അനൂപ് വളാഞ്ചേരി | Photo: Special Arrangement
സംസ്‌കൃതം എന്നു കേട്ടാല്‍ കടിച്ചാല്‍ പൊട്ടാത്ത വിഷയം എന്നാകും നമ്മുടെ മനസിലേക്ക് ആദ്യമെത്തുക. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പലരും ഈ വിഷയം ഫസ്റ്റ് ലാംഗ്വേജ് ആയി എടുക്കാന്‍ മടിക്കും. അത് പഠിച്ചെടുക്കാനുള്ള പെടാപ്പാട് തന്നെയാകും അങ്ങനെയൊരു തീരുമാനത്തിന് പിന്നില്‍. എന്നാല്‍ വളാഞ്ചേരിക്കാരനായ അനൂപ് പഠിച്ചത് മുഴുവന്‍ സംസ്‌കൃതമാണ്. ചെങ്കല്‍ ക്വാറികളില്‍ ചെത്തിയെടുക്കുന്ന കല്ലുകള്‍ തലച്ചുമടായി ലോറികളിലെത്തിക്കുന്ന അനൂപിന് മുന്നില്‍ സംസ്‌കൃത പഠനമൊന്നും ഒരു ബാലികേറാമലയായിരുന്നില്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി പലവിധ കൂലിപ്പണികളെടുത്ത് തഴമ്പിച്ച കൈകളില്‍ സംസ്‌കൃതത്തിലെ ഓരോ അക്ഷരവും എളുപ്പത്തില്‍ വഴങ്ങി. ഒടുവില്‍ കല്ല് ചെത്തി പടുത്തെടുക്കുന്നതുപോലെ തന്റെ അക്കാദമിക് കരിയറും അനൂപ് പടുത്തുയര്‍ത്തി. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി വിജയകരമായി പൂര്‍ത്തിയാക്കിയ അനൂപിന്റെ പേരിനൊപ്പം ഇനി ഡോക്ടറേറ്റ് എന്ന പദവി കൂടിയുണ്ടാകും.
സമാന്തര രേഖയായ പഠനവും തൊഴിലും
മലപ്പുറം ജില്ലയിലെ എടയൂര്‍ പഞ്ചായത്തിലെ മനയ്ക്കല്‍പ്പടിയിലെ ഒരു ദളിത് കുടുംബത്തിലാണ് അനൂപ് ജനിച്ചത്. കൂലിപ്പണിക്കാരനായ അച്ഛനും വീട്ടമ്മയായ അമ്മയ്ക്കും അഞ്ച് സഹോദരങ്ങള്‍ക്കുമൊപ്പമായിരുന്നു ജീവിതം. പാട്ടത്തിനെടുത്ത് കൃഷി ചെയ്തും പലതരത്തിലുള്ള കൂലിപ്പണി എടുത്തുമായിരുന്നു അച്ഛന്‍ ചാത്തപ്പന്‍ കുടുംബം നോക്കിയിരുന്നത്. നിത്യച്ചെലവിനുള്ള പണം പോലും കണ്ടെത്താന്‍ ബുദ്ധിമുട്ടായതിനാല്‍ പത്താം ക്ലാസിനപ്പുറമുള്ള വിദ്യാഭ്യാസമൊന്നും അവര്‍ സ്വപ്‌നം കണ്ടിരുന്നില്ല.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീട്ടിലെ കുട്ടികളെല്ലാം പത്താം ക്ലാസ് പഠനം കഴിഞ്ഞാല്‍ പിന്നീട് വീട് നോക്കാനുള്ള തത്രപ്പാടിലേക്ക് ഇറങ്ങും. ബസ്സില്‍ ക്ലീനറായും സിമന്റ് തേപ്പു സഹായിയായും ബേക്കറികളില്‍ ജ്യൂസ് അടിച്ചുമെല്ലാം അവര്‍ ജീവിതത്തെ നേരിടും. അനൂപിന്റെ സഹോദരനും പത്താം ക്ലാസ് പഠനത്തിന് ശേഷം അച്ഛനോടൊപ്പം ഇതുപോലെ ഒരു കൂലിപ്പണിക്കിറങ്ങി. ബിഎച്ച്എസ്എസ് മാവണ്ടിയൂരിലെ പത്താം ക്ലാസായിരുന്നു ചേച്ചിമാരുടേയും വിദ്യാഭ്യാസ യോഗ്യത. എന്നാല്‍, അനൂപ് വഴിമാറി നടന്നു. ജോലിക്കൊപ്പം പഠനവും എങ്ങനെയെങ്കിലും മുന്നോട്ടു കൊണ്ടുപോകണം എന്നാണ് ആ പത്താം ക്ലാസുകാരന്‍ ആഗ്രഹിച്ചത്.
