ഭൂമിയിലെ ഒരു ചിത്രശലഭത്തിന്റെ ചെറിയ ചിറകടിശബ്ദം ഉണ്ടാക്കുന്ന മൃദു കമ്പനങ്ങള്‍ പ്രപഞ്ചത്തിന്റെ മറ്റേതോ ഒരു കോണില്‍ ഒരു കൊടുങ്കാറ്റു തന്നെ സൃഷ്ടിച്ചേക്കാം. അതുപോലെ പ്രകൃതിയിലെ ഒരു ഭാഗത്തു ഉണ്ടാക്കപ്പെടുന്ന മാറ്റങ്ങള്‍ മറ്റൊരു ഭാഗത്തു വലിയ ചില പ്രകമ്പനങ്ങള്‍ക്കു കാരണമാകും. ശാസ്ത്രവും ചരിത്രവും ഇതില്‍ നിന്ന് വ്യത്യസ്ഥമല്ല. ലോകത്തിന്റെ ഒരു കോണില്‍ നമുക്ക് ചെറിയതെന്നു തോന്നുന്ന ഒരു സംഭവം അതുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരു സ്ഥലത്തിന്റെ ചരിത്രം തന്നെ മാറ്റിമറിക്കുന്നു. പ്രത്യക്ഷത്തില്‍ നമുക്ക് ബന്ധമില്ല എന്ന് തോന്നുന്ന വസ്തുക്കളെയും പ്രതിഭാസങ്ങളെയും തമ്മില്‍ ഫലപ്രദമായി ബന്ധിപ്പിക്കുമ്പോള്‍ ശാസ്ത്രത്തില്‍ അത്ഭുതങ്ങളുണ്ടാകുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ശാസ്ത്രവും ചരിത്രവും തമ്മിലും അത്തരം നിഗൂഢമായ ബന്ധങ്ങളുണ്ട്. ജര്‍മനിയിലെ ഒരു ചെറിയ രസതന്ത്ര പരീക്ഷണശാലയില്‍ ഒരു തെര്‍മോമീറ്റര്‍ പൊട്ടിയപ്പോള്‍ നമ്മുടെ രാജ്യത്തന്റെ ചരിത്രം തന്നെ മാറിമറിഞ്ഞ കഥയാണിത്. നാം ചങ്ങല പൊട്ടിച്ചു സ്വതന്ത്രമായ കഥ.

1917 ഏപ്രിലില്‍ ബിഹാറിലെ ചമ്പാരന്‍ എന്ന സ്ഥലത്തെ നീലം (indigo) കര്‍ഷകരുടെ ബുദ്ധിമുട്ടുകളില്‍ ഇടപെടാന്‍ വേണ്ടി ഗാന്ധിജി മോത്തിഹാരി റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയതോടെ ആ കഥ തുടങ്ങുന്നു. അന്ന് മുതല്‍ ബ്രിട്ടീഷ് രാജിനെതിരെയുള്ള അദ്ദേഹത്തിന്റെ ഏറ്റവും വലിയ സമരായുധമായ സത്യാഗ്രഹം ആരംഭിക്കുന്നു. പ്രശ്‌നങ്ങള്‍ തുടങ്ങുന്നത് വളരെ ആകര്‍ഷമായ ഇന്‍ഡിഗോ (Indigo, a type of blue colour) നിറത്തില്‍ നിന്നാണ്. ഈ നിറം പ്രകൃതിദത്തമായി ഉല്‍പാദിപ്പിക്കുന്നത് നീലം ചെടിയുടെ (Indigoferra tinctora) ഇലകളില്‍ നിന്നും പൂവുകളില്‍ നിന്നുമാണ്. ഈ ചെടി ഏറ്റവും കൂടുതല്‍ കൃഷി ചെയ്തിരുന്നത് ചമ്പാരനില്‍ ആയിരുന്നു. അതുകൊണ്ടു തന്നെ ലോകത്തിലെ ഏറ്റവും വലിയ നീലം ഉല്‍പാദകരായിരുന്നു നമ്മള്‍. മറ്റു രാജ്യങ്ങളിലേക്ക് ഈ ചെടിയില്‍ നിന്നെടുക്കുന്ന നീലത്തിന്റെ പൊടി ധാരാളമായി കയറ്റി അയച്ചുകൊണ്ടിരുന്നു. 

