തൊഴിലില്ലായ്മ, സദാചാര കാഴ്ചപ്പാടുകൾ, അധിക്ഷേപങ്ങൾ...; പുതുതലമുറ നാട് വിടുന്നതിന് പിന്നിലെന്ത്‌?


അഞ്ജന ഉണ്ണിക്കൃഷ്ണൻ

മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 3.92 ലക്ഷം പേര്‍

പരമ്പര- അക്കരപ്പച്ച തേടി യുവകേരളം- 02

പ്രതീകാത്മകചിത്രം | Photo: canva.com

ഗൾഫിലൊരു ജോലി... അത്യാവശ്യത്തിന് പണം കൈയിലെത്തിയാൽ നാട്ടിലെത്തി വിവാഹം. ജീവിതം കെട്ടിപ്പണിത്‌ ഉറപ്പിക്കാൻ പാകമാകുമ്പോൾ കുടുംബവുമൊത്ത് വിശ്രമജീവിതം- ഇവിടെ അവസാനിക്കുന്നതായിരുന്നു കുറച്ചു വർഷം മുമ്പുവരെ ഒരു ശരാശരി മലയാളിയുടെ പ്രവാസസ്വപ്നങ്ങൾ. ഇന്ന് പശ്ചാത്യരാജ്യങ്ങളിലെ ജീവിതം ­തേടിപ്പിടിച്ച് അവിടെ വേരുറപ്പിക്കുകയാണ് യുവകേരളം. പഠനം അതിനൊരു ഉപാധിമാത്രം. നാടുവിട്ടുപോകുന്നവരിൽ പലരും ­സ്വദേശത്തേക്ക്‌ മടങ്ങാൻ ആഗ്രഹിക്കുന്നില്ല

“ഇവിടെ ‘പഠിക്കാൻ’ ഉദ്ദേശ്യമുണ്ടെങ്കിൽ രണ്ടുവർഷത്തെ കോഴ്സ് എടുക്കണം. ഒരു വർഷത്തേക്കു വരുന്നത് അബദ്ധമാണ്. രണ്ടുവർഷത്തെ കോഴ്സിന് മൂന്നുവർഷം സ്റ്റേ ബാക്ക് ലഭിക്കും. പെർമനന്റ് റസിഡൻസി (പി.ആർ.) സംഘടിപ്പിക്കാൻ ഇക്കാലയളവ് ധാരാളം” -കാനഡയിലെ ഒരു സുഹൃത്തിന്റെ വാക്കുകളാണിത്. അന്യനാടുകളിൽ സ്ഥിരതാമസത്തിനുള്ള എളുപ്പവഴിയാണ് പുതുതലമുറയ്ക്ക് ‘വിദേശ വിദ്യാഭ്യാസം’ എന്ന് വ്യക്തം. പലപ്പോഴും സർവകലാശാലയുടെ പേരും പ്രസക്തിയും ആരും നോക്കാറില്ല. എത്രയും പെട്ടെന്ന് സ്റ്റുഡന്റ് വിസ ലഭിക്കണം. പഠനത്തിനുശേഷം പൗരത്വം അല്ലെങ്കിൽ, സ്ഥിരതാമസത്തിന്‌ അനുമതി കിട്ടണം. വിദ്യാഭ്യാസ നിലവാരത്തിനപ്പുറം പാശ്ചാത്യരാജ്യങ്ങളിൽ ലഭിക്കുന്ന സാമൂഹികസുരക്ഷയും ഉന്നത ജീവിതനിലവാരവുമാണ് ഈ ഒഴുക്കിനു പ്രേരണ. ഈ പ്രവണത തുടർന്നാൽ കാലതാമസമില്ലാതെ കേരളം വൃദ്ധരുടെ നാടാകും.ഏറെ പ്രിയം കാനഡ

അടുത്തകാലത്ത് പഠനത്തിനും തൊഴിലിനുമായി യുവാക്കളിലധികവും ചേക്കേറിയത് കാനഡയിലാണ്. പഠിച്ചാൽ ജോലി ഉറപ്പാണെന്നതാണ് കാരണം. യു.കെ., യു.എസ്., ഓസ്ട്രേലിയ, ന്യൂസീലൻഡ്, ചൈന എന്നിവയാണ് വിദ്യാർഥികൾ കൂടുതലായി പോകുന്ന മറ്റ് രാജ്യങ്ങൾ.

പി.ആർ. അഥവാ പെർമനന്റ് വിസ ലഭിക്കാനുള്ള സാധ്യതയാണ് കാനഡയെ പ്രിയപ്പെട്ടതാക്കുന്നത്. ഓരോ വർഷവും ആയിരക്കണക്കിന് ആളുകളാണ് അവിടെ സ്ഥിരതാമസത്തിനു ശ്രമിക്കുന്നത്. ഓരോവർഷവും കൂടുതൽ അപേക്ഷകൾ കാനഡ സർക്കാർ സ്വീകരിക്കുന്നുമുണ്ട്.

Also Read
പരമ്പര

10 വർഷം മുൻപ് വിദേശകൺസൾട്ടൻസികൾ 50-ൽതാഴെ, ...

പരമ്പര- അക്കരപ്പച്ച തേടി യുവകേരളം- 02

ഉയർന്ന ശമ്പളം, സമ്മർദമില്ല, കുറഞ്ഞ ജോലിസമയം ...

വിദഗ്ധരായ പ്രൊഫഷണലുകൾ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന വിസ വിഭാഗമാണ് കാനഡ പെർമനന്റ് റെസിഡൻസി. വിദഗ്ധരായ വിദേശ തൊഴിലാളികൾക്ക് കാനഡയിൽ ജോലിചെയ്യാനും സ്ഥിരതാമസമാക്കാനുമുള്ള അവസരം നൽകുന്ന അഞ്ചുവർഷ മൾട്ടിപ്പിൾ എൻട്രി വിസയാണിത്.

തൊഴിലാളിക്ഷാമം പരിഹരിക്കാൻ 2025-ഓടെ പ്രതിവർഷം അഞ്ചുലക്ഷം കുടിയേറ്റക്കാരെ സ്വാഗതംചെയ്യാനൊരുങ്ങുകയാണ് കാനഡ. നിലവിൽ ഒഴിഞ്ഞുകിടക്കുന്ന പത്തു ലക്ഷത്തോളം തൊഴിലവസരങ്ങൾ നികത്തുകയാണ് ലക്ഷ്യം. 2023-ൽ 4.65 ലക്ഷം പേരായിരിക്കും കാനഡയിലേക്ക് വിദേശരാജ്യങ്ങളിൽ നിന്നുമെത്തുന്നത്. 2025-ൽ ഇത് അഞ്ചുലക്ഷമാക്കും. കഴിഞ്ഞവർഷം 4.05 ലക്ഷം പേരാണ് എത്തിയത്.

സമൂഹം മടുപ്പിക്കുന്നോ?

ചെറുപ്പക്കാരെ നാടുവിടാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമാണ് കേരളത്തിന്റെ സാമൂഹിക ചുറ്റുപാടുകൾ. സദാചാര കാഴ്ചപ്പാടുകൾ, വിദ്യാഭ്യാസ മേഖല, തൊഴിൽ മേഖലയിലെ പോരായ്മകൾ, നിയമപാലകരിൽനിന്നുള്ള അനാവശ്യ ഇടപെടലുകൾ, യുവതലമുറയ്ക്കെതിരേ നിരന്തരം നടക്കുന്ന അധിക്ഷേപങ്ങൾ എന്നിവയെല്ലാം അക്കൂട്ടത്തിൽപ്പെടുന്നു.

പാശ്ചാത്യ സംസ്കാരം കുത്തഴിഞ്ഞതാണെന്നും അവർക്ക് സദാചാരബോധമില്ലെന്നുമുള്ള പഴഞ്ചൻ മൊഴികളോട് പുതുതലമുറ എന്നോ ഗുഡ്ബൈ പറഞ്ഞുകഴിഞ്ഞു. ഒളിച്ചും പാത്തും പതുങ്ങിയും സദാചാരം സംരക്ഷിക്കുന്ന നമ്മെ ക്കാൾ എത്രയോ ആരോഗ്യകരമാണ് പാശ്ചാത്യനാടുകളിലെ സംസ്കാരമെന്ന് അവർ പറയുന്നു. സ്ത്രീ-പുരുഷ സൗഹൃദങ്ങളോട് ആർക്കും പരിഭവമില്ലാത്ത, ഒളിഞ്ഞുനോട്ടങ്ങളില്ലാത്ത, അർധരാത്രിക്ക് ‘അസമയം’ എന്ന് വ്യാഖ്യാനമില്ലാത്ത ഒരു നാട്ടിലെ ജീവിതം യുവജനതയിൽ ഏറിയപങ്കും സ്വപ്നംകാണുന്നു.

ഇഷ്ടപ്പെട്ട വിവാഹത്തിന്, രാത്രി പുറത്തിറങ്ങുന്നതിന്... എന്തിനുകൂടുതൽ, ഇഷ്ടവസ്ത്രം ധരിക്കുന്നതിനുപോലും മറ്റുള്ളവരുടെ സമ്മതം കാത്തുനിൽക്കേണ്ട അവസ്ഥയാണ് നമ്മുടെ നാട്ടിലെ കൂടുതൽ സ്ത്രീകൾക്കും. പുരുഷന്മാരെക്കാൾ കൂടുതൽ നിയന്ത്രണങ്ങളും ചട്ടക്കൂടുകളും പാലിക്കപ്പെടേണ്ടിവരുമ്പോൾ അകലെയുള്ള ജീവിതം സ്വാതന്ത്ര്യമാണ് അവർക്ക്. സമൂഹത്തിന്റെ മുൻവിധികളോടുള്ള ഭയമാണ് ഭൂരിഭാഗം സ്ത്രീകൾക്കും നാട്ടിലേക്കു മടങ്ങാനുള്ള മടിക്കുകാരണം. നാട്ടിലെ തൊഴിലിലും വിദ്യാഭ്യാസത്തിലും സ്ത്രീക്കുനേരെയുള്ള വേർതിരിവ് ഇവരിൽ പ്രയാസമുണ്ടാക്കുന്നു. കുടുംബത്തിന്റെയും സമൂഹത്തിന്റെയും അനാവശ്യ ഇടപെടലുകളും പലരും ഇഷ്ടപ്പെടുന്നില്ല.

ബാധിക്കുന്നവർ ബാക്കിയുണ്ട്

മധ്യതിരുവിതാകൂറിൽ പ്രത്യേകിച്ച് കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഭൂരിഭാഗം വീടുകളിലും കാണാം വിദേശകുടിയേറ്റത്തിന്റെ ബാക്കിപത്രമായ മാതാപിതാക്കളെ. 70 കഴിഞ്ഞ ഇവർക്ക് പാർക്കാൻ വലിയ വീടും ഹോംനഴ്സുമാരും വളർത്തുനായ്ക്കളെയും ഒരുക്കിയാണ് മക്കൾ ‘നാടുവിടുന്നത്’.

പത്തനംതിട്ട ജില്ലയിലെ കോയിപ്രം പഞ്ചായത്തിൽ കുമ്പനാടെന്നൊരു പ്രദേശമുണ്ട്. അമേരിക്ക, കാനഡ, യു.കെ., ന്യൂസീലൻഡ്, അയർലൻഡ്‌, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലായി പടർന്നുപന്തലിച്ചിരിക്കുകയാണ് ഇവിടത്തെ 70 ശതമാനം കുടുംബങ്ങൾ. നാട്ടിലെ വീടുകളിലുള്ളത് 70 കഴിഞ്ഞ അച്ഛനമ്മമാർ മാത്രം.

