അഫ്ഗാന്‍ യുദ്ധത്തിന്റെ ചരിത്രവും വര്‍ത്തമാനവും


ഡോ. പി.ജെ. വിന്‍സെന്റ്

20 വര്‍ഷത്തിനുശേഷം അമേരിക്കയും സഖ്യകക്ഷികളും അഫ്ഗാനിസ്താനില്‍നിന്ന് സൈനികരെ പൂര്‍ണമായും പിന്‍വലിക്കുകയാണ്. അധിനിവേശംകൊണ്ട് താലിബാനെ ഭരണത്തില്‍ നിന്നകറ്റാന്‍ കഴിഞ്ഞെങ്കിലും പൂര്‍ണമായി കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞില്ല. ഇനിയുള്ള 'സമാധാനം' ആ രാജ്യവും അയല്‍രാജ്യങ്ങളുംകൂടി കാത്തുകൊള്ളട്ടെ എന്ന നിലപാടാണ് ഇപ്പോള്‍ അമേരിക്കയ്ക്ക്. അഫ്ഗാന്‍ യുദ്ധത്തിന്റെ ചരിത്രവും വര്‍ത്തമാനവും പരിശോധിക്കാം...

പ്രതീകാത്മക ചിത്രം | Photo: gettyimages.in

2001 സെപ്റ്റംബര്‍ 11-ന് അമേരിക്കയില്‍ അല്‍ഖ്വയ്ദാ ഭീകരര്‍ നടത്തിയ ആക്രമണപരമ്പരയ്ക്ക് തിരിച്ചടി നല്‍കാന്‍ അമേരിക്കയും നാറ്റോ സൈനികസഖ്യവും 2001 ഒക്ടോബര്‍ 7-ന് അഫ്ഗാനിസ്താനില്‍ ആരംഭിച്ച യുദ്ധം ഇപ്പോഴും തുടരുകയാണ്. 1996 മുതല്‍ 2001 വരെ നീണ്ട താലിബാന്‍ ഭരണം ഈ യുദ്ധത്തിന്റെ ഭാഗമായി അവസാനിപ്പിക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞു. 1996-ല്‍ താലിബാന്‍ സ്ഥാപിച്ച 'ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന്‍' ചരിത്രമായി. 2001-ല്‍ ബേണില്‍ നടന്ന അന്താരാഷ്ട്ര ഉച്ചകോടിയുടെ ഭാഗമായി ഹമീദ് കര്‍സായിയുടെ നേതൃത്വത്തില്‍ അഫ്ഗാനിസ്താനില്‍ താത്കാലിക ഗവണ്‍മെന്റ് സ്ഥാപിക്കപ്പെട്ടു. 2004-ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ താലിബാന്‍വിരുദ്ധ, ജിഹാദിവിരുദ്ധ ശക്തികളുടെ പിന്തുണയിലാണ് കര്‍സായി അഫ്ഗാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

MATHRUBHUMI
അഷറഫ് ഘനി

താലിബാന്‍ സര്‍ക്കാര്‍ പുറത്തായെങ്കിലും അല്‍ഖ്വയ്ദ-താലിബാന്‍ ഭീകരസംഘത്തെ ഉന്മൂലനം ചെയ്യാന്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യകക്ഷി രാഷ്ട്രങ്ങള്‍ക്ക് കഴിഞ്ഞില്ല. മാത്രമല്ല, ജനസംഖ്യയില്‍ 48 ശതമാനം വരുന്ന പത്താന്‍ വംശജരുടെ മത-വംശീയ ദേശീയത ഉണര്‍ത്തി രാജ്യത്തിന്റെ തെക്കുകിഴക്കന്‍ മേഖലകളിലും തലസ്ഥാനമായ കാബൂളിന് ചുറ്റുമുള്ള ഗ്രാമങ്ങളിലും നിര്‍ണായകശക്തിയായി തുടരാന്‍ ഇപ്പോഴും അവര്‍ക്ക് കഴിയുന്നുണ്ട്. 2001-ല്‍ ഹമീദ് കര്‍സായി ഭരണകൂടത്തിനും അമേരിക്കന്‍ സഖ്യസേനയ്ക്കുമെതിരേ താലിബാന്‍ ആരംഭിച്ച സായുധപോരാട്ടം ഇപ്പോഴും തുടരുകയാണ്. വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ ഡിഫെന്‍സ് ഓഫ് ഡെമോക്രസീസ് (Foundation for Defence of Democracies) സ്പോണ്‍സര്‍ ചെയ്യുന്ന പ്രോജക്ടായ 'ലോങ് വാര്‍ ജേണല്‍' (LWJ) നല്‍കുന്ന കണക്കനുസരിച്ച് അഫ്ഗാനിസ്താനിലെ 407 ജില്ലകളില്‍ 123 ജില്ലകള്‍ മാത്രമാണ് പൂര്‍ണമായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളത്. 82 ജില്ലകള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. ബാക്കി പ്രദേശങ്ങള്‍ സര്‍ക്കാരിന്റെയും വിവിധ ജിഹാദി സംഘങ്ങളുടെയും ഭാഗികമായ നിയന്ത്രണത്തില്‍ തുടരുന്നു.

അഫ്ഗാന്‍ നാഷണല്‍ ആര്‍മിക്കും അഫ്ഗാന്‍ നാഷണല്‍ പോലീസിനും സംയുക്തമായി 2,73,000 സേനാംഗങ്ങളുണ്ട്. ഇതോടൊപ്പം ലോക്കല്‍ പോലീസിന്റെ ഭാഗമായി 20,000 പൗരസേനയുമുണ്ട്. നാറ്റോ സഖ്യസേനയുടെ പിന്‍ബലമുണ്ടായിട്ടും അഫ്ഗാന്‍സേനയ്ക്ക് താലിബാനെ പ്രതിരോധിക്കാന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം. പ്രസിഡന്റ് അഷ്റഫ് ഘനി ജനുവരി 2019-ല്‍ നല്‍കിയ കണക്കനുസരിച്ച് 2014 സെപ്റ്റംബറിനും 2018 ഡിസംബറിനുമിടയില്‍ 45,000-ത്തോളം സൈനികരും പോലീസുകാരുമാണ് കൊല്ലപ്പെട്ടത്. 2019-നുശേഷം മരണനിരക്ക് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നുമില്ല. 60,000-ത്തോളം മുഴുവന്‍സമയ പോരാളികളാണ് താലിബാനുള്ളത്. പിന്തുണക്കാരും സീസണല്‍ പോരാളികളുമായി 90,000-ത്തോളംപേര്‍ താലിബാനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍സേനയുടെയും നാറ്റോ സഖ്യസേനയുടെയും നിരന്തരമായ നിരീക്ഷണത്തിലായിരുന്നിട്ടും മത-വംശീയ ഘടകങ്ങളും പ്രാദേശിക പ്രത്യേകതകളും നിമിത്തം താലിബാന്‍ അതിന്റെ സ്വാധീനമേഖലകള്‍ നിലനിര്‍ത്തുകയും പരിമിതമായ തോതിലാണെങ്കിലും വിപുലപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

