താരുണ്യമേനോൻ, അലീഷ ഭാനു
തൃശ്ശൂര്‍: വിദ്യാഭ്യാസരംഗത്ത് അഭിമാനാര്‍ഹമായ നേട്ടങ്ങളുമായി തൃശ്ശൂരില്‍ നിന്നുള്ള രണ്ട് പെണ്‍കുട്ടികള്‍. ഒരാള്‍ ഇവിടെത്തന്നെ ജനിച്ച്, പഠിച്ച് വളര്‍ന്ന് ജര്‍മനിയിലെ പ്രശസ്ത സര്‍വകലാശാലയിലെ ഏറെ പ്രധാനപ്പെട്ട ഗവേഷക പദ്ധതിയിലേയ്ക്ക്. രണ്ടാമത്തെയാള്‍ ദുബായിലും ഡല്‍ഹിയിലുമായി പഠനം പൂര്‍ത്തിയാക്കി ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ഉപരിപഠനം നടത്തവേ 41 ലക്ഷം രൂപയുടെ ക്വാഡ് ഫെല്ലോഷിപ്പും സ്വന്തമാക്കിയിരിക്കുന്നു. അലീഷ ഭാനുവിനേയും താരുണ്യമേനോനെയും അവരുടെ നേട്ടങ്ങളേയും കുറിച്ചറിയാം.
അലീഷ പറന്നു, പറവകളുടെ ദിശാശാസ്ത്രം തേടി
സ്‌കൂളില്‍ പഠിക്കുമ്പോഴേ അലീഷ ഭാനുവിനൊരു സ്വപ്നമുണ്ടായിരുന്നു, ഒരു ശാസ്ത്രജ്ഞയാവണം. അലീഷയുടെ സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നു. ജര്‍മനിയിലെ ഓള്‍ഡന്‍ബര്‍ സര്‍വകലാശാലയില്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷന്‍ റിസര്‍ച്ചിന്റെയടക്കം നേതൃത്വത്തില്‍ നടക്കുന്ന ഗവേഷണ പദ്ധതിയിലേയ്ക്കാണ് തൃശ്ശൂര്‍ വെള്ളാനിക്കര സ്വദേശി അലീഷ ഭാനുവിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ലോകത്തെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള നൂറിലധികം പേരില്‍ നിന്നാണ് അലീഷ തിരഞ്ഞെടുക്കപ്പെട്ടത്.
ദേശാടനപക്ഷികളുടെ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ നീളുന്ന യാത്രയെക്കുതകുന്ന കഴിവുകളുടെ ഉറവിടം കണ്ടെത്തുകയും ഇതേപ്രവര്‍ത്തനം പരീക്ഷണശാലയില്‍ സൃഷ്ടിച്ചെടുക്കുന്നതിനും വേണ്ടിയാണ് ഗവേഷണം. ഭൂമിയുടെ കാന്തിക മണ്ഡലത്തിലെ ജൈവ-ഭൗതീക വ്യതിയാനങ്ങള്‍ കാന്തിക സിഗ്നലുകളിലൂടെ പക്ഷികളുടെ റെറ്റിനയിലെ പ്രത്യേക പ്രോട്ടീന്‍ തിരിച്ചറിയുന്നതാണെന്ന് ആദ്യഘട്ടപഠനത്തില്‍കണ്ടെത്തിയിരുന്നു. രണ്ടാംഘട്ടത്തിലേയ്ക്കാണ് അലീഷയെ തിരഞ്ഞെടുത്തത്. 80.78 കോടി ഫണ്ടുള്ള ഗവേഷണത്തില്‍ ശാസ്ത്രജ്ഞയായി അലീഷ ചേര്‍ന്ന് കഴിഞ്ഞു. മൂന്ന് വര്‍ഷത്തേയ്ക്ക് 1.5 കോടിയാണ് ശമ്പളത്തുക. ഇതിനൊപ്പം ഗവേഷണബിരുദവും നേടാം.
