ബില്‍ ഗേറ്റ്‌സ് പറഞ്ഞ കൃത്രിമ ഇറച്ചി റെഡി; കഴിക്കാന്‍ തയ്യാറാണോ?


ധന്യ എസ്. നായര്‍

കാഴ്ചയിലും രുചിയിലും സാധാരണ മാംസം പോലെയുള്ളതും അതുപോലെതന്നെ പാകംചെയ്ത് ഉപയോഗിക്കാവുന്നതുമാണ് സാങ്കേതികമായി ഇന്‍വിട്രോ മീറ്റ് എന്നറിയപ്പെടുന്ന കൃത്രിമമാംസം. ക്ലീന്‍ മീറ്റ്, ലാബ് ഗ്രോണ്‍ മീറ്റ്, സിന്തറ്റിക് മീറ്റ് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു

Mathrubhumi Archives

കാലാവസ്ഥാ വ്യതിയാനത്തെ തടയാന്‍ ലാബില്‍ തയ്യാറാക്കിയ കൃത്രിമ മാംസം ശീലമാക്കണമെന്ന ശതകോടീശ്വരന്‍ ബില്‍ ഗേറ്റ്‌സിന്റെ നിര്‍ദേശം സോഷ്യല്‍ മീഡിയയാകെ ചര്‍ച്ചയായിരിക്കുകയാണ്. ഹരിതഗൃഹ വാതകങ്ങളുടെ വര്‍ധന മുതല്‍ ജലസ്രോതസ്സുകളുടെ മലിനീകരണം വരെയുള്ള നിരവധി പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്ന കൃത്രിമമാംസ നിര്‍മാണത്തെക്കുറിച്ച് തന്റെ പുസ്തകമായ 'ഹൗ ടു അവോയിഡ് ക്ലൈമറ്റ് ചേഞ്ചി'ന്റെ പുസ്തക പരിചയവേളയിലാണ് അദ്ദേഹം സംസാരിച്ചത്. ശാസ്ത്രലോകത്തിന്റെ വിപ്ലവാത്മകമായ ഈ സാധ്യതയെക്കുറിച്ച് വിശദമായറിയാം.

''യോജിച്ച ഒരു മാധ്യമത്തില്‍ ചിക്കന്‍ ബ്രെസ്റ്റ്, അല്ലെങ്കില്‍ ചിക്കന്‍ വിങ് വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്ന പക്ഷം അക്കാര്യത്തിനായി മാത്രം ഒരു കോഴിയെ വളര്‍ത്തുക എന്ന അസംബന്ധത്തില്‍നിന്നു നമുക്ക് മോചനം ലഭിക്കും'' - മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ 1931-ല്‍ സ്ട്രാന്‍ഡ് മാഗസിനിലെ ഒരു ലേഖനത്തില്‍ ഇങ്ങനെ കുറിച്ചപ്പോള്‍ പലര്‍ക്കും അത് മനോഹരമായ ഒരു ഭാവന മാത്രമായിരുന്നിരിക്കണം.

മനുഷ്യന്റെ സ്വപ്‌നങ്ങള്‍ക്കൊപ്പമാണ് ശാസ്ത്രം വികസിക്കുന്നതെന്ന് പറയാറുണ്ട്. ആ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകുമ്പോള്‍ മനുഷ്യന്‍ പലപ്പോഴും അവിശ്വസനീയതയോടെ നിന്നുപോകാറുണ്ട്. കോഴിയിറച്ചി കഴിക്കാന്‍ കോഴികളെയും ആട്ടിറച്ചി കഴിക്കാന്‍ ആടിനെയും ബീഫ് കഴിക്കാന്‍ മാടുകളെയും വളര്‍ത്തേണ്ടതില്ലായിരുന്നെങ്കിലോ! എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം എന്നുപറയാനുള്ള സാവകാശം ലഭിക്കുന്നതിനു മുന്‍പേ ഇറച്ചി മാത്രമായി പരീക്ഷണശാലകളില്‍ വളര്‍ത്തിയെടുത്ത് ശാസ്ത്രം ലോകത്തെ അമ്പരപ്പിച്ചു. അത് അവിടെയും തീര്‍ന്നില്ല, ഇപ്പോഴിതാ ആ (കൃത്രിമ) ഇറച്ചി വിപണിയിലേക്കും എത്തുകയാണ്.