അമേരിക്കയുടെ അഫ്ഗാന്‍ നയം

Mathrubhumi
ഹമീദ് കര്‍സായി

2009 മുതല്‍ 2017 വരെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക്ക് ഒബാമ, പരിമിതമായ ബലപ്രയോഗവും നയതന്ത്ര ഇടപെടലുകളും സമം ചേര്‍ത്ത നയമാണ് അഫ്ഗാന്റെ കാര്യത്തില്‍ പിന്തുടര്‍ന്നത്. സൈനികരുടെ എണ്ണം തുടര്‍ച്ചയായി കുറച്ചുകൊണ്ടുവന്ന് അഫ്ഗാനിസ്താനില്‍നിന്ന് പൂര്‍ണമായും പിന്‍വാങ്ങുക എന്നതായിരുന്നു ഒബാമയുടെ പദ്ധതി. 2011 മേയ് 2-ന് പാകിസ്താനിലെ അബോട്ടാബാദില്‍ ഒളിച്ചുകഴിഞ്ഞ ബിന്‍ ലാദനെ 'ഓപ്പറേഷന്‍ നെപ്റ്റിയൂണ്‍ സ്പിയര്‍' എന്ന് പേരിട്ട ആക്രമണത്തിലൂടെ അമേരിക്കന്‍ സീലുകള്‍ (SEAL Team Six) കൊലപ്പെടുത്തിയതോടെ 'അഫ്ഗാന്‍ മിഷന്‍' അവസാനിച്ചു എന്നായിരുന്നു ഒബാമ ടീമിന്റെ നിലപാട്. ലക്ഷ്യം കൈവരിച്ചതിനാല്‍ അമേരിക്കന്‍ സൈന്യം തുടര്‍ന്നും അഫ്ഗാനിസ്താനില്‍ തുടരുന്നതില്‍ ന്യായമില്ല എന്നതായിരുന്നു പൊതുവീക്ഷണം. ഇതിന്റെ ഭാഗമായി 2014 അവസാനത്തോടെ അഫ്ഗാനിസ്താനില്‍ 'combat mission' അവസാനിപ്പിക്കാന്‍ ഒബാമ തീരുമാനിച്ചിരുന്നു. എന്നാല്‍ താലിബാന്‍ തിരിച്ചുവരവിന്റെ പാതയിലായതോടെ 2016 അവസാനംവരെ അമേരിക്കന്‍സൈന്യം തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 8400 സൈനികരെ സ്ഥിരമായി നിലനിര്‍ത്താനും സൈനികനടപടികള്‍ തുടരാനും തീരുമാനമായി.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉദയം ഒബാമയുടെ നയമാറ്റത്തിന് കാരണമായിട്ടുണ്ട്. 'ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് താലിബാന്‍', 'ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ്, സിറിയ & ഖൊറാസാന്‍', 'ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാന്‍ പ്രൊവിന്‍സ്' എന്നീ പേരുകളിലറിയപ്പെടുന്ന അഫ്ഗാന്‍ ഐ.എസ്. 2015 ജനുവരി 26-നാണ് പ്രഖ്യാപിക്കപ്പെട്ടത്. തെഹ്രീക് ഇ താലിബാന്‍ എന്നറിയപ്പെടുന്ന പാക് താലിബാനാണ് അഫ്ഗാന്‍ ഐ.എസിന്റെ മാതൃസംഘടന. ഹഖാനി ഭീകരശൃംഖല, ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഉസ്ബെകിസ്താന്‍, ജമാ അത്ത് ഉന്‍ അഹ്നാര്‍ എന്നീ തീവ്രവാദ, ഭീകര സംഘങ്ങളും അഫ്ഗാന്‍ ഐ.എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. തുടക്കത്തില്‍ ഐ.എസും താലിബാനും സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ പാക് താലിബാന്‍ നേതാവും അഫ്ഗാന്‍ ഐ.എസിന്റെ സ്ഥാപകനുമായ ഹഫീസ് സയ്യിദ് ഖാന്‍ 2016 ജൂലായില്‍ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ അഫ്ഗാന്‍ ഐ.എസ്. ദുര്‍ബലമാവുകയും താലിബാനുമായുള്ള ബന്ധം ശിഥിലമാവുകയും ചെയ്തു. അഫ്ഗാന്‍ ഐ.എസ്.താലിബാന്‍ സംഘട്ടനങ്ങള്‍ തുടര്‍ക്കഥയായി. വസീരിസ്താന്‍, കാണ്ഡഹാര്‍ മേഖലകളില്‍ 2016-ല്‍ മാത്രം 12 മേജര്‍ ഏറ്റുമുട്ടലുകള്‍ ഇരുസംഘങ്ങളും തമ്മിലുണ്ടായി.

പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐ.യുമായി നേരിട്ട് ബന്ധമുള്ളതും അന്താരാഷ്ട്ര ജിഹാദി പ്രസ്ഥാനങ്ങളുമായി സാഹോദര്യം പുലര്‍ത്തുകയും ചെയ്യുന്ന അഫ്ഗാന്‍ ഐ.എസിനെ താലിബാനെക്കാള്‍ അപകടകാരികളായ ഭീകരസംഘമായാണ് ഒബാമ ഭരണകൂടം കണ്ടത്. അഫ്ഗാന്‍ ദേശീയതയോട് ചേര്‍ന്നുനില്‍ക്കുന്ന പത്താന്‍ ദേശീയതയും ആഭ്യന്തര മത വംശീയ താത്പര്യങ്ങളുമാണ് താലിബാനെ നയിക്കുന്നത്. അതിനാല്‍ അഫ്ഗാന്‍ പ്രശ്‌നപരിഹാരത്തിന് താലിബാനുമായി ചര്‍ച്ചയാകാം എന്ന നിലപാട് ഒബാമ സ്വീകരിച്ചു. ഈ ദിശയില്‍ ശരിയായ പദ്ധതികള്‍ നടപ്പിലാക്കാന്‍ പക്ഷേ, അദ്ദേഹത്തിന് കഴിഞ്ഞില്ല.

