ന്ത്യന്‍ ഐ.ടി വ്യവസായത്തിന്റെ പുഷ്‌ക്കര കാലം തുടങ്ങുന്നത് ഒരു ദുരന്തത്തില്‍ നിന്നാണ്. Y2K എന്ന ദുരന്തം. ഉര്‍വ്വശി ശാപം ഉപകാരമായ പോലൊരു സ്ഥിതി ആയിരുന്നു. 1995 - 97 കാലത്ത് ബംഗളൂരില്‍ ജോലി തെണ്ടി നടന്നവര്‍ക്ക് ഓര്‍മ്മയുണ്ടാകും. ഇന്നത്തെ പോലെ ഐ.ടി പാര്‍ക്കുകളൊന്നുമില്ല. ചെറിയ ലൈന്‍ കടകളുടെ മുകളിലെ നെടുങ്കന്‍ ഹാളുകളാണ് സോഫ്റ്റ്‌വെയര്‍ കമ്പനികള്‍. 

ഇന്‍ഫോസിസ്, ടി.സി.എസ്, ഐ.ബി.എമ്മിനൊക്കെ സ്വന്തമായ ബില്‍ഡിംഗുണ്ട്. പക്ഷേ ബഹു ഭൂരിപക്ഷം കമ്പനികളും മേല്‍പ്പറഞ്ഞ സെറ്റപ്പിലാണ്. നമ്മള്‍ തെണ്ടി തിരിഞ്ഞ് അലയുമ്പോള്‍ കടത്തിണ്ണയില്‍ വലിയ ലൈന്‍ കാണും. അപ്പോള്‍ ഉറപ്പിച്ചോണം അവിടെ സ്‌പോട്ട് ഇന്റര്‍വ്യു നടക്കുന്നുണ്ടെന്ന്. നമ്മള്‍ ഓടി ചെന്ന് ലൈനില്‍ സ്ഥാനം പിടിക്കും. ഇടയ്ക്കിടെ ടൈ കെട്ടിയ ഒരു ആശാന്‍ ഇറങ്ങി വരും. 'സപ്ലി ഉള്ളവരും, പാസ്‌പോര്‍ട്ട് ഇല്ലാത്തവരും' നില്‍ക്കണ്ട എന്നാക്രോശിക്കും.

ഈ സപ്ലിയും പാസ്‌പോര്‍ട്ടും തമ്മിലുള്ള ബന്ധം ആദ്യ കാലങ്ങളില്‍ മനസ്സിലായില്ല. പിന്നെയാണ് സംഗതിയുടെ കിടപ്പു വശം തെളിഞ്ഞത്. സപ്ലിയുണ്ടെങ്കില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണില്ല. അതിനാല്‍ അമേരിക്കന്‍ വിസ കിട്ടില്ല. സപ്ലി ഇല്ലാത്തവര്‍ക്കും പാസ്‌പോര്‍ട്ട് ഉള്ളവരും വ്യാഴാഴ്ച ഇന്റര്‍വ്യു കഴിഞ്ഞ് വെള്ളിയാഴ്ച ജോലിക്ക് കയറാം. അന്നേ ദിവസം മുഴുവുന്‍ വേറെ പണിയില്ല. അമേരിക്കന്‍ വിസാ ആപ്ലിക്കേഷന്‍ ശരിയാക്കുകയാണ് മെയിന്‍ പരിപാടി. 

ഇരിട്ടി വെളുത്തപ്പോള്‍ അമേരിക്കയില്‍

തിങ്കളാഴ്ച രാവിലെ വിസ അപ്ലൈ ചെയ്യും. അതും കമ്പനി വക്താവ് ചെന്നൈയില്‍ ചെന്ന് നിന്ന് ചെയ്‌തോളും. നമ്മള്‍ ഒന്നുമറിയണ്ട. പിറ്റേന്ന് ചൊവ്വാഴ്ച വിസ കിട്ടും. ബുധനാഴ്ച വെളുപ്പിനെ അമേരിക്കയിലേയ്ക്ക് പോകാം. തലേ ആഴ്ച ചായക്ക് കടം പറഞ്ഞവനാണ്. ഇരിട്ടി വെളുത്തപ്പോള്‍ അമേരിക്കയില്‍ !!

