മാനത്തു കാണുകമാത്രം ചെയ്ത ചന്ദ്രനെ മനുഷ്യര്‍ തൊട്ടിട്ട് അരനൂറ്റാണ്ടു തികയുന്നു. 1969 ജൂലായ് 20-നാണ് മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയത്. ഈദിനം ചാന്ദ്രദിനമായി ആഘോഷിക്കുന്നു.

ചാന്ദ്രദൗത്യങ്ങള്‍ ലൂണയോടെ

loonaചന്ദ്രന്റെ രഹസ്യങ്ങള്‍ തൊട്ടറിയാന്‍ ആദ്യമെത്തിയത് സോവിയറ്റ് യൂണിയനാണ്. ലൂണാ ദൗത്യത്തിലൂടെയാണ് ചന്ദ്രോപരിതലത്തിലെ പര്യവേക്ഷണങ്ങള്‍ക്ക് റഷ്യ തുടക്കമിട്ടത്. 1959-ലായിരുന്നു ആദ്യ ലൂണാദൗത്യമായ ലൂണ-1ന്റെ വിക്ഷേപണം. ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ മനുഷ്യനിര്‍മിതമായ ആദ്യപേടകം ലൂണ-2 ആണ്. ചന്ദ്രന്റെ മറുവശത്തിന്റെ ചിത്രങ്ങള്‍ ആദ്യം പകര്‍ത്തിയത്  ലൂണ-3ഉം. 

മൊത്തം 24 ദൗത്യവാഹനങ്ങള്‍ ലൂണ പദ്ധതിയിലുണ്ടായിരുന്നു. അതില്‍ 20 എണ്ണം വിജയിച്ചു. ലൂണ-16, 20, 24 എന്നീ പേടകങ്ങള്‍ ചന്ദ്രോപരിതലത്തിലെ മണ്ണും പാറയും ശേഖരിച്ച് ഭൂമിയിലെത്തിച്ചു. ഏറ്റവുമൊടുവിലെ സോവിയറ്റ് യൂണിയന്റെ ചാന്ദ്രദൗത്യം 1976 ഓഗസ്റ്റിലാണ്. ലൂണ-24 പേടകം ചന്ദ്രനില്‍നിന്ന് മണ്ണുശേഖരിച്ച് ഭൂമിയിലെത്തിച്ചശേഷം, സോവിയറ്റ് യൂണിയന്‍ ചാന്ദ്രദൗത്യങ്ങള്‍ നടത്തിയിട്ടില്ല.

യു.എസിന്റെ പാളിപ്പോയ ദൗത്യങ്ങള്‍

സോവിയറ്റ് യൂണിയന്റെ മുന്നേറ്റത്തിനിടെ അമേരിക്ക ഒരു ചെറിയ ഉപഗ്രഹം വിക്ഷേപിക്കാന്‍ 1957 ഡിസംബറില്‍ ശ്രമം നടത്തി. വാന്‍ഗ്വാര്‍ഡ്-1. പക്ഷേ, വിജയിച്ചില്ല. 1958 മുതല്‍ 1960 വരെയുള്ള കാലയളവില്‍ പയനീര്‍ പരമ്പരയിലെ നാലുപേടകങ്ങളും ചന്ദ്രനിലേക്കയച്ചെങ്കിലും അതും പരാജയപ്പെട്ടു. അതിനിടെ 1958 ജനുവരി 31-ന് 15 കിലോഗ്രാം ഭാരമുള്ള സിലിന്‍ഡര്‍ ആകൃതിയിലുള്ള എക്‌സ്പ്ലോറര്‍-1 എന്ന ഉപഗ്രഹം അമേരിക്ക വിജയകരമായി പരീക്ഷിച്ചു.

അപ്പോളോയില്‍ യു.എസിന്റെ മറുപടി

ചാന്ദ്രദൗത്യത്തില്‍ സോവിയറ്റ് യൂണിയനേല്‍പ്പിച്ച പ്രഹരത്തിന് യു.എസ്. നല്‍കിയ മറുപടി അപ്പോളോ ആയിരുന്നു.

Apollo 11
അപ്പോളോ -11

സോവിയറ്റ് യൂണിയന്റേതുമുഴുവന്‍ ആളില്ലാദൗത്യങ്ങളായിരുെന്നങ്കില്‍ ചന്ദ്രനില്‍ മനുഷ്യനെയെത്തിക്കുക എന്നതായിരുന്നു അപ്പോളോയുടെ ലക്ഷ്യംതന്നെ. സോവിയറ്റ് യൂണിയന് കഴിയുംമുമ്പ് മനുഷ്യനെ ചന്ദ്രനിലിറക്കി മേല്‍ക്കൈ നേടാനുള്ള സജ്ജീകരണത്തിന്റെ ഭാഗമായി 1958 ഒക്ടോബര്‍ ഒന്നിന് അമേരിക്ക നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്ട്രേഷന് (നാസ) രൂപംനല്‍കി.

പിന്നാലെ അപ്പോളോ ദൗത്യങ്ങള്‍ക്കുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തു. 1992 ഫെബ്രുവരിയിലാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് സ്ഥാപിക്കുന്നത്.അപ്പോളോ പരമ്പരയില്‍ മൊത്തം 11 പേടകങ്ങളാണുള്ളത്. (1968-72) അപ്പോളോ-7 മുതല്‍ അപ്പോളോ -11 വരെ. അപ്പോളോ-1 പേടകം പരീക്ഷണത്തിന് ആഴ്ചകള്‍ ശേഷിക്കെ അഗ്‌നിക്കിരയാവുകയും മൂന്നുബഹിരാകാശയാത്രികര്‍ വെന്തുമരിക്കുകയും ചെയ്തു.

ഇതിനുപിന്നാലെ അപ്പോളോ രണ്ടുമുതല്‍ ആറുവരെയുള്ള വാഹനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആളില്ലായാത്രകള്‍ നടത്തി. അപ്പോളോ -8-ല്‍ മനുഷ്യര്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുകയും ഭൂമിയില്‍ തിരിച്ചിറക്കുകയും ചെയ്തു.

അറിയപ്പെടാത്ത സോന്‍ഡ് ദൗത്യങ്ങള്‍

1965 ജൂലായ് മുതല്‍ 1970 ഒക്ടോബര്‍വരെയുള്ള കാലയളവില്‍ സോവിയറ്റ് യൂണിയന് ചാന്ദ്രദൗത്യത്തിന്റെ മറ്റൊരു പരമ്പര കൂടിയുണ്ടായിരുന്നു-സോന്‍ഡ്. സോന്‍ഡ്-3 ആണ് ആദ്യവാഹനം. സോന്‍ഡ്-3 മുതല്‍ എട്ടുവരെ അഞ്ചുവാഹനങ്ങളാണ് ഈ പരമ്പരയില്‍ വിക്ഷേപിച്ചത്.

ആദ്യയാത്ര 

Neil Armstrong, Michael Collins and Edwin Aldrin
നീല്‍ ആംസ്‌ട്രോങ്, മൈക്കിള്‍ കൊളിന്‍സ്, എഡ്വിന്‍ ആല്‍ഡ്രിന്‍

നീല്‍ ആംസ്ട്രോങ്, എഡ്വിന്‍ ആല്‍ഡ്രിന്‍, മൈക്കല്‍ കൊളിന്‍സ് എന്നിവരടങ്ങുന്ന അമേരിക്കന്‍ സംഘം അപ്പോളോ-11 പേടകത്തില്‍ ഫ്ളോറിഡ ഐലന്‍ഡില്‍നിന്ന് പുറപ്പെട്ടു. ജൂലായ് 20-ന് ആംസ്ട്രോങ്ങും ആല്‍ഡ്രിനും ഈഗിള്‍ എന്ന വാഹനത്തില്‍ ചന്ദ്രോപരിതലത്തിലെത്തി ചരിത്രം കുറിച്ചു. ആദ്യമിറങ്ങിയത് ആംസ്ട്രോങ്ങാണ്. പിന്നാലെ 20 മിനിറ്റ് കഴിഞ്ഞ് ആല്‍ഡ്രിനും.

ചന്ദ്രനില്‍ കാലുകുത്തിയവര്‍

അപ്പോളോ-11 മുതല്‍ 17 പരമ്പരകളിലായി (13 ഒഴികെ) 12 പേര്‍ ചന്ദ്രനിലിറങ്ങിയിട്ടുണ്ട്. ചന്ദ്രനിലിറങ്ങിയ ആറ്് അപ്പോളോ ദൗത്യങ്ങളിലും കൂടി 382 കിലോഗ്രാം പാറയും മണ്ണും ഇതുവരെ ശേഖരിച്ചിട്ടുണ്ട്. 1972-ലെ അപ്പോളോ-17 പേടകത്തിനുശേഷം ഇതുവരെ ആരും ചന്ദ്രനില്‍ കാലുകുത്തിയിട്ടില്ല.

Men who are Landed in Moon
വിവിധ ചാന്ദ്ര ദൗത്യങ്ങളിലായി ചന്ദ്രനില്‍ കാലുകുത്തിയവര്‍... അലന്‍ ബീന്‍, അലന്‍ ഷെപ്പേര്‍ഡ്, എഡ്ഗാര്‍ മിഷേല്‍, ഡേവിഡ് സ്‌കോട്ട്, ജോണ്‍ യങ്, ചാള്‍സ് ഡ്യൂക്ക്, ചാള്‍സ് കോണ്‍റാഡ്, ഹാരിസണ്‍ ഷിമിറ്റ്, യൂജിന്‍ സേമന്‍, ജെയിംസ് ഇര്‍വിന്‍ എന്നിവര്‍ (ഇടത്ത് മുകളില്‍നിന്ന് തുടങ്ങുന്ന ക്രമത്തില്‍)

ഇന്ത്യയുടെ ചന്ദ്രയാന്‍

Chandrayaanചാന്ദ്രപര്യവേക്ഷണരംഗത്തെ ഇന്ത്യയുടെ ആദ്യ 'പ്രതിനിധി'യാണ് ചന്ദ്രയാന്‍-1. 2008 ഒക്ടോബര്‍ 22-നാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസ്ഥാപനം (ഐ.എസ്.ആര്‍.ഒ.) ചന്ദ്രയാന്‍-1 വിക്ഷേപിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം. ആളില്ലാപേടകമായ ചന്ദ്രയാന്‍-1ന് വിക്ഷേപണസമയത്ത് 1380 കിലോഗ്രാം ഭാരമാണുണ്ടായിരുന്നത്. 386 കോടി രൂപയാണ് നിര്‍മാണത്തിനു ചെലവുവന്നത്.  

വിക്ഷേപിച്ച് ഏകദേശം ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍തന്നെ (ഓഗസ്റ്റ്-29, 2019) ചന്ദ്രയാന്‍-1-മായുള്ള വാര്‍ത്താവിനിമയ ബന്ധം ഐ.എസ്.ആര്‍.ഒ.യ്ക്ക് നഷ്ടമായി. എന്നാല്‍, ഉപഗ്രഹം ഇപ്പോഴും ചന്ദ്രനെ വലംവെക്കുന്നുണ്ടെന്നാണ് 2017-ല്‍ നാസയുടെ കണ്ടെത്തല്‍.

ചന്ദ്രനില്‍ പോയിവന്ന വിത്തുകളിവിടെ

Sikoamor Tree
ചന്ദ്രനില്‍ കൊണ്ടുപോയ വിത്തില്‍ നിന്നും ഉണ്ടായ സികാമോര്‍ മരം

ചന്ദ്രനില്‍ പോയിവന്ന സികാമോര്‍ മരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? 1971-ല്‍ അപ്പോളോ-14 ദൗത്യത്തില്‍ സ്റ്റുവാര്‍ട്ട് റൂസയ്‌ക്കൊപ്പം ചന്ദ്രനിലേക്ക് കുറെ വിത്തുകള്‍കൂടി കൊണ്ടുപോയിരുന്നു. പേടകത്തിലെ കമാന്‍ഡ് മൊഡ്യൂള്‍ പൈലറ്റായിരുന്നു റൂസ. അതായത് രണ്ടുപര്യവേക്ഷകര്‍ ചന്ദ്രനിലിറങ്ങിയപ്പോള്‍ പേടകവുമായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ചുറ്റിക്കൊണ്ടിരുന്നയാള്‍. 

സ്വന്തം സഞ്ചിയില്‍ നൂറുകണക്കിന് വിത്തുകളാണ് റൂസ കൊണ്ടുപോയത്. ചെറുഗുരുത്വാകര്‍ഷണബലം സസ്യങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യം. ഭൂമിയില്‍ തിരിച്ചുകൊണ്ടുവന്നശേഷവും വിത്തുകളെല്ലാം മുളപ്പിക്കാന്‍ സാധിച്ചു. അമേരിക്കയില്‍ പലയിടത്തായി നടുകയും ചെയ്തു. പലതും അശ്രദ്ധമൂലം നശിച്ചുപോയെങ്കിലും നാസയുടെ ഗൊദ്ദാര്‍ഡ് സ്പേസ് ഫൈറ്റ് സെന്ററിലെ ഒരു സികാമോര്‍ മരം ഇപ്പോഴും അവശേഷിക്കുന്നു. മറ്റു സികാമോര്‍ മരങ്ങളെപ്പോലെ സമൃദ്ധമായിത്തന്നെ വളരുകയും ചെയ്യുന്നു. 

 

ആകാശവസ്തുക്കള്‍ നാസ മ്യൂസിയത്തില്‍

soil and rock collected from moon

ചന്ദ്രനില്‍നിന്ന് കൊണ്ടുവന്ന മണ്ണും പാറക്കഷണങ്ങളുള്‍പ്പെടെയുള്ള ആകാശവസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നത് എവിടെയാണെന്നറിയാമോ? ഹൂസ്റ്റണിലെ നാസയുടെ മ്യൂസിയത്തില്‍ (നാസ ജോണ്‍സണ്‍ സ്‌പേസ് സെന്റര്‍). പേടകങ്ങളക്കം നാനൂറിലധികം വസ്തുക്കളാണ് കാണാനും കാണികള്‍ക്ക് തൊട്ടുനോക്കാനും പാകത്തില്‍ സൂക്ഷിച്ചിട്ടുള്ളത്. 1992-ലാണ് കേന്ദ്രം തുറക്കുന്നത്.

Content Highlights: 50th Anniversary of First Man Landed on Moon, Mission Apollo