ട്രംപിന്റെ നയങ്ങള്‍

2017-ല്‍ അധികാരത്തില്‍ വന്ന ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ചകള്‍ക്ക് പകരം സായുധപരിഹാരമാണ് തന്റെ നയമെന്ന് പ്രഖ്യാപിച്ചു. ''2011-ല്‍ ഇറാഖില്‍നിന്ന് അമേരിക്കന്‍ സേന പിന്മാറിയതിന്റെ ഫലമായി ഐ.എസ്. ഭീകരര്‍ ഇറാഖ് കീഴടക്കി. ഇത്തരമൊരു സാഹചര്യം അഫ്ഗാനിസ്താനില്‍ ആവര്‍ത്തിക്കില്ല'' എന്ന് ട്രംപ് വ്യക്തമാക്കി. ഇതിന്റെ തുടര്‍ച്ചയായി 5000 സൈനികരെക്കൂടി അദ്ദേഹം അഫ്ഗാനിസ്താനില്‍ വിന്യസിക്കുകയും ചെയ്തു. പ്രാദേശികമായ പ്രത്യേകതകള്‍ പരിഗണിക്കാതെ ആയുധബലത്തില്‍ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതിലെ അപ്രായോഗികത ബോധ്യപ്പെട്ടതോടെ 2018 ജൂലായില്‍ താലിബാന്‍ പ്രതിനിധികളുമായി ദോഹയില്‍വെച്ച് അമേരിക്കന്‍ പ്രതിനിധികള്‍ രഹസ്യ കൂടിക്കാഴ്ച നടത്തി. ഇതേത്തുടര്‍ന്ന് സമാരംഭം കുറിച്ച യു.എസ്.-താലിബാന്‍ സമാധാനപ്രക്രിയ ഇപ്പോഴും തുടരുകയാണ്.

2020 ഫെബ്രുവരി 29-ന് ഒപ്പിട്ട യു.എസ്.-താലിബാന്‍ സമാധാനക്കരാര്‍ അഫ്ഗാന്‍ പ്രശ്‌നപരിഹാരത്തിലെ ശ്രദ്ധേയമായ കാല്‍വയ്പായിരുന്നു. ഘട്ടംഘട്ടമായി 14 മാസത്തിനുള്ളില്‍ യു.എസ്.-നാറ്റോ സൈനികഗ്രൂപ്പുകള്‍ അഫ്ഗാനിസ്താനില്‍നിന്ന് സമ്പൂര്‍ണമായി പിന്‍വാങ്ങുമെന്നതാണ് കരാറിലെ മുഖ്യ ധാരണ. അഫ്ഗാന്‍മണ്ണില്‍ നിന്ന് ഗ്രൂപ്പുകളോ വ്യക്തികളോ അമേരിക്കയെയോ സഖ്യശക്തികളെയോ ആക്രമിക്കില്ലെന്ന് താലിബാന്‍ ഉറപ്പുനല്‍കി. മാത്രമല്ല, സെപ്റ്റംബര്‍ 11-ന് ആക്രമണം നടത്തിയ അല്‍ഖ്വയ്ദയുമായി ബന്ധം പുലര്‍ത്തില്ലെന്നും അവര്‍ വ്യക്തമാക്കി. 2020 ജൂണോടെ കരാറിന്റെ ഭാഗമായി 12,000-ല്‍നിന്ന് 8,600 ആയി യു.എസ്.-നാറ്റോ സൈനികരുടെ എണ്ണം കുറച്ചു. ട്രംപ് ഭരണകൂടത്തിന്റെ അവസാനകാലത്ത് സൈനികരുടെ എണ്ണം 2500 ആയി. മാത്രമല്ല, നിരവധി സൈനികത്താവളങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തു.

ജോ ബൈഡന്റെ കാലം

ഒബാമയുടെ അഫ്ഗാന്‍ നയത്തിന്റെ തുടര്‍ച്ചയാണ് ജോ ബൈഡനില്‍ കാണുന്നത്. അഫ്ഗാനിസ്താനില്‍നിന്നുള്ള സൈനിക പിന്മാറ്റത്തിന്റെ അവസാനഘട്ടം മേയ് 1-ന് ആരംഭിച്ച് സെപ്റ്റംബര്‍ 11-ന് മുമ്പായി പൂര്‍ത്തീകരിക്കാനാണ് അമേരിക്കയുടെ പദ്ധതി. 'സേനാ പിന്മാറ്റം അനിവാര്യമാണ്. സമാധാനം വേണ്ടത് അഫ്ഗാനിസ്താനും താലിബാനുമാണ്. അവരാണ് ആ രാജ്യത്ത് ജീവിക്കേണ്ടവര്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ അഫ്ഗാനിസ്താനില്‍ നിലയുറപ്പിക്കേണ്ടിവന്നതാണ്. ഇന്നത്തെ സാഹചര്യം വ്യത്യസ്തമാണ്.' 2021 ഏപ്രില്‍ 15-ന് ജോ ബൈഡന്‍ വ്യക്തമാക്കി. മേഖലയിലെ ഭീകരരുടെ നീക്കങ്ങളില്‍ തങ്ങളുടെ നിതാന്തശ്രദ്ധ എപ്പോഴും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Mathrubhumi
ജോ ബൈഡന്‍

20 വര്‍ഷങ്ങള്‍ക്കുശേഷം യു.എസ്.-അഫ്ഗാന്‍ യുദ്ധം അവസാനിപ്പിക്കുകയാണെന്നും സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തിനുമുമ്പ് മുഴുവന്‍ അമേരിക്കന്‍ സൈനികരെയും പിന്‍വലിക്കുമെന്നും സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ജോ ബൈഡന്‍ തന്റെ അഫ്ഗാന്‍ നയം പ്രഖ്യാപിച്ചത്. ഞങ്ങള്‍ മേഖലയില്‍നിന്ന് പിന്മാറുന്നതിന് പിന്നാലെ അമേരിക്കന്‍ ലക്ഷ്യങ്ങളോ സഖ്യശക്തികളോ ആക്രമിക്കപ്പെട്ടാല്‍ ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന് താലിബാന്‍ മനസ്സിലാക്കണം'- ബൈഡന്‍ പറഞ്ഞു. ഇതോടൊപ്പം റഷ്യ, ഇന്ത്യ, ചൈന, തുര്‍ക്കി, പാകിസ്താന്‍ എന്നീ രാജ്യങ്ങളോട് അഫ്ഗാനിസ്താനുള്ള പിന്തുണ വര്‍ധിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. മേഖലയിലെ വന്‍ശക്തി രാഷ്ട്രങ്ങളായ റഷ്യ, ഇന്ത്യ, ചൈന എന്നിവയും പശ്ചിമേഷ്യയിലെ നിര്‍ണായക ശക്തിയായ തുര്‍ക്കിയും അഫ്ഗാന്‍ സമാധാനം യാഥാര്‍ഥ്യമാക്കാന്‍ തന്ത്രപരമായും സൈനികമായും ഇടപെടണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. അയല്‍രാജ്യമായ പാകിസ്താനോട് സമാധാനപ്രക്രിയയില്‍ പ്രധാന പങ്കുവഹിക്കാന്‍ ആവശ്യപ്പെടുമ്പോഴും ഇറാനെ മാറ്റിനിര്‍ത്തിയത് ശ്രദ്ധേയമാണ്. ചുരുക്കത്തില്‍ അമേരിക്കയും നാറ്റോ സേനയും പിന്മാറുന്ന മുറയ്ക്ക് മേഖലയിലെ ശക്തരായ രാഷ്ട്രങ്ങള്‍ അഫ്ഗാനിസ്താനില്‍ സമാധാനവും സുരക്ഷിതത്വവും യാഥാര്‍ഥ്യമാക്കാന്‍ രംഗത്തിറങ്ങണമെന്നാണ് അമേരിക്കയുടെ താത്പര്യം.