‘‘കോട്ടയം നിട്ടൂരിൽ 70 കഴിഞ്ഞ വയോധികൻ ഹോം നഴ്സിന്റെ പരിചരണത്തിൽ വീട്ടിൽ കഴിയുകയാണ്. ഉറ്റവരെല്ലാം വിദേശത്ത്. കരൾസംബന്ധമായ അസുഖമുള്ള അദ്ദേഹത്തിന് ഹോംനഴ്സ് ദിവസം മൂന്നുനേരവും നൽകിയത് ഒരേ മരുന്ന്. അവർക്ക് അതിനെക്കുറിച്ച് വലിയ ധാരണയില്ലായിരുന്നു. ഡോക്ടറെ കാണിക്കാതെ മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്നുവാങ്ങുന്നതായിരുന്നു രീതി. മക്കൾ അടുത്തില്ലാതായതോടെയാണല്ലോ ഇത്തരം ബുദ്ധിമുട്ട് അദ്ദേഹത്തിനുണ്ടായതെന്നോർത്തപ്പോൾ വിഷമം തോന്നി’’ - നീണ്ടൂർ വാക്ക് ഇൻ ക്ളിനിക്ക് ഉടമ ഡോ. ആൽഫിയയുടെ വാക്കുകളാണിത്.

ഒരു വർഷംമുമ്പ് ആരംഭിച്ച ക്ളിനിക്കിൽ മക്കൾ വിദേശത്തായതോടെ നാട്ടിലൊറ്റപ്പെട്ടുപോയ നൂറുകണക്കിന് വയോധികർക്ക്‌ സാന്ത്വനമേകുന്നു. പ്രദേശത്ത് വലിയൊരുവിഭാഗം വയോധികരാണ് ഇത്തരത്തിൽ താമസിക്കുന്നത്. പലരും കിടപ്പുരോഗികൾ. ഇവരുടെ ചികിത്സയ്ക്കും സൗകര്യത്തിനുമായി വിദേശത്തിരുന്ന് എത്ര രൂപവരെയും മുടക്കാൻ മക്കൾ തയ്യാറാണ്. പക്ഷേ, മക്കളെ കാണണമെന്ന ആഗ്രഹം സഫലമാകുന്നതിനുമുമ്പേ പലരും കണ്ണടയ്ക്കും.

നാലുവർഷം കേൾക്കാത്തത് ഒറ്റദിവസംകൊണ്ട് കേട്ടു

ടുത്തിടെ അവധിക്ക് നാട്ടിലെത്തിയപ്പോൾ നാലു വർഷം കാനഡയിൽ ജോലി ചെയ്യുമ്പോൾ കേട്ടിട്ടില്ലാത്ത സ്ത്രീവിരുദ്ധതയും ഗോസിപ്പുകളുമാണ് പൊതുസമൂഹത്തിൽ നിന്ന്‌ നേരിടേണ്ടി വന്നത്‌. എത്ര നിലവാരമില്ലാത്ത, ഫ്രസ്‌ട്രേറ്റഡായ സമൂഹമാണ് ചുറ്റുമുള്ളതെന്ന് ഓർത്തുപോയി.

- ചിത്ര കെ.മേനോൻകാനഡയിലെ സി.ബി.സി. ന്യൂസിൽ മാധ്യമപ്രവർത്തക

കൂടുതൽ സ്വാതന്ത്ര്യം

നാട്ടിൽ എവിടേക്കു തിരിഞ്ഞാലുമുള്ള ചോദ്യംചെയ്യലുകളോ തുറിച്ചുനോട്ടങ്ങളോ ഇവിടെയില്ല. കൂടുതൽ സ്വാതന്ത്ര്യത്തോടെ ഇഷ്ടമുള്ളപോലെ ജീവിക്കാം. നമ്മുടെ കാര്യത്തിൽ ഇടപെടാനോ ഉപദേശിക്കാനോ ആരും വരില്ല. വല്ലപ്പോഴും അവധിക്ക് നാട്ടിൽ വരാനാണ് ഇഷ്ടം. സ്ഥിരമായി കേരളത്തിൽ താമസിക്കാൻ താത്പര്യമില്ല.

- ആതിര, ഹാലിഫാക്സ്, കാനഡ

നഴ്സുമാരടക്കം അഭ്യസ്തവിദ്യരായ ഒരു തലമുറ അന്യനാടുകളിലേക്ക് ഒഴുകുന്നത് കേരളത്തിന്റെ സാമ്പത്തിക-ആരോഗ്യമേഖലയെ എത്രത്തോളം ബാധിക്കുന്നു എന്നതിനെക്കുറിച്ച് നാളെ...

Content Highlights: Why educated, skilled Keralite leaving the country


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented