-
നൂറില്‍ നൂറിന്റെ തിളക്കത്തിലാണ് വയനാട്ടിലെ കളനാടിക്കൊല്ലി ഇളവതിയില്‍ വീട്ടിലെ പുഷ്പയുള്ളത്. പി.എസ്.സി. എല്‍.ജി.എസ്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ നൂറില്‍ നൂറാണ് പുഷ്പയുടെ മാര്‍ക്ക്. ആഹ്ലാദത്തില്‍ മതിമറക്കാതെ തന്റെ ഉത്തരവാദിത്വങ്ങള്‍ ചെയ്തു തീര്‍ക്കുന്ന തിരക്കിലാണ് കല്പറ്റ കോടതിയിലെ ജീവനക്കാരിയായ പുഷ്പയുള്ളത്. പഠനത്തോട് അന്നുംഇന്നും എന്നും പുഷ്പയ്ക്ക് താത്പര്യമാണ്.
ഭര്‍ത്താവ് വിജയകുമാറും മക്കളായ പൂജയും പ്രണവും പിന്തുണയുമായി ഒപ്പമുണ്ട്. 2014 മുതലാണ് പുഷ്പ പി.എസ്.സി. പരീക്ഷകള്‍ എഴുതാന്‍ തുടങ്ങിയത്. 2015ല്‍ നടത്തിയ പി.എസ്.സി. പരീക്ഷയുടെ റാങ്ക് പട്ടികയില്‍ ഇടംനേടിയ പുഷ്പ, 2017ലാണ് ജോലിയില്‍ പ്രവേശിച്ചത്. കര്‍ഷക കുടുംബമാണ് പുഷ്പയുടേത്.
സ്വന്തമായി ഒരു ജോലി എന്ന സ്വപ്നം തന്നെയാണ് പി.എസ്.സി. പരീക്ഷയിലേക്ക് തന്നെ എത്തിച്ചതെന്ന് പുഷ്പ പറയുന്നു. 2014 മുതല്‍ നിരന്തരമായി പരീക്ഷകള്‍ എഴുതിയിരുന്നു. ഭര്‍ത്താവിന്റെയും കുട്ടികളുടെയും വീട്ടിലെയും കാര്യങ്ങള്‍ നോക്കിയ ശേഷം മാത്രമായിരുന്നു പുഷ്പ പഠനത്തിനായി സമയം കണ്ടെത്തിയിരുന്നത്. മാതൃഭൂമി തൊഴില്‍ വാര്‍ത്തയും സ്ഥിരമായി വായിച്ചിരുന്നു. ഒഴിവുസമയങ്ങളെല്ലാം വായനയില്‍ മുഴുകിയായിരുന്നു പഠനം. രാവിലെ നേരത്തേയെഴുന്നേറ്റ് ജോലികള്‍ ചെയ്യേണ്ടതിനാല്‍ നാലു മണിക്ക് എഴുന്നേറ്റ് വായന തുടങ്ങും.
കുട്ടികളെ സ്‌കൂളില്‍ അയച്ചതിന് ശേഷം വീണ്ടും വായന തുടരും. മടികൂടാതെയുള്ള കഠിനാധ്വാനമായിരുന്നു പുഷ്പയുടേത്. വീട്ടില്‍ മറ്റ് തിരക്കുകള്‍ ഉണ്ടായിരുന്നെങ്കിലും പഠനത്തില്‍നിന്ന് വ്യതിചലിക്കാന്‍ ഈ യുവതി തയ്യാറായില്ല.
മനസ്സിലുള്ള ലക്ഷ്യം അടിയുറച്ചതായിരുന്നു. നൂറില്‍ നൂറെന്ന അദ്ഭുത മാര്‍ക്കിലെത്തിയപ്പോഴും പുഷ്പ അധികം അദ്ഭുതപ്പെടുന്നില്ല. കാരണം, ആത്മാര്‍ഥമായി പ്രയത്‌നിച്ചാല്‍ അതിന്റെ ഫലം ലഭിക്കുമെന്ന വിശ്വാസം തനിക്കുണ്ടെന്ന് നിറഞ്ഞ പുഞ്ചിരിയോടെ പുഷ്പ പറയുന്നു.
Content Highlights: Women who Scored 100 out 100 in PSC LGS Exam
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..