അമേരിക്കയില്‍ എത്തിയിട്ട് ഭാരിച്ച പരിപാടികളാണ് ചെയ്യുന്നതെന്ന് ധരിച്ചാല്‍ തെറ്റി. ദിവസവും കുറേ കോബോള്‍ ഫയലുകള്‍ സിസ്റ്റത്തില്‍ ഡൌണ്‌ലോഡ് ചെയ്ത് തരും. അത് തുറക്കുക. എന്നിട്ട് ഡേറ്റുകള്‍ കുറിച്ചിരിക്കുന്ന വരികള്‍ കണ്ടെത്തുക. അതില്‍ വര്‍ഷം കുറിക്കാനുപയോഗിക്കുന്ന രണ്ടക്കം മാറ്റി നാലക്കം ആക്കുക. അതായത് DD/MM/YY എന്ന ഡേറ്റുകള്‍ DD/MM/YYYY എന്നാക്കുക എന്നര്‍ത്ഥം. ഇന്നത്തെ ടെക്‌നോളജി വെച്ച് ഒരു നാലു വരി കോഡ് എഴുതിയാല്‍ തീരുന്ന പ്രശ്‌നമേ അന്നുണ്ടായിരുന്നുള്ളു. ഓര്‍ക്കണം, ജാവ, പൈത്തണ്, റൂബി, പി.എച്.പി യുടെ ഒക്കെ ശൈശവ കാലഘട്ടത്തിലെ കാര്യമാണിത്.

ഇന്‍ഡ്യയില്‍ നിന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ നൂറു കണക്കിന് പേരെ ഇറക്കി പണിയെടുപ്പിക്കാം എന്നുള്ളത് അമേരിക്കന്‍ കമ്പനികള്‍ക്ക്, പ്രത്യേകിച്ച് ടെക്‌നോളജി ഇതര കമ്പനികള്‍ക്ക് പുതുമ ആയിരുന്നു. ബാങ്കിങ്, ഇന്‍ഷുറന്‍സ് പോലുള്ള ബിസ്സിനസ്സില്‍ ഐ.ടി എന്നത് ചിലവിന്റെ കോളത്തിലെ ഒരു അക്കമാണ്. അവരുടെ ബിസ്സിനസ്സുകളില്‍ നേരിട്ട് വരുമാനം ഇല്ലാത്ത യൂണിറ്റുകളാണ് ഐ.ടി. 2000 ത്തില്‍ ഇന്ത്യ കടലിനടിയിലൂടെയുള്ള ഇന്റര്‍നെറ്റ് കേബിള്‍ (SEA-ME-WE3) വലിച്ചതോടെ ഈ ജോലികളൊക്കെ ഇന്ത്യയിലേയ്ക്ക് കടത്താമെന്ന് അവര്‍ക്ക് മനസ്സിലായി. ബാങ്കിങ്, ഇന്‍ഷുറന്‍സ്, ടെലികോം മേഖലയിലെ ഐ.ടി ഓപ്പറേഷന്‍സ് മൊത്തം കടല്‍ കടന്ന് ഇന്ത്യയിലേയ്ക്ക് എത്തി തുടങ്ങി.

ഈ ജോലികള്‍ മിക്കതും റിപ്പിറ്റേറ്റീവായ ജോലികളാണ്. പ്രോഡക്ഷന്‍ ഡിപ്ലോയ്‌മെന്റ്/സപ്പോര്‍ട്ട്/മെയിന്റനനസ്, ക്വാളിറ്റി ആഷ്വറന്‍സ്, ടെസ്റ്റിങ്, കസ്റ്റമര്‍ സപ്പോര്‍ട്ട് മേഖലയിലെ ജോലികളാണ് ഇവയില്‍ ഭൂരിപക്ഷവും. ഒരു ചെറിയ ശതമാനം. 10% ത്തോളം ഇന്നവേഷന്‍ മേഖലയിലും ഉണ്ട്. അതായത് മനുഷ്യര്‍ അവശ്യമായ ജോലികള്‍. ഇതിന്റെ വ്യാപ്തി മനസ്സിലാകണമെങ്കില്‍ ഒരു ഇന്ത്യന്‍ ടെക് കമ്പനിയും, അമേരിക്കന്‍ ടെക് കമ്പനിയുടെയും അംഗബലം ശ്രദ്ധിക്കണം. ഫെയ്‌സ്ബുക്ക് ഉദാഹരണം. 27 ബില്യണ് വിറ്റു വരവുള്ള ഫെയ്‌സ്ബുക്കില്‍ 18,000 തൊഴിലാളികള്‍ മാത്രം ജോലി ചെയ്യുന്നു. 10 ബില്യണ്‍ ഡോളറിന്റെ വിറ്റു വരവുള്ള ഇന്‍ഫോസിസ്സില്‍ രണ്ട് ലക്ഷം തൊഴിലാളികളും.

