കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് വഴി ജോലി അവസരങ്ങള്‍ ഉണ്ടോ ?

വീണ, കൊല്ലം

ദേശീയ നിയമ സര്‍വകലാശാലകളുടെ കണ്‍സോര്‍ഷ്യം നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സിലെ (എല്‍എല്‍.എം.) പ്രവേശനത്തിനുള്ള കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) ഫലം അടിസ്ഥാനമാക്കി ചില പൊതുമേഖലാസ്ഥാപനങ്ങള്‍ റിക്രൂട്ട്‌മെന്റ് നടത്താറുണ്ട്.

• ക്ലാറ്റ് 2021ല്‍ യോഗ്യത നേടിയവരെ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍.ടി.പി.സി.), അസിസ്റ്റന്റ് ലോ ഓഫീസറായി തിരഞ്ഞെടുക്കാനുള്ള വിജ്ഞാപനം ഇപ്പോള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 60 ശതമാനം മാര്‍ക്കോടെ (പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 55 ശതമാനം) എല്‍എല്‍.ബി./തത്തുല്യ ബിരുദം വേണം. ബാര്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. വിവരങ്ങള്‍ക്ക്: careers.ntpc.co.in

• പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് 2018ലും 2021ലും ക്ലാറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കി എക്‌സിക്യുട്ടീവ് ട്രെയിനി (ലോ) തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നു.

• 2018 ല്‍ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ബി.എച്ച്.ഇ.എല്‍.) ക്ലാറ്റ് അടിസ്ഥാനമാക്കി ലോ ഓഫീസര്‍ തസ്തികയിലേക്ക് നിയമിച്ചിരുന്നു.

• ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒ.എന്‍.ജി.സി.) ലിമിറ്റഡ്, അസിസ്റ്റന്റ് ലീഗല്‍ അഡ്വൈസര്‍ തസ്തികയിലേക്ക് ക്ലാറ്റ് 2019 യോഗ്യത നേടിയവരെ റിക്രൂട്ട് ചെയ്തിരുന്നു.

• ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐ.ഒ.സി.എല്‍.) ക്ലാറ്റ് 2019 റാങ്ക് പരിഗണിച്ച് ലോ ഓഫീസര്‍ ഗ്രേഡ് ബി (അസിസ്റ്റന്റ് ലോ മാനേജര്‍), ലോ ഓഫീസര്‍ ഗ്രേഡ് എ (ലോ ഓഫീസര്‍) എന്നീ സ്ഥാനങ്ങളിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു.

റിക്രൂട്ട്‌മെന്റിനനുസരിച്ച് മറ്റ് യോഗ്യതാവ്യവസ്ഥകള്‍ ഉണ്ടാകും. പൊതുവേ മൂന്നുവര്‍ഷ എല്‍എല്‍.ബി./അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് നിയമബിരുദം വേണം. യോഗ്യതാ പ്രോഗ്രാം മാര്‍ക്ക്, പ്രായം, ബാര്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയ വ്യവസ്ഥകളും ഉണ്ടാകാം. ചില തിരഞ്ഞെടുപ്പുകളില്‍ പ്രവൃത്തിപരിചയം ആവശ്യപ്പെട്ടിട്ടുണ്ട്.

കരസേനയില്‍ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാവുന്ന ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ (ജെ. എ.ജി.) ബ്രാഞ്ച് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ എന്‍ട്രിക്ക് ക്ലാറ്റ് സ്‌കോര്‍ ബാധകമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജാഗ് 30 കോഴ്‌സ് പ്രവേശനം മുതലാണ് ക്ലാറ്റ് പി.ജി. യോഗ്യത നിര്‍ബന്ധമാക്കിയത്.

Content Highlights: The best job opportunities available through the Common Law Admission Test