ദോഹ കരാറിന്റെ ഭാഗമായി മേയ് ഒന്നിനുമുമ്പ് എല്ലാ അമേരിക്കന്‍ സൈനികരെയും പിന്‍വലിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം പക്ഷേ, യാഥാര്‍ഥ്യമായില്ല. സേനാ പിന്മാറ്റം വൈകുന്നതില്‍ താലിബാന്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. 'എല്ലാ വിദേശ ശക്തികളും നമ്മുടെ മാതൃരാജ്യത്തുനിന്ന് പൂര്‍ണമായും പിന്മാറുന്നതുവരെ അഫ്ഗാനിസ്താനെക്കുറിച്ച് തീരുമാനമെടുക്കുന്ന ഒരു സമ്മേളനത്തിലും ഇസ്ലാമിക് എമിറേറ്റ് പങ്കെടുക്കില്ല'-താലിബാന്‍ വക്താവ് മുഹമ്മദ് നയിം വര്‍ദക് ട്വീറ്റ് ചെയ്തു. മാത്രമല്ല, സേനാപിന്മാറ്റം വൈകിയാല്‍ സഖ്യസേനാ ലക്ഷ്യങ്ങള്‍ ആക്രമിക്കുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

പ്രശ്‌നങ്ങളും സാധ്യതകളും

മാറിയ സാഹചര്യത്തില്‍ നാറ്റോ അഫ്ഗാന്‍ മിഷന്റെ ഭാഗമായി നിലവിലുള്ള 2500 സൈനികരെയും പൂര്‍ണമായി പിന്‍വലിക്കാന്‍ ബൈഡന്‍ ഭരണകൂടം തയ്യാറാകും എന്ന കാര്യം നിസ്തര്‍ക്കമാണ്. അഫ്ഗാന്‍ യുദ്ധം അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘമായ യുദ്ധമാണ്. 1979-ലെ സോവിയറ്റ് അധിനിവേശത്തോടെ അമേരിക്ക അഫ്ഗാനിസ്താനില്‍ 'യുദ്ധം' ചെയ്തു തുടങ്ങി എന്നതാണ് യാഥാര്‍ഥ്യം. 1992 വരെ ജിഹാദി സംഘങ്ങളോടൊപ്പമായിരുന്നു അവര്‍. 2001 മുതല്‍ ജിഹാദികള്‍ക്കെതിരെ പ്രത്യക്ഷയുദ്ധം ആരംഭിച്ചു. 'ഭീകരതയ്‌ക്കെതിരായ ആഗോളയുദ്ധം' അഫ്ഗാനിസ്താനില്‍ അവസാനിപ്പിച്ച് മടങ്ങുമ്പോള്‍ അമേരിക്കയുടെ 'സൂപ്പര്‍ പവര്‍' പദവിയും ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു. 2014-ല്‍ ഉദയം ചെയ്ത ചരിത്രകാലത്തിലെ ഏറ്റവും നിഷ്ഠുരമായ ഭീകരസംഘങ്ങളില്‍ ഒന്നായ 'ഇസ്ലാമിക് സ്റ്റേറ്റി'നെ ശിഥിലീകരിക്കുന്നതില്‍ അമേരിക്കന്‍ പങ്ക് നിര്‍ണായകമായിരുന്നില്ല. റഷ്യ, ഇറാന്‍, സിറിയ, കുര്‍ദ് പോരാളികള്‍ എന്നിവരുടെ തുടര്‍ച്ചയായ പ്രതിരോധവും പ്രത്യാക്രമണവുമാണ് മുഖ്യമായും ഐ.എസ്സിനെ തകര്‍ച്ചയിലേക്ക് നയിച്ചത്. അഫ്ഗാനിസ്താനിലും അവര്‍ക്ക് ഇനി കാര്യമായി ചെയ്യാനൊന്നുമില്ല.

Mathrubhumi
ദോഹ ഉടമ്പടിയില്‍ ഒപ്പിട്ട ശേഷം യു.എസ്,
പ്രതിനിധികള്‍

അല്‍ക്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് എന്നീ ഭീകരസംഘങ്ങളില്‍നിന്ന് വ്യത്യസ്തമായി സാധാരണക്കാര്‍ക്കിടയില്‍പ്പോലും സ്വാധീനവും പിന്തുണയുമുള്ള പ്രസ്ഥാനമാണ് താലിബാന്‍. അഫ്ഗാനിസ്താനിലെ ഭൂരിപക്ഷവിഭാഗമായ പത്താന്‍കാരുടെ പിന്തുണ അവര്‍ക്കുണ്ട്. ഒരു പത്താന്‍ ദേശീയ പ്രസ്ഥാനമായാണ് താലിബാന്‍ പൊതുവില്‍ പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല, ജനസംഖ്യയില്‍ 87% വരുന്ന സുന്നി മുസ്ലിങ്ങള്‍ ഒരു സുന്നി ഇസ്ലാമിക മതമൗലിക പ്രസ്ഥാനമെന്ന നിലയില്‍ താലിബാനോട് ഏറിയും കുറഞ്ഞും ഐക്യപ്പെടുന്നുണ്ട്. 2001-ല്‍ അധികാരത്തില്‍നിന്ന് പുറത്തായിട്ടും അമേരിക്കന്‍ പിന്തുണയുള്ള കാബൂള്‍ സര്‍ക്കാരിനും സഖ്യസേനയ്ക്കുമെതിരെ 'സിവില്‍ വാര്‍' യാഥാര്‍ഥ്യമാക്കാന്‍ താലിബാനെ പ്രാപ്തമാക്കിയത് മേല്‍സൂചിപ്പിച്ച ഘടകങ്ങളാണ്. ഈ സാഹചര്യത്തിലാണ് താലിബാന് പങ്കാളിത്തമുള്ള സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ശ്രമങ്ങള്‍ യു.എസ്സിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.

ഇന്ത്യയുടെ പിന്തുണ

അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയാല്‍ താലിബാന്റെ സമ്മര്‍ദം അതിജീവിക്കാന്‍ കാബൂള്‍ സര്‍ക്കാരിനാവില്ല. സ്വാഭാവികമായും വന്‍ശക്തികളായ അയല്‍രാജ്യങ്ങളുടെ ഇടപെടലില്‍ സമാധാനവും നിയമവാഴ്ചയും ഉറപ്പുവരുത്തുക മാത്രമാണ് പോംവഴി. ഇക്കാര്യത്തില്‍ നിര്‍ണായകമായ സംഭാവനകള്‍ നല്‍കാന്‍ ശേഷിയുള്ള രാജ്യമാണ് ഇന്ത്യ. അഫ്ഗാന്റെ സാമ്പത്തിക പുനരുജ്ജീവനത്തില്‍ ഇന്ത്യന്‍ സഹായം ശ്രദ്ധേയമാണ്. ഷെയ്ദ മൊഹമ്മദ് അബ്ദാലി 2017 ഏപ്രിലില്‍ പുറത്തുവിട്ട കണക്കുപ്രകാരം അഫ്ഗാനിസ്താന്റെ പുനര്‍നിര്‍മാണത്തില്‍ ഏറ്റവുമധികം സാമ്പത്തികസഹായം നല്‍കുന്ന, മേഖലയിലെ രാജ്യം ഇന്ത്യയാണ്. 200-ലധികം സ്‌കൂളുകള്‍ ഇന്ത്യ നിര്‍മിച്ചിട്ടുണ്ട്. 16,000-ത്തിലധികം അഫ്ഗാന്‍ വിദ്യാര്‍ഥികളെ സ്പോണ്‍സര്‍ ചെയ്യുന്നു. ആയിരത്തിലധികം സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. പൊതുസമൂഹത്തിലും താലിബാന്‍ അടക്കമുള്ള ഭീകരവാദികള്‍ക്കിടയില്‍പ്പോലും ഇന്ത്യന്‍ മിഷന് അംഗീകാരമുണ്ട്. പാകിസ്താന്‍ സ്പോണ്‍സര്‍ ചെയ്യുന്ന അഫ്ഗാന്‍ ഐ.എസ്. മാത്രമാണ് കടുത്ത ഇന്ത്യാ വിരുദ്ധനിലപാട് സ്വീകരിക്കുന്ന സംഘം. പഴയതുപോലെ ജിഹാദി ഭീകരരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ പാകിസ്താന് നിലവില്‍ കഴിയില്ല. അമേരിക്കന്‍ പിന്തുണയും സാമ്പത്തികസഹായവും കുറഞ്ഞതും ആഭ്യന്തര പ്രശ്‌നങ്ങളുമെല്ലാം ഇതിന് കാരണങ്ങളാണ്. മേഖലയിലെ രാഷ്ട്രീയത്തിലേക്ക് റഷ്യ ശക്തമായി തിരിച്ചുവന്നതും അഫ്ഗാനിസ്താനിലെ പാക് ഇടപെടലിനെ ദുര്‍ബലപ്പെടുത്തി. മാറിയ സാഹചര്യത്തില്‍ അഫ്ഗാനിസ്താനില്‍ റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയില്‍ സമാധാനവും ജനാധിപത്യവും സ്ഥിരത നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇറാന്റെ റോള്‍

