പിടിച്ചുനിർത്തലല്ല, മാറ്റമാണ് വേണ്ടത് |അക്കരപ്പച്ചതേടി യുവകേരളം-04


അഞ്ജന ഉണ്ണിക്കൃഷ്ണൻ

പരമ്പര

Representational Image (Photo: canva)

സാധ്യതകൾ തേടിയുള്ള കുടിയേറ്റങ്ങൾ മനുഷ്യ ചരിത്രത്തിന്റെതന്നെ ഭാഗമാണ്. എന്നാൽ, നാടുമടുത്ത് നാടുവിടുന്നുവെന്ന അവസ്ഥ ആ നാടിനെ സംബന്ധിച്ച് ശുഭസൂചനയല്ല.. വികസിത രാജ്യങ്ങളിലേക്ക് യുവാക്കളെ ആർഷിക്കുന്ന ഘടകങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവില്ല. സമാനസാഹചര്യം കേരളത്തിലൊരുക്കണമെങ്കിൽ ഏറെനാൾ കാത്തിരിക്കേണ്ടി വന്നേക്കാം. ആ ശ്രമങ്ങൾക്ക് വേഗംകൂട്ടേണ്ടത് അത്യാവശ്യമാണ്

പശ്ചാത്തലസൗകര്യത്തിന്റെ അഭാവം, യോഗ്യരായ അധ്യാപകരുടെ കുറവ്, കാലഹരണപ്പെട്ട പാഠ്യപദ്ധതി, പാഠ്യപദ്ധതിക്ക്‌ വ്യാവസായിക മേഖലയുമായുള്ള ബന്ധത്തിന്റെ കുറവ് തുടങ്ങിയവയൊക്കെയാണ് നാട്ടിലെ സർവകലാശാലാ വിദ്യാഭ്യാസത്തിന്റെ മേന്മക്കുറവിന്റെ കാരണങ്ങളായി വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നത്. ആധുനിക തൊഴിലിടത്ത് ഭാഷാ വൈദഗ്‌ധ്യം, വ്യത്യസ്ത സാംസ്കാരിക അനുഭവങ്ങളുമായുള്ള കൂടിച്ചേരൽ എന്നിവയൊക്കെ പ്രധാനമാണ്.വിദ്യാർഥി കുടിയേറ്റത്തെക്കുറിച്ച് പഠിച്ച് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്പ്മെൻറ് ചെയർമാൻ എസ്. ഇരുദയ രാജൻ, തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിലെ സാമ്പത്തിക ശാസ്ത്രവിഭാഗം മേധാവി ഡോ. എസ്. ഷിബിനു, ഹിസ്റ്ററി വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ മുഹമ്മദ് ഹസീബ് എൻ. എന്നിവർ നടത്തിയ പഠനത്തിലെ ചില നിർദേശങ്ങൾ നോക്കാം.

ഇന്റേൺഷിപ്പ്: രാജ്യത്തിനകത്തും പുറത്തും വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിന് സൗകര്യം ലഭ്യമാക്കുക. ഇത് വിദ്യാർഥികളുടെ കഴിവിനെ പരിപോഷിപ്പിക്കുമെന്നു മാത്രമല്ല ബന്ധപ്പെട്ട മേഖലയിൽ പ്രായോഗികപരിജ്ഞാനം നേടാനും സഹായിക്കും.

അന്താരാഷ്ട്ര സഹകരണം: വിദേശ സർവകലാശാലകളുമായി സഹകരിച്ച് അധ്യാപക, വിദ്യാർഥി വിനിമയത്തിന് അവസരമൊരുക്കുക. നിലവിലെ നിയമങ്ങളനുസരിച്ച് ഇത് സാധ്യമല്ല. അന്താരാഷ്ട്ര തലത്തിൽ സഹകരണം സാധ്യമാകുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കണം. ഇതുപയോഗിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദേശ സർവകലാശാലകളുടെ സേവനങ്ങൾ ലഭ്യമാക്കാം.

Also Read
പരമ്പര- അക്കരപ്പച്ച തേടി യുവകേരളം- 02

ഉയർന്ന ശമ്പളം, സമ്മർദമില്ല, കുറഞ്ഞ ജോലിസമയം ...

