ലമുറകളായി കേരളത്തിലെ ഉദ്യോഗാര്‍ഥികള്‍ കാത്തിരുന്ന അവസരമാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങള്‍ക്കും സ്റ്റേറ്റ് സിവില്‍ സര്‍വീസ് സംവിധാനം നിലവിലുള്ളപ്പോള്‍ കേരളത്തിലിത് നടപ്പാവാന്‍ ഒട്ടേറെ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളിലാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായത്.

എന്നാല്‍ സ്പെഷ്യല്‍ റൂള്‍ രൂപവത്കരണംപോലുള്ള വലിയ കടമ്പകള്‍ കടക്കാനുള്ളതിനാല്‍ എന്നത്തേക്ക് ഇത് യാഥാര്‍ഥ്യമാവും എന്ന ആശങ്കയും ഉണ്ടായിരുന്നു. പക്ഷേ, സര്‍ക്കാരിന്റെ ചടുലമായ ഇടപെടല്‍ കാര്യങ്ങള്‍ അതിവേഗത്തിലാക്കുകയും തിരഞ്ഞെടുപ്പിനായുള്ള പരീക്ഷാവിജ്ഞാപനത്തിന്റെ ഘട്ടത്തിനടുത്തെത്തുകയും ചെയ്തിരിക്കുകയാണിപ്പോള്‍.

കേരളത്തിലെ എത്രയോ തലമുറകളിലെ യുവജനങ്ങള്‍ക്ക് നഷ്ടപ്പെട്ട ആ വലിയ സൗഭാഗ്യം ഇപ്പോഴത്തെ ഉദ്യോഗാര്‍ഥികളുടെ മുന്നില്‍ വലിയ പ്രതീക്ഷയായി തെളിഞ്ഞുകത്തുന്നു.ഉദ്യോഗാര്‍ഥികള്‍ക്കും നിലവിലെ ഉദ്യോഗസ്ഥര്‍ക്കും ഒരേപോലത്തെ അവസരങ്ങളും സാധ്യതകളും കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് മുന്നോട്ടുവെക്കുന്നു. 

അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് എന്തിന്?

ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഭരണനിര്‍വഹണം കാര്യക്ഷമമാക്കാന്‍ പുതിയൊരു തലമുറ ഉദ്യോഗസ്ഥരെ സൃഷ്ടിക്കുക എന്നതാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. ഭരണനിര്‍വഹണത്തിന്റെ പ്രധാന തലങ്ങളിലേക്ക് പുതുതലമുറയെ പ്രതിഷ്ഠിക്കുന്നത് കൂടുതല്‍ കാര്യക്ഷമവും ജനപക്ഷവുമായ സിവില്‍ സര്‍വീസ് സൃഷ്ടിക്കും എന്നതാണ് മറ്റൊരു കണക്കുകൂട്ടല്‍.

സര്‍ക്കാര്‍സംവിധാനത്തില്‍ നിലവില്‍ രണ്ടാംനിരയില്‍ പ്രൊഫഷണലുകളുടെ കാര്യമായ കുറവുള്ളത് സര്‍ക്കാര്‍പദ്ധതികളുടെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് തടസ്സമാകുന്നു. വികസനവകുപ്പുകളില്‍ പദ്ധതികള്‍ തയ്യാറാക്കാനും അവ നടപ്പിലാക്കുമ്പോഴുള്ള പോരായ്മകള്‍ പരിഹരിക്കാനും പ്രൊഫഷണലുകളായ പുതിയൊരു തലമുറയെ നിയോഗിക്കുക എന്നതാണ് കെ.എ.എസിന്റെ മറ്റൊരു ലക്ഷ്യം.

സര്‍ക്കാര്‍സര്‍വീസില്‍ പ്രവേശിക്കുമ്പോള്‍തന്നെ ശാസ്ത്രീയമായ പരിശീലനവും ആവശ്യമായ പ്രവൃത്തിപരിചയവും നല്‍കി ഭരണചക്രത്തെ ഊര്‍ജിതമായി മുന്നോട്ടുപോകാനുള്ള വിഭവശേഷി സൃഷ്ടിക്കാനാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ലക്ഷ്യമിടുന്നത്. 

കേഡര്‍ സ്ട്രെങ്ത്

വിവിധ സര്‍ക്കാര്‍വകുപ്പുകളിലും സെക്രട്ടേറിയറ്റിലുമുള്ള രണ്ടാമത്തെ ഗസറ്റഡ് തസ്തികകളുടെ പത്തുശതമാനമാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ എന്‍ട്രി കേഡറിനായി മാറ്റിവെക്കുന്നത്. കെ.എ.എസില്‍ താഴെപ്പറയുന്ന നാല് കാറ്റഗറികളിലെ ഓഫീസര്‍മാരാണ് ഉള്‍പ്പെടുക:

(1) കെ.എ.എസ്.ഓഫീസര്‍ (ജൂനിയര്‍ ടൈം സ്‌കെയില്‍)
(2) കെ.എ.എസ്.ഓഫീസര്‍ (സീനിയര്‍ ടൈം സ്‌കെയില്‍)
(3) കെ.എ.എസ്.ഓഫീസര്‍ (സെലക്ഷന്‍ ഗ്രേഡ് സ്‌കെയില്‍)
(4) കെ.എ.എസ്.ഓഫീസര്‍ (സൂപ്പര്‍ ടൈം ഗ്രേഡ് സ്‌കെയില്‍)