മാറുന്ന ബിസിനസ് മോഡല്‍

ആളൊന്നുക്ക് കാശു വാങ്ങുന്ന ഒരു മോഡലാണ് ഇന്‍ഡ്യന്‍ ഐ.ടി കമ്പനികള്‍ ഇത് വരെ അവലംബിച്ചിരുന്നത്. ഇതേ സമയം ടെക്‌നോളജിയും മാറി കൊണ്ടിരിക്കുകായിരുന്നു. കഴിഞ്ഞ 10 കൊല്ലം കൊണ്ട് ഏറ്റവും അധികം പുരോഗമിച്ച ഒരു ഐ.ടി ഫീല്‍ഡ് എന്നത് പ്രൊഡക്ഷന്‍ ഡിപ്ലോയ്‌മെന്റ/സപ്പോര്‍ട്ട്/മെയിന്റനന്‍സ് ആണ്. DevOps എന്നൊരു ശാഖ തന്നെ ഉരുത്തിരിഞ്ഞു. 2000 ത്തിന്റെ ആദ്യ പാദത്തില്‍ പ്രൊഡക്ഷന്‍ സപ്പോര്‍ട്ടില്‍ ജോലി ചെയ്തിരുന്നവര്‍ ഓര്‍ക്കുന്നുണ്ടാവും. 

മിക്ക ശനിയാഴ്ചയും ഞായറാഴ്ചയും റിലീസിനോട് അനുബന്ധിച്ച് ഓഫീസിലാണ് കിടപ്പ്. അന്ന് 30 പേര് വെച്ച് ചെയ്തിരുന്ന ജോലി ഇന്ന് രണ്ട് പേര്‍ക്ക് ചില്ലറ മൗസ് ക്ലിക്കുകള്‍ കൊണ്ട് സാധിക്കും. കണ്ടിന്യുസ് ഇന്റഗ്രേഷന്‍ പോലെ ചെറിയ ചെറിയ മാറ്റങ്ങള്‍ അപ്പപ്പോള്‍ തന്നെ ടെസ്റ്റ് ചെയ്ത് പ്രൊഡക്ഷനിലേയ്ക്ക് തള്ളി വിടുന്ന പ്രാക്ടീസൊക്കെ തുടങ്ങിയതോടെ പ്രൊഡക്ഷന്‍ എന്നത് വെറും ചീള് കേസായി മാറി.

കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ പോലെ സ്വയം പഠിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ വരുന്നതോടെ, കസ്റ്റമര്‍ സപ്പോര്‍ട്ട്, QA, ടെസ്റ്റിങ് എന്നീ മനുഷ്യ ബന്ധിത ജോലികളൊക്കെ അപ്രസക്തമാകും. പ്രൊഡക്ഷന്‍ സപ്പോര്‍ട്ട് മാത്രം കുറച്ചു കൂടെ സമയം എടുക്കും. പക്ഷെ ഇപ്പോള്‍ തന്നെ 30 പേരു ചെയ്തിരുന്ന ജോലി 2 പേര് വെച്ച ചെയ്യാവുന്ന പരുവമായി.എത്ര കാലം കൊണ്ടായിരിക്കും ഈ മാറ്റം ഉണ്ടാകുക ?

പ്രവചിക്കാന്‍ വളരെ പ്രയാസമാണ്. തതുല്യമായ മറ്റ് മേഖലയിലെ കണക്കുകളാണ് ഒരു ഊഹത്തിന് അവലംബമായി ഉള്ളു. 2006 ല്‍ ഫോര്‍ഡ് മോട്ടോര്‍ കമ്പനിയില്‍ ദിവസ വേതനത്തിന് ജോലി ചെയ്തിരുന്നവരുടെ എണ്ണം 88,000 പേര്‍. 2017 ആയപ്പോള്‍ വെറും 45,000 പേര്‍. അതായത് പത്തു കൊല്ലം കൊണ്ട് പകുതി ആയി കുറഞ്ഞു. ഈ ഒരു അനുപാതം തന്നെ ഐ.ടി മേഖലയിലും പ്രതീക്ഷിക്കാം.
ഐ.ടി കമ്പനികളുടെ മാറുന്ന ബിസ്സിനസ്സ് മോഡല്‍.

തലയ്ക്ക് വെളിവുള്ള ഇന്‍ഡ്യന്‍ ഐ.ടി കമ്പനികളുടെ സി.ഇ.ഒ മാര്‍ ഈ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നെണ്ടെന്നതാണ് ആശ്വാസം. പല ഐ.ടി കമ്പനികളും ആളൊന്നുക്കുള്ള കാശ് എന്ന മോഡല്‍ മാറ്റി. ഡെലിവര്‍ ചെയ്യുന്നവയുടെ ക്വാളിറ്റിയുമായി ബന്ധിപ്പിച്ചാണ് ഇപ്പോള്‍ കാശ്. ചിലര്‍ ഒരു പടി കൂടെ കടന്നു. ടെക്‌നോളജി ഇതര കമ്പനികളെ വിട്ട് കോര്‍ ടെക്‌നോളജി കമ്പനികളെയായി നോട്ടം. അവരുടെ പൈപ്ലൈനില്‍ ഇരിക്കുന്ന പ്രോഡക്ട് ഐഡിയാസ് ഇന്‍ഡ്യന്‍ ഐ.ടി കമ്പനികള്‍ സ്വന്തം റിസ്‌കില്‍ ചെയ്യുന്നു. അതിനു ശേഷം പ്രോഡക്ട് മാര്‍ക്കെറ്റ് ചെയ്ത് ഇറങ്ങുമ്പോള്‍ പ്രോഫിറ്റ് ഷെയറിങ് എന്ന മോഡലിലേയ്ക്ക് വരെ കമ്പനികള്‍ മാറിക്കൊണ്ടിരിക്കുന്നു.