പരമ്പര- അക്കരപ്പച്ച തേടി യുവകേരളം- 02

തൊഴിലില്ലായ്മ, സദാചാര കാഴ്ചപ്പാടുകൾ, അധിക്ഷേപങ്ങൾ ...

പരമ്പര

10 വർഷം മുൻപ് വിദേശകൺസൾട്ടൻസികൾ 50-ൽതാഴെ, ...

പുതുതലമുറ കോഴ്സുകൾ: പുതുതലമുറ കോഴ്‌സുകൾ തുടങ്ങുകയും അത് മുന്നോട്ടുകൊണ്ടുപോകാൻ കഴിയുംവിധം അധ്യാപകർക്ക് പരിശീലനം നൽകുകയും വേണം. കലാലയങ്ങളുടെ പശ്ചാത്തല സൗകര്യങ്ങൾ വർധിപ്പിക്കുകയും വേണം.

പാർട്ട് ടൈം ജോലികൾ: വികസിത രാജ്യങ്ങൾ പലതും പഠനത്തോടൊപ്പം തൊഴിൽചെയ്തു വരുമാനംനേടാനുള്ള അവസരം ഒരുക്കുന്നു. കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്ന പ്രധാനഘടകമാണത്. കേരളത്തിലും പാർട്ട് ടൈം ജോലിക്കുള്ള സാധ്യത കൂടുതൽ വിശാലമാക്കേണ്ടതുണ്ട്.

മാറണം സാമൂഹികാന്തരീക്ഷം
പു
റംനാടുകളിലേക്കുള്ള മലയാളികളുടെ കൊഴിഞ്ഞുപോക്ക് പെട്ടെന്ന് അവസാനിപ്പിക്കാൻ പറ്റുന്നതല്ല. ആദ്യം മാറേണ്ടത് ഇവിടുത്തെ സാമൂഹിക അന്തരീക്ഷമാണ്. അതുവഴി യുവാക്കൾക്ക് പുനർചിന്തയുണ്ടാകണം. കേരളം ജീവിക്കാൻ കൊള്ളാത്ത നാടാണെന്ന ചിന്ത മാറി മികച്ചതാണെന്ന വിശ്വാസം വളർന്നുവരണം.

ഇന്ന് ലോകത്തിന്റെ ഗതി ചെറുപ്പക്കാർക്ക് നന്നായറിയാം. സാമൂഹിക മാധ്യമങ്ങളിലൂടെ ആഗോള ജീവിതത്തിന്റെ ഓരോ സ്പന്ദനവും അവർ മനസ്സിലാക്കുന്നു. സംസ്ഥാനത്ത് വർഷാവർഷം കൊട്ടിഘോഷിച്ച് വലിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതല്ലാതെ പലതും നടപ്പിലാകുന്നില്ല. ഇതിലെല്ലാം പുതുതലമുറ അസന്തുഷ്ടരാണ്. കേരളത്തിൽ ജീവിതം ആസ്വാദ്യകരമല്ലെന്ന സ്ത്രീകളുടെ തോന്നൽ മാറണം.- സന്തോഷ് ജോർജ്ജ് കുളങ്ങര,ലോക സഞ്ചാരി

തൊഴിലവസരങ്ങൾ സൃഷ്ടിക്കണം
തൊ
ഴിലവസരങ്ങൾ വർധിപ്പിക്കണം. അത് വൈദഗ്ധ്യമാവശ്യമുള്ളവയും ആകണം. അൺഎംപ്ലോയ്മെന്റ് (തൊഴിലില്ലായ്മ) പോലെ തന്നെ യുവാക്കൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയാണ് അണ്ടർ എംപ്ളോയ്മെന്റ്. അതായത് എം.ബി.എ.യും ബി.ടെക്കുമൊക്കെ കഴിഞ്ഞവർ കൂലിപ്പണിക്കുപോകേണ്ട അവസ്ഥ. യോഗ്യതയ്ക്കനുസരിച്ചുള്ള അവസരങ്ങൾ സൃഷ്ടിക്കാൻ സാധ്യതയില്ലാഞ്ഞിട്ടല്ല, അതിനുള്ള ഇച്ഛാശക്തി സർക്കാരിനുണ്ടാകണം.

