'ഈ ലോകത്തിന് സമാധാനമാണ് വേണ്ടതെങ്കില്‍ നാം ആദ്യം ചെയ്യേണ്ടത് ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയെന്നതാണ്'

വര്‍ഷങ്ങള്‍ക്കിപ്പുറത്തും പ്രസക്തിനഷ്ടമാവാത്ത മഹാത്മാഗാന്ധിയുടെ വാക്കുകള്‍. തൊഴിലിന്റെ മാഹാത്മ്യം വിളിച്ചോതുന്ന ഈ വാക്കുകളെ ഓര്‍ത്തെടുത്തുകൊണ്ടുവേണം 'വേള്‍ഡ് സ്‌കില്‍സ് അബുദാബി 2017' എന്ന പ്രവൃത്തിപരിചയമേളയിലെ വിശേഷങ്ങള്‍ നോക്കിക്കാണേണ്ടത്.

ലോകം പലതരം വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലത്ത് ജനതയെ വിദ്യാസമ്പന്നമാക്കാന്‍, സ്വയംപര്യാപ്തമാക്കാന്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്ന് ശ്രമങ്ങളുണ്ടായിട്ടുണ്ട്. അതില്‍ പലതും അര്‍ഥവത്തായി നടപ്പാക്കപ്പെടുന്നുമുണ്ട്. നമ്മളില്‍ പലരും  മറ്റാരുടെയെങ്കിലും ജോലിയാണെന്ന് പറഞ്ഞ് മാറ്റിവെക്കുന്ന തൊഴില്‍രംഗങ്ങളും അതിന് ഈ ലോകത്ത് എത്രമാത്രം സാധ്യതകളാണുള്ളതെന്നും  അബുദാബിയില്‍ സമാപിച്ച ഈ പ്രദര്‍ശനം വ്യക്തമാക്കുന്നു. 

എല്ലാം പരസ്പരപൂരകങ്ങളായി നിലകൊള്ളുന്നവയാണെന്നും ഓരോ തൊഴിലും ശാസ്ത്രീയതയിലൂന്നി നിര്‍വഹിക്കപ്പെടുമ്പോഴാണ് അതിന് പൂര്‍ണത ലഭിക്കുന്നതെന്നുമുള്ള സന്ദേശമാണ് മേള പകര്‍ന്നുനല്‍കുന്നത്. മരപ്പണിയും വെബ്‌സൈറ്റ് നിര്‍മാണവും പാചകവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഒരേവേദിയില്‍ മത്സരവിഷയമാവുന്നത് വലിപ്പച്ചെറുപ്പമില്ലാതെ തൊഴിലിന്റെ മാഹാത്മ്യം മാത്രമാണ് വലുതെന്ന വിശാലമായ ആശയം ലോകത്തിന് സമ്മാനിക്കുന്നു.

നൈപുണ്യം മത്സര വിഷയമാകുമ്പോള്‍

തൊഴില്‍ നൈപുണ്യ മത്സരങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും ഒളിമ്പിക്‌സ് എന്നറിയപ്പെടുന്ന 'വേള്‍ഡ് സ്‌കില്‍സ്' മേളയ്ക്ക് 71 വര്‍ഷത്തെ പാരമ്പര്യമുണ്ട്. സമര്‍ഥരായ തൊഴിലാളികളുടെ ആവശ്യമേറിയപ്പോള്‍ 1946 ല്‍ സ്‌പെയിനിലാണ് ആദ്യമായി തൊഴില്‍ നൈപുണ്യം പരിശോധിക്കുകയെന്ന ലക്ഷ്യത്തോടെ വേള്‍ഡ് സ്‌കില്‍സ് മേളയ്ക്ക് തുടക്കമാവുന്നത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ മാത്രമേ തങ്ങളുടെ രാജ്യം അഭിമുഖീകരിക്കുന്ന പരിമിതികള്‍ മറികടക്കാനാവൂ എന്ന് മനസ്സിലാക്കിയ സ്പാനിഷ് യൂത്ത് ഓര്‍ഗനൈസേഷന്റെ ജനറല്‍ ഡയറക്ടര്‍ ജോസ് അന്റോണിയോ ഇലോല ഒലാസയുടെ മനസ്സിലാണ് ഈ ആശയം മൊട്ടിടുന്നത്.

