10 വര്‍ഷം മുന്‍പ് വിദേശകണ്‍സള്‍ട്ടന്‍സികള്‍ 50-ല്‍താഴെ, ഇന്ന് 3000-ന് മുകളില്‍,മലയാളി നാടുവിടുകയാണോ?


അഞ്ജന ഉണ്ണിക്കൃഷ്ണൻ

പരമ്പര

പ്രതീകാത്മക ചിത്രം | canva.com

പ്രവാസം മലയാളിക്ക് പുതുമയല്ല. തിരുവിതാംകൂറിൽനിന്ന് മലബാറിലേക്കായിരുന്നു പുതിയ ­മേച്ചിൽപ്പുറങ്ങൾ തേടിയുള്ള യാത്രകളുടെ തുടക്കം. പിന്നീട് അത് സിലോണും മലയയുമായി മാറി. ­അവിടെനിന്ന് അറബ്‌ നാടുകളിലേക്കുള്ള ചേക്കേറലിനും കാലതാമസമുണ്ടായില്ല. എല്ലാ യാത്രകൾക്കുംപിന്നിൽ ഒറ്റ ലക്ഷ്യംമാത്രം- ‘തൊഴിൽ’. കാലവും കാഴ്ചപ്പാടും ഇച്ഛകളും മാറി. പടിഞ്ഞാറു ­ലക്ഷ്യമിട്ടാണ് യുവകേരളത്തിന്റെ പുതിയ പുറപ്പാട്. തൊഴിലിനുപുറമേ പഠനവും മുഖ്യലക്ഷ്യമായി. ഇവിടെ ഉപയോഗപ്പെടുത്തേണ്ട മനുഷ്യവിഭവശേഷി പുറത്തേക്കൊഴുകുമ്പോൾ പ്രത്യാഘാതങ്ങളും ഒരുവശത്ത് പതിയെ തലപൊക്കുന്നു, നാം അറിയാതെ... മാതൃഭൂമി അന്വേഷിക്കുന്നു

ദൈവത്തിന്റെ സ്വന്തം നാടെന്ന്‌ പേരുള്ള കേരളത്തിൽ നിന്ന് പഠിക്കാനും ജോലിക്കുമായി പുതുതലമുറ പുറത്തേക്ക് പോകുകയാണ്. ധനികകുടുംബത്തിൽ മാത്രം കണ്ടിരുന്ന ഈ പ്രവണതയ്ക്ക് ആഗോളീകരണത്തിന്റെ ആവിർഭാവത്തോടെ ആക്കമേറി. മധ്യവർഗസമൂഹത്തിൽനിന്നും താഴ്ന്നവരുമാനമുള്ള വീടുകളിൽ നിന്നുപോലും ഉദാരവായ്പകളുടെ സഹായത്തോടെ കുട്ടികൾ പുറത്തേക്ക് പോകാനാരംഭിച്ചു. ലക്ഷ്യം: മികച്ച ജീവിതസാഹചര്യം, ജോലി. ഇതി​ന്റെ പ്രതിഫലനമെന്തൊക്കെയാണ്‌.സാമൂഹികം
‘‘വ
ർഷത്തിൽ ഒരുതവണ അവരിങ്ങെത്തും. പിന്നെ കുറച്ചുദിവസത്തെ സന്തോഷം പറയേണ്ട. മാസങ്ങളായി ഉറങ്ങിക്കിടന്ന വീട് അന്ന് ഉണരും, മക്കളും പേരക്കുട്ടികളുമായി പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ പെട്ടെന്ന് തീരല്ലേയെന്ന് പ്രാർഥിക്കും. പക്ഷേ, പ്രാർഥിക്കാനല്ലേ പറ്റൂ. അവർക്ക് തിരിച്ചുപോകാതെ കഴിയില്ലല്ലോ. അടുത്തവീട്ടിലെ കുട്ടികളുടെ ബഹളം കേൾക്കുമ്പോൾ സങ്കടം തോന്നും...’’

