20 വര്‍ഷത്തെ പോരാട്ടചരിത്രമുണ്ട് വനിതാ സംവരണ ബില്ലിന്. ചില പാര്‍ലമെന്റേറിയന്മാരില്‍നിന്നും സ്ത്രീമുന്നേറ്റ നിലപാടുകളില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും നേരിട്ട എതിര്‍പ്പാണ്, ഇന്ത്യയുടെ ഭാവിയെത്തന്നെ നിര്‍ണയിക്കുന്ന ഈ ബില്ലിനെ നിയമമാക്കാതെ ഇന്നുള്ള അവസ്ഥയിലെത്തിച്ചത്. മാറിമാറിവരുന്ന സര്‍ക്കാരുകളുടെ കാലത്ത് അവതരിപ്പിക്കപ്പെടുന്ന വനിതാ സംവരണ ബില്‍ ആ സര്‍ക്കാരിന്റെ കാലം കഴിയുന്നതോടെ റദ്ദായിപ്പോവുന്നതാണ് പതിവുകാഴ്ച. 2010 മാര്‍ച്ച് 9-ന് ചരിത്രം കുറിച്ചുകൊണ്ട് യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് രാജ്യസഭയില്‍ ബില്‍ പാസാക്കിയെങ്കിലും ആ സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞതോടെ ബില്‍ അസാധുവാക്കപ്പെടുകയായിരുന്നു.

വിവരാവകാശ നിയമം, ആധാര്‍, ജി.എസ്.ടി, പോക്‌സോ, ഗാര്‍ഹിക പീഡന നിരോധന നിയമം തുടങ്ങി ചരിത്രപ്രസിദ്ധ നിയമനിര്‍മാണങ്ങള്‍ നടത്തിയ രാജ്യത്തെ മഹാസഭയ്ക്ക് വര്‍ഷങ്ങള്‍ പഴക്കമുള്ള വനിതാ സംവരണ ബില്‍ നിയമമാക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. 1952-ല്‍ അഞ്ച് ശതമാനവും 1962-ല്‍ ഏഴ് ശതമനവും ആയിരുന്ന വനിതാ പ്രാധിനിധ്യം 2014ല്‍ 16-ാം ലോക്സഭയിലേക്കെത്തുമ്പോള്‍ 11.3%ത്തിലെത്താനേ സാധിച്ചിട്ടുള്ളൂ. ആദ്യ ലോക്സഭയില്‍ 22 സ്ത്രീകളുണ്ടായിരുന്ന സ്ഥാനത്ത് 16-ാം ലോക്സഭയിലേക്കെത്തുമ്പോള്‍ അത് 62 ആയി മാറി എന്ന നേരിയ ആശ്വാസം മാത്രം.

ഇത്തരമൊരു ഇന്ത്യന്‍ രാഷ്ട്രീയപശ്ചാത്തലത്തിലാണ് വനിതാ സംവരണ ബില്ലിന് പ്രസക്തിയേറുന്നത്. വനിതാ സംവരണ ബില്‍ പാസാക്കാന്‍ 1996 മുതല്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളും പാര്‍ലമെന്റ് അംഗങ്ങളും നടത്തിവരുന്ന ശ്രമം ഫലവത്താകാന്‍ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ക്ക് ഇനിയുമായിട്ടില്ല. ബഹളം, വലിച്ചുകീറല്‍, സ്ത്രീവിരുദ്ധ ആക്രോശങ്ങള്‍ തുടങ്ങിയവയിലൂടെ ബില്ലിനെ നിയമമാക്കാതെ രാജ്യത്തെ സ്ത്രീജനങ്ങളെ അവഹേളിക്കുകയാണ് സാമാജികര്‍.

എന്താണ് വനിതാ സംവരണ ബില്‍

2010 മാര്‍ച്ച് 9. പ്രമുഖ വനിതാ നേതാക്കളായ നജ്മ ഹെപ്ത്തുള്ളയും സുഷമ സ്വരാജും ബൃന്ദ കാരാട്ടും കൈകോര്‍ത്ത് ചിരിച്ചുനില്‍ക്കുന്ന ദൃശ്യം ഇന്ത്യയെ സംബന്ധിച്ച് ചരിത്രമുഹൂര്‍ത്തമായിരുന്നു. എതിര്‍പ്പുകളെയും ഉള്‍വലികളെയും അവഗണിച്ച് രാജ്യസഭ വനിതാ സംരണബില്‍ പാസാക്കിയ ദിവസമായിരുന്നു 2010 മാര്‍ച്ച് 9. എന്നാല്‍, രാജ്യസഭ ബില്‍ പാസാക്കിയേടത്തുനിന്ന് ഏഴുവര്‍ഷം പിന്നിടുമ്പോള്‍ ഒരിഞ്ചുപോലും ആ ബില്ലിന് സഞ്ചാരിക്കാനായിട്ടില്ല എന്ന് മാത്രം.

108-ാം ഭരണഘടനാ ഭേദഗതി ബില്‍-2008 എന്നാണ് വനിത സംവരണബില്‍ എന്ന പേരിലറിയപ്പെടുന്ന ഈ ബില്ലിന്റെ ഒദ്യോഗികനാമം. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യുക എന്നതാണ് ഈ ബില്ലുകൊണ്ട് ലക്ഷ്യംവെക്കുന്നത്. 186 വോട്ടുകള്‍ അനുകൂലമായും ഒരേയൊരു വോട്ട് എതിര്‍ത്തും കിട്ടിയാണ് 2010 മാര്‍ച്ച് 9-ന് രാജ്യസഭയില്‍ ഈ ബില്‍ പാസാവുന്നത്. കോണ്‍ഗ്രസിന് പുറമേ എന്‍.സി.പി., ബി.ജെ.പി., ഇടതുപാര്‍ട്ടികള്‍, ഡി.എം.കെ., എ.ഐ.എ.ഡി.എം.കെ. തുടങ്ങിയ പാര്‍ട്ടികളൊക്കെ ബില്ലിനെ പിന്തുണച്ചിരുന്നു. ഒരു ബില്‍ പാസാകാനുള്ള ഭൂരിപക്ഷമുണ്ടായിരുന്നിട്ടും തീര്‍ത്തും പ്രക്ഷുബ്ധമായ സഭാസാഹചര്യത്തിലാണ് ബില്‍ പാസാവുന്നത്. മുലായംസിങിന്റെ എസ്.പി.യും ലാലുപ്രസാദിന്റെ ആര്‍.ജെ.ഡി.യും ഉയര്‍ത്തിയ എതിര്‍പ്പാണ് ഇതിനു കാരണം. 

അന്ന് ബില്‍ പാസാക്കുന്നതിനിടയില്‍ നാല് അംഗങ്ങളെ സഭയില്‍നിന്ന് ബലംപ്രയോഗിച്ച് പുറത്താക്കേണ്ടിവന്നു. ബഹുജന്‍ സമാജ് പാര്‍ട്ടി വോട്ട് ചെയ്യാതെ ഇറങ്ങിപ്പോയി. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനിന്നു. മുമ്പുണ്ടായിരുന്നതുപോലെ ബില്‍ വലിച്ചുകീറാനും മറ്റുമുള്ള സാഹചര്യങ്ങള്‍ ഉരുത്തിരിഞ്ഞിട്ടും ബില്‍ പാസായി. 2009-ലെ യു.പി.എ. ഭരണകാലത്ത് ബില്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും ലോക്സഭയില്‍ പാസാക്കിയെടുക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമായിരുന്നു. പിന്നീട് ബി.ജെ.പി. സര്‍ക്കാര്‍ ഭരണത്തിലേറി മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ രാഷ്ട്രീയചര്‍ച്ചകളില്‍ വീണ്ടും ഇടം പിടിച്ചിരിക്കുകയാണ് ഈ വിഷയം.

വനിതാസംവരണബില്‍ പാസാക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുന്ന ഒരു പ്രമേയം ഐക്യരാഷ്ട്രസഭ ഏതാനും മാസങ്ങള്‍ക്കുമുമ്പ് അംഗീകരിച്ചിരുന്നു. അതിന്റെ അന്തഃസത്തയ്ക്ക് യോജിച്ച നടപടിയെടുക്കാനുള്ള അന്താരാഷ്ട്ര ബാധ്യത ഇന്ത്യക്കുണ്ട്. ആ നിലയ്ക്കുകൂടിയാണ് ഇപ്പോള്‍ ബില്ലിനുള്ള നീക്കം സജീവമായത്.നിയമസഭകളിലും പാര്‍ലമെന്റിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ബില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നേരത്തേ തയ്യാറാക്കിയ ബില്ലില്‍ രാജ്യസഭയില്‍ സംവരണം നിര്‍ദേശിച്ചിരുന്നില്ല. പുതിയ ബില്ലില്‍ അതുള്‍പ്പെടുത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 

ഇതു സംബന്ധിച്ച ചര്‍ച്ചകളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ബില്‍ പാസാക്കിയാല്‍ രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലും സര്‍ക്കാരിനുണ്ട്. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മാത്രമല്ല, രാജ്യസഭയിലും വനിതകള്‍ക്ക് മൂന്നിലൊന്ന് സീറ്റുകള്‍ സംവരണം ചെയ്യണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന ഐക്യം ഇല്ലാതാക്കുക, 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് എന്നിവ ലക്ഷ്യംവെച്ചാണ് ബി.ജെ.പി. സര്‍ക്കാര്‍ വനിതാ സംവരണ ബില്‍ വീണ്ടും ചര്‍ച്ചയ്ക്കിടാന്‍ കാരണമെന്ന മറുവാദവുമുണ്ട്.

പ്രാധാന്യം

പുരുഷമേധാവിത്വ സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പല രീതിയിലുള്ള ഇടപെടലുകള്‍ ആവശ്യമാണ്. അത്തരത്തിലുള്ള പുരുഷാധിപത്യവ്യവസ്ഥിതിയെ ഒരു വലിയ രീതിയില്‍ ഇളക്കാന്‍ പര്യാപ്തമാണ് വനിതാ സംവരണം എന്ന ബോധ്യമാണ് ഈ ബില്‍ പ്രാവര്‍ത്തികമാക്കാനുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ തത്രപ്പാടിനുപിന്നില്‍. ഏറ്റവും ചുരുങ്ങിയ രീതിയില്‍ 33% സ്ത്രീസംവരണമെങ്കിലും സാധ്യമാക്കിയാലേ ആ ലക്ഷ്യത്തിലേക്ക് സമൂഹത്തിന് ചെറിയ രീതിയിലെങ്കിലും എത്താന്‍ സാധിക്കൂ. 

Read More | Buy GK & CURRENT AFFAIRS

GK