Representational Image | Photo: freepik.com
അടുത്ത അഞ്ച് വർഷങ്ങളിൽ ഇല്ലാതായേക്കാവുന്ന തൊഴിലുകൾ, പുത്തൻ തൊഴിലവസരങ്ങൾ, തൊഴിൽരംഗത്തുണ്ടായേക്കാവുന്ന മാറ്റങ്ങൾ തുടങ്ങിയവ വിശദീകരിക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ (WEF) 'ഫ്യൂച്ചർ ജോബ്‌സ് റിപ്പോർട്ട് 2023' റിപ്പോർട്ട് പുറത്ത്. നിർമ്മിതബുദ്ധിയും ചാറ്റ് ജിപിടി പോലുള്ള സാങ്കേതികവിദ്യകളും വരുംവർഷങ്ങളിൽ തൊഴിലിടങ്ങളിൽ എത്രമാത്രം നിർണായകമാകുമെന്ന് കാട്ടിത്തരികയാണ് മെയ് ഒന്നിന് ജനീവയിൽ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ട്.
ആഗോളതലത്തിൽ 45 രാജ്യങ്ങളിലെ 800 കമ്പനികളിലെ 1.13 കോടി തൊഴിലാളികൾക്കിടയിലാണ് സർവ്വേ നടത്തിയത്. 2027-ഓടെ ആകെയുള്ള 67.3 കോടി തൊഴിലവസരങ്ങളിൽ 8.3 കോടി ജോലികൾ ഇല്ലാതാക്കപ്പെടും. അതേസമയം, 6.9 കോടി പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഫലത്തിൽ 1.4 കോടി തൊഴിൽനഷ്ടങ്ങളാണ് വരാനിരിക്കുന്ന വർഷങ്ങളിൽ നമ്മെ കാത്തിരിക്കുന്നത്.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റലൈസേഷൻ, ഹരിതോർജം തുടങ്ങിയ മേഖലകളിലെ അതിവേഗ വളർച്ച പ്രതീക്ഷാവഹമെങ്കിലും നിലവിലുള്ള പല ജോലികളേയും ആ വളർച്ച കീഴ്മേൽ മറിക്കുമെന്നു പഠനം പറയുന്നു.
AI-യുടെയും സാങ്കേതിക വിദ്യയുടേയും സ്വാധീനം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നാലിലൊന്ന് തൊഴിലുകൾ ഇല്ലാതാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യും.
നിർമ്മിതബുദ്ധി മെഷീൻ ലേണിങ് വിഭാഗങ്ങളിലും സൈബർ സുരക്ഷാ വിഭാഗത്തിലും തൊഴിലവസരങ്ങൾ ഗണ്യമായി വർധിപ്പിക്കുമ്പോൾ ക്ലറിക്കൽ ജോലി ഇല്ലാതാക്കപ്പെടുമെന്നും പഠനം പറയുന്നു. സപ്ലൈ ചെയിനും ഗ്രീൻ ഇക്കണോമിയും വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group
പ്രക്ഷുബ്ധമാകുന്ന തൊഴിലിടങ്ങൾ
തൊഴിൽ മേഖലയിലെ സാങ്കേതികവത്കരണത്തെ തുടർന്നുണ്ടാവുന്ന തൊഴിൽമാറ്റങ്ങളോട് വേണ്ടവിധം പൊരുത്തപ്പെടാൻ തൊഴിലാളികൾക്ക് കഴിഞ്ഞേക്കില്ലെന്ന് റിപ്പോർട്ട് പറയുന്നു. അതിനാൽ തന്നെ വരാനിരിക്കുന്നത് 'പ്രക്ഷുബ്ധതയുടെ ഒരു പുതിയ യുഗം'(new era of turbulence) എന്നാണ് WEF വിശേഷിപ്പിക്കുന്നത്. സാങ്കേതികവിദ്യകളെ ഉൾക്കൊള്ളാനുള്ള നൈപുണി (Skill)യുടെ അഭാവമാണിതിന് കാരണം. അതേസമയം, സാങ്കേതികവിദ്യ, ഡാറ്റാ അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി എന്നിവയിൽ അറിവുള്ളവർക്ക് പുതിയ പരിതസ്ഥിതി ഗുണകരമായേക്കുമെന്നും പഠനം പറയുന്നു
.jpg?$p=48405e6&&q=0.8)
ഓട്ടോമേഷനും ഡിജിറ്റലൈസേഷനും ഏറ്റവും കൂടുതൽ ബാധിക്കുക ക്ലറിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് ജോലികളെ ആയിരിക്കും. കാഷ്യർ, ടിക്കറ്റ് ചെക്കർ, ഡാറ്റാ എൻട്രി, അക്കൗണ്ടിങ്, ബുക്ക് കീപ്പിങ്, പേ റോൾ ക്ലർക്കുമാർ, അഡ്മിനിസ്ട്രേറ്റീവ്, എക്സിക്യൂട്ടീവ് സെക്രട്ടറിമാർ എന്നീ മേഖലകളിൽ 2027-ഓടെ ഇല്ലാതാക്കപ്പെടുക 2.6 കോടി ക്ലറിക്കൽ ജോലികളാണ്
സാങ്കേതികവിദ്യയുടെ പുതുയുഗം, പുത്തൻ തൊഴിലുകളുടേയും
സാങ്കേതികവിദ്യയുടെ വളർച്ച എക്കാലവും പുത്തൻ തൊഴിലുകൾ സൃഷ്ടിക്കുകയും ചില തൊഴിലുകളെ ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. അച്ചടിയന്ത്രം കണ്ടുപിടിച്ച ഗുട്ടൻബർഗിന്റെ മുതൽ ഗൂഗിളിന്റെ കാലം വരെ അതങ്ങനെതന്നെയാണ്.
ചാറ്റ് ജിപിടിയും നിർമ്മിതബുദ്ധിയുമെല്ലാം ചില ജോലികളെ ഇല്ലാതാക്കുമെങ്കിലും തൊഴിൽരംഗത്തെ മൊത്തവളർച്ചയ്ക്ക് സാങ്കേതികവിദ്യ ഏറെ സഹായകമാകുമെന്നാണ് WEF വിലയിരുത്തുന്നത്. ഡിജിറ്റൽ വിപ്ലവം ഓൺലൈൻ വ്യാപാരമേഖലയിൽ വലിയ തൊഴിൽ വളർച്ചയ്ക്ക് കാരണമാകുമെന്നും റിപ്പോർട്ട് പറയുന്നു. ഏകദേശം രണ്ട് ദശലക്ഷം തൊഴിലവസരങ്ങൾ ഈ രംഗത്ത് മാത്രമുണ്ടായേക്കും
നിർമ്മിതബുദ്ധി മേഖലയിൽ വരാനിരിക്കുന്നത് 30.0 കോടി മുഴുവൻ സമയ തൊഴിലവസരങ്ങളാണെന്നാണ് ഗോൾഡ്മാൻ സാക്ക്‌സ് പുറത്ത് വിട്ട റിപ്പോർട്ട് പറയുന്നത്. വെബ്‌പേജ് ഡിസൈനര്‍, സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് തുടങ്ങിയവ ഐ.ടി. വളര്‍ന്നതോടെ വന്ന തൊഴിലവസരങ്ങളാണ്. വ്യാവസായികം, സേവനമേഖലകളായ വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം തുടങ്ങി ഭൂരിഭാഗം മേഖലകളെയും ഐ.ടി. മികച്ച രീതിയില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും ഗോള്‍ഡ്മാന്‍ സാക്ക്‌സ് റിപ്പോര്‍ട്ട് പറയുന്നു
.jpg?$p=3ca10ba&&q=0.8)
നാളെയുടെ തൊഴിൽ സാധ്യതകൾ
വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ പഠനമനുസരിച്ച് ഗ്രീൻ ടെക്‌നോളജി, റീനീവബിൾ എനർജി എന്നിവ ഭാവിയിൽ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
- സസ്റ്റെയ്‌നബിലിറ്റി സ്‌പെഷ്യലിസ്റ്റ്, ബിസിനസ് ഇന്റലിജൻസ് അനലിസ്റ്റ്, ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ്, റിനീവബിൾ എനർജി എൻജിനീയർമാർ, സോളാർ എനർജി ഇൻസ്റ്റലേഷൻ, സിസ്റ്റം എൻജിനീയർമാർ എന്നിവർക്ക് ആവശ്യമേറും.
- സസ്റ്റെയ്‌നബിലിറ്റി സ്‌പെഷ്യലിസ്റ്റ്, പരിസ്ഥിതി സംരക്ഷണ പ്രൊഫഷണലുകൾ എന്നീ വിഭാഗങ്ങളിൽ 33-34 ശതമാനം തൊഴിൽ വളർച്ച. ഈ മേഖലയിൽ മാത്രം 10 ലക്ഷം തൊഴിലവസരങ്ങൾ.
- കാർഷിക വിദ്യാഭ്യാസ മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ
- വിദ്യാഭ്യാസമേഖലയിൽ 10% വളർച്ച.
- ഉന്നതവിദ്യാഭ്യാസ മേഖലയിൽ അധ്യാപകർക്ക് ഒരുങ്ങുന്നത് 30 ലക്ഷം തൊഴിലവസരങ്ങൾ.
- കാർഷിക മേഖലയിൽ 15-30% തൊഴിൽ വളർച്ച. മെഷീൻ ഓപ്പറേറ്റർ, ഗ്രേഡർ, സോർട്ടർ തുടങ്ങി 10 ലക്ഷത്തോളം തൊഴിലവസങ്ങൾ വേറെയും
.jpg?$p=246738b&&q=0.8)
തൊഴിൽ പ്രതിസന്ധി എങ്ങനെ മറികടക്കാം
മാറ്റത്തെ ഉൾക്കൊള്ളാൻ തയ്യാറാവുക എന്നതാണ് തൊഴിൽമേഖലയിലുള്ളവർ ആദ്യം ചെയ്യേണ്ടത്. മാറ്റങ്ങളോട് മുഖം തിരിഞ്ഞിരിക്കുന്നവർ പിന്തള്ളപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. വിശകലന ചിന്തയാണ് (Analytical Skill) ഏറ്റവും മൂല്യമേറിയ വൈദഗ്ധ്യം. ഇതിനൊപ്പം സർഗാത്മകതയും പുത്തൻ സാങ്കേതികവിദ്യാ പരിജ്ഞാനവും ചേരുമ്പോൾ തൊഴിലവസരങ്ങൾ തേടിയെത്തും. ജോലിസ്ഥലത്തെ മാറ്റങ്ങളുമായി തൊഴിലാളികൾക്ക് പൊരുത്തപ്പെടാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനൊപ്പം വഴക്കം, സ്വയം അവബോധം, ജിജ്ഞാസ, നിരന്തരമായ പഠനം എന്നിവയും തൊഴിൽദാതാക്കൾ പരിശോധിക്കും. റീ-സ്‌കില്ലിങ്, അപ്പ് സ്‌കില്ലിങ് എന്നിവയും ആവശ്യമാണ്.
WEF റിപ്പോർട്ട് പ്രകാരം നിലവിലുള്ള 44% തൊഴിലാളികളും അവരവരുടെ തൊഴിലുകളിൽ 'updated' അല്ല. ഇവർ റീ-സ്‌കില്ലിങും പരിശീലനവും നേടേണ്ടതുണ്ട്.
.jpg?$p=cc29bd4&&q=0.8)
തൊഴിലിടങ്ങളിലെ മാറ്റം ഏറ്റവും സുഗമമാക്കുന്നതിനുള്ള സംവിധാനങ്ങൾ തൊഴിൽദാതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതുണ്ട്. നിർമ്മിതബുദ്ധി മുന്നേറ്റങ്ങൾക്കൊപ്പം തുടരാൻ ആഗോള തൊഴിൽ ശക്തിയുടെ 60% പേർക്കും വൈദഗ്ധ്യം ആവശ്യമായി വരും. ഇവർക്കാവശ്യമായ പിന്തുണ, റീ സ്‌കില്ലിങ് അപ്‌സ്‌കില്ലിങ് പ്രോഗ്രാമുകൾ എന്നിവ നൽകേണ്ടത് തൊഴിൽദാതാക്കൾ കൂടിയാണ്. സർക്കാരുകളും ഇക്കാര്യത്തിൽ ഇടപെടേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ പങ്കെടുത്ത 45% ബിസിനിസ് സ്ഥാപനങ്ങളും പറയുന്നു
തൊഴിലാളികളുടെ അഭാവവും നൈപുണ്യ വിടവുമാണ് പരിവർത്തനത്തിനുള്ള പ്രധാന തടസ്സമെന്ന് സർവേയിൽ പങ്കെടുത്ത തൊഴിലുടമകൾ പറയുന്നു. നിലവിലുള്ള പകുതി തൊഴിലാളികൾക്ക് മാത്രമേ മതിയായ പരിശീലന അവസരങ്ങൾ ലഭ്യമാകുന്നുള്ളൂ, എന്നാൽ 2027 ആകുമ്പോഴേക്കും ആഗോള തൊഴിൽശക്തിയുടെ 60 ശതമാനത്തിനും പരിശീലനം ആവശ്യമായി വരും.
2025 ആകുമ്പോഴേക്കും ആളുകളും യന്ത്രങ്ങളും നിലവിലെ ജോലികൾക്കായി ചെലവഴിക്കുന്ന സമയം തുല്യമാകുമെന്ന് WEF പ്രവചിക്കുന്നു. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ തന്നെ 2020-ലെ 'ഫ്യൂച്ചർ ഓഫ് ജോബ്സ് റിപ്പോർട്ടി'ലാണ് ഈ പ്രവചനം നടത്തിയത്. പുത്തൻ സാങ്കേതികവിദ്യ ഉൾച്ചേർക്കുന്നതോടെ തൊഴിൽശേഷി വലിയ തോതിൽ വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്ന് സർവ്വെയിൽ പങ്കെടുത്ത 43% ബിസിനസ് സ്ഥാപനങ്ങളും ചൂണ്ടിക്കാട്ടുന്നു.
.jpg?$p=aa62323&&q=0.8)
ഇന്ത്യയ്ക്ക് നിരാശയോ പ്രതീക്ഷയോ?
പരിചരണം, അധ്യാപനം, കെയർ ടേക്കർ, ആരോഗ്യമേഖല തുടങ്ങിയ 'Social Occupations' മേഖലകൾ ഇതരതൊഴിൽ മേഖലകളേക്കാൾ വളർച്ച രേഖപ്പെടുത്തുന്ന ഏഴ് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഈ മേഖലകളിലെ തൊഴിൽ വളർച്ച വരും വർഷങ്ങളിലും പ്രതീക്ഷിക്കാം. ആഗോളതലത്തിൽ 23% തൊഴിൽമാറ്റങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നതെങ്കിൽ ഇന്ത്യയിൽ അത് 22 ശതമാനമാണ്. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നിലവിലെ തൊഴിലുകൾ നിലനിർത്താനും വരുംവർഷങ്ങളിൽ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് രാജ്യത്തെ കോർപറേറ്റ് സ്ഥാപനങ്ങൾ.
WEF റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ തൊഴിൽരംഗത്തെ 59 ശതമാനവും പുതിയ സാങ്കേതികവിദ്യയെ സ്വീകരിക്കാൻ മനസുള്ളവരാണ്. 55% പേർക്കും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാവുന്നുണ്ട്. ഈ അനുകൂല ഘടകങ്ങളും വിപുലീകരിക്കപ്പെട്ട ESG(Economic Social and Governance) മാനദണ്ഡങ്ങളും രാജ്യത്തിന്റെ തൊഴിൽ വളർച്ചയിൽ നിർണായക ഘടകമാകും. മെഷീൻ ലേണിങ്, എ.ഐ മേഖലകളിൽ ആഗോളതലത്തിലുള്ള പോലെ രാജ്യത്തും വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പഠനം വിലയിരുത്തുന്നു. ഇവരുടെ സേവനം ഇന്ത്യൻ വ്യാവസായിക പരിവർത്തനത്തിൽ (industrial transformation) നിർണായകമാകും.
സാങ്കേത്തികവിദ്യയിലെ പരിജ്ഞാനം കൊണ്ട് മുകളിൽ പറഞ്ഞ തൊഴില്‍ മേഖലയിലുണ്ടാവുന്ന വിടവ് ഏറെക്കുറേ പരിഹരിക്കാമെങ്കിലും വളർച്ചാമാന്ദ്യം, വിതരണ ക്ഷാമം, പണപ്പെരുപ്പം എന്നിവയും വരും വർഷങ്ങളിൽ തൊഴിൽ നഷ്ടത്തിന് കാരണമായേക്കും
Content Highlights: WEF Future of Jobs Report 2023
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..