ശാസ്ത്രപരീക്ഷണങ്ങള്‍ വിജയത്തിലെത്തിയാലും ചിലപ്പോഴൊക്കെ അവയുടെ അനന്തരഫലങ്ങള്‍ ഗവേഷകര്‍ക്ക് തലവേദനയാകാറുണ്ട്. 2011ല്‍ ചൈന ആരംഭിച്ച ബഹിരാകാശ ദൗത്യപരമ്പരയിലെ ആദ്യഘട്ട ബഹിരാകാശനിലയം 'ടിയാന്‍ഗോങ് -1' ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് പുതിയ തലവേദന.  അമേരിക്കയുടെ നാസയ്ക്ക് (National Aeronautics and Space Administration-NASA) സമാനമായ, ചൈനയുടെ ദേശീയ ബഹിരാകാശ ഏജന്‍സിയാണ് CNSA (China National Space Administration). ടിയാന്‍ഗോങ് സ്‌പേസ് സ്‌റ്റേഷന്റെ പതനം CNSA ഐക്യരാഷ്ട്രസഭയെ ഔദ്യോഗികമായി അറിയിച്ചതോടെ സംഭവം ലോകശ്രദ്ധ നേടിയിരിക്കുകയാണ്. 

2018 ഏപ്രില്‍ വരെയുള്ള സമയപരിധിക്കകം ഈ നിലയത്തിന്റെ ഭാഗങ്ങള്‍ പരസ്പരം വേര്‍പെട്ട് ഭൂമിയിലെ വിവിധയിടങ്ങളിലായി ചിതറിവീഴുമെന്ന് ശാസ്ത്രലോകം കരുതുന്നു. നിലയത്തിന്റെ ബാറ്ററി ചാര്‍ജര്‍ പ്രവര്‍ത്തനക്ഷമമല്ലാതായതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നൂറു കിലോഗ്രാമെങ്കിലും ഭാരമുള്ള ഭാഗങ്ങളായാകും ഈ പേടകം ഭൂമിയിലേക്ക് പതിക്കുക. എന്നാല്‍ ഇവയുടെ ദിശയോ, സ്ഥാനമോ കൃത്യമായി നിര്‍ണ്ണയിക്കാനും നിയന്ത്രിക്കാനും കഴിയില്ല എന്ന വസ്തുത പ്രശ്‌നത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു.

സാധാരണയായി ബഹിരാകാശപേടകങ്ങളുടെ വിക്ഷേപണവും ദൗത്യനിര്‍വ്വഹണത്തിന് ശേഷമുള്ള അവയുടെ തിരിച്ചുവരവും പൂര്‍ണ്ണമായും ഭൂമിയിലുള്ള കണ്‍ട്രോള്‍ സ്‌റ്റേഷനുകളുടെ കയ്യില്‍ ഭദ്രമായിരിക്കും. എന്നാല്‍ ടിയാന്‍ഗോങിന് മേലുള്ള നിയന്ത്രണം ചൈനക്ക് പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. 1979ല്‍ അമേരിക്കയുടെ 'സ്‌കൈലാബ്' ഇത്തരത്തില്‍ ഭൂമിയിലേക്ക് പതിച്ചിരുന്നു. 77,111 കിലോഗ്രാമായിരുന്നു ഭാരം. അക്കാലത്ത് ഏറെ ഭീതി പടര്‍ത്തിയ സ്‌കൈലാബ് പതനത്തിന് ശേഷം ഇതാദ്യമായാണ് ഒരു ബഹിരാകാശനിലയം ഇത്രയും ആശങ്കയുളവാക്കി തകര്‍ന്നു വീഴാനൊരുങ്ങുന്നത്.

ടിയാന്‍ഗോങ് - ചൈനയുടെ 'സ്വര്‍ഗ്ഗീയകൊട്ടാരം'

സോവിയറ്റ് യൂണിയന്‍(റഷ്യ) 1986 ഫെബ്രുവരി 20ന് വിക്ഷേപിച്ച മിര്‍ ബഹിരാകാശനിലയത്തോട് കിടപിടിക്കുന്ന ഒരു മൂന്നാം തലമുറ ബഹിരാകാശകേന്ദ്രത്തിനായി ചൈന ആവിഷ്‌കരിച്ച സ്‌പേസ് സ്റ്റേഷന്‍ പ്രോഗ്രാമാണ് ടിയാന്‍ഗോങ്. മറ്റു രാജ്യങ്ങളെ പങ്കെടുപ്പിക്കാതെ സ്വതന്ത്രമായാണ് ചൈന ഈ പദ്ധതിയുമായി മുന്നോട്ട് പോയത്. 1992ല്‍ 'പ്രോജക്ട് 921-2' എന്ന ബഹിരാകാശദൗത്യത്തിന്റെ ഭാഗമായാണ് ചൈന ടിയാന്‍ഗോങ്് ഉദ്യമത്തിന് തുടക്കമിട്ടത് . 2020-ഓടു കൂടി പൂര്‍ണ്ണസജ്ജമായ ഒരു ബഹിരാകാശകേന്ദ്രം സാധ്യമാക്കുകയായിരുന്നു ലക്ഷ്യം. ചൈന മാന്‍ഡ് സ്‌പേസ് എന്‍ജിനീയറിംഗ് (China Manned Space Engineering - CSME) വിഭാഗമാണ് ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്.

അന്താരാഷ്ട്ര ബഹിരാകാശനിലയം (International Space Station-ISS) പൂര്‍ത്തീകരിക്കാനായി ലോകരാജ്യങ്ങളുടെ സഖ്യത്തിന് വര്‍ഷങ്ങളോളം നീണ്ടുനിന്ന വിക്ഷേപണപരമ്പരകള്‍ ആവശ്യമായി വന്നു. എന്നാല്‍ മറ്റുരാജ്യങ്ങള്‍ ഒരുമിച്ച് നേടിയ ഈ വിജയം ഒറ്റയ്ക്ക് നേടിയെടുക്കാനായിരുന്നു ചൈന ടിയാന്‍ഗോങിലൂടെ ലക്ഷ്യമിട്ടത്. ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്റെ ആറിലൊന്ന് ഭാരവും 'മിര്‍' ബഹിരാകാശനിലയത്തിന്റെ പകുതി വലിപ്പവും ഉള്ളതാണ് ചൈനയുടെ ടിയാന്‍ഗോങ്. മൂന്ന് ഘട്ടങ്ങളായി ഈ നിലയം പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാക്കാനായിരുന്നു ചൈനയുടെ നീക്കം. പത്ത് വര്‍ഷമായിരുന്നു നിലയത്തിന് നിശ്ചയിച്ചിരുന്ന ദൗത്യകാലാവധി.

ടിയാന്‍ഗോങ് പദ്ധതിയുടെ ഭാഗമായി 2011 സെപ്തംബര്‍ 29ന് 'ടിയാന്‍ഗോങ്-1' എന്ന പരീക്ഷണശാല വിക്ഷേപിച്ചു. 'ടാര്‍ഗറ്റ് വെഹിക്കിള്‍' എന്നായിരുന്നു ഇതിനു നല്‍കിയ മറ്റൊരു പേര്. മൂന്ന് ബഹിരാകാശസഞ്ചാരികള്‍ക്ക് ഒരേസമയം താമസിച്ച് പരീക്ഷണങ്ങള്‍ നടത്താനുള്ള സൗകര്യം ഇതിലുണ്ട്. 2016 സെപ്തംബര്‍ 15ന് ടിയാന്‍ഗോങ്-1 ന് സമാനമായതും കൂടുതല്‍ മെച്ചപ്പെട്ടതുമായ ടിയാന്‍ഗോങ്-2 വിക്ഷേപിച്ചു. 

2016 സെപ്തംബറില്‍ ടിയാന്‍ഗോങിന്റെ പ്രവര്‍ത്തനം നിലച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും ഇതിന്റെ പതനസ്ഥലമോ, സമയമോ മുന്‍കൂട്ടി നിയന്ത്രിക്കാനാവില്ലെന്ന് ചൈന തുറന്നുസമ്മതിച്ചതാണ് വിഷയത്തിന്റെ ഗൗരവം കൂട്ടിയത്. ഭൂമിയില്‍ നിന്ന് ടിയാന്‍ഗോങിന്റെ ഭ്രമണപഥത്തിലേക്കുള്ള അകലം ഓരോ ദിവസവും കുറഞ്ഞുവരുന്നത് പരിഭ്രാന്തി വര്‍ദ്ധിപ്പിക്കുന്നു. 

ടിയാന്‍ഗോങ്-1 ന്റെ ഭാഗങ്ങള്‍ ഭൂമിയിലേക്കുള്ള യാത്രയ്ക്കിടെ കത്തിത്തീരാനും സമുദ്രത്തില്‍ പതിക്കാനും സാധ്യതയുണ്ടെന്ന് ഒരുസംഘം ഗവേഷകര്‍ കരുതുന്നു. എന്നാല്‍ ഇതിന് വിപരീതമായി ഏതെങ്കിലും ജനവാസ കേന്ദ്രങ്ങളിലാണ് പതനമെങ്കില്‍ വലിയ ദുരന്തമാകും ഉണ്ടാകുക.

പൂര്‍ണരൂപം ഡിസംബര്‍ ലക്കം GK & Current Affairs ല്‍ വായിക്കാം

Buy subscription for

GK Dec