ബ്രിട്ടീഷ് സര്‍ക്കാറിനു ഒരു പാട് ലാഭം കൊയ്യാന്‍ പറ്റിയ വ്യാപാരം. ഇതിന്റെ വിപണന സാധ്യത കൂടിയപ്പോള്‍ അവര്‍ ഒരു നിയമം കൊണ്ട് വരുന്നു. ആ നിയമത്തിന്റെ പേര് 'തീന്‍ കട്ടിയാ' എന്നായിരുന്നു. കര്‍ഷകര്‍ അവരുടെ സ്ഥലത്തിന്റെ ഇരുപതില്‍ മൂന്നു ഭാഗം നീലം കൃഷി ചെയ്തിരിക്കണം. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ കരമായി ഒരു വലിയ തുക സര്‍ക്കാരിന് കൊടുക്കണം. ആദ്യമൊക്കെ വലിയ പ്രശ്‌നങ്ങളില്ലാതെ പോയ ഈ നിയമം ലോകത്തിന്റെ മറ്റൊരു കോണില്‍ നടന്ന ചില സംഭവ വികാസങ്ങളുടെ സ്വാധീനം മൂലം ഒരു വലിയ കരിനിയമമായി മാറി. 

ജീന്‍സിനും മറ്റു ആഡംബര തുണിത്തരങ്ങള്‍ക്കും നിറം കൊടുക്കുന്ന ആകര്‍ഷമായ ഈ നിറത്തിനു ലോകം മുഴുവന്‍ ആരാധകരുണ്ടായിരുന്നു. പ്രകൃതി ദത്തമായ നിറമായതു കൊണ്ട് അതിനു വലിയ വിലയുമുണ്ടായിരുന്നു. ചെടിയില്‍ നിന്നല്ലാതെ രാസപ്രവര്‍ത്തനം വഴി (Synthetic methods) ഈ നിറം ഉല്‍പാദിപ്പിക്കാന്‍ ലോകം മുഴുവന്‍ ശാസ്ത്രജ്ഞന്മാര്‍ ശ്രമിച്ചു കൊണ്ടിരുന്നു. അങ്ങനെ അഡോള്‍ഫ് വോണ്‍ ബയേര്‍ (Adolf Von Baeyer) എന്ന ജര്‍മന്‍ ശാസ്ത്രജ്ഞന്‍ ആദ്യമായി രാസപ്രവര്‍ത്തനത്തിലൂടെ ഇന്‍ഡിഗോ ഉണ്ടാക്കി. ഈ രീതി വളരെ ചിലവേറിയതായതു കൊണ്ടും, വ്യാവസായിക ഉല്‍പ്പാദനത്തിന്റെ ബുദ്ധിമുട്ടു കൊണ്ടും പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ചില പരീക്ഷണങ്ങള്‍ ജര്‍മനിയിലെ മള്‍ട്ടി നാഷണല്‍ കെമിക്കല്‍ കമ്പനിയായ ബി.എ.എസ്.എഫ് (BASF-Baden Aniline and Soda Factory) ഏറ്റെടുത്തു. ഇതിനിടെ ആന്ദ്രനിലിക് ആസിഡ് (Anthranilic Acid) എന്ന രാസവസ്തുവില്‍ നിന്നും ഇന്‍ഡിഗോ ഉല്‍പ്പാദിപ്പിക്കാമെന്നു കണ്ടെത്തി. ഈ വസ്തു ഉണ്ടാക്കണമെങ്കില്‍ താലിക് ആസിഡ് (Pthalic acid) എന്നൊരു രാസ സംയുക്തം ആവശ്യമുണ്ട്. താലിക് ആസിഡ് നിര്‍മ്മിക്കാന്‍ അന്ന് എളുപ്പ വഴികള്‍ ഇല്ലായിരുന്നു. അത് ഈ രാസപ്രവര്‍ത്തനങ്ങളെ ചെലവേറിയതും സങ്കീര്‍ണ്ണവുമാക്കി. 

ബി.എ.എസ്.എഫിലെ തന്നെ ഒരു കെമിസ്ട്രി ലാബില്‍ താലിക് ആസിഡ് നിര്‍മ്മിക്കാനുള്ള ഒരു രാസ പരീക്ഷണം നടക്കുകയായിരുന്നു. നാഫ്തലീന്‍ ആണ് പരീക്ഷണ വസ്തു. പെട്രോളിയം ഉല്പന്നങ്ങളില്‍ നിന്നുണ്ടാക്കുന്ന ഒരു രാസവസ്തുവായതിനാല്‍ത്തന്നെ അതിന് വില വളരെ കുറവായിരുന്നു. ഈ രാസസംയുക്തം സള്‍ഫ്യൂരിക് ആസിഡിന്റെ സാന്നിധ്യത്തില്‍ ചൂടാക്കുകയായിരുന്നു. സാധാരണ ചൂടാക്കുന്ന രാസപ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാന്‍ തെര്‍മോമീറ്റര്‍ ഉപയോഗിക്കാറുണ്ട്. ഇവിടെയും പ്രവര്‍ത്തനം നടത്തുന്ന പാത്രത്തില്‍ ഒരു തെര്‍മോമീറ്റര്‍ ഉണ്ടായിരുന്നു. 

കൈകാര്യം ചെയുന്നതിനിടെ അപ്രതീക്ഷിതമായി തെര്‍മോമീറ്റര്‍ പൊട്ടിപ്പോയി. പൊട്ടിയ തെര്‍മോമീറ്ററില്‍ നിന്നും മെര്‍ക്കുറി പുറത്തു വന്നു. മെര്‍ക്കുറി രാസപ്രവര്‍ത്തനം നടക്കുന്ന പാത്രത്തില്‍ വീണതോടെ സള്‍ഫ്യൂരിക്ക് ആസിഡുമായി പ്രവര്‍ത്തിച്ചു മെര്‍ക്കുറി സള്‍ഫേറ്റ് (Mercury II sulphate) എന്ന രാസവസ്തു ഉണ്ടായി. വളരെ അത്ഭുതകരമായി ഈ രാസവസ്തു ഒരു രാസത്വരകമായി (catalyst- ഒരു രാസപ്രവര്‍ത്തനത്തിന്റെ വേഗത വര്‍ധിപ്പിച്ചു കൂടുതല്‍ അളവില്‍ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്ന രാസവസ്തുക്കളാണ് രാസത്വരകങ്ങള്‍) പ്രവര്‍ത്തിക്കുകയും വളരെ പെട്ടെന്ന് തന്നെ കൂടിയ അളവില്‍ താലിക് ആസിഡ് പാത്രത്തില്‍ ഉണ്ടാവുകയും ചെയ്തു.

വളരെ എളുപ്പത്തില്‍, ചെലവ് കുറഞ്ഞ രീതിയില്‍ താലിക് ആസിഡ് നിര്‍മ്മിക്കാമെന്നു വന്നതോടെ ആന്ദ്രനിലിക് ആസിഡ് ഉണ്ടാക്കുന്നതും അതില്‍ നിന്നും ഇന്‍ഡിഗോ ഉണ്ടാക്കുന്നതും വളരെ എളുപ്പമായി. അങ്ങനെ വളരെ അപ്രതീക്ഷിതമായ ഒരു തെര്‍മോമീറ്റര്‍ പൊട്ടലില്‍ നിന്നും ഇന്‍ഡിഗോ വ്യവസായം പടര്‍ന്നു പന്തലിച്ചു. ലോകം മുഴുവന്‍ ഈ നേട്ടത്തില്‍ ആഹ്‌ളാദിച്ചെങ്കിലും ഇന്ത്യയെ ഇത് ബാധിച്ചത് മറ്റൊരു രീതിയിലായിരുന്നു. 