ഭാവിയിലെ ഐ.ടി ജോലികള്‍

ബി.ടെക്കും ഗുസ്തിയും എന്ന ഇന്നത്തെ നടപ്പു പരിപാടി വെച്ച് പത്തു കൊല്ലത്തിനു ശേഷമുള്ള ജോലി ചെയ്യാന്‍ ഒക്കില്ല. അക്കാദമിക് മികവും, ചുരുങ്ങിയത് ഒരു പി.എച്ച്.ഡിയും ഉണ്ടെങ്കിലെ ജോലി ചെയ്യാനുള്ള ഒരു മിനിമം സ്‌കില്‍ ആര്‍ജ്ജിക്കു. അതായത് കോര്‍ എഞ്ചിനീറിങ് ഫീല്‍ഡിലുള്ള ടെക്‌നോളജി ബന്ധിത ജോലികളായിരിക്കും മിക്കതും. മാനുഷികാദ്ധ്വാനം വേണ്ട ഐ.ടി ജോലികള്‍ മാറി, ബൗദ്ധീകാദ്ധ്വാനമുള്ള ഐ.ടി ജോലികള്‍ ആകുമെന്ന് ചുരുക്കം. 

ഉണ്ടാകാന്‍ പോകുന്ന വേറൊരു മാറ്റം ശമ്പളമാണ്. ഇന്നത്തെ നിരക്കിലുള്ള ശമ്പളം പ്രതീക്ഷിക്കരുത്. കാലികമായതും, ഇന്‍ഫ്‌ലേഷനോട് അനുപാതവുമായ നേരിയ വര്‍ദ്ധന ഉണ്ടാകുമെങ്കിലും വലിയൊരു വര്‍ദ്ധനവ് പ്രതീക്ഷിക്കരുത്. ഈ പ്രവചനത്തിനും അവലംബമായ ഡാറ്റ മറ്റ് മേഖലയില്‍ നിന്നുള്ളതാണ്. 

1975 ല്‍ ഒരു അമേരിക്കന്‍ തൊഴിലാളിയുടെ ആഴ്ചയിലെ വരുമാനം $713 ആയിരുന്നു (ഇന്നത്തെ കണക്കില്‍). ഇന്ന് അത് $650 ആണ്. വാസ്തവത്തില്‍ വേതനം കുറയുന്നതാണ് കാണുന്നത്. ഐ.ടി മേഖലയിലും തതുല്യമായ ഒരു വേതന ഇടിച്ച പ്രതീക്ഷിക്കണം. ഓട്ടമേഷന്‍ തൊഴില്‍ സംസ്‌കാരത്തില്‍ വരുത്തുന്ന വ്യത്യാസങ്ങളാണ് ഇതൊക്കെ.

കിരണ് തോമസ്സ് ഓട്ടമേഷനെ കുറിച്ച് ഒരു പോസ്റ്റിട്ടപ്പോള്‍ ഓട്ടമേഷന്‍ പുതിയ മേഖലകള്‍ തുറക്കും എന്നൊക്കെ ഞാന്‍ വാദിച്ചിരുന്നു. അതൊരു വിഷ് ഫുള്‍ തിങ്കിങ് ആണെന്ന് സമ്മതിക്കണ്ടി വന്നിരിക്കുന്നു. ജോലികളും, തൊഴിലവസരങ്ങളും കുറയും. ഐ.ടി മേഖല മാത്രമല്ല, ഏത് മേഖലയിലും ക്രീം ഓഫ് ക്രീമിന് ഉതകുന്ന Blue sky ജോലികള്‍ മാത്രമേ അവശേഷിക്കുന്നു എന്നതാണ് സത്യം.

Read More | ഓട്ടമേഷനും ഐ.ടി ജോലികളുടെ ഭാവിയും

Read More | നാളെ മുതല്‍ നിങ്ങള്‍ക്ക് ജോലിയില്ല

(ലേഖകന്റെ ഫെയ്‌സ്ബുക്ക് ലിങ്ക്: https://www.facebook.com/rpmam/posts/2012580298988629)