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ ചേരുന്ന ഒരു ഉദ്യോഗസ്ഥന്‍ സ്റ്റേറ്റ് സര്‍വീസില്‍ ജൂനിയര്‍ ടൈം സ്‌കെയിലിലാണ് സേവനമാരംഭിക്കുക. വിവിധ ടൈം സ്‌കെയിലുകള്‍ തമ്മിലുള്ള അനുപാതം 6:5:4:3 എന്ന തോതിലായിരിക്കും. ഉദാഹരണത്തിന് ജൂനിയര്‍ ടൈം സ്‌കെയിലിലെ ആകെ തസ്തികകള്‍ 133 ആയാല്‍ 110, 88, 66 എന്നിങ്ങനെയാവും സീനിയര്‍, സെലക്ഷന്‍, സൂപ്പര്‍ ടൈം സ്‌കെയിലുകള്‍. ഐ.എ.എസ്. നല്‍കപ്പെടുമ്പോഴാണ് കെ.എ.എസില്‍ പ്രവേശിക്കുന്ന ഉദ്യോഗസ്ഥന്റെ യഥാര്‍ഥ ലക്ഷ്യപൂര്‍ത്തീകരണം.

തുടക്കംതന്നെ ഗംഭീരം

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യനിയമനം ലഭിക്കുന്ന ജൂനിയര്‍ ടൈം സ്‌കെയിലില്‍തന്നെ കാത്തിരിക്കുന്നത് വിവിധ വകുപ്പുകളിലെ ഉന്നത തസ്തികകളാണ്. ഉയര്‍ന്ന ശമ്പളം, അധികാരങ്ങള്‍ എന്നിവ ഈ തസ്തികകളുടെ പ്രത്യേകതകളാണ്. 

ഒഴിവുകള്‍ എത്ര?

വിവിധ വകുപ്പുകളില്‍നിന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്ക് ഉള്‍പ്പെടുത്താന്‍ പരിഗണിച്ചിട്ടുള്ള രണ്ടാം ഗസറ്റഡ് വിഭാഗത്തിലെ ആകെ തസ്തികകളുടെ ആകെ എണ്ണം 1170 ആണ്. ഇതിന്റെ 10 ശതമാനമായ 117 ആവും ജൂനിയര്‍ ടൈം സ്‌കെയിലിലെ ആകെ ഒഴിവുകള്‍. ഓരോ വര്‍ഷവും വിവിധ വകുപ്പുകളില്‍ രണ്ടാം ഗസറ്റഡ് തസ്തികയില്‍ ഉണ്ടാവുന്ന ഒഴിവുകളുടെ മൂന്നിലൊന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിനായി നീക്കിവെക്കും.

വിവിധ വകുപ്പുകളില്‍ രണ്ടാം ഗസറ്റഡ് തസ്തികയില്‍ ഉണ്ടാകുന്ന ഒന്നാമത്തെ, നാലാമത്തെ, ഏഴാമത്തെ എന്നീ ക്രമത്തിലുള്ള ഒഴിവുകളാണ് കെ.എ.എസിനായി നീക്കിവെക്കുക. ജൂനിയര്‍ ടൈം സ്‌കെയിലിലെ മുഴുവന്‍ ഒഴിവുകളിലേക്കും ഒറ്റവര്‍ഷംകൊണ്ട് നിയമനം നടത്താന്‍ സാധിക്കില്ല. വിവിധ വകുപ്പുകളിലെ കെ.എ.എസിനായി നിശ്ചയിച്ചിട്ടുള്ള തസ്തികകളില്‍ ഉണ്ടാകുന്ന റിട്ടയര്‍മെന്റ് ഒഴിവുകള്‍ക്കനുസൃതമായാണ് നിയമനം നടത്തുക.

ഇതിനര്‍ഥം, ജൂനിയര്‍ ടൈം സ്‌കെയിലെ മുഴുവന്‍ കെ.എ.എസ്. തസ്തികകളും നികത്തപ്പെടാന്‍ വര്‍ഷങ്ങളെടുക്കും. ഇത് വ്യക്തമാക്കുന്ന മറ്റൊരു വസ്തുത, കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ റാങ്ക് ലിസ്റ്റ് എപ്പോഴും സജീവമായിരിക്കും എന്നതാണ്. ഓരോവര്‍ഷവും വിവിധ വകുപ്പുകളില്‍ ഉണ്ടാകുന്ന റിട്ടയര്‍മെന്റുകളാവും നിയമനങ്ങളില്‍ നിര്‍ണായകമാവുക. കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലുംകൊണ്ടേ കെ.എ.എസിന്റെ ജൂനിയര്‍ ടൈം സ്‌കെയില്‍ സ്റ്റാഫ് സ്ട്രെങ്ത് പൂര്‍ണമാവൂ.

gk & ca

 

ജി.കെ.ആന്റ് കറന്റ് അഫയേഴ്‌സ് ഓണ്‍ലൈനില്‍ വാങ്ങിക്കാം