worldskillsabudhabi2017

ലോകത്തിന്റെ മുഴുവന്‍ ആവശ്യവും ഇത് തന്നെയാണെന്ന തിരിച്ചറിവിലാണ് വേള്‍ഡ് സ്‌കില്‍സ് മേള ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും സംഘടിപ്പിച്ചുതുടങ്ങിയത്. തുടക്കകാലത്ത് പ്രതിവര്‍ഷം നടന്നിരുന്ന മേള ഇപ്പോള്‍ രണ്ടുവര്‍ഷത്തിലൊരിക്കല്‍ പല ലോകരാജ്യങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നു. പല തൊഴില്‍രംഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് തങ്ങളുടെ മികവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ വേദിയൊരുങ്ങിയത് രാജ്യാതിര്‍ത്തികളുടെ പരിമിതിയില്ലാതെ കണ്ടെത്തലുകള്‍ കൈമാറ്റംചെയ്യാനുള്ള വേദിയാക്കി വേള്‍ഡ് സ്‌കില്‍സിനെ മാറ്റുകയായിരുന്നു.

44ാമത് വേള്‍ഡ് സ്‌കില്‍സ് മേളയ്ക്കാണ് അബുദാബി വേദിയായത്. നാലുദിവസം നീണ്ടുനിന്ന മേളയില്‍ 77 രാജ്യങ്ങളില്‍നിന്നുള്ള മത്സരാര്‍ഥികളും പ്രദര്‍ശകരുമാണ് പങ്കെടുത്തത്. 51 തൊഴില്‍മേഖലകളിലാണ് മത്സരങ്ങള്‍ നടന്നത്. എന്‍ജിനീയറിങ് സാങ്കേതികവിദ്യ, നിര്‍മാണം, ഫാഷന്‍, ഐ.ടി, പാചകം, എയര്‍ക്രാഫ്റ്റ് മാനേജ്‌മെന്റ്, ഓട്ടോമൊബൈല്‍ സാങ്കേതികവിദ്യ, മൊബൈല്‍ റോബോട്ടിക്‌സ്, പ്രിന്റിങ്, ആരോഗ്യം, പൂന്തോട്ടനിര്‍മാണം, ഡ്രോണ്‍ നിര്‍മാണം, റോബോട്ടിക്‌സ് എന്നീ മത്സരരംഗങ്ങള്‍ ഇതില്‍ ചിലതുമാത്രമാണ്. 1300ഓളം മത്സരാര്‍ഥികള്‍ ഇതിന്റെഭാഗമായി.

റോബോട്ടുകളുടെയും കാലം

ഒരു മനുഷ്യന് ഏറ്റവും കുറഞ്ഞത് അവന്റെയാവശ്യങ്ങള്‍ക്കെങ്കിലും ഭക്ഷണമുണ്ടാക്കാനുള്ള അറിവുണ്ടായിരിക്കണം എന്ന ആശയത്തില്‍ പ്രമുഖ പാചകവിദഗ്ധരുടെ മേല്‍നോട്ടത്തില്‍ നടന്ന പരിശീലനത്തിലും മത്സരത്തിലും അഞ്ചും ആറും വയസ്സുള്ള കുട്ടികള്‍ പങ്കെടുത്തത് മേളയിലെ ഏറ്റവും ശ്രദ്ധേയമായ കാഴ്ചകളിലൊന്നായി. ഒരുകുട്ടിയുടെ വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ പകര്‍ന്നുനല്‍കേണ്ടുന്ന ഏറ്റവും വലിയപാഠം സ്വയംപര്യാപ്തമാവുന്നതിന്റെ പ്രാധാന്യമാണെന്ന് മേള വ്യക്തമാക്കുന്നു. അബുദാബിയിലെ വിവിധ വിദ്യാലയങ്ങളില്‍നിന്നുള്ള നൂറുകണക്കിന് കുരുന്നുകളാണ് ഇത്തരത്തില്‍  തൊഴില്‍മേഖലകള്‍ പരിചയപ്പെടാന്‍ എത്തിയത്.

