ന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്(സി.ഡി.എസ്) അഥവാ സംയുക്ത പ്രതിരോധ മേധാവിയായി ജനറല്‍ ബിപിന്‍ റാവത്തിനെ കേന്ദ്ര സര്‍ക്കാര്‍ ഡിസംബര്‍ 30-ന് നിയമിച്ചു. ഡിസംബര്‍ 31-ന് അദ്ദേഹം സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ് സി.ഡി.എസ്സിന്റെ ചുമതല നിശ്ചയിച്ചത്. 1999-ല്‍ കാര്‍ഗില്‍ യുദ്ധത്തിനുശേഷം നിയോഗിക്കപ്പെട്ട കെ.സുബ്രഹ്മണ്യം കമ്മിറ്റിയാണ് സി.ഡി.എസിന്റെ ആവശ്യകതയെ സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെച്ചത്.

ഇന്ത്യയുടെ 27-ാമത് കരസേനാമേധാവിയായി 2016 ഡിസംബര്‍ 31-നാണ് റാവത്ത് ചുമതല ഏറ്റെടുത്തത്. തത്സ്ഥാനത്തുനിന്ന് വിരമിക്കാന്‍ രണ്ടരമാസം ബാക്കി നില്‍ക്കെയാണ് അദ്ദേഹത്തിന് സി.ഡി.എസ് പദവി നല്‍കിയത്. ചൈനീസ് അതിര്‍ത്തി, കശ്മീര്‍ താഴ്‌വര, വടക്കുകിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ജനറല്‍ റാവത്ത് കരസേനയുടെ ഗൂര്‍ഖ റെജിമെന്റ് അംഗമാണ്. ഹിമാചല്‍പ്രദേശിലെ ഷിംലയിലുള്ള എഡ്വേഡ് സ്‌കൂള്‍, ഖഡഗ്വാസയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമി, ദെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമി എന്നിവിടങ്ങളിലായാണ് അദ്ദേഹം പഠനം പൂര്‍ത്തിയാക്കിയത്. 

എന്താണ് സി.ഡി.എസ്?

കര, നാവിക, വ്യോമസേന മേധാവികള്‍ക്ക് തുല്ല്യമായ പദവിയാണ് സി.ഡി.എസിന്. സുരക്ഷാകാര്യങ്ങളില്‍ പ്രധാനമന്ത്രിയുമായി നേരിട്ട് ബന്ധപ്പെടാനുള്ള അധികാരവും ഈ പദവിയ്ക്കുണ്ട്. എന്നാല്‍ സേനാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നതുള്‍പ്പടെയുള്ള സൈനിക നടപടികള്‍ക്ക് സി.ഡി.എസിന് അധികാരമില്ല. അതിനുള്ള അധികാരം അതതു സേനാവിഭാഗ തലവന്‍മാര്‍ക്കു തന്നെയാണ്. അതേസമയം, അതതു സേനാവിഭാഗങ്ങളിലെ തലവന്‍മാര്‍ സി.ഡി.എസിന് റിപ്പോര്‍ട്ടു ചെയ്യണം. മൂന്ന് സേനാവിഭാഗങ്ങളുമുള്‍പ്പെടുന്ന ചീഫ്‌സ് ഓഫ് സ്റ്റാഫ്‌സ് കമ്മിറ്റിയുടെ സ്ഥിരം അധ്യക്ഷനായിരിക്കും സി.ഡി.എസ്.  ഇങ്ങനെയൊരു സ്ഥിര അധ്യക്ഷപദവി ആദ്യമായാണ് നല്‍കുന്നത്. ഫോര്‍ സ്റ്റാര്‍ റാങ്കാണ് ഈ പദവിയ്ക്ക് നല്‍കുന്നത്. പ്രതിരോധമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായാണ് സി.ഡി.എസ്. പ്രവര്‍ത്തിക്കുക. പ്രതിരോധവകുപ്പിന്റെ കീഴില്‍ പുതുതായുണ്ടാക്കിയ സേനാവകുപ്പിന്റെ സെക്രട്ടറിയും സി.ഡി.എസ്. ആയിരിക്കും. 

സി.ഡി.എസ് എന്ന ആശയം, പശ്ചാത്തലം

2019 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനകളില്‍ ഏറ്റവും ശ്രദ്ധേയമായത് സംയുക്ത പ്രതിരോധ മേധാവിയുടെ പദവി സൃഷ്ടിക്കുമെന്നതായിരുന്നു. ഡിസംബര്‍ 24-ന് പാര്‍മെന്റ് ഈ പദവി അംഗീകരിച്ചു. 

