പട്ടിണിക്ക് കാരണം ഭക്ഷ്യവസ്തുക്കളുടെ ക്ഷാമമല്ല, അവ ആവശ്യക്കാർക്ക് ലഭിക്കാത്തതാണ്- ഈ തിരിച്ചറിവാണ് ഹരിയാണയിലെ ഗുരുഗ്രാം സ്വദേശിനിയായ തൈറ ഭാര്‍ഗവ എന്ന പത്താം ക്ലാസുകാരി പുതിയൊരു ഉദ്യമത്തിന് തുടക്കം കുറിക്കാന്‍ കാരണമായത്. പാഴാകുന്ന റൊട്ടി വിശക്കുന്നവര്‍ക്ക് എത്തിക്കാൻ തൈറ ആരംഭിച്ച പ്രസ്ഥാനമാണ് ഡബിള്‍ റൊട്ടി പ്രൊജക്ട്.
കഴിഞ്ഞ വര്‍ഷം പങ്കെടുത്ത ഒരു വിവാഹ സല്‍ക്കാരമാണ് തൈറയുടെ ജീവിതത്തില്‍ പുതിയ വഴിത്തിരിവായത്. നൂറുകണക്കിന് ആളുകള്‍ക്ക് കഴിക്കാനുള്ള ഭക്ഷണം അവിടുത്തെ വേസ്റ്റ് ബിന്നുകളില്‍ നിറഞ്ഞിരുന്നു. കോടിക്കണക്കിന് ജനങ്ങള്‍ ഒഴിഞ്ഞ വയറുമായി ഉറങ്ങുന്ന രാജ്യത്ത് അതിലേറെപ്പേര്‍ക്ക് കഴിക്കാനുള്ള ഭക്ഷണം പാഴാക്കുന്നുവെന്ന യാഥാര്‍ഥ്യം അവളുടെ മനസിനെ ഇളക്കിമറിച്ചു. ഇതില്‍ അല്‍പമെങ്കിലും വിശക്കുന്നവര്‍ക്ക് എത്തിച്ചുനല്‍കാനുള്ള ആലോചനയാണ് ഡബിള്‍ റൊട്ടി പ്രൊജക്ടിന്റെ രൂപീകരണത്തിലെത്തിയത്.
ബേക്കറികളില്‍ അധികമായി വരുന്ന ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ചാല്‍ കുറഞ്ഞത് രണ്ടുപേരുടെയെങ്കിലും വിശപ്പകറ്റാന്‍ അത് മതിയാകുമെന്ന് തൈറ പറയുന്നു. ആഗോളതലത്തില്‍ ഭക്ഷ്യക്ഷാമം പോലെതന്നെ ചര്‍ച്ച ചെയ്യുന്ന പ്രധാനപ്പെട്ട വിഷയമാണ് ഭക്ഷണം പാഴാക്കുന്നതും. അമേരിക്കയില്‍ ഒരുവര്‍ഷം പതിനൊന്ന് ലക്ഷം കോടി രൂപയിലേറെ മൂല്യംവരുന്ന ഭക്ഷ്യവസ്തുക്കളാണ് പാഴാക്കുന്നതെന്ന് 2016ല്‍ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇക്കാര്യത്തില്‍ ഇന്ത്യയിലെ സ്ഥിതിയും മോശമായി വരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 50,000 കോടിരൂപ മൂല്യം വരുന്ന ഭക്ഷ്യവസ്തുക്കള്‍ ഇന്ത്യയില്‍ ഓരോ വര്‍ഷവും പാഴാക്കപ്പെടുന്നുണ്ടൊണ് കൃഷി മന്ത്രാലയത്തിന്റെ കണക്ക്. ഏതാണ്ട് 19.4 കോടി ജനങ്ങള്‍ ഭക്ഷ്യക്ഷാമം നേരിടുന്ന രാജ്യമാണ് നമ്മുടേതെന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
നിരവധി സന്നധസംഘടനകള്‍ പാവങ്ങള്‍ക്ക് സഹാമെത്തിക്കാനായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഒഴിവാക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ ശുചിത്വം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ മുന്‍നിര്‍ത്തി സംശയത്തോടെ മാത്രമേ അവര്‍ കാണാറുള്ളൂ. എന്നാല്‍ തന്റെ ഉദ്ദേശശുദ്ധി മനസിലാക്കിയ ചില ഏജന്‍സികള്‍ സഹായിക്കാനെത്തിയെന്ന് തൈറ പറയുന്നു.
ഇന്ത്യയിലെ ആദ്യ സൂപ്പര്‍മാര്‍ക്കറ്റായ മോഡേണ്‍ ബസാറും മറ്റ് ചില ബേക്കറികളും അധികമായി വരുന്ന ബ്രഡ് തൈറയ്ക്ക് നല്‍കുന്നുണ്ട്. മദര്‍തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി, ചിഷൈര്‍ ഹോം (Cheshire home) എന്നീ സംഘടനകള്‍ക്ക് ആഴ്ചയില്‍ മൂന്ന് തവണ തൈറ ബ്രഡ് എത്തിച്ചുനല്‍കും. 300 മുതല്‍ 400വരെ ആളുകളുടെ വിശപ്പകറ്റാന്‍ ഇത് ധാരാളം മതിയാകും.
കേടുവരാത്തതാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ബ്രഡ് വിതരണത്തിന് അയക്കുന്നത്. മറ്റിടങ്ങളിലേക്ക് എത്തിക്കുമ്പോള്‍ കേടുവരാതിരിക്കാന്‍ എയര്‍ കണ്ടീഷന്‍ ചെയ്ത വാനിലാണ് ഇവ കയറ്റിവിടുന്നത്. ഇതിനായി ടി.എല്‍.സി സ്പോണ്‍സര്‍ ചെയ്യുന്ന ലോജിസ്റ്റിക്സ് ടീമിന്റെ സഹായവും തൈറയ്ക്ക് ലഭിക്കുന്നുണ്ട്.
ഡബിള്‍ റൊട്ടി പ്രൊജക്ടില്‍ തൈറ ഒറ്റയ്ക്കല്ല. മാതാപിതാക്കളേയും സഹോദരനേയും കൂടാതെ ഒരുപിടി നല്ല സുഹൃത്തുക്കളും തൈറയ്ക്കൊപ്പമുണ്ട്. താന്‍ ഇത്തരമൊരു ആശയവുമായി വന്നപ്പോള്‍ എല്ലാതരത്തിലുമുള്ള പിന്തുണ നല്‍കി കൂടെ നിന്നത് വീട്ടുകാരാണെന്നും ഡബിള്‍ റൊട്ടി പ്രൊജക്ടിന്റെ നട്ടെല്ല് തന്റെ മാതാപിതാക്കളാണെന്നും തൈറ പറയുന്നു. സുഹൃത്തുക്കളുടെ പിന്തുണ മുന്നേറാനുള്ള ഊര്‍ജവും ആത്മവിശ്വാസവും വര്‍ധിപ്പിച്ചു.
തനിക്ക് യാതൊരു പരിചയവുമില്ലാത്ത ആളുകളിലേക്ക് ഡബിള്‍ റൊട്ടി പ്രൊജക്ട് എത്തിച്ചേരുമ്പോഴാണ് ഏറ്റവും വലിയ സന്തോഷമെന്ന് തൈറ പറയുന്നു. തരക്കേടില്ലാത്ത കുടുംബത്തില്‍ ജനിച്ച് നല്ല വിദ്യാഭ്യാസം നേടുമ്പോള്‍ സമൂഹത്തിന് തിരിച്ച് എന്തെങ്കിലും നല്‍കുകയെന്നത് ഓരോരുത്തരുടേയും ഉത്തരവാദിത്തമാണെന്ന് ഓര്‍മിപ്പിക്കുന്നതോടൊപ്പം ഒരാള്‍ മാത്രം ഇറങ്ങിപ്പുറപ്പെട്ടാലും ലോകത്ത് മാറ്റങ്ങള്‍ സാധ്യമാണെന്ന് തൈറ തെളിയിക്കുന്നു.
ഗുരുഗ്രാമിലെ ശ്രീറാം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് തൈറ ഭാര്‍ഗവ. കഥക് നര്‍ത്തികിയായ തൈറ കഴിഞ്ഞ ഏഴ് വര്‍ഷമായി പിയാനോയും പഠിക്കുന്നുണ്ട്. നിലവില്‍ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിനുള്ള പരിശീലനത്തിലാണ് ഈ പതിനാറുകാരി. ഫണ്ട് കിട്ടുന്ന മുറയ്ക്ക് കൂടുതല്‍ വാനുകള്‍ വാങ്ങി തന്റെ ഡബിള്‍ റൊട്ടി പ്രൊജക്ട് കൂടുതല്‍ ആവശ്യക്കാരിലേക്ക് എത്തിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും തൈറ പറയുന്നു.
Content Highlights: Taira Bahrgava, the 16 year old girl who helping to reach unwanted food to hungry mouths