ജനസംഖ്യാവര്‍ധനവും അമിത ഊര്‍ജോപഭോഗവും 600 വര്‍ഷത്തിനുള്ളില്‍ ഭൂമിയെ ഒരു തീഗോളമാക്കിമാറ്റുമെന്ന് പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്ത 10 ലക്ഷം വര്‍ഷത്തേക്ക് മാനവരാശി നിലനില്ക്കണമെങ്കില് മനുഷ്യര്‍ മറ്റൊരു ഗ്രഹത്തിലേക്ക് കുടിയേറിത്താമസിക്കുക മാത്രമാണ് പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.
അപകടകരമായ സൗരക്കൊടുങ്കാറ്റില്നിന്ന് ഭൂമിയെ സംരക്ഷിച്ചുനിര്‍ത്തുന്ന മാഗ്നെറ്റോസ്ഫിയര്‍ എന്ന അദൃശ്യകവചം, ഭൂമിയുടെ കാന്തികധ്രുവങ്ങള്‍ തുടര്‍ച്ചയായി ചലിക്കുന്നതുമൂലം ക്ഷയിച്ചുവരികയാണെന്നും ഇക്കാരണത്താല്‍ ഭൂമി സൗരക്കൊടുങ്കാറ്റില്‍ തകരുമെന്നും ശാസ്ത്രലോകത്തെ ഓര്‍മിപ്പിച്ചത് ഫ്രാന്‍സിലെ ഇന്റര്‍നാഷണല്‍ സ്പേസ് യൂണിവേഴ്സിറ്റി മുന്‍ ഡീനും ശാസ്ത്രഗവേഷകനുമായ ഡോ. ജോസഫ് പെല്‍ട്ടന്‍ ആണ്.
ഇങ്ങനെ, ഭൂമിയുടെ ഭാവിയെപ്പറ്റി നിരവധി പ്രവചനങ്ങളും മുന്നറിയിപ്പുകളും ഇതിനകം വന്നുകഴിഞ്ഞിട്ടുണ്ട്. ഇതില്‍ പലതും ശാസ്ത്രകാരന്മാരുടെ ഭാവനാസൃഷ്ടികള്‍ മാത്രമാണെന്ന് പറയുന്നവരും കുറവല്ല. എന്നാല്‍, ഭൂമി പിളര്‍ന്ന് മറ്റൊരു ഭൂഖണ്ഡം പിറക്കുമെന്ന മുന്നറിയിപ്പുകള്‍ യാഥാര്‍ഥ്യമാകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി എന്നതാണ് ശാസ്ത്രലോകത്തെ ഏറ്റവും പുതിയ ചര്‍ച്ചാവിഷയം. ആഫ്രിക്കന്‍ വന്‍കരയില്‍ പ്രത്യക്ഷപ്പെട്ട വന്‍ഗര്‍ത്തമാണ് ഭൗമശാസ്ത്രജ്ഞന്മാര്ക്കിടയില് ഈ ചര്‍ച്ച വീണ്ടും സജീവമാക്കിയിരിക്കുന്നത്.
സുസ്വ റിഫ്റ്റ്
ആഫ്രിക്കയില്‍ തെക്കുപടിഞ്ഞാറന്‍ കെനിയയിലാണ്, മായ്-മഹിയു കൊടുമുടിയോട് ചേര്‍ന്ന പ്രദേശത്ത്, 2018 മാര്‍ച്ച് 13-ന് വന്‍ വിള്ളല്‍ ദൃശ്യമായത്. അഗ്നിപര്‍വത സ്ഫോടനത്തിന്റെയോ ഭൂകമ്പങ്ങളുടെയോ ഫലമായി ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന ചെറിയ വിണ്ടുകീറലോ നിസ്സാരമായ വിള്ളലോ അല്ല, മറിച്ച് ആഫ്രിക്കന്‍ വന്‍കരതന്നെ രണ്ടായി മുറിയുന്നതിന്റെ പ്രകടമായ ലക്ഷണമാണ് ഈ പിളര്‍പ്പ് എന്നാണ് ഭൗമശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്.
700 മീറ്റര്‍ നീളത്തിലും 20 മീറ്റര്‍ വീതിയിലും 15 മീറ്റര്‍ ആഴത്തിലുമാണ് വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. 'സുസ്വ റിഫ്റ്റ്' (Suswa Rift) എന്ന് പേര് നല്‍കിയിരിക്കുന്ന ഈ പിളര്‍പ്പ്, കെനിയയിലെ പ്രധാന നഗരമായ നരോക്കിലെ തിരക്കേറിയ മായ്-മഹിയു ദേശീയപാതയെ രണ്ടായി കീറിമുറിച്ചുകൊണ്ടാണ് കടന്നുപോകുന്നത്. കെനിയ നാഷണല്‍ ഹൈവേ അതോറിറ്റി (KeNHA) ആണ് പിളര്‍പ്പിന്റെ വിവരം പുറത്തുവിട്ടത്.
ഒരു കുടുംബം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഭൂമി പിളര്‍ന്നതെന്നും ഇവരുടെ വീട് രണ്ടുഭാഗമായി വിഭജിക്കപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചെറിയ ഭൂകമ്പങ്ങളും കാറ്റും മഴയും വെള്ളപ്പൊക്കവും പ്രദേശത്ത് നിരന്തരമായുണ്ടായി. അതിശക്തമായി പെയ്ത മഴയുടെ വെള്ളം മുഴുവന്‍ ഗര്‍ത്തത്തിലേക്ക് താഴ്ന്നിറങ്ങി. മായ്-മഹിയു ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. വിള്ളല്‍ മണ്ണും പാറയും കൊണ്ട് നികത്താനുള്ള ശ്രമം നടന്നു. എന്നാല്‍ ഇത് ശാശ്വതപരിഹാരമാകില്ലെന്ന് ശാസ്ത്രജ്ഞര്മാര്ക്കിടയില്തന്നെ അഭിപ്രായമുണ്ട്.
ഇത്തരം അതിസങ്കീര്‍ണമായ ഭൗമപ്രതിഭാസങ്ങളുടെ പ്രഭവകേന്ദ്രം ഭൂമിക്കടിയിലായതിനാല്‍, നിലവിലുള്ള ശാസ്ത്ര-സാങ്കേതിക വിദ്യകള്‍ പിളര്‍പ്പ് തടയുന്നതിനോ വിള്ളല്‍ ശാശ്വതമായി നികത്തുന്നതിനോ പ്രയോജനപ്പെടില്ലെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. പിളര്‍പ്പിന്റെ വ്യാപ്തി വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നും ഭൗമശാസ്ത്ര വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
മുറിയുന്ന 'കൊമ്പ്
'ആഫ്രിക്കയുടെ കൊമ്പ്' (Horn of Africa) എന്ന് വിശേഷിപ്പിക്കപ്പെടുന്ന, സൊമാലിയ, എത്യോപ്യ, കെനിയ, താന്‍സാനിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ആഫ്രിക്കയുടെ കിഴക്കുഭാഗമാണ് ആഫ്രിക്കയില്‍നിന്ന് പിളര്‍ന്ന് മാറിക്കൊണ്ടിരിക്കുന്നത്. ഇത് എട്ടാമത്തെ പുതിയ വന്‍കരയുടെ പിറവിയുടെ തുടക്കമായാണ് കരുതുന്നത്. നെയ്റോബിയിലെ പ്രമുഖ മാധ്യമമായ 'ഡെയ്ലി നാഷ'ന് അനുവദിച്ച അഭിമുഖത്തില്‍ വിഖ്യാത ഭൗമശാസ്ത്രജ്ഞന്‍ ഡേവിഡ് ദെദെ ഈ പ്രതിഭാസത്തെ ഇങ്ങനെ വിശദീകരിക്കുന്നു: 'ആഫ്രിക്കയുടെ രണ്ട് പ്രധാന ഭൗമപാളികള്‍ - സൊമാലിയന്‍ പാളിയും നൂബിയന്‍ പാളിയും - പരസ്പരം വിട്ടുമാറുകയാണെന്നാണ് ഇപ്പോഴത്തെ പ്രതിഭാസങ്ങള്‍ തെളിയിക്കുന്നത്.