തൃശ്ശൂര്‍ സേക്രഡ് ഹാര്‍ട്സ്, കാല്‍ഡിയന്‍ സിറിയന്‍ എച്ച്.എസ്.എസ്. എന്നിവിടങ്ങളില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം സെയ്ന്റ് മേരീസ് കോളേജില്‍ നിന്ന് ബയോടെക്നോളജിയില്‍ ഡിഗ്രിയെടുത്ത അലീഷ വെറ്ററിനറി സര്‍വകലാശാലയില്‍ നിന്ന് ബയോകെമിസ്ട്രി ആന്റ് മോളിക്കുലാര്‍ ബയോളജിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. വെള്ളാനിക്കര പട്ടാണി ഹൗസില്‍ റിട്ട ജോയിന്റ് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍ അമീര്‍ജാന്റെയും ഷഹാദിയയുടേയും മകളാണ്. ബാസില ഭാനുവാണ് സഹോദരി.
Also Read
താരുണ്യ സ്വന്തമാക്കിയത് 41 ലക്ഷത്തിന്റെ ഫെല്ലോഷിപ്പ്
ചെറിയ ക്ലാസ്സുമുതലേ ഒന്നാംസ്ഥാനം താരുണ്യക്കൊപ്പമായിരുന്നു. പഠനത്തോടൊപ്പം ഭരതനാട്യവും മലയാളസിനിമയും ഏറെ ഇഷ്ടപ്പെടുന്ന താരുണ്യ നിലവില്‍ ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ബയോടെക് എന്‍ജിനിയറിങ്ങില്‍ ഉപരിപഠനം നടത്തുകയാണ്. ഓഗസ്റ്റില്‍ അവിടെയെത്തിയ താരുണ്യ ഇതിനകം അഞ്ച് ജേണല്‍ തയ്യാറാക്കി സമര്‍പ്പിച്ചു കഴിഞ്ഞു. ഇതിനിടയിലാണ് ക്വാഡ് ഫെല്ലോഷിപ്പ് സ്വന്തമാക്കുന്നത്.
ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാന്, യു.എസ്. എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് അമേരിക്കയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന ഫെല്ലോഷിപ്പാണിത്. ഏകദേശം 41 ലക്ഷം രൂപയുടെ ഈ ഫെല്ലോഷിപ്പ് ഇത്തവണ ഇന്ത്യയില് നിന്നുള്ള 25 പേര്‍ക്ക് ലഭിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 3600 അപേക്ഷകരില്‍ നിന്ന് സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിങ്, മാത്സ് (സ്റ്റെം) മേഖലകളില്‍ നിന്നുള്ളവര്‍ക്കാണ് ഫെലോഷിപ്പ്. ക്വാഡ് രാജ്യങ്ങളില്‍ നിന്ന് 25 പേരെ വീതമാണ് ഫെല്ലോഷിപ്പിനായി തിരഞ്ഞെടുക്കുന്നത്.
ഇതില് എന്‍ജിനിയറിങ്ങില്‍ ഫെല്ലോഷിപ്പ് നേടിയ ഒരേയൊരു മലയാളിയാണ് താരുണ്യ. സ്‌കൂള്‍ പഠനം ദുബായില്‍ പൂര്‍ത്തിയാക്കിയ താരുണ്യ ഡല്‍ഹി സാങ്കേതിക സര്‍വകലാശാലയില്‍ നിന്നാണ് എഞ്ചിനീയറിങ്ങ് ബിരുദം നേടിയത്.
തൃശ്ശൂര്‍ ചിറളയം സ്വദേശി സുനില്‍ മേനോന്റെയും ചേറൂര്‍ താരുണ്യത്തില്‍ ബീന മേനോന്റെയും മകളാണ്. കുടുംബം ഇപ്പോള്‍ ദുബായിലാണ് താമസം. ദുബായില്‍ കെമിക്കല്‍ എന്‍ജിനീയറായ തുഷാര്‍ മേനോനാണ് സഹോദരന്‍.
Content Highlights: quad fellowship, research fellowships, education, latest news,thrissur,Tharunya menon, aleesha bhanu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..