ലാബില്‍ കൃത്രിമമായി ഉത്പാദിപ്പിക്കുന്ന ഇറച്ചി വിപണിയിലിറക്കാന്‍ അനുമതി നല്‍കുന്ന ആദ്യരാജ്യമായി മാറിയിരിക്കുന്നു സിങ്കപ്പൂര്‍. കാലിഫോര്‍ണിയ ആസ്ഥാനമായ ഈറ്റ് ജസ്റ്റ് (Eat Just)എന്ന ഫുഡ് സ്റ്റാര്‍ട്ടപ്പിനാണ് ലാബില്‍ നിര്‍മിച്ച കോഴിയിറച്ചി വിപണിയിലെത്തിക്കാന്‍ സിങ്കപ്പൂര്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതോടെ മൃഗങ്ങളെ അറുക്കാതെ മാംസം ഉത്പാദിപ്പിച്ച് ഇറച്ചി വില്‍ക്കുന്ന ലോകത്തെ ആദ്യ കമ്പനിയായി ഈറ്റ് ജസ്റ്റ് മാറി. കൃത്രിമമാംസംകൊണ്ടുണ്ടാക്കിയ നഗറ്റ്സ് (Nuggets) ആയിരിക്കും തങ്ങള്‍ ആദ്യമായി വിപണിയിലെത്തിക്കുകയെന്നും ഇത് ഒരു പാക്കറ്റിന് 50 ഡോളര്‍ വിലവരുമെന്നും കമ്പനി അറിയിച്ചു.

സാധാരണ നഗറ്റ്സിന്റെ വിലയുടെ പത്തിരട്ടിയോളമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഡിമാന്‍ഡുയരുകയും ഉത്പാദനം വര്‍ധിക്കുകയും ചെയ്യുമ്പോള്‍ സമീപഭാവിയില്‍ തന്നെ പ്രീമിയം ചിക്കന്റെ വിലയില്‍ കൃത്രിമമാംസം കൊണ്ടു നിര്‍മിച്ച നഗറ്റ്സ് സിങ്കപ്പൂരിലെ ഭക്ഷണശാലകളില്‍ ലഭ്യമാകുമെന്ന് കമ്പനിയുടെ സഹസ്ഥാപകനും സി.ഇ.ഒ.യുമായ ജോഷ് ടെട്രിക് പറയുന്നു. എന്തായാലും ഇത്തരം കൃത്രിമ ഇറച്ചിക്ക് സിങ്കപ്പൂര്‍ ഫുഡ് ഏജന്‍സിയില്‍നിന്ന് നിയന്ത്രണ അനുമതി ലഭിച്ചുവെന്നും ഇവ 'ഗുഡ് മീറ്റ്' ബ്രാന്‍ഡിന് കീഴില്‍ വില്‍പ്പനയാരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ചോരചിന്താത്ത മാംസം

പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്‌തെടുക്കുന്ന പോലെ മാംസം ലബോറട്ടറികളില്‍ കൃത്രിമമായി ഉത്പാദിപ്പിക്കുക കുറച്ചുകാലം മുന്‍പുവരെ സങ്കല്പം മാത്രമായിരുന്നു. എന്നാല്‍, 2013-ല്‍ ലോകത്താദ്യമായി ലണ്ടനിലെ പരീക്ഷണശാലകളില്‍ കൃത്രിമമാംസം വളര്‍ത്തിയെടുത്തു. നെതര്‍ലന്‍ഡ്സിലെ മാസ്ട്രിച്ച് സര്‍വകലാശാലയിലെ ഗവേഷകനായ ഡോ. മാര്‍ക്ക് പോസ്റ്റും സംഘവുമാണ് ഇതു വികസിപ്പിച്ചെടുത്തത്.

കാഴ്ചയിലും രുചിയിലും സാധാരണ മാംസം പോലെയുള്ളതും പാകംചെയ്ത് ഉപയോഗിക്കാവുന്നതുമാണ് സാങ്കേതികമായി ഇന്‍വിട്രോ മീറ്റ് എന്നറിയപ്പെടുന്ന കൃത്രിമമാംസം. ക്ലീന്‍ മീറ്റ്, ലാബ് ഗ്രോണ്‍ മീറ്റ്, സിന്തറ്റിക് മീറ്റ് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ഒരു ജീവിയുടെയും ശരീരത്തിന്റെ ഭാഗമല്ല എന്നതുകൊണ്ടുതന്നെ ഇത് രക്തരഹിതമാംസവുമാണ്.

mathrubhumi GK and current affairs
മാതൃഭൂമി ജി.കെ & കറന്റ് അഫയേഴ്‌സ് മാസിക വാങ്ങാം

കാണ്ഡകോശവികാസം

ജീവജാലങ്ങള്‍ക്കുള്ളില്‍ നടക്കുന്നതുപോലെതന്നെ കൃത്രിമമാംസത്തിന്റെ തുടക്കവും കാണ്ഡകോശങ്ങളില്‍(Stem cells)നിന്നാണ്. ജീവികളുടെ ശരീരത്തിലെ ഏതൊരുതരം കോശങ്ങളായും മാറാന്‍ കാണ്ഡകോശങ്ങള്‍ക്ക് കഴിവുണ്ട്. ഇത്തരം കാണ്ഡകോശങ്ങള്‍ മാത്രമാണ് കൃത്രിമമാംസ ഉത്പാദനത്തിനായി ഒരു ജീവിയുടെ ശരീരത്തില്‍നിന്നു ശേഖരിക്കുന്നത്. ബയോപ്സി സമ്പ്രദായത്തിലൂടെ ജീവിയുടെ നിശ്ചിത ശരീരഭാഗത്തുനിന്ന് ശേഖരിക്കുന്ന കോശങ്ങള്‍ ലബോറട്ടറികളില്‍ ഒരുക്കുന്ന കൃത്രിമസാഹചര്യങ്ങളില്‍ (കള്‍ച്ചര്‍ മീഡിയത്തില്‍) വളരുന്നു.

നിശ്ചിതദിവസങ്ങള്‍ക്കുള്ളില്‍ അവ മാംസപേശികളായി മാറും. ഇത്തരം മാംസപേശികള്‍ എന്തായി മാറുമെന്ന് മുന്‍കൂട്ടി നിശ്ചയിക്കാന്‍ സാധ്യമാണ്. അതിനു നന്ദിപറയേണ്ടത് ടിഷ്യു എന്‍ജിനീയറിങ് എന്ന ശാസ്ത്രശാഖയോടാണ്. മറ്റൊരര്‍ഥത്തില്‍ ടിഷ്യു എന്‍ജിനീയറിങ് സാങ്കേതികവിദ്യയുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നാണ് കൃത്രിമമാംസം.

ഗവേഷണഘട്ടം

ടിഷ്യു എന്‍ജിനീയറിങ്ങിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി, ഹൃദയപേശികളുടെയും രക്തക്കുഴലുകളുടെയും തകരാറുകള്‍ പരിഹരിക്കുന്നതിലും പുതിയവ നിര്‍മിക്കുന്നതിലും അടിസ്ഥാനമാക്കിയായിരുന്നു ഡോ. മാര്‍ക്ക് പോസ്റ്റിന്റെ ആദ്യകാല ഗവേഷണങ്ങളില്‍ പലതും. തികച്ചും യാദൃച്ഛികമായാണ് അദ്ദേഹം 'കൃത്രിമമാംസ 'ഗവേഷണത്തിലേക്ക് എത്തിയത്. സ്വന്തമായ ഒരു ഡിസൈനായിരുന്നു കൃത്രിമമാംസത്തിന്റെ നിര്‍മാണത്തിനായി പോസ്റ്റ് തയ്യാറാക്കിയത്. ഇതിനായി ആദ്യം പശുക്കളുടെ കാണ്ഡകോശത്തില്‍നിന്ന് മാംസപേശികളെ വളര്‍ത്തിയെടുത്തു. ഇത്തരം 20,000 മാംസപേശീതന്തുക്കളെ ഒരുമിച്ചുചേര്‍ത്താണ് അദ്ദേഹം 'കൃത്രിമമാംസം' തയ്യാറാക്കിയത്.

മാട്ടിറച്ചികൊണ്ട് തയ്യാറാക്കുന്ന 'ഹാംബര്‍ഗര്‍' (Hamburger) എന്ന ലഘുഭക്ഷണത്തെ അതേ രൂപത്തിലും സ്വാദിലും കൃത്രിമമാംസം കൊണ്ട് പുനരവതരിപ്പിക്കാന്‍ പോസ്റ്റിന് സാധിച്ചു. 2013-ല്‍ ലണ്ടനില്‍വെച്ച് നടത്തിയ പരസ്യപ്രദര്‍ശനത്തില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ ഹാന്നി റൂട്ട്സെലറും ജോഷ് സ്‌കോണ്‍വാള്‍ഡും ബര്‍ഗര്‍ രുചിച്ചുനോക്കി ഭക്ഷ്യയോഗ്യമാണെന്ന് സ്ഥിരീകരിച്ചു. ഇങ്ങനെയൊരു സംരംഭത്തിനു സാമ്പത്തികസഹായം ചെയ്തത് ഗൂഗിള്‍ സഹസ്ഥാപകനായ സെര്‍ഗേ ബ്രിന്‍ ആണ്. തീരെ കൊഴുപ്പടങ്ങിയിട്ടില്ല എന്നതാണ് പോസ്റ്റിന്റെ ബര്‍ഗറിന്റെ മറ്റൊരു സവിശേഷത.

