ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനോളം ആഘോഷിക്കപ്പെട്ടിട്ടുള്ള ശാസ്ത്രജ്ഞര്‍ വേറെയാരെങ്കിലുമുണ്ടോ എന്ന് സംശയമാണ്. മഹാപ്രതിഭയ്ക്ക് മാര്‍ച്ച് പതിലാലിന് 141-ാം പിറന്നാള്‍. ഐന്‍സ്റ്റീനെക്കുറിച്ച് ചില കൗതുകങ്ങള്‍
ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെ ജീവിതത്തെ ഒറ്റവാക്കിലാക്കുകയാണെങ്കില്‍ അത് 'simple' എന്നായിരിക്കുമെന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ബനേഷ് ഹോഫ്മാനാണ്. അത്രമേല്‍ ലളിതമായിരുന്നു ഐന്‍സ്റ്റീന്റെ ജീവിതവും ചിന്തകളും. ഒരിക്കല്‍ പെരുമഴയത്ത് പെട്ടുപോയ ഐന്‍സ്റ്റീന്‍ തന്റെ തൊപ്പിയൂരി കോട്ടിനുള്ളില്‍ വച്ചിട്ട് മഴനനഞ്ഞുനടക്കാന്‍ തുടങ്ങി. കൂടെയുണ്ടായിരുന്ന ആള്‍ ചോദിച്ചു താങ്കളെന്താണീ ചെയ്യുന്നതെന്ന്. ഐന്‍സ്റ്റീന്റെ ഉത്തരം യുക്തിഭദ്രമായിരുന്നു- മഴ നനഞ്ഞാല്‍ ഈ തൊപ്പി ചീത്തയാകും; പക്ഷേ എന്റെ തലമുടി ഇതില്‍കൂടുതല്‍ മോശമാകാനില്ല.
ഐന്‍സ്റ്റീന്റെ ജീവിതത്തിലെ രസകരങ്ങളായ ചില നിമിഷങ്ങള്‍ ബനേഷ് ഹോഫ്മാന്‍ ഓര്‍ത്തെടുക്കുന്നുണ്ട്. ബ്രിട്ടീഷ് ഗണിതജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായിരുന്ന ഹോഫ്മാന്‍ പ്രിന്‍സ്റ്റണിലെ പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡിയില്‍ വച്ചാണ് ഐന്‍സ്റ്റീനെ ആദ്യമായി കാണുന്നത്; 1935ല്‍. വളരെ ഉയര്‍ന്ന ശമ്പളത്തിനുപുറമെ ആവശ്യമുള്ളപ്പോള്‍ എത്ര തുക വേണമെങ്കിലും എഴുതിയെടുക്കാനുള്ള അനുവാദം കൂടി നല്‍കിക്കൊണ്ടാണ് ഐന്‍സ്റ്റീനെ സ്ഥാപനത്തിലേക്ക് ക്ഷണിച്ചത്. പക്ഷേ, അദ്ദേഹം ആ ഓഫര്‍ നിരസിച്ചു. കാരണം അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലമാണതെന്നായിരുന്നു ഐന്‍സ്റ്റീന്റെ വാദം. പിന്നീട് ഒരുപാട് നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങിയാണ് അദ്ദേഹം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡിയില്‍ ചേര്‍ന്നത്.
ലോകം ആദരിക്കുന്ന ശാസ്ത്രകാരനുമുന്നിലേക്ക് പേടിച്ചാണ് ഹോഫ്മാന്‍ ആദ്യമായി കടന്നുചെന്നത്. ആശയങ്ങള്‍ പറഞ്ഞപ്പോള്‍ അവ ബ്ലാക്ക് ബോര്‍ഡില്‍ എഴുതിക്കാണിക്കണമെന്നായി. ഐന്‍സ്റ്റീന്‍ ഹോഫ്മാനോട് പറഞ്ഞു, 'പതുക്കെ വേണം. എനിക്ക് കാര്യങ്ങള്‍ വേഗത്തില്‍ മനസിലാക്കാനുള്ള ശേഷിയില്ല'.
ജര്‍മനിയിലെ ഊം നഗരത്തില്‍ 1879ലായിരുന്നു ഐന്‍സ്റ്റീന്റെ ജനനം. തലയ്ക്ക് അസാധാരണ വലിപ്പമുണ്ടായിരുന്ന ശിശുവിന് ജീവന്‍ നിലനിര്‍ത്താനാകില്ലെന്നാണ് എല്ലാവരും കരുതിയത്. ആകുലതകളുടേതായിരുന്നു ബാല്യവും. വളരെ വൈകിയാണ് കുട്ടി ഐന്‍സ്റ്റീന്‍ സംസാരശേഷിയാര്‍ജിച്ചത്. പഠനത്തില്‍ മെല്ലെപ്പോക്കുകാരന്‍. അഞ്ചുവയസുള്ളപ്പോള്‍ രോഗബാധിതനായിക്കിടന്ന ഐന്‍സ്റ്റീന് അച്ഛന്‍ കളിക്കാന്‍ നല്‍കിയ വടക്കുനോക്കിയന്ത്രമാണ് അവനില്‍ ശാസ്ത്രകൗതുകം ജനിപ്പിച്ചതെന്ന് ഒരു കഥയുണ്ട്. ഗലീലിയോ ആയിരുന്നു ഐന്‍സ്റ്റീന്റെ ആരാധനാ മൂര്‍ത്തി. വിശ്വവിജ്ഞാനീയത്തിലെ സമസ്യകള്‍ ലോകത്തിന് മുന്നില്‍ അഴിച്ചുവെച്ച മഹാപ്രതിഭയ്ക്ക് ഓര്‍മ ശക്തി കുറവായിരുന്നുവെന്ന കാര്യവും രഹസ്യമല്ല. പേരുകളോ, തീയതികളോ, ഫോണ്‍ നമ്പരുകളോ ഓര്‍ത്തുവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ മതത്തിലോ മതാചാരങ്ങളിലോ വിശ്വസിച്ചിരുന്നില്ല. പക്ഷേ അദ്ദേഹം തികഞ്ഞ ദൈവവിശ്വാസിയായിരുന്നു. ഒരിക്കല്‍ ഐന്‍സ്റ്റീന്‍ പറഞ്ഞതായി ഹോഫ്മാന്‍ രേഖപ്പെടുത്തിയതിങ്ങനെയാണ് 'ആശയങ്ങള്‍ ദൈവത്തില്‍ നിന്നാണ് ലഭിക്കുന്നത്'. ദൈവികതെയെക്കുറിച്ച് ഐന്‍സ്റ്റീന് സ്വന്തം നിര്‍വചനമുണ്ടായിരുന്നു. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ മാത്തമാറ്റിക്‌സ് വകുപ്പ് കെട്ടിടച്ചുമരില്‍ മാര്‍ബിളില്‍ ജര്‍മന്‍ ഭാഷയില്‍ ഇങ്ങനെ കൊത്തിവച്ചിട്ടുണ്ട് - 'ദൈവം ശാന്തനാണ്, ഉപദ്രവകാരിയല്ല'. ഏതു പ്രതിസന്ധിഘട്ടത്തിലും പ്രതീക്ഷ കൈവിടരുതെന്നും പരിഹാരം കണ്ടെത്താനാവുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.
Content Highlights: Amazing facts about Albert Einstein