സിന്തറ്റിക് ആയി നീലം ഉല്‍പ്പാദിപ്പിക്കാമെന്ന നില വന്നതോടെ പ്രകൃതിദത്ത നീലത്തിനു ആവശ്യക്കാര്‍ കുറഞ്ഞു. വില കൂടിയ ആ നീലം ആരും വാങ്ങാതായി. നീലം കര്‍ഷകര്‍ വലിയ ദുരിതത്തിലായി. അവര്‍ മറ്റു കൃഷിയിലേക്കു തിരിയാന്‍ തുടങ്ങി. എന്നാല്‍ നീലം കൃഷി ചെയ്യുന്നില്ലെങ്കില്‍ കര്‍ഷകര്‍ വലിയ കരമടയ്ക്കണമെന്ന 'തീന്‍ കട്ടിയാ' നിയമം ഇവിടെയൊരു വില്ലനായി. 

കര്‍ഷകര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടായിട്ടും ഈ നിയമം പിന്‍വലിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തയ്യാറായില്ല. സര്‍ക്കാരിനെതിരെ വലിയ ജനരോഷമുണ്ടായി. അവര്‍ ഒരു വലിയ സമരത്തിനൊരുങ്ങി. ഏതാണ്ട് ആ സമയത്താണ് ദക്ഷിണാഫ്രിക്കയില്‍ ബ്രിട്ടീഷ് കോളനിയ്‌ക്കെതിരെ അഹിംസ മാര്‍ഗത്തിലൂടെ പോരാട്ടം തുടങ്ങിയ മോഹന്‍ദാസ് കരം ചന്ദ് ഗാന്ധി ഇന്ത്യയിലെത്തിയത്. അത് 1915-ല്‍ ആയിരുന്നു. അദ്ദേഹം ഒടുവില്‍ ചമ്പാരനില്‍ എത്തുന്നു. ചമ്പാരനില്‍ പ്രശ്‌നങ്ങള്‍ പഠിക്കാനാണ് അദ്ദേഹം വന്നതെങ്കിലും വന്ന അന്ന് തന്നെ മടങ്ങാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം അതിനു തയ്യാറായില്ലെന്ന് മാത്രമല്ല ബ്രിട്ടീഷുകാര്‍ക്കെതിരെ തന്റെ ഏറ്റവും വലിയ സമരായുധം, സത്യാഗ്രഹം പുറത്തെടുത്തു. ചമ്പാരന്‍ സമരം വിജയമായി. ഇന്ത്യ മുഴുവന്‍ അതിന്റെ അലയൊലികളുണ്ടായി. നിസഹകരണ പ്രസ്ഥാനം രാജ്യം മുഴുവന്‍ കത്തിപടര്‍ന്നു. ഈ പ്രസ്ഥാനമാണ് ആഗസ്ത് 14-ന് അര്‍ധരാത്രി നമ്മെ സ്വാതന്ത്രത്തിന്റെ വിശാലമായ ലോകത്തിലേക്കെത്തിച്ചത്. അങ്ങനെ ജര്‍മനിയിലെ ഒരു കെമിസ്ട്രി ലാബില്‍ ഒരു തെര്‍മോമീറ്റര്‍ പൊട്ടിയപ്പോള്‍ ഭാരതാംബ സ്വതന്ത്രയായി.

(കോഴിക്കോട് എന്‍.ഐ.ടിയിലെ അസോസിയേറ്റ് പ്രൊഫസറും കെമിസ്ട്രി വിഭാഗം തലവനുമാണ് ലേഖകന്‍.)

Content Highlights : Chambaran satyagraha, an after effect of thermometer burst, Indian Independence