Image Credit: Getty Images
ടെസ്ല, സ്പെയ്സ് എക്സ് എന്നീ പുതുതലമുറ സംരഭങ്ങളുടെ സ്ഥാപകനും സി.ഇ.ഒയുമായ ഇലണ്‍ മസ്കിന് ബിരുദങ്ങളിലൊന്നും വിശ്വാസമില്ല. പരമ്പരാഗത വിദ്യാഭ്യാസ രീതികള്‍ തിരുത്തണമെന്ന അഭിപ്രായം അദ്ദേഹം പലവട്ടം വ്യക്തമാക്കിയിട്ടുമുണ്ട്. വ്യക്തികളുടെ മികവിലാണ് കാര്യം.
ഇങ്ങനെയൊക്കെപ്പറഞ്ഞാലും അങ്ങേയറ്റത്തെ വിദ്യാഭ്യാസ യോഗ്യതകളില്ലാത്ത ഒരാള്‍ക്ക് സ്വന്തം സ്ഥാപനത്തില്‍ ജോലി നല്കാന് ആരെങ്കിലും തയാറാകുമോ?
എന്താ സംശയം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചും ന്യൂറല്‍ നെറ്റ്വര്ക്കിങ്ങിനെക്കുറിച്ചുമൊക്കെ നല്ല ധാരണയുണ്ടെങ്കില്‍ പിന്നെ സര്‍ട്ടിഫിക്കറ്റുകള്‍ ആര്‍ക്കുവേണമെന്ന് മസ്ക്. അടുത്തിടെ അദ്ദേഹത്തിന്റെ ഒരു ട്വീറ്റ് വൈറലാവുകയുണ്ടായി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട് ഓരു ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ചുള്ള മസ്കിന്റെ ട്വീറ്റിനടിയില്‍ ഒരാള്‍ ഇങ്ങനെ ചോദിച്ചു: 'താങ്കളില്‍ നിന്ന് ക്ഷണം ഉറപ്പിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പെട്ടെന്നൊരു പി.എച്ച്ഡി. എടുക്കാനുള്ള സമയം എനിക്കുണ്ടാകുമോ?'
മസ്ക് നല്കിയ മറുപടി ഇങ്ങനെ: 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ആഴത്തിലുള്ള അറിവും ന്യൂറല്‍ നെറ്റ്വര്‍ക്കിങ് ഗുണപ്രദമായി നടപ്പാക്കാനുള്ള കഴിവുമുണ്ടെങ്കില്‍ പി.എച്ച്ഡി. തീര്‍ച്ചയായും ആവശ്യമില്ല. നിങ്ങള്‍ ഹൈസ്കൂള്‍ പാസായിട്ടുണ്ടോ എന്നതുപോലും വിഷയമല്ല.'
'ബിരുദത്തിനും മീതയാണ് അറിവ്' ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ പാലിക്കുന്ന തത്വത്തിന് ആധികാരിക തെളിവുകളായി ബില്‍ ഗേറ്റ്സിനും സ്റ്റീവ് ജോബ്സിനും നേരെ മസ്ക് വിരല്‍ ചൂണ്ടുന്നു. ഇലണ്‍ മസ്ക് തന്നെ പി.എച്ച്ഡി. പാതി വഴിയില്‍ ഉപേക്ഷിച്ച ആളാണ്.
മനുഷ്യരുടെ ഒരു വിധത്തിലുള്ള ഇടപെടലുകളും ആവശ്യമില്ലാത്ത ലെവല്‍ 5 ഓട്ടോണമി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാറുകള്‍ നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് ടെസ്ല. ലോകമെമ്പാടുമുള്ള ടെക്കികള്‍ക്ക് നിര്‍മിതബുദ്ധിയുടെ ഏറ്റവും വലിയ സംരംഭങ്ങളിലൊന്നില്‍ ചേരാനുള്ള അവസരമാണിത്. റോക്കറ്റ് നിര്‍മാണ കമ്പനിയായ സ്പേസ് എക്സും എന്ജിനീയര്മാരെയും സൂപ്പര്‍വൈസര്‍മാരെയും ജോലിക്കെടുക്കാന്‍ പോകുന്നതായാണ് വിവരം.
എന്നുകരുതി Tesla Jobs എന്ന് വെറുതേ ഗൂഗ്ലിങ്ങില് സമയം കളയേണ്ടതില്ല. കോഡിങ്ങില്‍ ഒരു പുലിയാണെന്ന് സ്വയം തോന്നുന്നുണ്ടെങ്കില്‍ മാത്രം അക്കാര്യത്തെക്കുറിച്ച് ചിന്തിച്ചാല്‍ മതി.
Content Highlights: Elon Musk, Tesla Motors, Space X, Artificial Intelligence, Neural Networks
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..