കാര്‍ഗില്‍ യുദ്ധം അവസാനിച്ചതിന്റെ തൊട്ടുപിന്നാലെ 1999 ജൂലായ് 29-ന് കേന്ദ്രസര്‍ക്കാര്‍ സ്ട്രാറ്റജിക് അഫയെഴ്‌സ് വിദഗ്ധനായ കെ.സുബ്രഹ്മണ്യത്തിന്റെ അധ്യക്ഷതയില്‍ കാര്‍ഗില്‍ യുദ്ധ പുനഃപരിശോധനാ കമ്മിറ്റിയെ നിയോഗിച്ചു. സംഭവങ്ങളുടെ ഘടന പരിശോധിച്ച് കമ്മിറ്റി 1999 ഡിസംബര്‍ 15-ന് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി, 2000 ഫെബ്രവരി 23-ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഇതേതുടര്‍ന്ന് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പഠിച്ച് പദ്ധതി തയ്യാറാക്കാന്‍ ഏപ്രില്‍ 17-ന് എല്‍.കെ.അദ്വാനി, ജോര്‍ജ് ഫെര്‍ണാണ്ടസ്, ജസ്വന്ത് സിങ്, യശ്വന്ത് സിന്‍ഹ എന്നീ മുതിര്‍ന്ന എന്‍.ഡി.എ നേതാക്കളും മന്ത്രിമാരും അടങ്ങുന്ന സമിതി രൂപവത്കരിക്കപ്പെട്ടു. 2001 ഫെബ്രുവരി 19-ന് സമര്‍പ്പിച്ച ശുപാര്‍ശകളില്‍ സര്‍ക്കാറിന് നേരിട്ട് സൈനികോപദേശം നല്‍കുന്നതിനും സായുധസേനാവിഭാഗങ്ങളെ നിയന്ത്രിക്കുന്നതിനായും വിവിധ സൈനിക വിഭാഗങ്ങളെ ഏകോപിപ്പിച്ച് കാര്യക്ഷമമായ പ്രകടനം ഉറപ്പുവരുത്തുന്നതിനുമായി സംയുക്ത പ്രതിരോധ മേധാവിയുടെ പദവി സൃഷ്ടിക്കേണ്ടതുണ്ടെന്ന വ്യക്തമായ സൂചന നല്‍കി. 

ചുമതലകള്‍

 • കര, നാവിക, വ്യോമ സേനകളുടെ ഏകോപനം
 • സേനകള്‍ക്കുള്ള തന്ത്രങ്ങള്‍ മെനയല്‍
 • പ്രതിരോധവകുപ്പിനു കീഴിലുള്ള സേനാകാര്യവകുപ്പിന്റെ ചുമതല
 • സേനകളുടെ പരിശീലനം
 • പരിശീലന കേന്ദ്രങ്ങളുടെ നിയന്ത്രണം
 • ആയുധങ്ങളുടെ സംഭരണം
 • സൈനിക വിഭവങ്ങളുടെ വിതരണം
 • ആണവ കരാര്‍ അതോറിറ്റിയുടെ ഉപദേശകന്‍
 • പ്രതിരോധ ജീവനക്കാരുടെ ആസ്ഥാനം സി.ഡി.എസിനു കീഴില്‍. 

ഇന്ത്യന്‍ പ്രതിരോധസേന

14.4 ലക്ഷം അംഗബലമുള്ള ഇന്ത്യന്‍ പ്രതിരോധസേന, ചൈനയ്ക്കു ശേഷം ലോകത്തെ രണ്ടാമത്തെ വലിയ സേനാശക്തിയാണ്. കരസേന, വ്യോമസേന, നാവികസേന മറ്റ് കേന്ദ്ര സേനകള്‍ എന്നിവ പ്രതിരോധ വിഭാഗത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു. പതിനൊന്നു ലക്ഷത്തിലേറെ സ്ഥിരഅംഗങ്ങളും പത്തു ലക്ഷത്തോളം റിസര്‍വ് അംഗങ്ങളും അടങ്ങുന്നതാണ് ഇന്ത്യന്‍ കരസേന. 1895 ഏപ്രില്‍ ഒന്നിന് രൂപംകൊണ്ട ഇന്ത്യന്‍ കരസേനയുടെ പിതാവായി അറിയപ്പെടുന്നത് മേജര്‍ സ്ട്രിങ്ങര്‍ ലോറന്‍സാണ്. ന്യൂഡല്‍ഹിയാണ് കരസേനയുടെ ആസ്ഥാനം. ജനുവരി 15 കരസേനദിനമായി ആചരിക്കുന്നു. 