അഫ്ഗാന്‍ സമാധാന പ്രക്രിയയില്‍നിന്ന് ഇറാനെ മാറ്റിനിര്‍ത്തുന്നത് ഒട്ടും ആശാസ്യമല്ല. പശ്ചിമേഷ്യയില്‍ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് ഷിയ-സുന്നി പോരാട്ടത്തിന്റെ പശ്ചാത്തലമുണ്ട്. അഫ്ഗാനിസ്താനിലേക്കും ഇത് വ്യാപിക്കുന്നതിന്റെ സൂചനയാണ് കാബൂളിലെ സായിദ് ഉല്‍ ഷുഹാദ ഹൈസ്‌കൂളിന് സമീപമുണ്ടായ സ്‌ഫോടനം. 2021 മേയ് 8-ന് പടിഞ്ഞാറന്‍ കാബൂളില്‍ ഷിയ വിശ്വാസികളായ ഹസാരകളുടെ മേഖലയിലാണ് കാര്‍ബോംബ് സ്‌ഫോടനം ഉണ്ടായത്. ബോംബ് സ്‌ഫോടനത്തോടൊപ്പം റോക്കറ്റ് ആക്രമണവുമുണ്ടായെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. മരണം സ്ഥിരീകരിച്ച 85 പേരില്‍ ബഹുഭൂരിപക്ഷവും 11-നും 15-നുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ്.

രാജ്യത്തെ ജനസംഖ്യയില്‍ 9 ശതമാനം വരുന്ന മംഗളോയ്ഡ് വംശജരായ ഹസാരകള്‍ ഷിയാ വിശ്വാസികളാണ്. ഇവര്‍ തുടര്‍ച്ചയായി സുന്നി ഭീകരരുടെ ആക്രമണങ്ങള്‍ക്ക് വിധേയമാവുകയാണ്. ഇറാന്റെ പിന്തുണയില്‍ ഒരു 'ഷിയാ പ്രതിരോധം' അഫ്ഗാനിസ്താനില്‍ വളര്‍ന്നുവരുന്നതിന്റെ സൂചനകള്‍ 2016 മുതല്‍ ലഭ്യമാണ്. വംശീയ സംഘര്‍ഷങ്ങള്‍ക്കൊപ്പം ഷിയ-സുന്നി സംഘര്‍ഷം കൂടി വ്യാപിക്കുന്നത് അഫ്ഗാന്‍ സമാധാന പ്രക്രിയയെ അപകടപ്പെടുത്തും. ഈ സാഹചര്യത്തില്‍ അധിനിവേശാനന്തര അഫ്ഗാനിസ്താനില്‍ സമാധാനത്തിനും പുനര്‍നിര്‍മാണത്തിലും ഇറാന്റെ സാന്നിധ്യം അത്യന്തം അഭിലഷണീയമാണ്.

അമേരിക്കന്‍ പിന്മാറ്റം അഫ്ഗാനിസ്താനില്‍ സമാധാനം കൊണ്ടുവരുമെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. എന്നാല്‍, വിദേശസൈന്യങ്ങളുടെ അസാന്നിധ്യവും നിരന്തര യുദ്ധവും അവസാനിക്കുന്നത് കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറാന്‍ സര്‍ക്കാരിനെയും താലിബാന്‍ അടക്കമുള്ള സംഘടനകളെയും നിര്‍ബന്ധിതരാക്കും എന്ന കാര്യം നിസ്സംശയമാണ്. വിദേശസൈന്യത്തിന്റെ നിഴലില്‍, മുകളില്‍നിന്ന് കെട്ടിയിറക്കുന്ന ജനാധിപത്യം മൂപ്പെത്താതെ കൊഴിഞ്ഞുപോയ അനുഭവമാണ് ചരിത്രം നല്‍കുന്നത്.

(മാതൃഭൂമി ജി.കെ. ആന്‍ഡ് കറന്റ് അഫയേഴ്‌സ് മാസിക, 2021 ജൂണ്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: US army withdraws from Afghanistan, Taliban, Terrorism

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented