ആദ്യം കേട്ടത് ചൈനയില്‍ കൊറോണ പരക്കുന്നുവെന്നാണ്. പിന്നീട് നോവല്‍ കൊറോണയെന്നും കോവിഡ് -19 എന്നുമൊക്കെ പറഞ്ഞുകേട്ടു. എന്താണ് ഇവയെല്ലാം തമ്മിലുള്ള വ്യത്യാസം? 

കൊറോണയെന്നത് വൈറസിന്റെ പേരാണ്. സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണവൈറസ് 2 (severe acute respiratory syndrome coronavirus 2 - SARS-CoV-2) എന്നാണ് പൂര്‍ണരൂപം. 

കൊറോണ വൈറസ് മൂലമുണ്ടാകുന്ന രോഗത്തിന് നല്‍കിയിട്ടുള്ള പേരാണ് കോവിഡ് -19 (COVID-19). കൊറോണ വൈറസ് ഡിസീസ് എന്ന് പൂര്‍ണരൂപം. 2019 നോവല്‍ കൊറോണ വൈറസ് എന്നായിരുന്നു രോഗത്തിന് ആദ്യം നല്‍കിയ പേര്. 

രോഗത്തിനും രോഗകാരിക്കും വ്യത്യസ്തപേരുകള്‍ നല്‍കുന്നതാണ് പൊതുവായ രീതി. ഉദാഹരണത്തിന് എച്ച്.ഐ.വി. മൂലമുണ്ടാകുന്ന രോഗമാണ് എയിഡ്‌സ്. അഞ്ചാംപനിയെന്നൊക്കെ അറിയപ്പെടുന്ന മീസില്‍സ് രോഗത്തെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഇത് പരത്തുന്ന വൈറസിന്റെ പേര് റിബ്യോള (Rubeola) എന്നാണെന്ന് പലര്‍ക്കും അറിയില്ല. വൈറസിനും അതുമൂലമുള്ള അസുഖത്തിനും വ്യത്യസ്തമായ പേരിടുന്നതിനുപിന്നില്‍ ചില കാരണങ്ങളുണ്ട്.  

ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓണ്‍ ടാക്‌സോണമി ഓഫ് വൈറസസ് (ICTV) ആണ് വൈറസുകള്‍ക്ക് പേരിടുന്നത്.  പരിശോധന, വാക്‌സിനേഷന്‍, മരുന്നുല്‍പ്പാദനം എന്നിവയ്ക്ക് സഹായകമാകും വിധം വൈറസിന്റെ ജനിതകഘടനയെ അടിസ്ഥാനമാക്കിയാണ് ഈ പേരിടല്‍. 

ഇന്റര്‍നാഷണല്‍ ക്ലാസിഫിക്കേഷന്‍ ഓഫ് ഡിസീസസില്‍ (ICD) രോഗങ്ങള്‍ക്ക് പേരുനല്ഡകുന്നത് ലോകാരോഗ്യ സംഘടനയാണ്. രോഗപ്രതിരോധം, വ്യാപനം, തീവ്രത, ചികിത്സ എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് രോഗത്തിന് പേരിടുന്നത്. 

ഇപ്പോള്‍ ലോകം ഭയക്കുന്ന മഹാമാരിക്ക് കോവിഡ് -19 എന്ന പേര് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഫെബ്രുവരി 11നാണ്. രോഗകാരിക്ക് സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണവൈറസ് 2 എന്ന പേര് ഐ.സി.ടി.വി. നിര്‍ദേശിച്ചതും ഇതേ തീയതിയിലാണ്. 

2003ലാണ് സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണവൈറസ് (SARS -CoV) ആദ്യമായി തിരിച്ചറിയപ്പെട്ടത്. 2002ല്‍ തെക്കന്‍ ചൈനീസ് പ്രവിശ്യയായ ഗ്വാങ്‌ഡോങ്ങിലാണ് വൈറസ് ആദ്യമായി മനുഷ്യരെ ബാധിച്ചത്. 2002-ലെ വൈറസ് വ്യാപനത്തില്‍ 26 രാജ്യങ്ങളിലായി 8000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അന്നത്തെ രോഗവ്യാപനത്തിന് കാരണമായ വൈറസുമായി ഇപ്പോഴത്തെ വൈറസിന് ജനിതക സാമ്യങ്ങളുള്ളതിനാലാണ് സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണവൈറസ് 2 എന്ന പേര്. ചില സമാനതകള്‍ ഉണ്ടെങ്കിലും രണ്ടും വ്യത്യസ്ത വൈറസുകളാണ്. 

Content Highlights: Coronavirus, COVID-19