മാവണ്ടിയൂര്‍ സ്‌കൂളിലെ പ്ലസ്ടു പഠനത്തിന് ശേഷം ഡിഗ്രിക്ക് പട്ടാമ്പി കോളേജില്‍ ചേര്‍ന്നു. സാമ്പത്തിക ശാസ്ത്രമായിരുന്നു വിഷയം. അവധി ദിവസങ്ങളിലെല്ലാം ജോലിക്ക് പോയാണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ തേപ്പ് പണിക്കും തെങ്ങിന്‍ തോട്ടം കിളയ്ക്കാനുമെല്ലാം പോയി. അതില്‍നിന്ന് കിട്ടുന്ന പൈസ വീട്ടിലെ ആവശ്യങ്ങള്‍ക്കും പഠനച്ചിലവിനുമായി ഉപയോഗിച്ചു.
പട്ടാമ്പി കോളേജിലെ 'കിച്ചു'
പട്ടാമ്പി കോളേജിലെ സുഹൃത്തുക്കളോട് അനൂപിനെ അന്വേഷിച്ചാല്‍ അവര്‍ കൈമലര്‍ത്തും. കാരണം അവര്‍ക്കിടയില്‍ അനൂപ് 'കിച്ചു' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ ഓമനപ്പേരിന് പിന്നിലും ഒരു അധ്വാനത്തിന്റെ കഥയുണ്ട്. ഒന്നിന്റേയും മുന്‍നിരയില്‍ അനൂപ് ഉണ്ടാകില്ല. എല്ലാത്തിന്റേയും പിന്നില്‍, ഏറ്റവും പ്രയാസപ്പെട്ട ജോലി എവിടെയാണോ ഉള്ളത് അവിടെ ആയിരിക്കും എപ്പോഴും ഉണ്ടാകുക. അത്തരത്തില്‍ എന്‍എസ്എസ് ക്യാമ്പിന് ഇടയില്‍ അടുക്കളിലായിരുന്നു അനൂപിന് മുഴുവന്‍ സമയവും ഡ്യൂട്ടി.
സഹപാഠികള്‍ക്ക് ഭക്ഷണമൊരുക്കാന്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അനൂപ് ഓടിനടക്കും. 'അവനുണ്ടെങ്കില്‍ ഭക്ഷണത്തിന്റെ കാര്യം പിന്നെ നോക്കേണ്ടെ'ന്ന് സഹപാഠികള്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയും. ഇങ്ങനെ 'കിച്ചണ്‍ ചുമതല ' സ്ഥിരമായി ഏറ്റെടുത്തതു കൊണ്ട് കൂട്ടുകാര്‍ അവന് നല്‍കിയ ഓമനപ്പേരാണ് 'കിച്ചു. എന്‍എസ്എസ് ക്യാമ്പിലെ കിച്ചണ്‍ ചുമതല അനൂപ് സ്വയം ഏറ്റെടുക്കുകയായിരുന്നു. ഭക്ഷണം പാചകം ചെയ്യുമ്പോഴുള്ള ആനന്ദവും അതിന് ഒരു കാരണമായിരുന്നു.
മൂന്ന് വര്‍ഷം ഇടവേള
ഡിഗ്രിക്ക് ശേഷം അനൂപ് മുഴുവന്‍ സമയ കൂലിപ്പണിക്കാരനായി മാറി. വീട്ടിലെ സാഹചര്യവും എന്തു പഠിക്കണമെന്ന് പറഞ്ഞുകൊടുക്കാന്‍ ആരുമില്ലാത്തതിനാലും ജോലി എന്നത് അല്ലാതെ മറ്റൊരു വഴിയുണ്ടായിരുന്നില്ല. ആ സമയത്ത് മുഴുവനായും ചെങ്കല്‍ ക്വാറിയിലെ ലോഡിങ് തൊഴിലാളിയായി മാറി. കോളേജിലെ നീണ്ട വരാന്തകള്‍ക്ക് പകരം ചെങ്കല്ലിന്റെ പൊടി നിറഞ്ഞ വഴികളിലൂടെയായി അനൂപിന്റെ യാത്ര.
പുലര്‍ച്ചെ നാല് മണിക്ക് വീട്ടില്‍നിന്ന് ഇറങ്ങും. ക്വാറിയില്‍നിന്ന് കല്ല് ലോറിയില്‍ കയറ്റി വിവിധ പ്രദേശങ്ങളില്‍ കൊണ്ടുകൊടുക്കും. താനൂര്‍, തിരൂര്‍, ഒറ്റപ്പാലം തുടങ്ങി ഒരുപാട് സ്ഥലങ്ങളില്‍ കല്ലുമായി പോയി. 'ചില ദിവസങ്ങളില്‍ വീട്ടുകാരെ പോലും കാണാറില്ല. അവര്‍ ഉണരുന്നതിന് മുമ്പ് നമ്മള്‍ പോകും. വരുമ്പോഴേക്കും അവര്‍ ഉറങ്ങിയിട്ടുണ്ടാകും. ഭക്ഷണം ടേബിളില്‍ എടുത്തുവെച്ചിട്ടുണ്ടാകും. കുറേ ദിവസങ്ങള്‍ അങ്ങനെയായിരുന്നു ജീവിതം.' അനൂപ് പറയുന്നു.
ഇങ്ങനെയൊരു യാത്രക്കിടയിലാണ് പട്ടാമ്പി കോളേജില്‍ പഠിപ്പിച്ചിരുന്ന സത്യന്‍ മാഷിന്റെ വീട്ടില്‍ അനൂപ് പോകുന്നത്. അവിടെ വീടിന്റെ പണി നടക്കുന്നുണ്ടായിരുന്നു. അവിടേക്ക് കല്ല് ഇറക്കാന്‍ ചെല്ലാന്‍ മാഷ് തന്നെയാണ് അനൂപിനെ വിളിച്ചുപറഞ്ഞത്. ആ യാത്ര ജീവിതത്തിലെ വഴിത്തിരിവായി.
'ഞാന്‍ വണ്ടിയിലാണെന്നും ജോലിക്ക് പോകാ എന്നും മാഷ്‌ക്ക് അറിയാം. വീടുപണി ആയപ്പോ കല്ലിനായി എന്നെ വിളിച്ചു. അവിടെ ലോഡ് ഇറക്കിയ ശേഷം മാഷ് കുറേ കാര്യങ്ങള്‍ സംസാരിച്ചു. ഇങ്ങനെ ലോഡിങ്ങിന് പോയിട്ട് കാര്യമില്ല. പഠിക്കണം എന്നൊക്കെ പറഞ്ഞു. പിജിക്ക് തിരുനാവായയില്‍നിന്ന് വിളിച്ച കാര്യവും പറഞ്ഞു.' അനൂപ് പറയുന്നു.
അന്ന് മാഷുടെ വീട്ടില്‍ നിന്ന് തിരിച്ചുള്ള യാത്രക്കിടെ ലോറിയിലിരുന്ന് അനൂപ് ആലോചിച്ചത് മുഴുവന്‍ നിലച്ചുപോയ പഠനം തുടരുന്നതിനെ കുറിച്ചായിരുന്നു. വീട്ടിലെത്തിയപ്പോഴേക്കും പിജിക്ക് ജോയിന്‍ ചെയ്യും എന്നുള്ള കാര്യം അനൂപ് മനസിലുറപ്പിച്ചിരുന്നു. പഠിക്കാന്‍ താത്പര്യം ചരിത്രം ആയിരുന്നു. എന്നാല്‍, തിരുനാവായയിലുള്ള കാലടി സംസ്‌കൃത സര്‍വകലാശാലയുടെ പ്രാദേശിക കേന്ദ്രത്തില്‍ ചരിത്രവും മലയാളവുമെല്ലാം അഡ്മിഷന്‍ പൂര്‍ത്തിയായിരുന്നു. പിന്നെ അവശേഷിക്കുന്നത് സംസ്‌കൃതം മാത്രമായിരുന്നു. ഒടുവില്‍ സത്യന്‍ മാഷിനെ തന്നെ അനൂപ് വിളിച്ചു. എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു. സംസ്‌കൃതം സാഹിത്യം എടുക്കാനായിരുന്നു മാഷുടെ ഉപദേശം. അങ്ങനെ ഇംഗ്ലീഷില്‍ എന്‍ട്രന്‍സ് എഴുതി പിജി സംസ്‌കൃത സാഹിത്യത്തില്‍ അനൂപ് പ്രവേശനം നേടി.
.jpeg?$p=c0942e9&&q=0.8)
മാലാഖയെപ്പോലെ വന്ന ജയന്തി ടീച്ചര്‍
ഡിഗ്രി വരെ സംസ്‌കൃതവുമായി ഒരു വിദൂരബന്ധം പോലും ഇല്ലാതിരുന്ന അനൂപ് ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടിയെപ്പോലെയാണ് തിരുനാവായ കോളേജിലെത്തിയത്. സംസ്‌കൃതത്തിലെ അക്ഷരങ്ങള്‍ പോലും അറിയാത്തതിനാല്‍ ആകെ അങ്കലാപ്പിലായിരുന്നു. എന്തുചെയ്യണം എന്ന് അറിയാത്ത അവസ്ഥ. എന്നാല്‍ പ്രാദേശിക കേന്ദ്രത്തിലെ ഹെഡ് ആയിരുന്ന ഡോ. സി.കെ. ജയന്തി ടീച്ചര്‍ അനൂപിന് പുതിയ വഴി വെട്ടിക്കൊടുത്തു. അനൂപ് എന്ന വ്യക്തിയെ രൂപപ്പെടുത്തി എടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
ആദ്യം സംസ്‌കൃതം അക്ഷരങ്ങളാണ് പഠിച്ചത്. ടീച്ചര്‍ എല്ലാവിധത്തിലും സഹായിച്ചു. ക്ലാസ് സമയം കഴിഞ്ഞും അനൂപ് കോളേജിലിരുന്ന് പഠിച്ചു. ഹിന്ദി നേരത്തെ അറിയാവുന്നതിനാല്‍ അക്ഷരങ്ങള്‍ വേഗത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞു. രണ്ട് ഭാഷകളും ദേവനാഗരി ലിപിയില്‍ ആയിരുന്നതിനാലാണ് അത് എളുപ്പമായത്.
'എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് ജയന്തി ടീച്ചറോടാണ്. ഇന്നത്തെ അനൂപിനെ രൂപപ്പെടുത്തി എടുത്തത് അവരാണ്. എന്നെ ഒരു മകനെപ്പോലെയണ് കണ്ടത്. വീട്ടില്‍ ആരും പത്താം ക്ലാസിന് അപ്പുറം പഠിക്കാത്തതിനാല്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ഒന്നും പറഞ്ഞു തരാന്‍ ആരുമുണ്ടായിരുന്നില്ല. ടീച്ചര്‍ കൂടെനിന്ന് ഗവേഷണം പൂര്‍ത്തിയാക്കാനും സഹായിച്ചു. ഗവേഷണം പറയുമ്പോള്‍ ടീച്ചറെ പറയാതെ കടന്നുപോകാന്‍ കഴിയില്ല. ടീച്ചര്‍ തന്നെയായിരുന്നു എന്റെ ഗൈഡും.' അനൂപ് പറയുന്നു.
പിജി പഠനത്തിന് ശേഷം കാലടി സര്‍വകലാശാലയില്‍ എന്‍ട്രസ് എഴുതി ഇന്റഗ്രേറ്റഡ് എംഫില്‍ പിഎച്ച്ഡി നേടി. 2014-ലായിരുന്നു അത്. എംഫിലിന് ഗവേഷണ പ്രബന്ധം സമര്‍പ്പിക്കണം. 'നിളാ തീരത്തിന്റെ ശാസ്ത്ര പാരമ്പര്യം' ആയിരുന്നു വിഷയം. പിഎച്ച്ഡിക്ക് വിഷയം 'മലപ്പുറം ജില്ലയുടെ സംസ്‌കൃത പാരമ്പര്യം' ആയിരുന്നു.
സംസ്‌കൃത്തിന്റെ ജനാധിപത്യ സ്വഭാവം
സംസ്‌കൃതം എന്ന് കേള്‍ക്കുമ്പോള്‍ ചില പ്രത്യേക ആളുകള്‍ക്ക് മാത്രം പഠിക്കാന്‍ പറ്റുന്ന, പാരമ്പര്യത്തില്‍ ഉയര്‍ന്ന ജാതിക്കാര്‍ മാത്രമുള്ള ഒരു ഭാഷ എന്ന തരത്തിലാണ് നമ്മുടെ ചിന്തകള്‍ കടന്നുപോകുക. എന്നാല്‍, എല്ലാ ഭാഷയേയും പോലെ സാധാരണക്കാര്‍ക്കും പഠിച്ചെടുക്കാവുന്ന, ജാതിയുടെ വേലിക്കെട്ടുകള്‍ ഒന്നുമില്ലാത്ത, പല മതങ്ങള്‍ ഉള്‍ച്ചേര്‍ന്ന പാരമ്പര്യമുള്ള ഭാഷയാണ് സംസ്‌കൃതം എന്നതായിരുന്നു അനൂപിന്റെ കണ്ടെത്തല്‍.
ഇസ്ലാം മതവിശ്വാസികള്‍ കൂടുതലുള്ള മലപ്പുറത്തിന് എന്ത് സംസ്‌കൃത പാരമ്പര്യം എന്ന രീതിയില്‍ നെറ്റി ചുളിപ്പിച്ചവരുമുണ്ടായിരുന്നു. എന്നാല്‍ ആയുര്‍വേദവുമായി ബന്ധപ്പെട്ട് കിടക്കുന്ന മുസ്ലിം കുടുംബങ്ങളില്‍ അധികപേരും സംസ്‌കൃത്തില്‍ അപാര പാണ്ഡ്യതമുള്ളവരാണെന്ന് ഗവേഷണത്തില്‍ അനൂപ് കണ്ടെത്തി. പെരുങ്ങാട്ടുതൊടി ആയുര്‍വേദ കുടുംബം അതിന് ഒരു ഉദാഹരണമാണ്.
'മോയിന്‍ കുട്ടി വൈദ്യര്‍ സംസ്‌കൃതം കലര്‍ന്ന മലയാളത്തില്‍ മാപ്പിളപ്പാട്ട് എഴുതി. അദ്ദേഹത്തിന്റെ പിതാവ് ഉണ്ണി മമ്മദും സംസ്‌കൃതം പഠിച്ചിട്ടുണ്ട്. തിരുനാവായയിലെ ചങ്ങംപള്ളി കുടുംബവും ഇതുപോലെയാണ്. 19-ാം നൂറ്റാണ്ട് നോക്കുമ്പോള്‍ എല്ലാവര്‍ക്കും പഠിക്കാന്‍ പറ്റുന്ന ജനാധിപത്യ സ്വഭാവം സംസ്‌കൃത്തിനുണ്ടെന്ന് കാണാം.' അനൂപ് പറയുന്നു
കോവിഡ് കാലത്തെ സന്നദ്ധ പ്രവര്‍ത്തനം
2020-ല്‍ കോവിഡ് കേസുകള്‍ കൂടി രാജ്യം മുഴുവന്‍ ഭീതിയിലോടെ കടന്നുപോയ സമയത്തും അനൂപിന്റെ കൈകള്‍ വെറുതെ ഇരുന്നില്ല. എടയൂര്‍ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും പിപിഇ കിറ്റുമണിഞ്ഞ് അനൂപ് ഓടിനടന്നു. മൂന്നു മാസം കമ്യൂണിറ്റി കിച്ചണിലായിരുന്നു പ്രവര്‍ത്തനം. ഹോട്ടലുകളും കടകളും അടച്ച അവസ്ഥയില്‍ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുത്തു.
അതിനു ശേഷം ക്വാറന്റൈന്‍ കേന്ദ്രത്തില്‍ മൂന്ന് മാസമുണ്ടായിരുന്നു. ഒരു അശ്രദ്ധ വന്നാല്‍ ജീവന്‍ പോലും അപകടത്തിലായേക്കുമെന്ന തിരിച്ചറിവോടെയായിരുന്നു ഇത് ഏറ്റെടുത്തത്. കോവിഡ് പോസിറ്റീവ് ആയി വരുന്ന ആളുകള്‍ക്കുവേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുത്തു. ഭക്ഷണം അവര്‍ക്ക് എത്തിച്ചുകൊടുത്തു. അവര്‍ പോയിക്കഴിഞ്ഞ ശേഷം മുറികള്‍ വൃത്തിയാക്കുന്ന ജോലി വരെ ചെയ്തു. പിപിഇ കിറ്റിനുള്ളിലായിരുന്നു ഈ മൂന്ന് മാസത്തേയും ജീവിതം.
നിരാഹാര സമരം
മാതൃഭാഷയുടെ അവകാശ സംരക്ഷണത്തിനായി പോരാടുന്ന മലയാള ഐക്യവേദിയുടെ സമരപ്പന്തലിലും അനൂപ് സാന്നിധ്യം അറിയിച്ചു. പിഎസ്‌സി പരീക്ഷകള്‍ക്ക് മലയാളത്തില്‍ കൂടി ചോദ്യങ്ങള്‍ വേണം എന്ന ആവശ്യം ഉന്നയിച്ച് 2019-ല്‍ നടത്തിയ നിരാഹാര സമരത്തിലാണ് അനൂപ് പങ്കെടുത്തത്.

'ഇംഗ്ലീഷ് സാധാരണക്കാര്‍ക്ക് പെട്ടെന്ന് വായിച്ചെടുക്കാന്‍ കഴിയില്ല. അതിനാലാണ് ന്യൂനപക്ഷ ഭാഷകളിലും പരീക്ഷ വേണം എന്ന ആവശ്യം ഉന്നയിച്ചത്. അന്ന് 16 ദിവസത്തെ നിരാഹാര സമരത്തില്‍ അവസാനത്തെ അഞ്ച് ദിവസം ഞാനും പങ്കാളിയായി.'- അനൂപ് പറയുന്നു.
Content Highlights: the success story of anoop valanchery who earned his doctorate in sanskrit
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..