പ്രതിവര്‍ഷം 2.5 സെന്റിമീറ്റര്‍ വേഗത്തിലാണ് സൊമാലിയന്ഫലകം നൂബിയന്ഫലകത്തില്നിന്ന് തെന്നിമാറുന്നത്. അതിശക്തമായ വെള്ളപ്പൊക്കം ഗര്‍ത്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുമുണ്ട്. അധികം വൈകാതെ ആഫ്രിക്കന്‍ വന്‍കരയില്‍നിന്ന് സൊമാലിയന്‍ പാളി തെന്നിമാറി പുതിയൊരു വന്‍കരതന്നെ സൃഷ്ടിക്കപ്പെടും.''
ഡേവിഡ് ദെദെയുടെ അഭിപ്രായത്തില്‍, ടെക്റ്റോണിക് ചലനങ്ങളുടെയും അഗ്നിപര്‍വത സ്ഫോടനങ്ങളുടെയും മുന്‍ചരിത്രമുള്ള മേഖലയാണിത്. ഭൂമിയുടെ 'ക്രസ്റ്റു'കള്‍ക്ക് സംഭവിക്കുന്ന ക്ഷയത്തിന്റെ ഫലമായി ഇത്രയും കാലം നിര്‍ജീവമായിക്കിടന്ന ഗര്‍ത്തത്തിന്റെ ആഴം കൂടാനിടയായി.
ആഫ്രിക്കന്‍ പ്ലേറ്റിനെ സൊമാലി, ന്യൂബിയന്‍ എന്നിങ്ങനെ രണ്ട് ഫലകങ്ങളായി വിഭജിക്കുന്ന റിഫ്റ്റ്വാലിയില്പെട്ട മേഖലയിലാണ് ഇപ്പോള്‍ വിള്ളല്‍ ഉണ്ടായിരിക്കുന്നത്. കിഴക്കന്‍ ആഫ്രിക്കയിലെ 3000 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള റിഫ്റ്റ്വാലിയുടെ തുടക്കം ഗള്‍ഫ് ഓഫ് ഏഡനില്നിന്നാണ്. ആഫ്രിക്കന്‍ മുനമ്പ് മുതല്‍ മൊസാമ്പിക് വരെ നീളുന്നതാണ് സൊമാലിയന്‍ ഫലകം. ന്യൂബിയന്‍ ടെക്റ്റോണിക് ഫലകവും സൊമാലിയന്‍ ടെക്റ്റോണിക് ഫലകവും അകന്ന് മാറാന്‍ തുടങ്ങിയിട്ട് ഏതാണ്ട് 25 ദശലക്ഷം വര്‍ഷങ്ങളായെന്നാണ് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നത്.
ആഫ്രിക്കന്‍ വന്‍കരയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിള്ളലിന്റെ ഫലമായി, എത്യോപ്യ, സൊമാലിയ, കെനിയ, ടാന്‍സാനിയ എന്നീ രാജ്യങ്ങള്‍ ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളില്‍നിന്ന് വേര്‍പെടും. 'നാസ (NASA) എര്‍ത്ത് ഒബ്സര്‍വേറ്ററി'യും ഇതേ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്.
ആഫ്രിക്കയുടെ കിഴക്കന്‍ ഭാഗം ഭൂഖണ്ഡത്തില്‍നിന്ന് പിളര്‍ന്ന് മാറുന്നതിന്റെ വേഗം പ്രതീക്ഷിച്ചതിലും കൂടുതലാണെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. പക്ഷേ, ആഫ്രിക്കന്‍ വന്‍കര പിളര്‍ന്ന് പുതിയ ഭൂഖണ്ഡം പിറക്കുന്നതിന് 5 കോടി വര്‍ഷമെടുക്കുമെന്നാണ് ശാസ്ത്രലോകം കണക്കാക്കുന്നത്.