്‍ച്ച് 4: ഇന്ത്യയില്‍ കൂടുതല്‍ കേസുകള്‍. ജയ്പൂരിലെത്തിയ 14 ഇറ്റാലിയന്‍ വിനോദ സഞ്ചാരികള്‍ക്കും ഇവരോടൊപ്പമുണ്ടായിരുന്ന ഒരു ഇന്ത്യക്കാരനും. 

മാര്‍ച്ച് 7: ആഗോള വ്യാപനം ഒരുലക്ഷം പിന്നിട്ടു. 

മാര്‍ച്ച് 11: കൊറോണ വൈറസ് വ്യാപനത്തെ ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു. 

മാര്‍ച്ച് 12: 26 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് യു.എസില്‍ പ്രവേശിക്കുന്നതിന് പ്രസിഡന്റ് ട്രംപിന്റെ വിലക്ക്. ഇതേദിവസം തന്നെ കോവിഡ് 19 മൂലം ഇന്ത്യയില്‍ ആദ്യ മരണം. കര്‍ണാടകയിലെ കലബുര്‍ഗിയില്‍ 76-കാരനാണ് മരിച്ചത്. 

മാര്‍ച്ച് 15: ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം ഒന്നരലക്ഷം പിന്നിട്ടു. 

മാര്‍ച്ച് 16: വാഷിങ്ടണ്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കോവിഡ്-19നെതിരായ വാക്‌സിന്‍ ആദ്യമായി മനുഷ്യരില്‍ പരീക്ഷിച്ചു. 

മാര്‍ച്ച് 20: ലോകത്ത് രോഗബാധിതരുടെ എണ്ണം 234073. മരണം 9840. 

കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്

Content Highlights: CoVid -19 timeline