എന്തുകൊണ്ട് കൃത്രിമമാംസം?

ജീവജാലങ്ങളെ കൊന്ന് മാംസമെടുക്കുന്നതിനു പകരം, ഏതു ജന്തുവിന്റെയും ഏതു ശരീരഭാഗത്തിന്റെയും എത്ര കിലോ ശുദ്ധമാംസം വേണമെങ്കിലും തയ്യാറാക്കാനാകും; ഗുണവും മണവും രുചിയും ചോര്‍ന്നു പോകാതെതന്നെ. ലാബ് മീറ്റ് പ്രകൃതിക്ക് തികച്ചും ഇണങ്ങുന്നതാണെന്ന് ഗവേഷകര്‍ കരുതുന്നു. ഭൂമിയുടെ ജൈവസന്തുലനത്തിനോ പരിസ്ഥിതിതുലനത്തിനോ ഇത്തരം ഇറച്ചി പ്രശ്‌നം സൃഷ്ടിക്കുന്നില്ല.

ഇറച്ചിക്കായി മൃഗങ്ങളെ കൊല്ലുന്നത് വലിയ തോതില്‍ പാരിസ്ഥിതിക മലിനീകരണത്തിന് കാരണമാകുന്നുണ്ട്. ഹരിതഗൃഹ വാതകങ്ങളുടെ വര്‍ധന മുതല്‍ ജലസ്രോതസ്സുകളുടെ മലിനീകരണം വരെ മാംസ വ്യവസായത്തിന്റെ മേല്‍ ചാര്‍ത്തപ്പെട്ട കുറ്റങ്ങളാണ്. എത്രയോ രാസ-ജൈവ രോഗമാലിന്യങ്ങള്‍ മാംസത്തിലൂടെ മനുഷ്യരിലേക്ക് പകരുന്നു. കൃത്രിമമാംസത്തിന്റെ വരവ് ഇത്തരം ചീത്തപ്പേരുകള്‍ പലതും ഇല്ലാതാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഒരു കിലോ ഗ്രാം സ്വാഭാവിക മാംസം ഉത്പാദിപ്പിക്കാന്‍ എത്രയോ പ്രകൃതിവിഭവങ്ങളാണ് ആവശ്യമായിവരിക. എന്നാല്‍ ലാബ് മീറ്റിലൂടെ, മൃഗങ്ങളെ വളര്‍ത്തിയെടുക്കാനുള്ള കഷ്ടപ്പാടും അതുവഴിയുണ്ടാകുന്ന സ്ഥല-ജല-ഊര്‍ജ-പ്രകൃതിവിഭവ നഷ്ടവുമെല്ലാം പരിഹരിക്കപ്പെടും. ഭാവിയില്‍ സംഭവിക്കാനിടയുള്ള വലിയ മാംസപ്രതിസന്ധിക്കുള്ള മറുപടിയായും കൃത്രിമമാംസത്തെ ശാസ്ത്രലോകം കരുതുന്നു. ഏതൊരു ജീവിയുടെയും മാംസം ഇതുപോലെ ലാബില്‍ വികസിപ്പിച്ചെടുത്ത് പാകംചെയ്ത് ഭക്ഷിക്കാനാകും. എന്നുവെച്ചാല്‍ കൃത്രിമമായി മനുഷ്യമാംസം വരെ നിര്‍മിക്കുന്ന കാലം വിദൂരമല്ല!

നിലവില്‍ ലഭ്യമാകുന്ന ഇറച്ചികളുടെ വൃത്തിയും സുരക്ഷയും ഭക്ഷ്യയോഗ്യതയും രോഗവ്യാപന സാധ്യതയും സംബന്ധിച്ച് പലപ്പോഴും പല ആശങ്കകളും ഉയരാറുണ്ട്. എന്നാല്‍, ലാബില്‍ നിര്‍മിക്കുന്ന ഇറച്ചികളെ സംബന്ധിച്ച് ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടാവില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഒരൊറ്റ രോഗാണുവിന്റെ സാന്നിധ്യവും ഇതിലില്ല എന്ന് ഉറപ്പുവരുത്താനാകും. മാത്രമല്ല, ആന്റിബയോട്ടിക്കുകളുടെയും കീടനാശിനികളുടെയും ഹോര്‍മോണുകളുടെയും സാന്നിധ്യവും തരിമ്പുമുണ്ടാകില്ല.

വിപണിപിടിക്കാന്‍ കമ്പനികള്‍

താന്‍ കൃത്രിമമായി നിര്‍മിച്ച ബീഫ്കൊണ്ട് ബര്‍ഗറുണ്ടാക്കി പരസ്യമായി ഭക്ഷിച്ച് 2013-ല്‍ ഡോ. മാര്‍ക്ക് പോസ്റ്റ് പ്രഖ്യാപിച്ചത് സെല്ലുലാര്‍ സാങ്കേതികവിദ്യയില്‍ ഒരു ഗ്രാം കോശത്തില്‍നിന്ന് ആയിരം കിലോ മാംസമുണ്ടാക്കാന്‍ ഒട്ടും വിഷമമില്ലെന്നാണ്. അതോടെ പല വമ്പന്‍ കമ്പനികളും ഈവഴിക്ക് ഗവേഷണം തുടങ്ങി. നിലവില്‍ ആഗോളതലത്തില്‍ രണ്ട് ഡസനിലധികം കമ്പനികള്‍ ഈ മേഖലയില്‍ പരീക്ഷണം നടത്തുന്നു.

കൃത്രിമബര്‍ഗര്‍ നിര്‍മാണത്തിന് പോസ്റ്റിനു ചെലവായത് മൂന്നേകാല്‍ ലക്ഷം ഡോളറായിരുന്നു. എന്നാല്‍ 2019-ല്‍ അത് 11 ഡോളറായി കുറഞ്ഞു. ഉത്പാദനം വര്‍ധിക്കുന്നതിലൂടെ കൃത്രിമമാംസത്തിന്റെ ഉത്പാദനച്ചെലവും വിപണിവിലയും സാധാരണക്കാരന് താങ്ങുന്ന നിലയിലേക്കെത്തുമെന്നര്‍ഥം.

നിലവില്‍ പ്രതിവര്‍ഷം ഒരു ട്രില്യണ്‍ ഡോളറിന്റേതാണ് (ഏകദേശം 69 ലക്ഷം കോടി രൂപ) ആഗോള മാംസവിപണി. മാംസാധിഷ്ഠിത ആഹാരരീതി വര്‍ധിച്ചുവരുന്നതായാണ് പൊതുവെയുള്ള കാഴ്ച. ഇവിടേക്കാണ് കൃത്രിമമാംസ വ്യാപാരവും ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നത്. 2040 ആകുമ്പോഴേക്കും 60 ശതമാനം മാംസാഹാരങ്ങളിലും ജീവികളെ കൊന്നുള്ള മാംസമായിരിക്കില്ല ഉപയോഗിക്കുന്നതെന്നാണ് കരുതപ്പെടുന്നത്.

ഇതില്‍ 25 ശതമാനവും മാംസരുചിയുള്ള സസ്യാഹാരങ്ങളില്‍നിന്നു വേര്‍തിരിച്ചെടുക്കുന്നതായിരിക്കും; 35 ശതമാനം ലബോറട്ടറികളില്‍ കൃത്രിമമായി നിര്‍മിക്കുന്നവയും. ആരോഗ്യ-പാരിസ്ഥിതിക കാരണങ്ങളും മൃഗങ്ങളോടുള്ള കരുതലും ശുചിത്വബോധവും മൂലം ലാബില്‍ ഉത്പാദിപ്പിക്കുന്ന മാംസത്തോടുള്ള ആഭിമുഖ്യം കൂടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. 2029-ഓടെ 140 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന കൃത്രിമമാംസ വിപണി ഉണ്ടാകുമെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു.

(മാതൃഭൂമി ജി.കെ. & കറന്റ് അഫയേഴ്‌സ് മാസികയുടെ ജനുവരി, 2021 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Synthetic meat, laboratory meat, Bill Gates Wants Switch to Synthetic Meat to Fight Climate Change

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented