വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്നകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം കേട്ടുവരുന്ന വാക്കാണ് വ്‌ളോഗിങ്. ഇതെന്താണ് സംഭവം എന്നാലോചിച്ച് തലപുണ്ണാക്കണ്ട. സംഗതി സിംപിളാണ്, പവര്‍ഫുളും. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വീഡിയോയുടെ സഹായത്തോടെ അവതരിപ്പിക്കുന്ന രീതിയെ പൊതുവായി വ്‌ളോഗിങ് എന്ന് വിളിക്കാം. ഈ വീഡിയോയുടെ സ്രഷ്ടാവാണ് വ്‌ളോഗര്‍. വീഡിയോ ബ്ലോഗ്, വീഡിയോ ലോഗ് എന്നീ വാക്കുകളില്‍നിന്നാണ് വ്‌ളോഗിങ് എന്ന വാക്കിന്റെ ഉദ്ഭവം. 

വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ യുട്യൂബ് വ്‌ളോഗേഴ്സിന്റെ പറുദീസയാണ്. വിവരങ്ങള്‍ മാത്രം നല്‍കിയിരുന്ന ബ്ലോഗുകളില്‍നിന്ന് വ്യത്യസ്തമായി വിവരവും വിനോദവും പ്രദാനംചെയ്യാന്‍ വ്‌ളോഗുകള്‍ക്കാവും എന്നതാണ് ഇവയെ ജനപ്രിയമാക്കുന്നത്. ഒരു വിഷയത്തെക്കുറിച്ച് കാഴ്ചക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍, സിംപിളായി പറയാന്‍കഴിഞ്ഞാല്‍ നിങ്ങള്‍ക്കും എളുപ്പത്തില്‍ വ്‌ളോഗറാകാം. 

വരുമാനം വരുന്ന വഴി 

വളരെ വേഗത്തിലും വിലക്കുറവിലും ഇന്റര്‍നെറ്റ് കിട്ടുന്ന ഡേറ്റാ യുഗത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. വിവരങ്ങള്‍ നേടാനായി യൂട്യൂബിനെ ആശ്രയിക്കുന്നവരാണ് ഇപ്പോള്‍ അധികവും. കാര്യങ്ങള്‍ വായിച്ചുമനസ്സിലാക്കുന്നതില്‍നിന്ന് വ്യത്യസ്തമായി കണ്ടും കേട്ടും മനസ്സിലാക്കാം എന്നതാണ് ഇതിന് പ്രധാന കാരണം. ഇങ്ങനെ വീഡിയോ കാണാനെത്തുന്നവരുടെ എണ്ണം കൂടുന്നതനുസരിച്ച് യുട്യൂബ് വഴിയുള്ള വരുമാനവും വര്‍ധിക്കും. 

പരസ്യങ്ങളാണ് യുട്യൂബ് വ്‌ളോഗേഴ്സിന്റെ പ്രധാന വരുമാനമാര്‍ഗം. ഇങ്ങനെ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് പരസ്യദാതാക്കളില്‍നിന്ന് പരസ്യക്കൂലി ലഭിക്കുന്നു. അതില്‍ ഒരു വിഹിതം ചാനല്‍ ഉടമയ്ക്കും ലഭിക്കും. ഈ യുട്യൂബ് പരസ്യം വേണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. ഇതിനുപുറമേ നിങ്ങള്‍ക്ക് നേരിട്ട് പരസ്യദാതാക്കളെ സമീപിച്ച് പരസ്യങ്ങള്‍ വാങ്ങി വീഡിയോയ്ക്കിടയില്‍ നല്‍കാം. എന്നാല്‍ യുട്യൂബ് പരസ്യം സ്വീകരിക്കുന്നവര്‍ക്ക് അവരുടെ നിയമാവലി അനുസരിച്ച് മാത്രമേ അന്യ പരസ്യങ്ങള്‍ സ്വീകരിക്കാന്‍ കഴിയൂ. ഇതുകൂടാതെ സ്പോണ്‍സര്‍ഷിപ്, ബ്രാന്‍ഡ് പ്രൊമോഷന്‍ തുടങ്ങിയ വഴികളിലൂടെയും വരുമാനം നിങ്ങളുടെ കൈയിലെത്തും. 

 

ഗെറ്റ്, സെറ്റ്, ഗോ

ഒരു സ്മാര്‍ട് ഫോണും മൈക്കുള്ള ഇയര്‍ഫോണും സെല്‍ഫി സ്റ്റിക്കും ഉണ്ടെങ്കില്‍ നമുക്ക് കൂളായി വ്‌ളോഗിങ് തുടങ്ങാം. വന്‍തോതില്‍ ആളുകളെ ആകര്‍ഷിക്കുന്ന കണ്ടെന്റ് ഉണ്ടാക്കുന്നതാണ് ആദ്യപടി. വീഡിയോ അപ്ലോഡ്‌ചെയ്യാനായി ഒരു യുട്യൂബ് ചാനല്‍ തുടങ്ങുക. വെറൈറ്റി ഐഡിയയുമായി പറയാനുള്ള കാര്യങ്ങള്‍ മനസ്സില്‍ ഉറപ്പിച്ചശേഷം അത് ഷൂട്ട്‌ചെയ്യുക. ചിന്ന എഡിറ്റിങ്ങൊക്കെ കഴിഞ്ഞ് അപ്ലോഡ്‌ചെയ്യുക. 

വീഡിയോയ്ക്ക് ആകര്‍ഷകവും കാലികവുമായ ടെറ്റില്‍ നല്‍കാന്‍ മറക്കരുത്. അപ്ലോഡ്‌ചെയ്യുന്നതിന് മുന്‍പ് അതിനുള്ളില്‍ എന്തിനെക്കുറിച്ചാണ് പറയുന്നതെന്ന് വ്യക്തമാക്കുന്ന വിവരണം നല്‍ കുക. കാഴ്ചക്കാര്‍ സെര്‍ച്ച്‌ചെയ്യാന്‍ സാധ്യതയുള്ള കീവേഡുകള്‍ ഉപയോഗിച്ച് വീഡിയോ ടാഗ്‌ചെയ്യുക. ഇത് നമ്മുടെ വീഡിയോയെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കും. 

ആകര്‍ഷമായ തമ്പ് നെയില്‍ തിരഞ്ഞെടുക്കുന്നതാണ് അടുത്ത ഘട്ടം. ഇനി വീഡിയോ അപ് ലോഡ് ചെയ്യാം. നിങ്ങളുടെ വീഡിയോ കാമ്പുള്ളതാണെങ്കില്‍ കാഴ്ചക്കാര്‍ ആഗ്രഹിക്കുന്ന വിവരങ്ങള്‍ അടങ്ങുന്നതാണെങ്കില്‍ തീര്‍ച്ചയായും വ്യൂവേഴ്‌സ് നിങ്ങളെ തേടിയെത്തും. 

ഒന്നോ രണ്ടോ ദിവസംകൊണ്ട് പത്തുലക്ഷം കാഴ്ചക്കാരെ സൃഷ്ടിച്ച് മുന്നോട്ടുകുതിക്കാമെന്ന് കരുതാന്‍വരട്ടെ. വളരെയധികം സമയമെടുത്താണ് ഓരോ വ്‌ളോഗുകളും വിജയപഥത്തിലെത്തുന്നത്. അതുകൊണ്ടുതന്നെ  കാത്തിരിക്കാനുള്ള ക്ഷമയുണ്ടാവണം.

 

Don't Miss It: എല്‍.ഡി.ക്ലാര്‍ക്ക്: സ്വപ്നപദവികളിലേക്കുള്ള ആദ്യ ചുവട്

അറ്റെന്‍ഷന്‍ പ്ലീസ്...

ഒരു തുണി കിട്ടിയാല്‍ അതിനെ കിടിലന്‍ ഡ്രസ്സ് ആക്കിമാറ്റാന്‍ നിങ്ങള്‍ക്കാകുമോ? പാഴ്വസ്തുക്കളില്‍നിന്ന് ഉപയോഗപ്രദമായ സാധനങ്ങള്‍ നിര്‍മിക്കാന്‍കഴിയുമോ? ഫോട്ടോഗ്രഫിയെക്കുറിച്ച് വെറൈറ്റി ക്ലാസ് എടുക്കാന്‍കഴിയുമോ? എങ്കില്‍ ലക്ഷക്കണക്കിന് സബ്സ്‌ക്രൈബേഴ്സുള്ള വ്‌ളോഗറായി നിങ്ങള്‍ക്ക് മാറാം. 

നിങ്ങള്‍ തിരഞ്ഞെടുക്കുന്ന വിഷയമാണ് വ്‌ളോഗിന്റെ ഭാവി തീരുമാനിക്കുന്നത്. എല്ലാവരും തിരഞ്ഞെടുക്കുന്ന വിഷയം തിരഞ്ഞെടുത്താല്‍ അവര്‍ ചെയ്യുന്നതില്‍നിന്ന് വ്യത്യസ്തമായി ഒന്നും ചെയ്യാന്‍ സാധിക്കില്ല. അതിനാല്‍ നിങ്ങള്‍ക്ക് വ്യക്തമായി പറഞ്ഞുകൊടുക്കാന്‍ കഴിയുന്ന വിഷയം വേണം തിരഞ്ഞെടുക്കാന്‍. ലളിതമായി, ആളുകള്‍ക്ക് മനസ്സിലാകുന്നതരത്തില്‍ കാര്യങ്ങള്‍ പറയുക. ചെയ്യുന്ന കാര്യത്തില്‍ അഭിരുചി വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുക. 

അടുത്തതായി ശ്രദ്ധിക്കേണ്ടത് അവതരണമാണ്. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍വേണം കാര്യങ്ങള്‍ അവതരിപ്പിക്കാന്‍. എനിക്കെല്ലാം അറിയാം നിങ്ങളൊക്കെ ശിശു എന്നതരത്തിലാണ് അവതരണമെങ്കില്‍ എത്ര മികച്ച ഉള്ളടക്കമാണെങ്കിലും കാഴ്ചക്കാര്‍ വിട്ടുപോകും. ആദ്യ വ്‌ളോഗ് തയ്യാറാക്കുമ്പോള്‍തന്നെ എച്ച്.ഡി. ക്യാമറയൊന്നും വേണമെന്ന് വാശിപിടിക്കണ്ട. കൈയിലുള്ള പരിമിത സൗകര്യങ്ങള്‍ ഉപയോഗിച്ചുതന്നെ വ്‌ളോഗ് തുടങ്ങാം. വരുമാനം വര്‍ധിക്കുമ്പോള്‍ മികച്ച സാങ്കേതികവിദ്യയിലേക്ക് അപ്ഗ്രേഡ്‌ചെയ്യാം. 

വീഡിയോ അപ്ലോഡ്‌ചെയ്യുന്നതില്‍ സ്ഥിരത പാലിക്കുന്നതാണ് അടുത്തഘട്ടം. ആദ്യ വീഡിയോ ഹിറ്റായിക്കഴിഞ്ഞശേഷം മാത്രം അടുത്തത് ചെയ്യാം എന്ന് വാശിപിടിച്ചിരിക്കുകയൊന്നും വേണ്ട. വീഡിയോ അപ്‌ലോഡ് ചെയ്യുന്നതില്‍ കൃത്യമായ ഇടവേള വയ്ക്കുക. 

വ്‌ളോഗുകളുടെ ദൈര്‍ഘ്യമാണ് ശ്രദ്ധിക്കേണ്ട മറ്റൊരു വിഷയം.  വിനോദ വീഡിയോകള്‍ കാണാന്‍ എത്ര സമയം വേണമെങ്കിലും കാഴ്ച്ചക്കാര്‍ തയ്യാറാണ്. എന്നാല്‍ ഇന്‍ഫര്‍മേഷന്‍ വ്‌ളോഗുകളില്‍ വിവരമറിഞ്ഞ് എത്രയും പെട്ടെന്ന് പോകാനാണ് കാഴ്ച്ചക്കാര്‍ ആഗ്രഹിക്കുന്നത്. ഇതുകൂടാതെ പകര്‍പ്പവകാശമുള്ള സംഗീതം, ചിത്രങ്ങള്‍ എന്നിവ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുക. ഇക്കാര്യങ്ങളൊക്കെ ഓര്‍ത്തുവച്ചാല്‍ നിങ്ങള്‍ക്കും ഒരു സ്റ്റാര്‍ വ്‌ളോഗറാകാം അപ്പോള്‍ എങ്ങനെയാ... തുടങ്ങുകയല്ലേ?

''വ്ളോഗിങ് തിരഞ്ഞെടുത്തതുവഴി ഒരുപാടുപേരുടെ സ്‌നേഹം എനിക്ക് കിട്ടി. ആദ്യമായി കാണുന്നവര്‍പോലും സ്വന്തം വീട്ടിലുള്ള ഒരാളോടെന്നപോലെയാണ് സംസാരിക്കുന്നത്. അതാണ് ഏറ്റവും വലിയ കാര്യം. പണം മാത്രം ആഗ്രഹിച്ച് ഈ മേഖലയിലേക്ക് വരരുത്. നമുക്ക് ഇഷ്ടമുള്ള മേഖല തിരഞ്ഞെടുത്ത് അത് ആസ്വദിച്ച് ചെയ്യുക. വിജയം ഉറപ്പാണ്.''
-ഉണ്ണിമായ (സിംപ്ലി മൈ സ്റ്റൈല്‍ ഉണ്ണി വ്ളോഗ്)

thozhil

Content Highlights: Vlogging: One of best profession to earn money in the world of internet, Vlogging Tips