ഫീല്‍ഡ് മാര്‍ഷല്‍

ഇന്ത്യന്‍ കരസേന നല്‍കുന്ന സമുന്നത പദവിയാണ് ഫീല്‍ഡ് മാര്‍ഷല്‍. അത്യപൂര്‍വ്വമായി മാത്രം നല്‍കുന്ന ഈ പദവിയ്ക്ക് ഫൈ സ്റ്റാര്‍ റാങ്കാണ് നല്‍കുന്നത്. ഇന്ത്യയില്‍ ആദ്യത്തെ ഫീല്‍ഡ് മാര്‍ഷല്‍ ജനറല്‍ സാം മനേക്ഷായാണ്. 1973 ജനുവരിയിലാണ് അദ്ദേഹത്തിന് ഈ പദവി നല്‍കുന്നത്. സര്‍വീസിലിരിക്കുമ്പോള്‍ ഫീല്‍ഡ് മാര്‍ഷലാകുന്ന ഏക വ്യക്തിയും അദ്ദേഹമാണ്. പിന്നീട് 1986 ഏപ്രില്‍ 28ന് ജനറല്‍ കെ.എം.കരിയപ്പ (കിപ്പര്‍ എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു)ഫീല്‍ഡ് മാര്‍ഷല്‍ പദവിയ്ക്ക് അര്‍ഹനായി. ഫീല്‍ഡ് മാര്‍ഷലിനു തുല്യമായി വ്യോമസേനയിലുള്ള പദവിയാണ് മാര്‍ഷല്‍ ഓഫ് ദ എയര്‍ ഫോഴ്‌സ്. ചീഫ് മാര്‍ഷല്‍ അര്‍ജന്‍ സിങ്ങാണ് ഈ പദവി ലഭിച്ച ഒരേയൊരു വ്യക്തി. 2002ലാണ് അദ്ദേഹത്തിന് ഈ പദവി ലഭിക്കുന്നത്. 

പ്രധാനപ്പെട്ട സൈനിക നീക്കങ്ങള്‍

 • പോളോ (1948): ഹൈദരാബാദ് ഇന്ത്യയുടെ ഭാഗമാക്കാനായി നടത്തിയ ഓപ്പറേഷന്‍. നിസാമിന്റെ ഭരണം ഇതോടെ അവസാനിച്ചു.
 • വിജയ് (1961): പോര്‍ച്ചുഗീസുകാരെ ഗോവ യില്‍ നിന്ന് പുറത്താക്കാന്‍ നടത്തിയത്. 
 • ബ്ലൂസ്റ്റാര്‍ (1984): ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തില്‍ സുവര്‍ണ ക്ഷേത്രത്തില്‍ തമ്പടിച്ചിരുന്ന സിഖ് വിഘടനവാദികളെ തുരത്താന്‍ ഇന്ത്യന്‍ സേന നടത്തിയ സൈനിക നടപടി. 
 • മേഘദൂത് (1984): സിയാച്ചന്‍ ഗ്ലേഷ്യര്‍ നിയന്ത്രണത്തിലാക്കാന്‍ നടത്തിയ ഓപ്പറേഷന്‍
 • വിജയ് (1999): കാര്‍ഗില്‍ യുദ്ധ പോരാട്ടം
 • മൈത്രി (2015): നേപ്പാളിലെ ഭൂചലനത്തില്‍ ഇന്ത്യന്‍ സേന നടത്തിയ രക്ഷാപ്രവര്‍ത്തനം
 • ഗുഡ്‌വില്‍ (1998-ഇന്നുവരെ): ജമ്മുകാശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന മാനുഷിക പ്രവര്‍ത്തനങ്ങള്‍. 

ഇന്ത്യന്‍ പ്രതിരോധസേനയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ മാതൃഭൂമി ഇയര്‍ബുക്ക് 2020ല്‍ 

Mathrubhumi YearBook 2020 Malayalam
ഇയര്‍ബുക്ക് വാങ്ങാം

 

Content Highlights: All you need to know about Chief of Defence Staff, Bipin Rawat, Indian Army