-പറഞ്ഞു തീർന്നപ്പോഴേക്കും ആ അമ്മയുടെ വാക്കുകളിൽ സങ്കടക്കടലിരമ്പി. കോട്ടയം സ്വദേശികളായ ഈ വയോധികയും ഭർത്താവും ഏഴുവർഷമായി നാട്ടിൽ തനിച്ചാണ്. രണ്ടുമക്കളും കുടുംബമായി അമേരിക്കയിൽ. വർഷത്തിൽ അഞ്ചോ പത്തോ ദിവസം അവധിക്ക് നാട്ടിലെത്തും. മാതാപിതാക്കൾക്കായി നഗരത്തിനോടടുത്ത് മണിമാളികപോലൊരു വീടും രണ്ടുജോലിക്കാരെയും വേണ്ടസൗകര്യങ്ങളൊക്കെയും ഒരുക്കിയിട്ടുണ്ട്. അസുഖം വന്നാൽപ്പോലും ഓടിയെത്താൻ ഹോംകെയർ ഡോക്ടർമാരുടെ സേവനവും. എന്നാലും വാർധക്യത്തിൽ മക്കൾ അടുത്തില്ലാത്തത് ദുഃഖം തന്നെയാണെന്നു പറയുന്നു ഈ അമ്മ. ഉയർന്ന ജീവിതനിലവാരം ലക്ഷ്യമിട്ട് വിദേശത്തേക്ക് പോകേണ്ടിവരുന്നവരുടെ നഷ്ടവേദനകളാണ് ഒറ്റപ്പെട്ടുപോകുന്ന അച്ഛനമ്മമാർ. കുടിയേറ്റത്തിന്റെ ബാക്കിപത്രമായി ആളില്ലാവീടുകളും കേരളത്തിൽ കൂടുകയാണ്. ഇത് കുടിയേറ്റകേരളം നേരിടുന്ന സാമൂഹികാഘാതം.

ആരോഗ്യം
‘‘റഷ്യയിൽനിന്ന് എം.ബി.ബി.എസ്. പഠിച്ചെത്തിയ കുറച്ചു കുട്ടികളിവിടെ വന്നിരുന്നു. ശമ്പളം തരേണ്ട, വെറുതേ ആശുപത്രിയിൽ ജോലിക്കു നിന്നോട്ടെയെന്നവർ ചോദിക്കുന്നു. ഇവിടെയിപ്പോൾ ആവശ്യത്തിന് നഴ്സുമാരില്ലല്ലോ. ഈ കുട്ടികളെ നമുക്ക് ആ ഒഴിവുകളിലേക്ക് നിയമിച്ചാലോ സാർ ?’’ -കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ മാനേജർ അടുത്തിടെ ഒരു ഡോക്ടറോട് ചോദിച്ച ചോദ്യം. ആശുപത്രിയിൽ നഴ്സുമാരുടെ ക്ഷാമം എത്രത്തോളം ഭീകരമാണെന്ന് മനസ്സിലാക്കാൻ ഈ ഒരൊറ്റ ചോദ്യം ധാരാളം. വർഷാവർഷം കേരളത്തിലങ്ങോളമിങ്ങോളം അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ പൊന്തിവരുന്നുണ്ടെങ്കിലും ആവശ്യത്തിന് നഴ്സുമാരില്ലാത്തതിനാൽ അവർക്ക് പൂർണമായും കിടക്കകൾ പ്രവർത്തിപ്പിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. മേഖലയിൽ പരിചയസമ്പത്തുള്ള നഴ്സുമാരുടെ കുറവ് രോഗീപരിചരണത്തെയും സാരമായി ബാധിക്കുന്നുണ്ട്. പഠിച്ചിറങ്ങുന്ന കുട്ടികളെ വെച്ചാണ് മിക്ക ആശുപത്രികളും മുന്നോട്ടുപോകുന്നത്. പക്ഷേ, ഇവരിൽ ഭൂരിഭാഗവും മാസങ്ങളുടെ പരിശീലനം പൂർത്തിയാക്കിയശേഷം കടൽകടക്കും. ഈ പ്രവണത തുടർന്നാൽ ആരോഗ്യമേഖലയ്ക്കത് വലിയ തിരിച്ചടിയാകും.

സാമ്പത്തികം
വിദേശപഠനവും തുടർന്ന് അവിടെത്തന്നെയുള്ള സ്ഥിരതാമസവും കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്കുണ്ടാക്കുന്ന പ്രഹരമാണ് അടുത്തത്. മുമ്പ്‌ പി.ജി. പഠനത്തിനായായിരുന്നു പലപ്പോഴും വിദേശയാത്ര. ഇന്ന് പ്ളസ്ടു കഴിയാൻ കാത്തിരിക്കുകയാണ്. വിദേശ പഠനത്തിന് ഒരാൾക്ക് വർഷം കുറഞ്ഞത് 20 ലക്ഷം രൂപയെങ്കിലും ചെലവുവരും. പ്രതിവർഷം കേരളത്തിൽനിന്ന് 35,000 പേർ പഠനത്തിനായി മറുനാടുകളിലെത്തുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇങ്ങനെ കോടാനുകോടി രൂപയാണ് വിദേശത്തേക്കൊഴുകുന്നത്. എത്ര വായ്പ കൊടുക്കാനും ബാങ്കുകളും തയ്യാറാണ്. ഇത് സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന വിദ്യാർഥികൾക്കിടയിൽ നിന്നുപോലും നല്ലൊരുശതമാനം വിദേശത്തേക്ക് പറക്കുന്നതിന് വഴിവെച്ചു. ഗൾഫ് കുടിയേറ്റത്തിൽനിന്ന്‌ വ്യത്യസ്തമായി തിരിച്ചുവരാൻ ആഗ്രഹിക്കാത്തവരുടെ കുടിയേറ്റമായതിനാൽ യൂറോപ്യൻ പണം കേരളമണ്ണിലേക്ക് നിക്ഷേപമായി എത്തുന്നുമില്ല.

കുട്ടിപ്രവാസികളുടെ ഒഴുക്ക്
കേരളത്തിൽനിന്ന് വിദേശത്തേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണം അഞ്ചുവർഷംകൊണ്ട്‌ കുതിച്ചുചാടി. പഠനാവശ്യത്തിന് രാജ്യംവിടുന്ന കുട്ടികളിൽ ചൈന കഴിഞ്ഞാൽ രണ്ടാംസ്ഥാനമാണ് ഇന്ത്യക്ക്‌. വിദ്യാഭ്യാസത്തിനായി ഇന്ത്യയിൽനിന്ന് അക്കരെയെത്തുന്ന കുട്ടികളിൽ വലിയൊരുവിഭാഗം മലയാളികളാണ്. 1975-ൽ വിദേശത്തെ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം എട്ടുലക്ഷമായിരുന്നു. 2012-ൽ അത് 40 ലക്ഷമായി. 2025-ഓടെ കണക്ക് 75 ലക്ഷമെത്തുമെന്നാണ് യുനെസ്കോ അടുത്തിടെ പുറത്തുവിട്ട കണക്കിൽ പറയുന്നു.

വർഷം കേരളംവിടുന്നത് 35,000 വിദ്യാർഥികൾ
തുടർപഠനത്തിനായി കേരളത്തിൽനിന്ന് വർഷം 35,000 വിദ്യാർഥികളാണ് വിദേശത്തെത്തുന്നതെന്ന് വിദ്യാഭ്യാസ കൺസൾട്ടന്റുമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് ഇന്റർനാഷണൽ എജ്യുക്കേഷൻ കൺസൾട്ടൻസി പറയുന്നു. 2021-ൽ സംഘടന തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളതെന്ന് സംഘടനയിൽ അംഗമായ എം. താലിബ് പറഞ്ഞു. ഏജൻസികൾ മുഖേനയും അല്ലാതെയും പുറത്തേക്കുപോകുന്ന വിദ്യാർഥികളുടെ എണ്ണത്തെക്കുറിച്ച് ഔദ്യോഗികകണക്ക് കേരളത്തിെല പ്രവാസികാര്യ വകുപ്പിലുമില്ല.

എന്തുകൊണ്ട് നാടുവിടുന്നു

എന്തുകൊണ്ട് പുറംനാടുകൾ വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കുന്നെന്ന ചോദ്യങ്ങളെ അടിസ്ഥാനമാക്കി യുവാക്കൾക്കിടയിൽ അന്വേഷണം നടത്തി. എന്തിന് കേരളം വിടുന്നെന്ന ചോദ്യത്തിന് ഭൂരിഭാഗംപേരും നൽകിയ മറുപടി, ജീവിതനിലവാരം ഉയർത്താനെന്നായിരുന്നു.

എങ്ങും പരിശീലന കേന്ദ്രങ്ങൾ
കോഴിക്കോട് നഗരത്തിൽനിന്ന് ഏതാണ്ട് 33 കിലോമീറ്റർ അകലെയുള്ള തിരുവമ്പാടിയെന്ന മലയോരഗ്രാമം. ആ കൊച്ചുനാട്ടിലെ ‘സക്‌സസ് ഗാർട്ടൻ’ എന്ന പരിശീലനസ്ഥാപനത്തെത്തേടി കേരളത്തിലങ്ങോളമിങ്ങോളമുള്ള ആയിരക്കണക്കിന് വിദ്യാർഥികളും തൊഴിലന്വേഷകരുമാണെത്തുന്നത്. ഐ.ഇ.എൽ.ടി.എസ്., ടോഫൽ തുടങ്ങിയവയ്ക്കുള്ള പരിശീലനത്തിനും വിദേശഭാഷകൾ പഠിക്കാനുമാണ് കുട്ടികളെത്തുന്നത്. ആദ്യകാലത്ത് ഓരോ മാസവും പ്രവേശനത്തിനെത്തിയിരുന്നത് അഞ്ചോ ആറോ പേരായിരുന്നു. ഇന്നത് അമ്പതിനു മുകളിലെത്തി. 2014 മുതലാണ് ഗണ്യമായ വർധനയുണ്ടായതെന്ന് മാനേജിങ് ഡയറക്ടർ ചിന്റു എം. രാജു പറയുന്നു.

എറണാകുളത്ത് പ്രവർത്തിക്കുന്ന ഫെയർ ഫ്യൂച്ചർ എജ്യുക്കേഷണൽ കൺസൾട്ടൻസി വർഷം 2000 പേരെയാണ് പഠനത്തിനായി മറുനാട്ടിലെത്തിക്കുന്നത്. 18 വർഷംമുമ്പ് സ്ഥാപനം ആരംഭിക്കുന്നകാലത്ത് പരമാവധി 200 മാത്രമായിരുന്നെന്ന് മാനേജിങ് ഡയറക്ടർ എസ്. രാജ്‌ പറഞ്ഞു വിദേശകോഴ്സുകളെക്കുറിച്ചറിയാൻ സമീപിച്ചവരുടെ എണ്ണം ഒരുലക്ഷത്തിനു മുകളിലാണ്.

പത്തുവർഷംമുമ്പ് കേരളത്തിൽ 50-ൽത്താഴെ വിദേശ കൺസൾട്ടൻസികളാണുണ്ടായിരുന്നു. ഇന്നത് എത്തിനിൽക്കുന്നത് മൂവായിരത്തിനു മുകളിലാണ്. എറണാകുളത്തുമാത്രം ആയിരം സ്ഥാപനങ്ങളുണ്ട്. മലയാളികൾക്ക് വിദേശവിദ്യാഭ്യാസം സ്വീകാര്യമായിക്കഴിഞ്ഞു എന്നതിന് ഉത്തരമാണ് ഇത്തരം സ്ഥാപനങ്ങളുടെ വളർച്ച.

സ്റ്റുഡന്റ് ഐ.ഡി. കാർഡിൽ മൂവായിരം പേർ

കോവിഡിനുശേഷം 2022 ഏപ്രിൽമുതൽ വിദേശത്തുള്ള മലയാളിവിദ്യാർഥികളുടെ കണക്ക് ലഭിക്കാൻ നോർക്ക സ്റ്റുഡന്റ്‌സ് ഐ.ഡി. കാർഡ് പദ്ധതി തുടങ്ങിയിരുന്നു. ഇതുവരെ 54 രാജ്യങ്ങളിലായുള്ള മൂവായിരത്തോളം വിദ്യാർഥികൾ രജിസ്റ്റർ ചെയ്തു. മൂന്നുവർഷമാണ് കാർഡ് കാലാവധി.

കെ. ഹരികൃഷ്ണൻ നമ്പൂതിരി,സി.ഇ.ഒ., നോർക്ക

പഠനത്തിനായി മറുനാടുകളിലേക്ക് പോകുന്ന ­വിദ്യാർഥികൾ തിരിച്ച് കേരളത്തിലേക്ക് ­മടങ്ങിവരുന്നുണ്ടോ, പഠനമെന്ന ലക്ഷ്യത്തെ ­കൂട്ടുപിടിച്ച് മറുകരതേടുകയാണോ ഇവർ... ഇതേക്കുറിച്ച് അടുത്ത ഭാഗത്തിൽ

Content Highlights: Why educated, skilled Keralite leaving the country


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented