ഡിസംബര്‍ 12ന് വിജ്ഞാപനം ചെയ്ത പൗരത്വ നിയമ ഭേദഗതി (Citizenship Amendment Act -CAA) പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് ഡിസംബര്‍ 31ന് കേരള നിയമസഭ പ്രമേയം പാസാക്കി.

2019-ലെ പൗരത്വ ഭേദഗതി നിയമം ഭരണഘടനയുടെ പാര്‍ട്ട് III-ലെ മൗലികാവകാശമായ തുല്യതയുടെ ലംഘനമാണെന്നും ഇത് പൗരത്വം നല്‍കുന്നതില്‍ മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴിവെക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരേ പ്രമേയം പാസാക്കിയ ആദ്യ നിയമസഭയാണ് കേരളത്തിന്റേത്. എന്നാല്‍ പ്രമേയത്തിന് നിയമപരമായി പ്രസക്തിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നു.

പഞ്ചാബ് (മുഖ്യമന്ത്രി: അമരീന്ദര്‍ സിങ്), ബംഗാള്‍ (മുഖ്യമന്ത്രി: മമതാ ബാനര്‍ജി), മധ്യപ്രദേശ് (മുഖ്യമന്ത്രി: കമല്‍നാഥ്), രാജസ്ഥാന്‍ (മുഖ്യമന്ത്രി: അശോക് ഗെഹ്‌ലോട്) തുടങ്ങിയ സംസ്ഥാനങ്ങളും ഡല്‍ഹിയും (മുഖ്യമന്ത്രി: അരവിന്ദ് കെജ്‌രിവാള്‍) സി.എ.എയ്‌ക്കെതിരെ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്.

അധികാരവും അവകാശവും

പാര്‍ലമന്റ് പാസാക്കി രാഷ്ട്രപതി ഒപ്പുവച്ച നിയമം സംസ്ഥാനങ്ങള്‍ക്ക് നടപ്പാക്കാതെ പറ്റുമോ? നിയമസഭ പാസാക്കിയ പ്രമേയം ഒരുതരത്തിലും പൗരത്വ നിയമത്തിന്റെ സാധുതയെ ഇല്ലാതാക്കില്ല.

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തെ നിര്‍വചിക്കുന്നത് ഭരണഘടനയുടെ 11-ാം ഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള അനുച്ഛേദങ്ങളാണ്.

ഇന്ത്യയുടെ ഫെഡറല്‍ സ്വഭാവത്തെ ഭരണഘടനാപരമായി വ്യാഖ്യാനിക്കുമ്പോള്‍ പ്രധാനമാണ് 246-ാം അനുച്ഛേദവും അനുബന്ധ പട്ടികകളും (ഏഴാം ഷെഡ്യൂള്‍). പാര്‍ലമെന്റിന്റെ അധികാര പരിധിയില്‍ വരുന്ന വിഷയങ്ങളെ ഒന്നാം പട്ടികയിലും (Union List) സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന വിഷയങ്ങളെ രണ്ടാം പട്ടികയിലും (State List) കേന്ദ്രമോ സംസ്ഥാനമോ തീരുമാനിക്കേണ്ട വിഷയങ്ങളെ മൂന്നാം പട്ടികയിലും (Concurrent List) ഉള്‍പ്പെടുത്തിയിരിക്കുന്നു.

പൗരത്വം, പൗരത്വം നല്‍കല്‍, വൈദേശിക പൗരത്വം ( Citizenship,  Naturalisation  and  Aliens) എന്നീ കാര്യങ്ങള്‍ യൂണിയന്‍ ലിസ്റ്റിലെ വിഷയമാണ്. അതുകൊണ്ടുതന്നെ നിയമം നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കും.

അനുച്ഛേദം 245-ലെ രണ്ടാം വകുപ്പില്‍ ഇങ്ങനെ പറയുന്നു: 'പാര്‍ലമെന്റ് ഉണ്ടാക്കുന്ന യാതൊരു നിയമവും അതിന് ദേശാതിര്‍ത്തിക്കപ്പുറം പ്രാബല്യമുണ്ടാകുമെന്ന കാരണത്താല്‍ അസാധുവാണെന്ന് കരുതപ്പെടുന്നില്ല'

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭരണഘടനാപരമായി വീഴ്ച സംഭവിച്ചുവെന്നുകണ്ടാല്‍ ആര്‍ട്ടിക്കിള്‍ 356 പ്രകാരം ഗവര്‍ണര്‍ക്ക് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യാം. എന്നാല്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ പൗരത്വ ഭേദഗതിക്കെതിരേ ഉറച്ചുനിന്നാല്‍ ഈ വിഷയത്തില്‍ കടുത്തനടപടികള്‍ക്ക് സാധ്യതയില്ല.

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള
നിയമനിര്‍മാണപരമായ ബന്ധങ്ങള്‍

(അനുച്ഛേദം 245-255, ഭാഗം 11)

 • അനുച്ഛേദം 245: പാര്‍ലമെന്റും സംസ്ഥാന നിയമസഭകളും ഉണ്ടാക്കുന്ന നിയമങ്ങളുടെ വ്യാപ്തി
 • അനുച്ഛേദം 246: പാര്‍ലമെന്റും സംസ്ഥാന നിയമസഭകളും ഉണ്ടാക്കുന്ന നിയമങ്ങളുടെ വിഷയം
 • അനുച്ഛേദം 247: അഡീഷണല്‍ കോടതികള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച്
 • അനുച്ഛേദം 248: കണ്‍കറന്റ് ലിസ്റ്റിലോ സ്‌റ്റേറ്റ് ലിസ്റ്റിലോ പറയാത്ത വിഷയങ്ങളില്‍ നിയമനിര്‍മാണത്തിന് പാര്‍ലമെന്റിന് അധികാരം
 • അനുച്ഛേദം 249: സ്റ്റേറ്റ് ലിസ്റ്റിലെ ഒരു വിഷയത്തില്‍ ദേശീയതാത്പര്യത്തിന് വേണ്ടി നിയമനിര്‍മാണത്തിന് പാര്‍ലമെന്റിനുള്ള അധികാരം.
 • അനുച്ഛേദം 250: അടിയന്തരാവസ്ഥയില്‍ സ്റ്റേറ്റ് ലിസ്റ്റിലെ വിഷയങ്ങളില്‍ നിയമനിര്‍മാണത്തിന് പാര്‍ലമെന്റിനുള്ള അധികാരം.
 • അനുച്ഛേദം 251: 249-ാം അനുച്ഛേദവും 250-ാം അനുച്ഛേദവും പ്രകാരം പാര്‍ലമെന്റും സംസ്ഥാന നിയമസഭയും ഉണ്ടാക്കിയ നിയമങ്ങളിലെ പൊരുത്തമില്ലായ്മ.

 

ഇന്റര്‍സ്‌റ്റേറ്റ് കൗണ്‍സില്‍

ഭരണഘടനയുടെ അനുച്ഛേദം 263 അനുസരിച്ച് സംസ്ഥാനങ്ങള്‍ തമ്മില്‍ തമ്മിലോ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലോ തര്‍ക്കങ്ങള്‍ ഉണ്ടാകുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ രൂപീകരിക്കാവുന്നതാണ്.

സര്‍ക്കാരിയ കമ്മിഷന്റെ നിര്‍ദേശം അനുസരിച്ച് 1990 മേയ് 28ന് പ്രസിഡന്ഷ്യല്‍ ഓര്‍ഡറിലൂടെ ഇന്റര്‍സ്‌റ്റേറ്റ് കൗണ്‍സില്‍ രൂപീകരിച്ചു. ഇതൊരു നോണ്‍ പെര്‍മനെന്റ് ജുഡീഷ്യല്‍ ബോഡിയാണ്. പ്രധാനമന്ത്രിയാണ് ചെയര്‍മാന്‍. ആഭ്യന്തര മന്ത്രിയുള്‍പ്പെടെ ആറ് കേന്ദ്ര മന്ത്രിമാരും മുഴുവന്‍ സംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്ര ഭരണപ്രദേശങ്ങളുടെ ഭരണാധികാരികളും ഇന്റര്‍‌സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങളാണ്. ഇതുവരെ 11 തവണ ഇന്റര്‍‌സ്റ്റേറ്റ് കൗണ്‍സില്‍ യോഗം ചേര്‍ന്നിട്ടുണ്ട്. അവസാനമായി യോഗം ചേര്‍ന്നത് 2016ല്‍.

സുപ്രിം കോടതി എങ്ങനെ ഇടപെടും?

പാര്‍ലമെന്റ് പാസാക്കിയ നിയമം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് നിരക്കാത്തതാണോയെന്ന് പരിശോധിച്ച് തീരുമാനമെടുക്കേണ്ടത് സുപ്രിം കോടതിയാണ്. പൗരത്വ നിയമ ഭേദഗതിക്ക് എതിരായി അറുപതോളം ഹര്‍ജികള്‍ സുപ്രിം കോടതിയിലുണ്ട്.

ആര്‍ട്ടിക്കിള്‍ 14 ഇന്ത്യന്‍ ടെറിറ്ററിക്കുള്ളില്‍ എല്ലാ വ്യക്തികള്‍ക്കും നിയമപരമായ തുല്യതയും സമത്വവും ഉറപ്പുവരുത്തുന്നു. പൗരത്വ ഭേദഗതി ഈ അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതായിരിക്കും സുപ്രിം കോടതിയുടെ പ്രധാന പരിഗണനാ വിഷയവും.

പൗരത്വവുമായി ബന്ധപ്പെട്ട
ഭരണഘടനാ അനുച്ഛേദങ്ങള്‍

ഭരണഘടനയുടെ രണ്ടാം ഭാഗത്തിലാണ് പൗത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.

 • അനുച്ഛേദം 5: ഭരണഘടന നിലവില്‍ വന്ന സമയത്തെ പൗരന്മാര്‍
 • അനുച്ഛേദം 6: പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവര്‍ക്ക് പൗരത്വത്തിനുള്ള അവകാശങ്ങള്‍
 • അനുച്ഛേദം 7: പാകിസ്താനിലേക്ക് കുടിയേറിപ്പാര്‍ത്തവര്‍ക്ക് പൗരത്വത്തിനുള്ള അവകാശങ്ങള്‍
 • അനുച്ഛേദം 8: ഇന്ത്യയില്‍ ജനിക്കുകയും ഇന്ത്യക്ക് വെളിയില്‍ താമസിക്കുകയും ചെയ്യുന്ന ചില ആളുകളുടെ പൗരത്വത്തിനുള്ള അവകാശങ്ങള്‍
 • അനുച്ഛേദം 9: വിദേശ പൗരത്വം മനപൂര്‍വം സ്വീകരിക്കുന്ന ആളുകള്‍ ഇന്ത്യന്‍ പൗരന്മാരായിരിക്കില്ല
 • അനുച്ഛേദം 10: പൗരത്വത്തിനുള്ള അവകാശങ്ങളുടെ തുടര്‍ച്ച
 • അനുച്ഛേദം 11: പൗരത്വത്തിനുള്ള അവകാശം പാര്‍ലമെന്റിന് നിയമംവഴി ക്രമപ്പെടുത്താവുന്നതാണ്.

gk & current affairs  

 

  മാതൃഭൂമി GK & Current Affairs മാസിക
  2020 ജനുവരി ലക്കം
  വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

Content Highlights: can states oppose laws passed by parliament, CAA, Anti-CAA Resolution by Kerala government, governor arif mohammad khan, Citizenship