വീടുകളിലെ ജോലിചെയ്യാന്‍പോലും ഇനിമുതല്‍ റോബോട്ടുകളായിരിക്കുമെന്ന സന്ദേശം നല്‍കിക്കൊണ്ടാണ് റോബോട്ട് നിര്‍മാണ വിദഗ്ധരുടെ സംഘത്തിന്റെ പ്രവര്‍ത്തനം നടന്നത്. റോബോട്ടുകളുടെ നിയന്ത്രണസംവിധാനവും ബാഹ്യഭാഗങ്ങളുമെല്ലാം നിര്‍മിക്കുന്ന രീതി സന്ദര്‍ശകര്‍ക്ക് ഏറെ കൗതുകമുള്ള കാഴ്ചയായി. പലമേഖലകളിലേക്ക് ആവശ്യമായ റോബോട്ടുകള്‍ക്ക് പുറമെ നിശ്ചിതസമയത്തിനുള്ളില്‍ മൊബൈല്‍ ആപ്പുകളും വീഡിയോഗെയിമുകളും സോഫ്റ്റ്‌വേറുകളും നിര്‍മിക്കുന്ന മിടുക്കരായ കുട്ടികളും പ്രദര്‍ശനനഗരിയിലൂടെ നടക്കുന്ന സന്ദര്‍ശകര്‍ക്ക് കൗതുകക്കാഴ്ചകളായി.

ത്രീ ഡി പ്രിന്റിങായിരുന്നു മേളയില്‍ ഏറെ പുതുമസമ്മാനിച്ച കാഴ്ചകളിലൊന്ന്. വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ സ്റ്റാളില്‍ ത്രീ ഡി പ്രിന്റിങ് സാങ്കേതികവിദ്യയിലൂടെ വാഹനത്തിന്റെ എന്‍ജിന്‍, കൊട്ടാരം എന്നിവയുടെ നിര്‍മിതിയാണ് തത്സമയം കാണിച്ചത്. കെട്ടിടങ്ങളുടെ മാതൃകകളും വലിയ പദ്ധതികളുടെ രൂപരേഖകളും ഇത്തരത്തില്‍ നിര്‍മിക്കാന്‍ കഴിയുമെന്ന് സാങ്കേതികവിദഗ്ധര്‍ വ്യക്തമാക്കി. 

ഇപ്പോള്‍ കൈ അല്‍പ്പം പൊള്ളുമെങ്കിലും വരുംകാലങ്ങളില്‍ ത്രീ ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഏറെ ജനകീയമാവുമെന്ന് പ്രതീക്ഷിക്കാം. ഇതോടൊപ്പം പ്രദര്‍ശിപ്പിച്ച ത്രീ ഡി പേനകൊണ്ടുള്ള ത്രിമാന ചിത്രരചനയും ഏറെ കൗതുകംനിറയ്ക്കുന്ന കാഴ്ചയായി. പേനയില്‍ ഇക്കോ പ്ലാസ്റ്റിക് നിറച്ച് ഉരുക്കിയാണ് മഷിരൂപത്തില്‍ പുറത്തുവരിക. ഇത് ഇഷ്ടമുള്ള ആകൃതിയില്‍ വരയ്ക്കാന്‍ സഹായിക്കും. ചെറുകളിപ്പാട്ടങ്ങളും രൂപങ്ങളും ഈ സാങ്കേതികവിദ്യയില്‍ നിര്‍മിക്കാനാവും. ത്രീ ഡി പേനയായ ത്രീ ഡൂഡ്‌ലര്‍ വിപണിയില്‍ ലഭ്യമാണ്.

worldskillsabudhabi2017

രണ്ടര മീറ്റര്‍ നീളവും വീതിയുമുള്ള ചെറു കാബിനുകളില്‍ ഇലക്ട്രിക്, പ്ലംബിങ് ജോലികള്‍ നിശ്ചിതസമയത്തിനുള്ളില്‍ ചെയ്തുതീര്‍ക്കുന്ന മത്സരവും സന്ദര്‍ശകര്‍ക്ക് ചിന്തിക്കാന്‍ ഒരുപാട് അവസരം നല്‍കുന്ന ഒന്നായി. ശാസ്ത്രീയമായും എളുപ്പത്തിലും നൂതനസാങ്കേതികവിദ്യയുടെ സഹായത്തോടെ ജോലികള്‍ ചെയ്തുതീര്‍ക്കാന്‍ ലോകത്തിലെ ഏറ്റവും മികച്ചവര്‍ തമ്മില്‍ മാറ്റുരച്ചു. സ്റ്റോപ്പ്‌വാച്ചില്‍ നിമിഷങ്ങള്‍ മാറിമറിയുന്നത് നോക്കിയാണ് സ്റ്റീല്‍ പൈപ്പുകള്‍ മുറിച്ചും സ്വിച്ചുകള്‍ പിടിപ്പിച്ചും യുവാക്കള്‍ ജോലി ചെയ്തുതീര്‍ത്തത്. ജോലിയിലുടനീളം വിധികര്‍ത്താക്കളുടെ മേല്‍നോട്ടവുമുണ്ടായിരുന്നു. ഇത്തരം ജോലികള്‍ ചെയ്യുമ്പോള്‍ ആവശ്യമായ പല സുരക്ഷാസംവിധാനങ്ങളും ഉപയോഗിക്കാതെയാണ് നമ്മുടെ നാട്ടില്‍ ആളുകള്‍ തൊഴിലുകളിലേര്‍പ്പെടുന്നതെന്ന് ഇവിടെനിന്നും മനസ്സിലാക്കാന്‍ സാധിക്കും.

തൊഴില്‍ മത്സരങ്ങള്‍ക്ക് പുറമേ ആളുകള്‍ക്ക് കൗതുകവും സാഹസികതയും സമ്മാനിക്കുന്ന കളികളും വിനോദപരിപാടികളും ലോകപ്രശസ്ത ബ്രാന്‍ഡുകള്‍ സംഘടിപ്പിച്ചിരുന്നു. ഹോളിവുഡിലെ സെവന്‍ ഡി സിനിമാ തിയേറ്ററുകളിലേതിന് സമാനമായ അനുഭവങ്ങള്‍ സമ്മാനിക്കുന്ന സാങ്കേതികവിദ്യകള്‍ ചെറിയസമയത്തേക്ക് സന്ദര്‍ശകര്‍ക്ക് ലഭ്യമാക്കിയപ്പോള്‍ മിക്കവര്‍ക്കും അത് ആദ്യാനുഭവമായി. ഇതോടൊപ്പം അറബ് കരകൗശലവസ്തുക്കളുടെ നിര്‍മാണവും പോലീസിന്റെ സൂപ്പര്‍ കാര്‍ പ്രദര്‍ശനവുമെല്ലാം മേളയെ ആകര്‍ഷകമാക്കി.

ഇന്ത്യയുടെ സാന്നിധ്യവും

മേളയിലെ ഇന്ത്യാ പവലിയനില്‍ വിവിധസംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചെത്തിയ മത്സരാര്‍ഥികളും നിരവധിസാധ്യതകള്‍ പങ്കുവെച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പത്ത് ജനസംഖ്യയാണ്. വേള്‍ഡ് സ്‌കില്‍സ് അബുദാബി പോലെയുള്ള മേളകളില്‍നിന്ന് ലഭിക്കുന്ന അറിവുകളും മത്സരാര്‍ഥികളുടെ കഴിവുകളും ശാസ്ത്രീയമായി ജനതയിലേക്ക് പകര്‍ന്നുനല്‍കാനുള്ള സംവിധാനമുണ്ടാക്കാനായാല്‍ വലിയ മുന്നേറ്റമാണ് നമുക്ക് നടത്താനാവുക.

worldskillsabudhabi2017

ഇന്ത്യന്‍ ജനതയുടെ കഴിവുകള്‍ പൂര്‍ണ അര്‍ഥത്തില്‍ പുറത്തുകൊണ്ടുവരാനായാല്‍ നമുക്ക് ലോകശക്തിയായി മാറാന്‍ കഴിയുമെന്ന് നിസ്സംശയം പറയാന്‍ സാധിക്കുമെന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച് മേളയിലെത്തിയ വിദഗ്ധരും അഭിപ്രായപ്പെടുന്നു. കാര്‍ പെയിന്റിങിലെ മികവുമായി മത്സരത്തിനെത്തിയ കോഴിക്കോട് സ്വദേശി ഷഹദ് ഷാഹിദ മന്‍സിലും സി.എന്‍.സി. ട്യൂണിങ്ങില്‍ മത്സരിക്കാനെത്തിയ കണ്ണൂര്‍ സ്വദേശി അനിരുദ്ധ് മോഹനും മേളയിലെ മലയാളിസാന്നിധ്യങ്ങളായി. 

മേളയിലെത്തിയ സന്ദര്‍ശകര്‍ക്കായി യോഗപരിശീലനവും ഇന്ത്യന്‍ പവലിയനില്‍ ഒരുക്കിയിരുന്നു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പ്രത്യേക പവലിയനില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഓഹരിവിപണിയെക്കുറിച്ചുള്ള പരിശീലനക്‌ളാസുകളും നല്‍കി. കേരളസര്‍ക്കാരിന്റെ നൈപുണ്യവികസനസംരംഭമായ കെയ്‌സിന്റെ കീഴില്‍ നടക്കുന്ന വിവിധരംഗങ്ങളിലെ പരിശീലനവും സാധ്യതകളും കേരളാ പ്രതിനിധിസംഘം പങ്കുവെച്ചു.

അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് വേള്‍ഡ് സ്‌കില്‍സ് അബുദാബി 2017 നടന്നത്. ഏകദേശം ഒരുലക്ഷത്തോളം സന്ദര്‍ശകരാണ് നാലുദിവസം നീണ്ടുനിന്ന മേളയുടെ ഭാഗമായത്. എല്ലാ തൊഴിലിനും മഹത്വമുണ്ടെന്ന സന്ദേശത്തിലുപരി എല്ലാ തൊഴിലിനും സാധ്യതകളും തൊഴില്‍നിപുണരായ യുവതലമുറയാണ് ലോകത്തിനാവശ്യം എന്ന യാഥാര്‍ഥ്യവുമാണ് വേള്‍ഡ് സ്‌കില്‍സ് അബുദാബി പങ്കുവെക്കുന്നത്.

ഇന്ത്യയില്‍നിന്ന് ഇവര്‍

1) മന്‍മോഹന്‍  വാഹനങ്ങളുടെ - ബോഡി അറ്റകുറ്റപ്പണി
2) ആദിത്യ പ്രതാപ് സിങ് റാത്തോര്‍ - ഓട്ടോമൊബൈല്‍ സാങ്കേതികവിദ്യ
3) കരിഷ്മ ഗുപ്ത - ബ്യൂട്ടി തെറാപ്പി
4) റോഹിം മോമിന്‍ - ഇഷ്ടിക പതിക്കല്‍
5) ആനന്ദ് കുമാര്‍ - ക്യാബിന്‍ നിര്‍മാണം
6) ഷഹദ് ഷാഹിദ മന്‍സില്‍ - കാര്‍ പെയിന്റിങ്
7) പി. ശരത് വിശ്വേശ് -  സി.എന്‍.സി. മില്ലിങ്
8) അനുരാധ് മോഹന്‍ - സി.എന്‍.സി. ട്യൂണിങ്
9) സാഹിത് ബുദ്ധിരാജ - പാചകം
10) ഹര്‍ഷ പ്രഭാകരന്‍ -  ഇലക്ട്രോണിക്‌സ്
11) തലാത് റസിയ  - ഫാഷന്‍ ഡിസൈനിങ്
12) സിമോഉല്‍ അല്‍വ - ഗ്രാഫിക് ഡിസൈന്‍
13) കരണ്‍  - ഹെയര്‍ ഡ്രസിങ്
14) മെഹര്‍ ഋഷിക നോരി  - സോഫ്‌റ്വേര്‍ നിര്‍മാണം
15) അഷ്‌റോഫ് ജമാല്‍ - ആഭരണ നിര്‍മാണം
16) മാര്‍ഷല്‍ ലാസര്‍ വില്‍സണ്‍ - മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിസൈന്‍
17) വരുണ്‍ ഹനുമന്ത് ഗൗഡ - മെക്കാട്രോണിക്‌സ്
18) താത്തിമകുല അറുമുഗം ആനന്ദ് കുമാര്‍ - മെക്കാട്രോണിക്‌സ്
19) വിബോര്‍ എം. മെഷ്‌റാം  - മൊബൈല്‍ റോബോട്ടിക്‌സ്
20) സാമന്ത് എം. ഗൗഡര്‍  - മൊബൈല്‍ റോബോട്ടിക്‌സ്
21) മോഹിത് ദുദേജ  - കണ്‍ഫെക്ഷണറി
22) തമിള്‍ സെല്‍വന്‍ - പ്ലാസ്റ്റിക് ഡൈ എന്‍ജിനീയറിങ്
23) കിരണ്‍ സുധാകര്‍ - ഫോട്ടോടൈപ്പ് മോഡലിങ്
24) കരണ്‍ ദില്‍ഷര്‍ ധാലിവല്‍ - റെസ്റ്റോറന്റ് സര്‍വീസ്
25) നിധീഷ് കുമാര്‍  - വിഷ്വല്‍ മര്‍ച്ചന്‍ഡൈസിങ്
26) ശൈലേന്ദ്ര ചൗഹാന്‍  - വാള്‍ ഫ്‌ലോര്‍ ടൈലിങ്
27) സൗരബ് ഗുപ്ത - വെബ് ഡിസൈനിങ്
28) ഓംകാര്‍ വിരേന്ദ്ര സാവന്ത് - വെല്‍ഡിങ്