വിദ്യാഭ്യാസ രംഗത്തെ മാറ്റം ചെറിയ ക്ളാസ്സിൽനി​േന്ന തുടങ്ങണം. ഒരു ദിവസം കൊണ്ടോ ഒരു വർഷം കൊണ്ടോ മാറ്റം കൊണ്ടുവരാൻ സാധിക്കില്ല. ഇവിടെ ആൺകുട്ടികൾക്ക് പെൺകുട്ടികളോടുള്ള സമീപനം നോക്കൂ, പൊതുയിടങ്ങിൽ ജനങ്ങളുടെ പെരുമാറ്റം നോക്കൂ... കഴിഞ്ഞ ഇരുപത് വർഷത്തിൽ യുവാക്കൾക്ക് ചൂണ്ടിക്കാണിക്കാൻ ഒരു റോൾ മോഡൽ പോലുമില്ലാത്ത നാടാണ് നമ്മുടേത്.

- മാത്യു കുഴൽനാടൻ,എം.എൽ.എ.

സർവകലാശാലയുടെ മികവുമാത്രം പോരാ
വി
ദ്യാഭ്യാസരംഗത്തെ മാറ്റംകൊണ്ടുമാത്രം വിദേശകുടിയേറ്റം നിയന്ത്രിക്കാനാവില്ല. സർവകലാശാലകളുടെ നിലവാരം കൂടുന്നതിനോടൊപ്പം മെച്ചപ്പെട്ട തൊഴിലവസരങ്ങളും ഉണ്ടാകണം. യൂണിവേഴ്സിറ്റി ഭരണമാറ്റം കൊണ്ടോ പുതിയ കോഴ്സുകൾ കൊണ്ടുവന്നാലോ കുട്ടികൾ ഇവിടെ നിൽക്കില്ല. സമഗ്ര മാറ്റമാണ് ആവശ്യം. അന്താരാഷ്ട്ര തലത്തിൽ മത്സരക്ഷമതയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നു വരണം. പ്രതിഭകൾ അതിന്റെ തലപ്പത്തുണ്ടാകണം. വിദ്യാഭ്യാസരംഗത്ത് ലാഭേച്ഛയില്ലാതെ, സമൂഹനന്മ ലക്ഷ്യമിട്ടുള്ള സ്വകാര്യനിക്ഷേപം ഉണ്ടാവണം.

ലോകത്ത് ഇന്ന് അത്തരം സർവകലാശാലകൾ പ്രവർത്തിക്കുന്നുണ്ട്. അതുപോലെ കേരളത്തിലുമുണ്ടാവണം. രാഷ്ട്രീയ, സാമുദായിക സ്പർധയുള്ള നാട്ടിൽ മെച്ചപ്പെട്ട സാഹചര്യമൊരുക്കുക സാധ്യമല്ല. അതിന് എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണം.

- ഡോ.ടി. പ്രദീപ്, ചെന്നൈ ഐ.ഐ.ടി.യിലെ രസതന്ത്ര അധ്യാപകൻ,കേരളത്തിലെ ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മിറ്റി അംഗം

മക്കളെ തളച്ചിടില്ല
കേ
രളം എന്ന കാരാഗൃഹത്തിൽ 30 വർഷമായി ജീവിക്കുന്ന വ്യക്തിയാണ് ഞാൻ. എന്റെ മകനെ ഇവിടെ തളച്ചിടുകയില്ല. വരും തലമുറയ്ക്ക് നല്ല വ്യക്തിത്വം നൽകാൻ ഒരിക്കലും കേരളത്തിനാകില്ല. മകനെ ഞാൻ വിദേശത്ത് അയച്ചു പഠിപ്പിക്കും. നല്ലൊരു വ്യക്തിത്വം അതിലൂടെ അവന് കൈവരും. രക്ഷപ്പെടാനുള്ള മാർഗം കുടിയേറ്റമാണ്, നല്ല വിദ്യാഭ്യാസമാണ്.-ആദർശ് രാജേന്ദ്രൻ,തിരുവനന്തപുരം.

തൊഴിൽ സുരക്ഷിതത്വം കുറവ്
തൊ
ഴിൽ സുരക്ഷിതത്വം കുറവാണെന്നത് നാളയെപ്പറ്റി ചിന്തിക്കുന്ന യുവാക്കളെ ആശങ്കയിലാക്കുന്നു. ആ ചിന്ത ചെന്നവസാനിക്കുക വിദേശവാസത്തിലാണ്. മാന്യമായ തൊഴിൽ, മാന്യമായ വേതനം, സ്വസ്ഥമായ ജീവിതം ഇതാണ് ഇന്നത്തെ തലമുറയ്ക്ക് ആവശ്യം. അതു കിട്ടുന്നയിടത്തേക്ക് അവർ യാത്രയാകുന്നതിൽ കുറ്റം പറയാനാകില്ല. സ്വസ്ഥമായി പഠിക്കാനുള്ള അന്തരീക്ഷം ഒരുക്കുക. തൊഴിലവസരം ഒരുക്കുക. അതോടൊപ്പം വാർധക്യത്തിൽ ഒറ്റപ്പെടുന്ന വൃദ്ധ മാതാപിതാക്കളുടെ സംരക്ഷണത്തിനുള്ള സാഹചര്യവും.- ഡോ.കെ.ഗീതാ കുമാർ,ഡയബറ്റോളജിസ്റ്റ്‌, എഴുത്തുകാരി

തൊഴിൽ കിട്ടാക്കനി
യു
വാക്കൾ നാടുവിടുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരുകൾക്കോ അധികാരികൾക്കോ സമൂഹത്തിനോ മാറിനിൽക്കാനാകില്ല. യഥാസമയം ഉപരിപഠനം പൂർത്തീകരിക്കാൻ പോലും കഴിയാത്ത നാടാണിത്. തൊഴിൽ കിട്ടാക്കനിയായി മാറി. പിന്നെങ്ങനെ യുവതലമുറ ഇവിടെ നിൽക്കും. എന്നാൽ അക്കരപ്പച്ച തേടിപ്പോകുന്ന യുവജനങ്ങൾ തങ്ങളുടെ അച്ഛനമ്മമാരെ മറക്കുന്നതും ഭൂഷണമല്ല.- എ.വി.ജോർജ്,തിരുവല്ല

നിക്ഷേപകരെ ആകർഷിക്കണം
വി
ദേശരാജ്യങ്ങളിലെ അവസരങ്ങൾ കുട്ടികൾ മുതലാക്കുന്നത് നല്ലകാര്യമാണ്. ഒരുകാലത്ത് ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറിയവർ അവരുടെ സമ്പാദ്യം ഇവിടെ നിക്ഷേപിക്കാൻ തയ്യാറായതുകൊണ്ടാണ് കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക മേഖലകൾ വികസിച്ചത്. ഇന്ന് ലോകം മാറി. ആളുകളുടെ താത്പര്യങ്ങളും കാഴ്ചപ്പാടുകളും മാറി. അതിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളും സാമൂഹിക അന്തരീക്ഷവും പാകപ്പെടുത്താൻ പെട്ടെന്നൊന്നും കേരളത്തിന് സാധിക്കില്ലെന്നതാണ് വസ്തുത. എന്നാൽ, രാഷ്ട്രീയക്കാരും മാധ്യമങ്ങളും പൊതുസമൂഹവുമെല്ലാം ഒരേമനസ്സോടെ ശ്രമിച്ചാൽ നമ്മുടെ നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്താൻ കഴിയും. നമ്മുടെ കുട്ടികൾ സമ്പാദിക്കുന്ന പണം നമ്മുടെ നാട്ടിലേക്ക് വരും. അവർക്കും തിരിച്ചുവരാൻ താത്പര്യമുണ്ടാകും. നിക്ഷേപ സൗഹൃദമാക്കാൻ സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ ഉദ്യോഗസ്ഥ തലത്തിൽ നടപ്പാകുന്നില്ല. ആ സ്ഥിതി മാറണം.- ഐ. സിദ്ദിഖ് ബാബു,വ്യവസായി, കൊച്ചി

(അവസാനിച്ചു)

Content Highlights: Why educated, skilled Keralite leaving the country


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented